രാഘവന്റെ ആദ്യ രാത്രി
നായകൻ: രാഘവൻ
വയസ്സ്: 45 ( സുമതിയുടെ വീട്ടുകാരോട് പറഞ്ഞത്:35)
ജോലി: വാർക്കപ്പണി (പേരിന്) ക്ലബ്ബിൽ ചീട്ടുകളി,
നാട്ടുകാരുടെ മെക്കിട്ടു കേറൽ, തല്ലു കൊള്ളിത്തരം, കൂട്ടുകാരുടെ കല്യാണത്തിന് പണി കൊടുക്കൽ (ആദ്യരാത്രി കാളരാത്രിയാക്കുന്നതിൽ സ്പെഷ്യലിസ്റ്റ് )
നാട്ടുകാരുടെ മെക്കിട്ടു കേറൽ, തല്ലു കൊള്ളിത്തരം, കൂട്ടുകാരുടെ കല്യാണത്തിന് പണി കൊടുക്കൽ (ആദ്യരാത്രി കാളരാത്രിയാക്കുന്നതിൽ സ്പെഷ്യലിസ്റ്റ് )
ദിനചര്യ(തിങ്കൾ മുതൽ ശനിവരെ) : പകലു വാർക്കപ്പണി, ശമ്പളം കിട്ടിയതിനു ശേഷം ക്ലബ്ബിൽ "ഒത്തുചേരൽ " ( കള്ളുകുടി) രാത്രി നാലു കാലിൽ വീട്ടിൽ ചെന്നു കയറി കഞ്ഞിയും കുടിച്ച് (തൊട്ടുകൂട്ടാൻ തള്ളയുടെ വായിൽ നിന്ന് പുളിച്ച നാലു തെറിയും) കേട്ട് സുഖമായി പള്ളിയുറക്കം.
ഞായർ: കൂട്ടുകാരൻ കോഴി രാജപ്പന്റെ '" RX 100 " ബൈക്കിൽ പല വീടുകളിൽ പെണ്ണുകാണൽ ചടങ്ങ്.(നിലവിലെ സ്കോർ: 200 ) വൈകിട്ട് ഒന്നും ശരിയാകത്തതിന്റെ വിഷമം മാറ്റാൻ ബിവറേജിന്റെ മുമ്പിൽ കുത്തിയിരിപ്പ്!
നായിക (കഥയിൽ വലിയ പ്രാധാന്യം ഒന്നുമില്ല പേരിന്) : സുമതി (ആഴ്ചപ്പതിപ്പ് സുമതി )
വയസ്സ്: 30 ( രാഘവനോട് പറഞ്ഞത് : 24)
ജോലി: അമ്മയെ സഹായിക്കുന്നു (അമ്മയ്ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല)
ദിനചര്യ (മഴയില്ലെങ്കിൽ ): പത്തിന് എഴുന്നേൽക്കും , പഴങ്കഞ്ഞിക്കലം പരിശോധിച്ചതിനുശേഷം മാത്രം മറ്റു കലാപരിപാടികൾ .പത്തിൽ തോറ്റങ്കിലും ആഴ്ച്ചപ്പതിപ്പ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന്, കിട്ടിയാലുടനേ ഒരക്ഷരം വിടാതെ മുഴുവൻ വായിച്ചു തീർക്കും.
കഥ ആരംഭിക്കുന്നു: രാഘവന്റെ മണിയറ.
രാഘവൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ് . പ്രായം കുറേ കഴിഞ്ഞതിനാലും പത്തിരുന്നൂറ് പെണ്ണുകാണൽ കഴിഞ്ഞ് ഒത്തു കിട്ടിയതിനാലും ആകെയൊരു വെപ്രാളം മുഖത്തു കാണാം. സമയം നോക്കി: 10 കഴിഞ്ഞിരിക്കുന്നു മേശപ്പുറത്തിരിക്കുന്ന പാളയങ്കോടൻ പഴത്തിൽ കുത്തി വയ്ച്ചിരുന്ന "സൈക്കിൾ ബ്രാന്റ് " ചന്ദനത്തിരി അന്ത്യശ്വാസം വലിക്കുന്നു. കഴുക്കോലിൽ കൊളുത്തിയിട്ടിരിക്കുന്ന ഉഷാ ഫാൻ കരകരാന്ന് ശബ്ദം ഉണ്ടാക്കി സന്ദർഭത്തിനു പറ്റിയ " BGM " മെയിൻറയിൻ ചെയ്യുന്നു !
"പറ്റിയാൽ ആദ്യം തന്നെ ഒരു "ഫ്രഞ്ചു " കിസ്സങ്ങു കൊടുത്തേക്കണം" .പുഷ്പൻ സുപ്രന്റെ ഉപദേശം ഓർമ്മ വന്നപ്പോൾ രാഘവൻ കൈ വായോടടുപ്പിച്ച് ഒന്ന് ശ്വാസം വിട്ടു നോക്കി. ഹൊ! രണ്ടു പ്രാവശ്യം പല്ലുതേച്ചിട്ടും എന്തോ പോലെ. രാവിലെ തന്നെ അണിയിച്ചൊരുക്കാൻ വന്നിട്ട് സ്വയം അണിഞ്ഞൊരുങ്ങിപ്പോയ "കൂ.. ട്ടുകാർ (സ്റ്റാർ ബോയ്സ് )" മിച്ചം വച്ചിരുന്ന സ്പ്രേ എടുത്ത് വായിലേക്കടിച്ചു! ഹായീ...... എന്തൊരു കയ്പ്പ് ' ഓക്കാനം വന്നിട്ടുപ്പോലും രാഘവൻ, അതു മുഴുവൻ വിഴുങ്ങി !
സുമതിയോടൊത്തുള്ള സുവർണ്ണ നിമിഷങ്ങൾ സ്വപ്നം കണ്ടുകൊണ്ടിരുന്ന രാഘവനെ ഉണർത്തി "നോക്കിയ 1110 " ഫോൺ റിംഗ് ചെയ്തു!
ഫോൺ അറ്റൻഡുചെയ്ത രാഘവന്റെ ചെവിയിലേക്ക് ഘനഗാംഭീര്യമുള്ള ശബ്ദം ഒഴുകിയെത്തി
''തുടങ്ങിയോടാ നിന്റെ ആദ്യരാത്രി"
''ഇല്ല സുമതി എത്തിയില്ല" രാഘവനൊന്നു വിറച്ചു!
"മം ഒരുപാടു പേരുടെ ആദ്യരാത്രി കാളരാത്രിയാക്കിയവനല്ലേ നീ " നിന്റെ ആദ്യരാത്രി എങ്ങനെ പോകുന്നു എന്നു കാണാം! മറുപടിക്ക് കാത്തുനിൽക്കാതെ ഫോൺ കട്ടായി! രാഘവൻ ഇടിവെട്ടിയവനേപ്പോലെ നിന്നു!
"ചേട്ടാ....." വാതിൽ മെല്ലെ തുറന്ന് സുമതി വിളിച്ചു.
ഉണ്ടായിരുന്ന ആവേശമെല്ലാം തണുത്തുറഞ്ഞ് രാഘവൻ സുമതിയേ നോക്കി! വായിച്ച നോവലുകളിലെയെല്ലാം മണിയറ രംഗങ്ങൾ മനസ്സിലേക്കാവാഹിച്ച് കാലുക്കൊണ്ട് ക്ഷ, ങ്ങ, ത്ത,പ്പ, ച്ച വരച്ച് സുമതി പാൽ ഗ്ലാസ് രാഘവനു നേരെ നീട്ടി
പാൽ ഗ്ലാസ് വാങ്ങി ഒറ്റ വലിപ്പിനു മോന്തി പരവേശം തീർക്കാനൊരുങ്ങിയ രാഘവൻ ഒരു നിമിഷം പുറകോട്ടു ചിന്തിച്ചു "വെട്ടുപോത്ത് കുമാരന്റെ കല്ലാണത്തിന് പാലിൽ വിമ്മു കലക്കിയാണ് പണി കൊടുത്തത്" വീടിനു മുന്നിലെ കിണറിന്റെ ആഴമോർത്തും രാത്രിയിൽ വെള്ളം കോരേണ്ട അവസ്ഥയോർത്തും സുമതിയേനോക്കി വളിച്ച ചിരി ചിരിച്ചു പാൽ ഗ്ലാസ് മേശപ്പുറത്തു വച്ചു!
"വാ ഇരിക്ക് " രാഘവന്റെ പ്രവൃത്തി ഒട്ടും സുഖിക്കാത്ത സുമതിയുടെ കൈപിടിച്ച് രാഘവൻ കട്ടിലിനടുത്തേക്കു നടന്നു നമ്രമുഖിയായി അൽപ്പം മുന്നോട്ടുന്തിയ പല്ലുകൾ ചുണ്ടാൽ മറച്ചുകൊണ്ട് സുമതി കട്ടിലിലിരിക്കാൻ തുടങ്ങിയപ്പോഴാണ്, "നായ്ക്കുരണപ്പൊടി " വിതറി എട്ടിന്റെ പണി കൊടുത്ത എട്ടുകാലി സുരേഷിന്റെ കല്ലാണം രാഘവന്റെ മനസ്സിലേക്കോടിയെത്തിയത്
സുമതീ... ഇരിക്കരുത്.... രാഘവന്റെ അലർച്ച കേട്ട് സുമതി രണ്ടു മുഴം ഉയർന്നു ചാടി,കണ്ണു രണ്ടും പുറത്തേക്കുന്തി! എന്താ രാഘൂ..... സുമതിയുടെ വിളി കേട്ട് രാഘവന്റെ കണ്ണു നിറഞ്ഞു പോയി..
ഒന്നുമില്ല" സുമൂ " പണ്ടേ എന്റെ സ്വപ്നമായിരുന്നു ആദ്യരാത്രി കട്ടിലിൽ കിടക്കരുതെന്ന് വാ നമുക്ക് തറയിലിരിക്കാം...... തന്റെ പഴയ ഒരു ലുങ്കി എടുത്തു തറയിൽ വിരിച്ചു കൊണ്ട് രാഘവൻ സുമതിയുടെ കൈപിടിച്ചു... "തന്റെ സ്വപ്നങ്ങളിൽ പക്ഷേ അങ്ങനെയല്ല " എന്നുണ്ടായിരുന്നു സുമതിക്ക് പിന്നെ ആദ്യരാത്രിയല്ലേ എന്നു കരുതി ചുമ്മാ അങ്ങു ക്ഷമിച്ചു കൊടുത്തു.....
തറയിൽ സുമതിയോടൊത്തു ഇരിക്കുമ്പോഴും രാഘവൻ ചുറ്റും നോക്കുകയായിരുന്നു എവിടെ നിന്നാണ് പണി വരുന്നതെന്നറിയാൻ. തന്റെ ഇഷ്ട്ടങ്ങൾ അക്കമിട്ടു പറഞ്ഞ് താൻ നല്ല ഒരു സഹധർമ്മിണിയായിരിക്കും എന്ന് രാഘവനെ ബോധ്യവാനാക്കണം എന്ന ഒരൊറ്റ ലക്ഷ്യത്തിൽ വാതോരാതെ സംസാരിച്ച സുമതിയുടെ വായിൽ നിന്ന് പലവുരു ജലപീരങ്കികൾ രാഘവന്റെ മുഖത്തു തെറിച്ചിട്ടും അയാൾ ഒന്നുമറിഞ്ഞില്ല! തനിക്കു വന്ന അഞ്ജാത ഫോൺ കോളിന്റെ ബാക്കിയെന്താകുമെന്നായിരുന്നു അയാളുടെ മനസ്സിൽ !
പുറത്ത് തെങ്ങിൻ ചുവട്ടിൽ കെട്ടിയിട്ടിരുന്ന "ടൈഗർ" ഒന്നു മോങ്ങി. പതിയെ തന്നിലേക്ക് ചായാൻ തുടങ്ങിയ സുമതിയെ പിടിച്ചു മാറ്റി രാഘവൻ ചാടിയെഴുനേറ്റു! "മനസ്സിലായി "അമിഠ് " പൊട്ടിക്കാനുള്ള പരുപാടിയാണ് " ഇന്നു ഞാൻ ശരിയാക്കിത്തരാമെടാ ! രണ്ടും കൽപ്പിച്ച് മുണ്ടും മടക്കിക്കുത്തി രാഘവൻ എഴുന്നേറ്റു! എന്താ എന്നു ചോദിക്കാനൊരുങ്ങിയ സുമതിയെ " ലാലേട്ടൻ സ്റ്റൈലിൽ മീശപിരിച്ചു ചുണ്ടിൽ വിരലുവച്ച് മിണ്ടരുതെന്ന് ആഗ്യം കാട്ടി:
"എവരിടെ" ടോർച്ചിന്റെ മോർ തിരിച്ച് വെളിച്ചം ഫോക്കസ് ചെയ്ത് രാഘവൻ മെല്ലെ പുറത്തേക്കിറങ്ങി. പറമ്പ് മുഴുവൻ തിരഞ്ഞിട്ടും അമിഠ് പോയിട്ട് ഒരു ഓലപ്പടക്കം പോലും കണ്ടു പിടിക്കാനാവാതെ രാഘവൻ അവസാനം ടൈഗറിന്റെ അടുത്തെത്തിയപ്പോഴാണ് ആ നടുക്കുന്ന സത്യം മനസ്സിലായത്!
"എന്നും കഞ്ഞിവെള്ളവും ഉണ്ടക്കമീൻ ചുട്ടതിന്റെ മുള്ളും മാത്രം കഴിച്ചു വിശപ്പടക്കിയിരുന്ന ടൈഗറിന്(ആരിട്ട പേരാണോ എന്തോ ) കല്ലാണം പ്രമാണിച്ച് കിട്ടിയ സദ്യക്ക് ഹൃദയംഗമായ നന്ദി രേഖപ്പെടുത്തലായിരുന്നു ആ നീട്ടിയുള്ള മോങ്ങൽ . രാഘവനെ കണ്ട് ടൈഗർ ഒന്നുകൂടി വാലൊന്നാട്ടി കൈ മുന്നോട്ടു വച്ച് ഓരിയിട്ടു ( നായ് എന്നു പറയുന്നത് അല്ലേലും നന്ദിയുള്ള മൃഗമാണ്).
കുറച്ചു നേരം കൂടി പറമ്പിൽ ചിലവഴിച്ചതിനു ശേഷം റൂമിൽ തിരിച്ചെത്തിയ രാഘവൻ എന്തോ ശബ്ദം കേട്ട് " മലബാർ എക്സ്പ്രസ് "വഴിമാറി തന്റെ പുരക്കകത്തൂടെയാണോ പോകുന്നതെന്നറിയാൽ റൂമിലാകമാനം കണ്ണോടിച്ചു. മലബാർ എക്സ്പ്രസ് തോറ്റു പോകുന്ന ശബ്ദം തന്റെ "സുമു" വിന്റെ കൂർക്കംവലിയിൽ നിന്നാണെന്നറിഞ്ഞ നിമിഷം രാഘവന്റെ ''കിളി പോയി ". തന്റെ ആദ്യരാത്രിയുടെ സുവർണ്ണ നിമിഷങ്ങളാണ് ഈ കിടന്നു കൂർക്കം വലിക്കുന്നത്. ഇപ്പോൾ "ഫ്രഞ്ച് " കിസ്സ് കൊടുക്കുന്നതു പോയിട്ട് ,അടുത്തുകൂടി പോയാൽ തന്നെ ,താൻ മൊത്തമായിട്ട് ,,, തുറന്നിരിക്കുന്ന സുമതിയുടെ വായിൽക്കൂടി കയറിപ്പോകുമെന്ന തിരിച്ചറിവിൽ രാഘവൻ ഇടിവെട്ടിയവനേപ്പോലെ വീണ്ടും റൂമിൽ ഉലാത്തൽ തുടങ്ങി!
ആവേശമല്ലാം കെട്ടടങ്ങിയ രാഘവൻ എന്തായാലും രണ്ട് പാളയങ്കോടൻ അകത്താക്കാം എന്നു കരുതി അടുത്തുചെന്നപ്പോഴാണ് പഴത്തിനിടയിൽ ഒരു കടലാസ് കണ്ടത് രാഘവനും കൂട്ടുകാർക്കും മാത്രമായി കണ്ടു പിടിച്ച ലിപിയിൽ ഇങ്ങനെയെഴുതിയിരുന്നു.
ബഹുമാനപ്പെട്ട രാഘവാ ,പുല്ലേ!
പത്തിരുന്നൂറ് പെണ്ണുകാണലിനു ശേഷം നിനക്കു കിട്ടിയ ട്രോഫിയാണ് സുമതിപ്പെങ്ങൾ എന്ന് ഞങ്ങൾക്കറിയാം ആയതിനാലും, രാവിലെ നിന്നെ ഒരുക്കുന്ന കൂട്ടത്തിൽ കണ്ട നിന്റെ അനേകം നരച്ച മുടികൾ ഓർമ്മ വന്നതിനാലും, നമ്മുടെ കൂട്ടത്തിലെ അവസാനത്തെ കല്യാണമാണ് നിന്റെതെന്നുള്ള ഉത്തമ ബോധ്യമുള്ളതിനാലും, നിന്നോട് നിരുപാധികം ക്ഷമിച്ച് നിന്റെ ആദ്യരാത്രി കുളമാക്കില്ലാന്ന് വാക്കു തരുന്നു .
വിശ്വാസത്തോടെ
സ്റ്റാർ ബോയ്സ്
ഒപ്പ്
സ്റ്റാർ ബോയ്സ്
ഒപ്പ്
ശ്ശെടാ ! ഇവൻമാരല്ലങ്കിൽ പിന്നെ ആരായിരിക്കും ഫോൺ കോളിനു പിറകിൽ ? രാഘവൻ പിന്നെയും ഉത്കണ്‌ഠാ പുളകിതനായി "മഹോദയ പർവ്വതം ചുമന്നുകൊണ്ടു പോകുന്ന ഹനുമാന്റെ " പൊസിഷനിൽ കിടന്നുറങ്ങുന്ന സുമതിയുടെ അടുത്തു ചെന്നിരുന്നു ആലോചനയിലാണ്ടു!
ഇതേ സമയം (വില്ലന്റെ എൻട്രി)
രാഘവൻ കല്യാണത്തിന്റെ സന്തോഷത്തിന് വാങ്ങിക്കൊടുത്ത കള്ളു മുഴുവൻ വലിച്ചു കേറ്റി, ഒരൊറ്റ ഫോൺ കോളിൽ ആദ്യരാത്രി മുഴുവൻ കുളമായി കാണും എന്നുറച്ചു വിശ്വസിച്ച് സുഖമായി കിടന്നുറങ്ങുന്നുണ്ടായിരുന്നു " നത്തോലി വിശ്വൻ " രാഘവന്റെ സ്വന്തം അളിയൻ.
സ്വന്തം പെങ്ങളുടെ കല്യാണമായിട്ടും മണിയറയിലെ പുതപ്പിനടിയിൽ കടിയനുറുമ്പിന്റെ കൂടുകൊണ്ടൊളിപ്പിച്ച അളിയൻ രാഘവനിട്ട് ഒരു പണി പണിയെണം എന്നുറപ്പിച്ചിരുന്നതാണ് വിശ്വൻ, കാരണം അസ്ഥാനത്തുള്ള ഉറുമ്പിന്റെ കടിയേറ്റ് ആദ്യരാത്രി പുരക്കു ചുറ്റും ഓടിയ ഓട്ടം ഹൊ ഭയങ്കരം. അതിനായി രാഘവന്റെ കൂട്ടുകാരെത്തന്നെ കൂട്ടുപിടിച്ചു പക്ഷേ സമയമായപ്പോൾ അവർ കാലുമാറി, അവസാനം നേരിട്ടു പണി കൊടുക്കാൻ കഴിയാത്തതിനാലാണ് അഞ്ജാത ഫോൺ കോൾ എന്നാശയം കിട്ടിയത്! ഒരുപാടു പേരുടെ ആദ്യരാത്രി കുളമാക്കിയതിനാൽ ആശ്വാസത്തോടെ രാഘവന് ആദ്യരാത്രി കൊണ്ടാടുവാൻ പറ്റില്ലെന്നറിയാം അതിനാലാണ് എരിവു കൂട്ടാനായി ഫോണിലൂടെ ഒരു ഭീഷണിയും. എന്തായാലും സംഗതി പൊടിപിടിച്ചു!
അങ്ങനെ ഒരുപാടു പേരുടെ ആദ്യരാത്രി കുളമാക്കിയ രാഘവന്റെ ആദ്യരാത്രി ആരും ഒന്നും ചെയ്യാതെ തന്നെ കാളരാത്രിയായി.ഇതിനൊക്കെയായിരിക്കും പഴമക്കാർ പറയുന്നത് "കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് അല്ലേ?????" "
Sujith Surendran
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക