°°°°പെണ്ണൊരുത്തി°°°°
=================
=================
കുള കടവിൽ നിന്നും കുളി കഴിഞ്ഞ് ഞാൻ ധൃതിയിൽ വീട്ടിലേക്ക് നടന്നു.
പടി കടന്ന് ഇടവഴിയിലേക്ക് കാലെടുത്ത് വെച്ചതും കുളത്തിന്റെ ഓരം ചേർന്നുള്ള ചെടിയ്ക്കിടയിൽ ഒരാളനക്കം. ഞാൻ അങ്ങോട്ടേക്ക് ഒന്ന് തിരിഞ്ഞ് നോക്കി.
എന്നെ കണ്ടതും വേഗത്തിൽ മുൻപോട്ട് നടന്ന് പോയ അയാളുടെ പിൻവശം മാത്രേ ഞാൻ കണ്ടുള്ളൂ.
എന്നിലെ സ്വകാര്യതയുടെ മനോഹാരിത ആവോളം കണ്ട് ആസ്വദിക്കാൻ എത്തിയ ആ വെറി പിടിച്ച നായയോട് ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞു.
"നിന്റെയൊക്കെ അമ്മയുടെയും പെങ്ങളുടെയും തുടിപ്പും വെടിപ്പും തന്നെയാടാ നായെ എനിക്കും ഉള്ളത്......"
പത്തൊൻപതിലേക്ക് കാലെടുത്ത് വെക്കുന്ന എന്നിലെ പ്രായത്തിന്റെ തിളപ്പ് ആകാം ഒരുപക്ഷേ എന്നെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
"അല്ലെങ്കിലും അച്ഛൻ ആരെന്ന ചോദ്യത്തിന് ഈ പ്രായത്തിലും ഉത്തരം തിരയുന്നവളുടെ നേരെ ചാടി വീഴാൻ ഇവനൊക്കെ കുറച്ചൂടെ ധൈര്യം കൂടും....."
പിറു പിറുത്തു കൊണ്ട് വീടിന്റെ പിന്നാമ്പുറത്തെ അയയിൽ തുണികൾ വിരിച്ചിടാൻ തുടങ്ങുമ്പോഴാണ് അമ്മ കടന്ന് വന്നത്.
"ആരോടാ അമ്മൂ നീ സംസാരിക്കുന്നത്.....????"
"ആരും ഇല്ല്യമ്മേ....."
അമ്മയോടെന്തോ പറയാൻ തോന്നിയില്ലെനിക്ക്.അല്ലെങ്കിലേ അമ്മയ്ക്ക് സ്വന്തം നിഴലിനെ പോലും പേടിയാണ്.അതിനിടയിൽ ഇതും കൂടെ വേണ്ടാ.
ഈ ഗ്രാമത്തിലെ ഓരോ കുടിലിലും അന്തിതിരി തെളിയുന്ന സമയം,നേരം പാതിരാത്രിയിലേക്ക് അടുക്കുന്ന സമയം തൊട്ടേ എന്റെ ഉള്ള് പിടഞ്ഞ് തുടങ്ങും.
ആണൊരുത്തൻ തുണയില്ലാത്ത ധൈര്യം ഒന്ന് കൊണ്ട് മാത്രമാകണം നേരം ഇരുട്ടി തുടങ്ങിയാൽ പിന്നെ തുടങ്ങുകയായി,വഴിയേ പോകുന്ന ഏതൊരുത്തനും ചൂളം വിളിച്ചും, വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞും ഇങ്ങോട്ടേക്ക് അടുക്കുന്നത്.
പക്ഷേ, ഇതിപ്പോൾ ഒരുപാട് തവണയായി അയാൾ പല സാഹചര്യത്തിലും,സമയത്തിലും എന്നെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു.
ഒന്നല്ല ഒരുപാട് തവണ ഞാൻ ചിന്തിച്ചിട്ടുണ്ട്.
"ആണൊരുത്തന് വേണ്ടുവോളം ശരീര സുഖം തീർക്കാൻ വേണ്ടി മാത്രമാണോ ഈശ്വരൻ ഈ ഭൂമിയിൽ പെണ്ണിനെ സൃഷ്ടിച്ചത്..."
എന്ന്,
അമ്മയ്ക്കൊപ്പം അത്താഴം കഴിച്ച് ഉറങ്ങാൻ കിടക്കും നേരം തലയിണയ്ക്ക് താഴെ ഒന്നൂടെ പരതി നോക്കി.
മാനം കാക്കാൻ കയ്യിൽ കരുതിയ ആയുധം ഞാൻ തിരികെ തലയിണയ്ക്ക് താഴേക്ക് തന്നെ വെച്ചു.
മനസ്സിലെ ധൈര്യം ശരീരത്തിലേക്കും ആവോളം പകരാൻ ഈശ്വരനോട് ഉള്ളുരുകി പ്രാർത്ഥിച്ച് ഞാൻ ഉറങ്ങാൻ കിടന്നു.
ഉറക്കത്തിന് ഇടയ്ക്ക് എപ്പോഴോ വല്ലാത്ത ദാഹം. വിരിപ്പിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.
മൺകലത്തിലെ വെള്ളമെടുത്ത് രണ്ട് മുറുക്ക് വായിലേക്ക് ഒഴിച്ച് മൂന്നാം തവണ ഞാൻ കയ്യിലെ വെള്ളം ചുണ്ടിലേക്ക് അടുപ്പിച്ചതും പിന്നിലെ ആളനക്കം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.
പല തവണയായി ഞാൻ കണ്ട അതേ രൂപം എനിക്ക് മുന്നിൽ നിൽക്കുന്നു.
കണ്ട നിമിഷം ദേഹമാകെ തളരുന്ന പോലെ, എനിക്ക് നേരെ കൊതിയോടെ പാഞ്ഞടുക്കാൻ തുടങ്ങിയ അയാളിൽ നിന്ന് തിരിഞ്ഞ് ഓടാൻ ഒരുങ്ങിയ എന്റെ ധാവണിയിലെ മേൽമുണ്ട് അയാൾ വലിച്ച് ദൂരേയ്ക്ക് എറിഞ്ഞു.
രക്ഷപെടാനുള്ള വഴി മനസ്സിനെക്കാൾ വേഗത്തിൽ ശരീരം തിരയുന്ന സമയം എന്റെ തോളിലേക്ക് അയാളുടെ കൈകൾ സ്പർശിച്ചതും കയ്യിൽ തടഞ്ഞ കറി കത്തിയെടുത്ത് ഞാൻ ആ ചെകുത്താന്റെ നെഞ്ചിലേക്ക് ശക്തിയായി കുത്തിയിറക്കി.
ചുടു രക്തം മുഖത്തേക്ക് തെറിച്ചതും,കാമം തീർക്കാൻ വന്നവന്റെ പെണ്ണിനോടുള്ള വെറി ആവോളം തീർക്കാൻ ഞാൻ വീണ്ടും വീണ്ടും കത്തിയെടുത്ത് ശക്തിയിൽ കുത്തിയിറക്കി.
അന്നേരം ബഹളം കേട്ടെത്തിയ അമ്മയുടെ മുഖത്ത് ഒരു തരം മരവിപ്പ് ആയിരുന്നു.
ഇന്ന് ഞാനിത് ചെയ്തില്ലെങ്കിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിലെ കിണറ്റിലും,പാടത്തെ തോട്ടിലും, കുറ്റിക്കാടുകൾക്കുള്ളിലും ഇനിയും അനാഥ പ്രേതങ്ങൾ പിറവിയെടുക്കും.
"മടിക്കുത്തഴിക്കാൻ വരുന്ന ഏതൊരുത്തനോടും സ്വന്തം ജീവനും മാനവും കാക്കാൻ കൊതിയുള്ള ഏതൊരുവളും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ!!!!!!"
യാതൊരു വിധ കുറ്റബോധവും ഇല്ലാതെ തന്നെ എനിക്ക് മുന്നിൽ ചത്ത് മലച്ച് കിടക്കുന്ന ചെകുത്താന്റെ മുഖത്തിന് നേരെ കയ്യിലെ കത്തി എടുത്തെറിഞ്ഞ് ഞാൻ ഒരു മൂലയ്ക്കൽ തളർന്നിരുന്നു.
=================================
"ഏത് മറ്റവനെയാടീ ഈ പാതിരാത്രിയിൽ അഴിയിൽ തൂങ്ങി പിടിച്ച് നീ കാത്ത് നിൽക്കുന്നത്....."
കൊടുങ്കാറ്റ് പോലെ വന്ന ജയിൽ വാർഡന്റെ വാക്കുകൾ ചെവിയിൽ വന്ന് അടിച്ചപ്പോഴാണ് സ്ഥലകാല ബോധം വന്നത്.
"അതേ,ഞാനിപ്പോൾ ജയിലിലാണ്.
മടികുത്തഴിയ്ക്കാൻ വന്നവന്റെ ജീവനെടുത്തതിന്റെ പേരിൽ...."
ജയിൽ മുറിയ്ക്കകത്തെ സിമന്റ് തറയിൽ വിരിച്ച പുൽപായയിൽ പുറം തിരിഞ്ഞ് കിടക്കുമ്പോഴും മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായുള്ളൂ.
"സ്വന്തം ശരീരത്തെ രക്ഷിക്കാൻ ഒരാളെ കൊന്ന ഞാൻ അകത്തും,പെണ്ണിന് മേൽ ചാടി വീണ് ആവോളം രസം നുകർന്ന് ഒടുക്കം അവരുടെയൊക്കെ ജീവനെടുത്തവന്മാർ പുറത്തും....
അതേ നമ്മുടെ നാട്ടിൽ നീതിയും ന്യായവും അർഹിക്കുന്നവർക്ക് തന്നെ കിട്ടുന്നുണ്ട്....."
സ്നേഹത്തോടെ,
(ഒരു തൃശ്ശൂര്ക്കാരൻ ഗെഡി)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക