കുട്ടിക്കാലത്തു 'അമ്മ പറഞ്ഞു തന്ന കഥകളിലെ ചാത്തൻസേവയാണ് ഈ കത്തിന് /കഥക്ക് ആധാരം)
കുട്ടിച്ചാത്തൻ മുർദാബാദ് (കഥ )
എത്രയും ബഹുമാനപ്പെട്ട തീയോഫീയുസ് അച്ചനവര്കള് വായിച്ചറിയാൻ ,
കോട്ടയത്ത് നിന്നും ചേലക്കരയിലെ മാളിയേക്കൽ വീട്ടിൽ വർക്കി മകൻ ലൂക്കാ കെട്ടിക്കൊണ്ടു വന്ന കൊച്ചന്നയാണ് ഈ കത്ത് എഴുതി, അയൽവാസി ഇട്ടിയച്ചൻ വഴി പള്ളിമേടയിൽ എത്തിക്കുന്നേ..
മൂന്നുമാസം മുന്നേ കോട്ടയംകാരനായ എന്റെ പുണ്യപിതാവ് നെടുംകണ്ടത്തിൽ തൊമ്മിച്ചന് ആകെ പറ്റിയ തെറ്റാണു ഈ മിന്നുകെട്ട്. ചെക്കന്റെ വീട്ടുകാരുടെ ധനസ്ഥിതിയിൽ കണ്ണ് മഞ്ഞളിച്ച ഒരു പാവം അപ്പൻ..
മൂന്നുമാസം മുന്നേ കോട്ടയംകാരനായ എന്റെ പുണ്യപിതാവ് നെടുംകണ്ടത്തിൽ തൊമ്മിച്ചന് ആകെ പറ്റിയ തെറ്റാണു ഈ മിന്നുകെട്ട്. ചെക്കന്റെ വീട്ടുകാരുടെ ധനസ്ഥിതിയിൽ കണ്ണ് മഞ്ഞളിച്ച ഒരു പാവം അപ്പൻ..
മിന്നു കെട്ടി അന്ന് രാത്രി ലൂക്കാച്ചൻറെ 'അമ്മ തന്ന രണ്ടാം സാരി ചുറ്റി അടുക്കളയിൽ ചെന്നപ്പം, ഒരു കള്ള ചിരിയോടെ നാത്തൂൻ എനിക്ക് നേരെ നീട്ടിയ നേരിയ ചൂടുള്ള പാല് വാങ്ങി .
ലൂക്കാച്ചൻറെ വകേല് ഒരമ്മായി താലിമാലയുടെ കനവും പകിട്ടും നോക്കി . അവരുടെ കിന്നാരത്തിനു മറുപടി കൊടുത്തു നിൽക്കുമ്പോഴാണ് വലിയൊരു പിഞ്ഞാണത്തിൽ കുറെ പലഹാരങ്ങൾ ഏതോ മലയാളം പേപ്പറിട്ട് മൂടി ലൂക്കാച്ചൻറ് അമ്മച്ചി അതായതു എന്റെ അമ്മായി 'അമ്മ മര കോവണി പതുക്കെ പതുക്കെ ചവിട്ടി തട്ടിൻ മേലോട്ട് കേറുന്ന കാഴ്ച..
ഇത് ആർക്കാ പാതിരാത്രില് പലഹാരം എന്ന് ചോദിക്കാൻ വന്ന നാവു ഒന്ന് കടിച്ചു പിടിച്ചു. കാരണം മറ്റൊന്നുമല്ല.. പുതുപെണ്ണാണു .നീലസാരിക്കാരി താലിമാലയിൽ നിന്നും പിടിവിട്ടു പാർവതി ജൂവല്ലറിയിൽ നിന്നും കല്യാണത്തിന് വാങ്ങിയ അഞ്ച് പവന്റെ കൈയേൽ ഇട്ടേക്കണ കാപ്പീൽ പിടിയിട്ടിരിക്കുന്നു
അമ്മച്ചി ഇറങ്ങി വരുന്ന കാഴ്ച കാണാനെന്നെ നിർത്താതെ നാത്തൂൻ ലൂക്കാച്ചൻറെ മുറിയിലേക്ക് തള്ളി.. ഒന്നും രണ്ടും പറഞ്ഞു ചിരിച്ചും കളിച്ചും തട്ടിൻ പുറത്തെ കാര്യം ലൂക്കാച്ചനോടു ചോദിക്കാൻ ഞാനങ്ങു വിട്ടു പോയച്ചോ.
പിറ്റേന്നു രാവിലെ കുളി കഴിഞ്ഞു മഞ്ഞ കോട്ടൺ സാരി ചുറ്റി അടുക്കളയിൽ ചെന്ന ഞാൻ വീണ്ടും കണ്ടു. ഇലയിൽ പരത്തിയ നാളികേരമിട്ട ഇടിയപ്പവും ഒരു ചെറിയ പിഞ്ഞാണത്തിൽ പഞ്ചാര ചേർത്തിളക്കിയ തേങ്ങാപ്പാലുമായി അമ്മച്ചി വീണ്ടും തട്ടിൻ പുറത്തോട്ടു..
രണ്ടിലൊന്നറിയണമെന്നു കരുതി നാത്തൂന്നൊട് ചോദിച്ചു “അല്ല സിൽവി നാത്തൂനേ ,ആരാ തട്ടിൻ പുറത്തു. വയ്യായ്ക വല്ലോം ഉള്ള ആരേലും വീട്ടിലൊണ്ടോ .. വയ്യാത്ത അമ്മച്ചി തട്ടിൻ പുറത്തു കേറി ഇറങ്ങുന്നത് അത്ര നല്ലതല്ല..”
അമ്മായി 'അമ്മ എങ്ങാനും മറിഞ്ഞടിച്ചു വീണാൽ എന്റെ കാര്യം അധോഗതി എന്ന് പറയാതെ തന്നെ പതുക്കെ സൂചിപ്പിച്ചു...
പുതിയ നാത്തൂൻ അതൊക്കെ വഴിയേ കാലേ അറിഞ്ഞോളുമെന്നു തട്ടാമുട്ടി പറഞ്ഞു അവള് രക്ഷപ്പെട്ടു.. പക്ഷെ എന്റെ മുഖം ഉടുത്ത സാരിയേക്കാൾ മഞ്ജിച്ചു..
അല്പം ഉറക്കെ തന്നെ നിന്നിടത്തു നിന്ന് ഞാൻ ചൊല്ലി –“എത്രയും ദയയുള്ള മാതാവേ..”
കരുണ കൊന്തയും ജപമാലയും മുടക്കാതെ ചൊല്ലുന്ന എനിക്ക് കെട്ടി വന്ന വീട്ടിലെ ചില പ്രവൃത്തികളിൽ അന്നേരം മുതലേ ചില്ലറ നീരസം തോന്നി തുടങ്ങിയെന്റെച്ചോ ..
വെച്ചുണ്ടാക്കുന്ന സാധനങ്ങൾ ഉപ്പിടാതെ അമ്മച്ചി വെക്കം തന്നെ പിഞ്ഞാണത്തിൽ മാറ്റി പത്രം കൊണ്ട് മൂടി തട്ടിൻ പുറത്തേക്കു പോവുന്നത് നിത്യകാഴ്ചയായി..
കുഞ്ഞു നാളിലെ അമ്മൂമ്മ പറഞ്ഞ കുട്ടിച്ചാത്തൻ കഥകൾ ഞാനോർത്തു പോയ് അച്ചോ. തൃശൂരിലെ ചില വീട്ടിലെ ചാത്തൻ സേവാ ഇപ്പോഴുമുണ്ടെന്നു പലരും പറയണത്..
സത്യക്രിസ്ത്യാനിയായ കെട്ടിയവന്റെ വീട്ടുകാരെ യാതൊരുളുപ്പും കൂടാതെ കർത്താവിന്റെ തിരു മൊഴി മറന്നു മറ്റൊരു ദേവനെ പൂജിക്കുന്ന കാര്യം എനിക്ക് മനസിലായി. ചങ്കു പൊട്ടി ഞാനങ് പാതാളത്തിലോട്ടു താന്നു.
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുതെന്നു പത്തു പ്രമാണത്തിൽ പറഞ്ഞ കർത്താവിനെതിരായി ചെയ്യുന്ന ഈ പ്രവൃത്തി എത്ര കുമ്പസാരം കൊണ്ട് മാറും എന്ടാച്ചോ..
അന്നേരമാണ് അത് സംഭവിച്ചത്. അമ്മച്ചിയുടെ വീട്ടിലെ വകേല് ആരാണ്ടും ചത്തു . വെളുപ്പിനത്തെ തീവണ്ടി പിടിക്കാൻ ലൂക്കാച്ചനും അമ്മച്ചിയും നാലു മണിക്ക് പുറപ്പെട്ടു. അന്നത്തെ അടുക്കള പരിപാടികൾ എന്റെ തലമണ്ടേല് ..
കാലത്തു തന്നെ അടുക്കളയിൽ കേറി തലേന്ന് അരച്ച് വെച്ച കള്ളപ്പവും മുട്ട റോസ്സ്റ്റും ഉണ്ടാക്കി വെച്ച് പുര അടിച്ചു വരാൻ പോയി വന്നു അടുക്കളയിൽ കേറി വല്ലോം കഴിക്കാമെന്നു വെച്ച് പാത്രം തുറന്നപ്പോൾ ഞാൻ ഞെട്ടി.. ദേ ആരാണ്ടും നല്ല പതു പതുത്ത പൂ പോലെയുള്ള കള്ളപ്പത്തിൽ ഒന്നും രണ്ടും കഴിച്ചേക്കണ്…
എന്റെ പൊന്നച്ചോ മൂക്കും പൊത്തി നിന്നയെനിക്ക് തലകറങ്ങി..
കെട്ടി രണ്ടാഴ്ച കഴിയുന്നതിന് മുന്നേ പുതുപെണ്ണിനു ഓക്കാനവും തലകറക്കോം തൊടങ്ങി എന്ന പേരുദോഷം ഒഴിവാക്കാൻ മാത്രം ഞാൻ മതിലിൽ അള്ളിപ്പിടിച്ചു നിന്നു ...
കർത്താവീശോമിശിഹായുടെ മുന്നിൽ മുട്ട് കുത്തി കൈ വിരിച്ചു കൊന്ത എത്തിക്കുന്ന എനിക്ക് തന്നെ ഇതു തന്നല്ലോ എന്റെ പുണ്യാളന്മാരെ ..
കണ്ണടച്ച് അവിടെ നിന്നും ഒരു വിശ്വാസപ്രമാണം മൊത്തത്തിൽ അങ്ങ് ചൊല്ലി..
കാപ്പി കുടിക്കാൻ വന്ന വീട്ടുകാർ എന്റെ മരണ വെപ്രാളം കണ്ടു അന്തം വിട്ടു.
“ചാത്തന് കൊടുത്തില്ലേ കൊച്ചെന്നെ?” എന്ന് ലൂക്കായുടെ അപ്പൻ നാണമില്ലാതെ എന്റെ മുഖത്ത് നോക്കി ഒരു ചോദ്യം..”അമ്മച്ചി ഒന്നും പറഞ്ഞീലെ?” എന്ന് രണ്ടാമതൊരു ചോദ്യം
ജ്ഞ്യാനസ്നാന വെള്ളം തലേൽ വീണ ഒരു ക്രിസ്ത്യാനിക്ക് ചോദിക്കാൻ പറ്റിയ ചോദ്യമാണോ അച്ചോ അത്...
കർത്താവാണേ കെട്ടു താലീം പൊട്ടിച്ചു ഉടുത്ത തുണിയോടെ ഇറങ്ങി ഓടാനാണ് എനിക്കാദ്യം തോന്നിയത്. പിന്നെ അപ്പനേം കുടുംബത്തിനേം ഓർത്തു ക്ഷമിച്ചു. അല്ലേൽ തന്നെ ഈ കെട്ട് താലി പൊട്ടിക്കണത് ക്രിസ്ത്യാനികൾക്ക് ചേരണ പരിപാടി അല്ലേയല്ല..
ഒരുച്ച നേരത്തു ഞാനൊരു കടും കൈ ചെയ്തച്ചോ.. എല്ലാരും ഉറങ്ങണ നേരത്തു രണ്ടും കല്പിച്ചു ഉടുത്തിരുന്ന സാരീം പൊക്കി പിടിച്ചു ഞാൻ തട്ടിൻ പുറത്തോട്ടു വലിഞ്ഞു കേറി.. കൈയിൽ അന്നേരം പച്ച ഈർക്കിലി കൊണ്ടുണ്ടാക്കിയ കുറ്റി ചൂലും ..ഏതു ചാത്തനും അത് കൊണ്ട് രണ്ടു കൊണ്ടാൽ ഓടുമച്ചോ .. പക്ഷെ ങ്കി കോണി മൊത്തം കേറുന്നതിനു മുന്നേ അമ്മച്ചി നേരെ താഴെ..
“എന്നതാടി അവിടെ ?”
എന്റമ്മച്ചിയാണേ ..അമ്മായി അമ്മയുടെ തൽസ്വരൂപം അന്നേരമാണ് ഞാൻ കാണുന്നത്. ഏതാണ്ട് ഭദ്രകാളി യെ കൂട്ട്..
കൈ വിറച്ചു ചൂല് നേരെ താഴെ അമ്മായി അമ്മയുടെ മണ്ടക്കലെ .. മനപൂർവ്വമല്ല പൊന്നച്ചോ, മനഃപൂർവ്വമല്ല .അതൊന്നും മനസിലാക്കാനുള്ള വകതിരിവൊന്നും ആ തള്ളക്കില്ല
താഴെ ഇറങ്ങി വന്നപ്പോൾ” വേണ്ടാത്ത പണിക്കു പോയാൽ നീ ഈ പൂമി മലയാളത്തിൽ കാണൂല കൊച്ചെ” എന്നൊരു വർത്താനം.
അന്ന് നിർത്തി കുട്ടിച്ചാത്തനെ കാണാനുള്ള പൂതി.. അല്ലേൽ തന്നെ കണ്ടിട്ട് എന്നാ കാര്യം.. പിന്നെ തള്ള പറഞ്ഞ പോലെ പൂമി മലയാളത്തിൽ ഞാൻ കാണൂലച്ചോ.. അത്രക്ക് തൂറ പേടിയാണ് ഈ വക കാര്യങ്ങള്..
എന്തേലും വേവലാതി ഉണ്ടേൽ ഞാൻ പറയണത് വടക്കേലെ ഇട്ടിച്ചൻറ് പെമ്പിറന്നോവരോടാണ്. എന്നെ പെറ്റില്ലെന്നേ ഉള്ളച്ചോ.. ചോദിച്ചാൽ ചങ്കു പറിച്ചു തരണ സ്നേഹം ..
അവരാ എന്നോട് പറഞ്ഞത് കൊച്ചു പോയി അച്ചനെ കാണാൻ.. കൈയും കാലും വിറച്ചിട്ടു പെരക്കു പുറത്തോട്ടു പോവാൻ പറ്റാത്ത ഞാൻ പള്ളിമേട വരെ എങ്ങിനെ വരുമച്ചോ ?
അച്ചൻ എത്രയും പെട്ടെന്ന് ഇവിടെ വരെ വന്നു എന്റെ കെട്ട്യോനെയും കുടുംബത്തിന്റെയും ചാത്തൻ സേവാ നിറുത്തി ക്രൂശിതനായ യേശുവിന്റെ പാത തുടരാൻ ഈ കുടുംബത്തെ അനുഗ്രഹിക്കണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു..
ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ട്യാവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചു കൊണ്ട് കത്ത് നിര്ത്തുന്നു.
എന്ന് മാളിയേക്കൽ വീട്ടിൽ വർക്കി മകൻ ലൂക്കാ ഭാര്യ കൊച്ചന്ന** Sanee John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക