രാത്രിയുടെ അവസാനയാമത്തിൽ പൂർണ്ണചന്ദ്രബിംബമേറ്റ് തറവാട്ടുകുളം ഇമചിമ്മി തുറന്നു.അകലെയെവിടെ നിന്നോവീശിയ തണുത്തകാറ്റിൽ ഓളപ്പരപ്പുയർന്നു.പാലപ്പൂവിന്റെ മനം മയക്കുന്ന സൗരഭ്യം ചുറ്റും പരന്നു.നാസിക വിടർത്തി ഞാനാ നവ്യ സുഗന്ധമേറ്റുവാങ്ങി.
പ്രിയതമനെ കാത്തു ഞാനാ കുളക്കടവിലെ കൽപ്പടവുകളിൽ കാത്തിരുന്നു.മെല്ലെയെന്റെ മിഴികൾ തറവാട്ടുകുളത്തിലേക്കു ആഴ്ന്നു പതിച്ചു..ഓളങ്ങൾ പൊടുന്നനെ നിശ്ചലമായി.കുറെ നിമിഷങ്ങൾക്കുളളിൽ വലിയൊരു ശബ്ദത്താലൊരു രൂപം കുളത്തിൽ നിന്നും മെല്ലെ ഉയർന്നു വന്നു.
നിലാവൊളി പരത്തിയിരുന്ന പൂർണ്ണ ചന്ദ്രൻ കാർമേഘങ്ങളിലൊളിച്ചു.കിന്നരിച്ചു നിന്ന താരകങ്ങൾ മെല്ലെ ഇമകളടച്ചു.ജലധാരയുടെ ആഴങ്ങളിലഭയം തേടിയിരുന്നയെന്റെ ഗന്ധർവൻ എനിക്കു സമീപത്തേക്കു പാദങ്ങൾ അടിവെച്ചു നടന്നടുത്തു.ഇരുളിലാണ്ടിരുന്ന നിശയിലൊരു പ്രഭാപൂരമായി ഗന്ധർവൻ നിറഞ്ഞൊഴുകി.
മെല്ലെയെന്റെ ഇരുചുമരിലും കരസ്പർശമമർത്തി .വിറയാർന്നയെന്റെ അധരങ്ങളെ ചുംബിച്ചുണർത്തി.ഇരുകരങ്ങൾ കൂട്ടിയുമെന്നെ വരിഞ്ഞുമുറുക്കി.
" നന്ദാ" പ്രണയാർദ്രനായി എന്റെ ഗന്ധർവൻ വിളിച്ചു.
"ദേവേട്ടാ"
"അതെ.എന്റെ യക്ഷിക്കുട്ടി.ഇന്നൊരു രാത്രി കൂടിയുളള നമ്മുടെ സംഗമത്തിലൂടെ നിനക്കുമെനിക്കും ശാപമോക്ഷം ലഭിക്കുന്നു.നീണ്ട ഏഴുവർഷങ്ങളിലെ കാത്തിരിപ്പിനിന്നു വിരാമമാകുന്നു.നീയും ഞാനും മനുഷ്യരായി ഈ ഭൂമിയിൽ പുനർജനിക്കുന്നു."
"അതേ ദേവേട്ട കാവിലമ്മ നമ്മളെയിന്നു ശാപമുക്തരാക്കും.വികാര തിളപ്പിന്റെ പ്രായത്തിൽ അറിയാതെ പറ്റിയൊരു തെറ്റ്.അതിനിത്രയും വില നൽകേണ്ടിവരുമെന്നു അറിയില്ലായിരുന്നു"
"സമയമാകാറായി നന്ദ.ഇന്ന് വാരിശ്ശേരി മനയിൽ ഞാനും നീയും പുതിയ തലമുറയിലെ മക്കളുടെ വയറ്റിൽ നിന്നും ഭൂമിയുടെ അവകാശികളായി നമ്മൾ പുനർജനിക്കും.മുറപ്പെണ്ണും മുറച്ചെറുക്കനുമായി തന്നെ"
"ദേവേട്ടാ പുലരിയുടെ ചുംബനം ഭൂമിയിൽ പതിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രംവിടവാങ്ങുവാൻ നേരമായി"
വിടപറയിലിനൊടുവിൽ എന്റെ ഗന്ധർവൻ തറവാട്ടു കുളത്തിലെ ആഴ്ന്നിറങ്ങിപ്പോയി.ഞാൻ പതിയെ തറവാട്ടുകാവിലെ പനയുടെ മുകളിലേക്കു മടങ്ങി.
കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ മുറച്ചെറുക്കനും മുറപ്പെണ്ണുമായിരുന്നു.അശുദ്ധിയായി ഇരിക്കുന്ന സമയം കാവിനെ തൊട്ടു തീണ്ടെരുതെന്ന് തറവാട്ടു കാരണവർ പറഞ്ഞിരുന്നു.ഞങ്ങളുടെ തിളക്കുന്ന പ്രായം അതിനെയൊന്നും ചെവിക്കൊള്ളാൻ കഴിഞ്ഞില്ല.ദേവേട്ടനു രഹസ്യമായൊന്നു കാണണമെന്നു പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാൻ നേരം കിട്ടിയിരുന്നില്ല.വിറയാർന്ന പാദങ്ങളുമായി ഞാൻ ഓടുകയായിരുന്നു കാവിലേക്കു.
ദേവേട്ടനു ജോലി ശരിയായി.അപ്പോൾ എന്നെയൊന്നു കാണണം.കൊതി തീരൂംവരെ സംസാരിക്കണം.തറവാട്ടിൽ അധികമൊന്നും സംസാരിക്കുവാൻ വീട്ടുകാർ സമ്മതം നൽകിയിരുന്നില്ല.ഒടുവിലെല്ലാം പറഞ്ഞു പിന്തിരിയാൻ നേരം അപ്രതീക്ഷിതമായി ദേവേട്ടന്റെ ചെഞ്ചുടിലൊരു മുത്തം നൽകി.കുതറുവാൻ ശ്രമിച്ചയെന്നിൽ വികാരപരവശനായി ദേവേട്ടൻ പടർന്നു കയറി.
എല്ലാത്തിനു മൊടുവിൽ കാലിൽ സർപ്പദംശനം ഏൽക്കുമ്പോഴാണു ചെയ്ത തെറ്റിന്റെ ആഴങ്ങൾ തിരിച്ചറിഞ്ഞത്.കാവിലമ്മയുടെ വിഗ്രഹത്തിനു മുന്നിലെ ബലിക്കല്ലിൽ ഞങ്ങൾ തലയടിച്ചു രക്തം വാർത്തു പ്രായ്ശ്ചിതത്തിനായി അപേക്ഷിച്ചു.
കാവിലമ്മയുടെ വാക്കുകൾ ഒരശരീരിയായി മുഴങ്ങി
"ഇന്നേക്കു ഏഴുവർഷം ചിങ്ങമാസത്തിലെ പൗർണ്ണമി നാളിൽ യക്ഷിയായും ഗന്ധർവനുമായി തറവാട്ടുകുളത്തിനു മുമ്പിൽ കണ്ടുമുട്ടണം.നീ പനയിലും ദേവൻ തറവാട്ടുകുളത്തിന്റെ ആഴങ്ങളിലും വസിക്കണം.പൗർണ്ണമി ദിവസം രാത്രിയിലല്ലാതെ മറ്റൊരു ദിവസവും കണ്ടുമുട്ടാൻ പാടില്ല.അങ്ങനെയായാൽ നിങ്ങൾ ഇനി പുനർജനിക്കില്ല. ഏഴുവർഷം കഴിഞ്ഞു നിങ്ങൾ പുതുതലമുറയിൽ പുനർജനിക്കും.പഴയ നന്ദയായും ദേവനായും"
പ്രാണന്റെ അവസാന പിടച്ചിലിനിടയിലും ഞങ്ങൾ അത് വ്യക്തമായി കേട്ടിരുന്നു.ഇനി കുറച്ചു നാഴികൾക്കൂടി കഴിഞ്ഞാൽ സൂര്യൻ ഭൂമിയിൽ പൊൻ വെളിച്ചം വിതറും.ഞങ്ങൾക്കു ശാപമോക്ഷം ലഭിക്കും.
പ്രതീക്ഷാ നിർഭരമായി ഞാൻ പുലരിക്കായി കാത്തിരുന്നു.
പുനർജന്മത്തിന്റെ ധന്യതക്കായി"
A story by. സുധീ മുട്ടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക