Slider

എന്റെ സൂര്യനോട്

0
എന്റെ സൂര്യനോട്
............... .......................
നീ എന്റെ പുലരികളിൽ വെളിച്ചമായ് വന്നവൻ
എന്റെ മൗനങ്ങളിൽ പ്രണയമായ് പെയ്തവൻ
എന്നിലെ സ്വപ്നങ്ങൾക്ക് ഉദയാസ്തമയത്തിൻ
ചാരുതയേകിയവൻ
ആഴിതന്നാഴങ്ങളിൽ മുങ്ങിനിവർന്ന് ശുദ്ധനായവൻ
നീ എന്റെ മാത്രം സൂര്യൻ..
നിന്റെ കൈ പിടിച്ച്
എനിക്കൊരു യാത്ര പോകേണം
പിന്നിട്ട വഴികളെ തിരിഞ്ഞു നോക്കാതെ-
കാലിടറാതെ
നീയും ഞാനും മാത്രമായൊരു യാത്ര..
ഒരു പേരറിയാ പുഴയുടെ തീരത്ത്
പൂക്കൾ നിറമാല തീർത്തോരു
കുന്നിൻ ചെരുവിൽ..
നിന്റെ നെഞ്ചിൽ തലചായ്ച്ച്
നിന്റെ ഹൃദയതാളം കേട്ട്
മനസ്സിൽ നിന്നെ മാത്രം നിനച്ച്
നിന്നിലൊരു സ്നേഹകവിതയായ് നിറഞ്ഞ്
നിന്റെ മിഴിയിലേക്ക് മിഴികൾ കോർത്ത്
ആ മിഴികളിലെ സങ്കടപ്പെയ്ത്തിനെ
എന്നിലേക്കാവാഹിച്ച്
നിന്റെ മിഴിയിലൊരു നക്ഷത്രത്തിരി തെളിയിച്ച്
നീ എന്നിലലിയുമ്പോൾ പാതിമിഴി ചിമ്മി
നിന്റെ ചുണ്ടുകളിലൊരു കവിത രചിച്ച്
പതിയെ പതിയെ മരണപ്പക്ഷിയുടെ
ചിറകടി കേൾക്കുമ്പൊ
എന്നേക്കുമായൊന്നെനിക്കുറങ്ങേണം
ചുണ്ടിൽ മുഴുവൻവിരിയാതൊരു
പുഞ്ചിരി നിനക്കായ് കരുതി വെക്കേണം
വിടപറഞ്ഞകലുന്ന എന്റെ കാതുകളിൽ
വരും ജന്മത്തിലും കൂട്ടിനായുണ്ടെന്ന്
നീ രഹസ്യമായോതണം
പിന്നെ എന്റെ ചിതയെരിയുമ്പൊ
കരയാതെ.. കൺനിറയാതെ
നീയെനിക്ക് കാവലാകേണം
കത്തിയാളുന്ന കനലുകൾക്കിടയിൽ
നിനക്കെന്റെ പ്രണയം കാണാം
ഏത് തീയിലും വാടാതെ
എന്നിലൊരു ലഹരിയായ് പടർന്ന
നിന്നോടുള്ള പ്രണയം...

Maya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo