ഒരു ചെറിയ മറുപടി പോസ്റ്റ് ആണ്..
#ബീച്ചിലെ ഒരു ദിവസം കാമുകനോടൊപ്പം...
ഓർക്കുമ്പോൾ തന്നെ മനസ്സിൽ പ്രണയത്തിന്റെ ആയിരം തിരകൾ ഒരുമിച്ച് അലതല്ലും..
കടത്തീരത്ത് അവന്റെ കൈകളിൽ കൈകോർത്ത് നടക്കുമ്പോൾ ഈ ലോകം തന്നെ കൈകുമ്പിളിൽ ആയപോലെ തോന്നും..
കണ്ണോട് കണ്ണ് നോക്കിയിരുന്നു കഥകൾ പറയുമ്പോൾ കടലിനെകാളും പ്രണയം ആ കണ്ണുകളിൽ കാണാം..
ഒരു കപ്പിൽ നിന്നും ഐസ്ക്രീം പങ്കിട്ടു കഴിക്കുമ്പോൾ അതിന്റെ മധുരം ഇരട്ടിച്ച പോലെ തോന്നും.. അവൻ കഴിക്കാതെ എന്റെ ചുണ്ടോടപ്പിക്കുമ്പോൾ ഒരിക്കലും നിന്നെ പട്ടിണിക്കിടില്ല പെണ്ണേ... എന്ന് പറയാതെ പറയുന്നതാണെന്ന് തോന്നും.
കടൽതിരമാലകളിൽ ഒന്നായി നനയുമ്പോൾ.. അവന്റെ നെഞ്ചോട് എന്നെ ചേർത്ത് പിടിക്കുമ്പോൾ ആ നെഞ്ചിലെ ചൂടറിയുമ്പോൾ തണുപ്പിക്കാൻ വന്ന കടൽകാറ്റ് നാണിച്ചു പിന്മാറും..
സന്ധ്യാസൂര്യനെ സാക്ഷിയാക്കി.. കാറ്റിൽ പറക്കുന്ന എന്റെ മുടിയിഴകളെ മാടി ഒതുക്കി ഈ ലോകത്തിലെ ഏറ്റവും സുന്ദരി നീയാണെന്ന് പറയുമ്പോൾ.. ഈ ലോകത്ത് ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് പറഞ്ഞു ആ നെഞ്ചിലേക്ക് ചായണം.. അപ്പോൾ അറിയാം ആ നെഞ്ചിലെ താളം പോലും
"ഞാൻ നിന്നെ പ്രണയിക്കുന്നു പെണ്ണേ..." എന്ന് പറയുന്നത്.
"ഞാൻ നിന്നെ പ്രണയിക്കുന്നു പെണ്ണേ..." എന്ന് പറയുന്നത്.
ഇഷ്ടമില്ലാതെ കടലിനോട് യാത്രപറയുമ്പോൾ ഉള്ളിലൊരു നീറ്റലായിരിക്കും... നഷ്ടമാകുന്ന ആ നിമിഷങ്ങളെയോർത്ത്...
°°°°°°
#ബീച്ചിലെ ഒരു ദിവസം ഭർത്താവിനൊപ്പം
ബീച്ചിലേക്ക് പോകാമെന്ന് അതിയാനെ കൊണ്ട് സമ്മതിപ്പിക്കുന്നത് തന്നെ കഷ്ടപ്പാടാണ്.
ഒരുവിധത്തിൽ ബീച്ചിലെത്തിയാലോ അപരിചതരെ പോലെയാണ് നടത്തം. ഒന്ന് കൈകോർത്ത് നടക്കാനായിട്ട് അടുത്ത് ചെന്നാലോ..
"നിനക്കെന്താ പെണ്ണേ... തനിയെ നടക്കാൻ അറിയൂലെ" എന്നൊരു ചോദ്യമായിരിക്കും..
ഏത് നേരത്താ ഇങ്ങേരെ കെട്ടാൻ തോന്നിയത് എന്ന് തോന്നിപോകുമെങ്കിലും ഉള്ളിലൊതുക്കും..
തീരത്തൂടെ ഒന്ന് നടക്കാം എന്ന് ഒരു വിധത്തിൽ സമ്മതിപ്പിച്ചു കൂടെ നടത്തിയാലോ ഒരഞ്ചടി നടക്കുമ്പോൾ തന്നെ അങ്ങേർക്കു മതിയാകും..
ഒരു ഐസ്ക്രീം വാങ്ങി തരാൻ പറഞ്ഞാലോ.. പിന്നെ അത് ഉണ്ടാക്കുമ്പോൾ ചേർക്കുന്ന വിഷങ്ങൾ തൊട്ട് അത് കഴിച്ചു വരുന്ന അസുഖങ്ങളും അവയുടെ ചികിത്സാചിലവും വരെ പറയുമ്പോഴേയ്ക്കും ആ പൂതി അവിടെ തീരും..
അഴിച്ചിട്ട തലമുടി എങ്ങാനും ഒന്ന് മുഖത്ത് തട്ടിയാൽ മതി.. പുറംകൈ കൊണ്ട് ഒരു തള്ളും.. നിന്റെ ഒരു മുടി.. എന്ന രൂക്ഷമായ നോട്ടവും കാണുമ്പോൾ അവിടെ വെച്ചു തന്നെ മുടി വലിച്ചുപറിച്ചു കളയാൻ തോന്നും..
ഒന്ന് നനയാൻ വിളിച്ചാലോ നനഞ്ഞിട്ട് നിന്റെ അപ്പന്റെ വണ്ടിയിൽ വീട്ടിലേയ്ക്ക് വരുമോ എന്നൊരു ചോദ്യമായിരിക്കും.. എന്റെ അപ്പൻ തന്ന വണ്ടി തന്നല്ലോ എന്ന് പറയാൻ നാവ് തരിക്കുമെങ്കിലും ക്ഷമിക്കും..
പിന്നെ എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നാകും.. തിരിച്ചുള്ള യാത്രയിൽ ഇങ്ങേരോടെ ഇങ്ങോട്ട് പുറപ്പെട്ട സമയം ആ രാമായണം എടുത്ത് വായിച്ചാൽ മതിയായിരുന്നു എന്ന തോന്നലായിരിക്കും..
സാരംഗി..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക