ദൂരദർശൻ മാത്രം ടീവിയിൽ വന്നിരുന്ന കാലം. കുഞ്ഞുങ്ങളെ എന്ത് പരിപാടി കാണിക്കണം എന്നൊന്നും വലിയ മാനദണ്ഡങ്ങൾ ഇല്ലാത്ത ,ഒട്ടും കൾച്ചർ ഇല്ലാത്തഫാമിലിയിൽ ,കൾച്ചർ ഇല്ലാതെ തന്നെ വളരുന്ന ഒരു അഞ്ചു വയസ്സുകാരി. ഈ ഞാൻ തന്നെ. ഞാൻ ഒരു കെ.എസ് ചിത്രയാണെന്നു വിശ്വസിച്ചിരുന്ന അമ്മ , വീട്ടിൽആര് വന്നാലും എന്നെ കൊണ്ട് പാട്ടുപാടിക്കുമായിരുന്നു. അന്ന് പാടിയപ്പോഴൊക്കെ ഒരു തോർത്ത് വിരിച്ചു വച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് വിജയ് മാല്യയുടെ കടംതീർക്കാൻ സഹായിച്ചേനേ. (കിങ്ങ് ഫിഷർ ബിയർ പാവാട. )
അങ്ങനെ ഒരു തൃസന്ധ്യ നേരത്തു വീട്ടിൽ ഏതോ ഒരു അമ്മാവനും അമ്മായിയും വന്നു കേറി. മുറ്റത്തു കളിച്ചോണ്ടിരുന്ന എനിക്ക് അമ്മേടെ സമെൻസ് വന്നു. തൊള്ളതുറക്കാൻ. "ഞാൻ പാടൂല്ല' എന്ന് പറഞ്ഞതും 'അമ്മ തുടങ്ങി നല്ല ഭരണിപ്പാട്ട്. കൂടെ പിച്ചും അടിയും. പീഡനം സഹിക്കുന്നതിനേക്കാൾ നല്ലതു പാടുന്നതാണെന്നുതോന്നിയ ഞാൻ ഏറ്റവും ചെറിയ പാട്ടു പാടാൻ തീരുമാനിച്ചു. "കിട്ടിപ്പോയി. ടീവിലെ പരസ്യം .അതിന്റെ പാട്ടു പാടാം വേഗം തീരും.” ഞാൻ ശ്രുതി ശുദ്ധമായി പാടി "നിരോധ് നിരോധ് നിരോധ്”. ഇന്നത്തെ പോലെ വെറൈറ്റി condom (അത് തന്നെ ഗർഭ നിരോധന ഉറകൾ -ശോ! എനിക്കിത്രേം മലയാളം അറിയാമായിരുന്നോ?)ഒന്നുമില്ലാത്ത കാലം. ആകെയുള്ളത് നിരോധ് ആയിരുന്നെന്നു തോന്നുന്നു. അതിന്റെ പരസ്യത്തിലെ പാട്ടു എന്നെ ഹഠാതാകർഷിച്ചു കാണണം.ലാലേട്ടന്റെ "ഹരിമുരളീരവം" കേട്ട് വണ്ടറടിച്ചു നിൽക്കുന്ന ആൾക്കാരെ പോലെ എന്റെ മാതാപിതാക്കളും ,വിരുന്നുകാരും .
അമ്മ അച്ഛനെ നോക്കുന്നു, അച്ഛൻ വീട്ടിലോട്ടു വന്ന അമ്മാവനെ നോക്കുന്നു ,അങ്ങേരു കെട്ടിയോളെ നോക്കുന്നു ...ആകെപ്പാടെ ഞാനൊഴികെ എല്ലാർക്കുംനാണമാകുന്നു മേനി നോവുന്നു. നോവ് കൂടാതിരിക്കാൻ 'അമ്മ എനിക്കിട്ടു ഒരെണ്ണം പൊട്ടിച്ചു. ഞാൻ അവസാനത്തെ അടവായ കരച്ചിൽ അങ്ങട് പുറത്തെടുത്തു. "സാരമില്ല ഇപ്പോഴത്തെ കുട്ടികൾ എന്തൊക്കെയാ പഠിച്ചു വെക്കണേ? മോള് കരയണ്ടാട്ടോ " സമാധാനിപ്പിക്കാൻ വന്ന ആ അമ്മാവനെ " പോടാ പട്ടി നീ വന്നത് കൊണ്ടാഎനിക്കടികിട്ടിയത് " എന്ന് പറഞ്ഞു ഓടാൻ നോക്കിയ എന്നെ അമ്മ കൊല്ലാതെ വിട്ടു.
അങ്ങനെ ഇഷ്ടമുള്ള പാട്ടു മൂളാൻ പോലും പറ്റാതെ ഞാൻ വളർന്നു.
സ്കൂളിൽ പോകാനും പഠിച്ചൊരു നിലയിലെത്താനും തീവ്രമായി മനസ്സാഗ്രഹിച്ചിരുന്നുവെങ്കിലും ഒരു പത്തുവയസ്സുകാരിയുടെ ശരീരം സമ്മതിച്ചില്ല. ബസ്സ് വരുന്നസമയത്തു തന്നെ ബാത്റൂമിൽ പോകാൻ തോന്നുക, പോയി ഇരുന്നാൽ എഴുന്നേൽക്കാൻ പറ്റാതാവുക, വയറു വേദന, തല വേദന, വയറിളക്കം എന്തിനു അങ്ങനെ എല്ലാപ്രഭാതങ്ങളും അമ്മേടെ ചവിട്ടു നാടകവും വാഴയെ നോക്കിയുള്ള നെടുവീർപ്പെടലുകളും കൊണ്ട് കളറായി. ക്രിസ്തുമസ് പരീക്ഷ വരുന്നു. ഒന്നും പഠിച്ചിട്ടില്ല. എന്ത്ചെയ്യും എന്നോർത്തിരുന്ന എനിക്ക് ദൈവം അറിഞ്ഞൊരു പനി തന്നു. എന്തൊക്കെ ചെയ്തിട്ടും പനി മാറുന്നില്ല. സാത്താന്റെ സന്തതികളായ ഡോക്ടർമാർ മരുന്നൊക്കെതന്നെങ്കിലും ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് പനി എന്നെ വിട്ടു പോയില്ല. അപ്പോഴാണ് ഡോക്ടർക്ക് ഒരു സംശയം ഇനി മഞ്ഞപിത്തം വല്ലതും? ശോ 'അമ്മ കരയുന്നു.വിചാരിച്ച പോലെ തെക്കിനിലെ തമിഴത്തി അല്ല 'അമ്മ , എവിടെയൊക്കെയോ ഒരു കവിയൂർ പൊന്നമ്മയുണ്ട്. എല്ലാരും എന്നെ കാണാൻ വരുന്നു. അമ്പലത്തിലെപ്രസാദം തൊടീക്കുന്നു, അച്ഛനേം അമ്മയേയും സമാധാനിപ്പിക്കുന്നു. എനിക്കങ്ങിഷ്ടമായി ഈ ശ്രദ്ധയും സ്നേഹവും. "മഞ്ഞപ്പിത്തമാണെങ്കിൽ ചോറിൽ മൂത്രം ഒഴിച്ച്നോക്കിയാൽ മതി ", ആരോ പറഞ്ഞത് കേട്ട് 'അമ്മ ഒരു ചിരട്ടയിൽ ചോറുമായി വന്നു അതിലോട്ടു മുള്ളാൻ പറഞ്ഞു. ചോറ് എനിക്കിഷ്ട്ടമേ അല്ലായിരുന്നു. മേം ചോർനഹീ ധീ . ചോറ് കഴിക്കാതെ ബാക്കി വച്ചാൽ കിട്ടുന്ന അടി എന്നെ ഒരു പ്രതികാര ദുർഗ്ഗയാക്കി മാറ്റിയിരുന്നു. നകുലന്റെ പ്രതിമ വെട്ടിനുറുക്കുന്ന നാഗവല്ലിയെപോലെ ഞാൻ ആ ചോറിൽ മൂത്രമൊഴിച്ചു. ഹോ !! എന്തൊരാശ്വാസം. മൂത്രാന്വേഷണ പരീക്ഷണങ്ങൾ ഒന്നും ശെരിയാവാതെ അമ്മ ലാബിൽ മൂത്രംപരിശോധനക്കയക്കാൻ തീരുമാനിച്ചു. ലാബ് 5 മണിക്കടയ്ക്കും അതിനു മുൻപ് സാമ്പിൾ എത്തിക്കണം. സമയം 4 .30 . അമ്മ ഒരു കുപ്പിയെടുത്തോണ്ടു വന്നുഅതിലോട്ടു മുള്ളാൻ പറഞ്ഞു. പ്രതികാരം തീർക്കാൻ അടുത്ത രണ്ടു ദിവസത്തെ മൂത്രം വരെ ഒഴിച്ച് കളഞ്ഞ ഞാൻ വേറെ വഴിയില്ലാതെ കുപ്പിയും ചുമന്നോണ്ട്ബാത്റൂമിൽ പോയി. ആഞ്ഞു ശ്രമിച്ചു. പറ്റുന്നില്ല. തോറ്റു പിന്മാറിയാൽ , ചാവാൻ കിടക്കണ കൊച്ചാണെന്നൊന്നും അമ്മ നോക്കൂലാ . അങ്ങനെ പേടിച്ചിട്ടാണെന്നുതോന്നുന്നു ഒരു 2 അല്ല കുറച്ചധികം തുള്ളികൾ തുള്ളി ചാടി കുപ്പിയിലേക്ക്. " ഇത് കുറച്ചല്ലേ ഉള്ളു , ഇത് പോരല്ലോ ടെസ്റ്റ് ചെയ്യാൻ' ഇത് ചായയൊക്കെ ടെസ്റ്റ് ചെയ്യണപോലെ ടെസ്റ്റ് ചെയ്യണ സാധനമല്ലെന്നും ,പരിശോധനയ്ക്കു ഒരു ലിറ്റർ വേണ്ടെന്നും എനിക്കറിയില്ലായിരുന്നു. നമ്മളായിട്ട് ടെസ്റ്റ് ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, എന്റെ ആ നല്ല മനസ്സ് കാരണം ഞാൻ ടാപ്പ് തുറന്നു. കുപ്പിയിൽ കുറച്ചു വെള്ളം നിറച്ചു. അടപ്പു കൊണ്ട് മൂടി 2 കുലുക്കും കുലുക്കി. ശുഭം.
കുലുക്കി സർബത്താണ് താൻ ടെസ്റ്റ് ചെയ്യാൻ കൊണ്ട് പോകുന്നതെന്നറിയാത്ത 'അമ്മ അത് ലാബിൽ കൊടുത്തു. ലാബിലെ ടെക്നീഷ്യന്മാരുംടെക്നിഷ്യനെത്തികളും ഹരിച്ചും ഗുണിച്ചും നോക്കിയിട്ടും ടെസ്റ്റ് റിസൾട്ട് invalid . 'അമ്മ അച്ഛനോട് " എന്നാലും ഇതെന്തു പരീക്ഷണം? ആകെ പാടേ ഒന്നിനേ ദൈവംതന്നുള്ളൂ. അതിനു എന്താ രോഗം എന്ന് പോലും കണ്ടു പിടിക്കാൻ പറ്റുന്നില്ല. മൂത്രത്തിന്റെ റിസൾട്ട് invalid എന്നൊക്കെ പറഞ്ഞാൽ". അച്ഛനും കരച്ചിൽ വരുന്നുണ്ട്. " നീവിഷമിക്കാതെ നാളെ വേറെ ലാബിൽ കൊടുക്കാം. "
"അതെ അമ്മേ വേറെ ലാബിൽ കൊടുക്കാം . എനിക്ക് കുറച്ചു മൂത്രമേ ഒഴിക്കാൻ പറ്റിയുള്ളൂ. അവർക്കു അത് വച്ച് ടെസ്റ്റ് ചെയ്യാൻ പാടല്ലേ? അതോണ്ട് ഞാൻ വെള്ളവുംചേർത്താ കൊടുത്തേ , എന്നിട്ടും അവർക്കു ടെസ്റ്റ് ചെയ്യാൻ അറിഞ്ഞൂടേ ? " ഇത് കേട്ടതും "നീ വെള്ളം ചേർത്തോ" എന്ന് 'അമ്മ ചോദിച്ചത് മാത്രമേ എനിക്കോർമയുള്ളു.പനി പോലും പേടിച്ചു ഈ ദേഹം വിട്ടു പോയി. ക്രിസ്തുമസ് പരീക്ഷ എല്ലാം എഴുതി കണക്കിൽ പതിവ് പോലെ തോൽവി ശ്രീ ലളിതയാവുകയും ചെയ്തു.
എല്ലാ ഡീസെന്റായ ശിശുക്കൾക്കും ശിശു ദിനാശംസകൾ .
BY: Deepa K Narayanan
Namichu...
ReplyDelete