Slider

"അനുസരണയുള്ള മകന്റെ ഗുരുദക്ഷിണ "

0
"അനുസരണയുള്ള മകന്റെ ഗുരുദക്ഷിണ "
-:-:-:-:-:-:-:-:-:-:-:-:-:-:-:-
ഓർമ്മകൾക്ക് എത്ര നിറമാണല്ലേ ?......
ഓർമ്മകളുടെ നാവിലോ... അനുഭവത്തിന്റെ രുചികളും.
ഓർമ്മയുടെ ചിതൽപുറ്റിൽനിന്നും പറന്നുയരുന്നു സ്വർണ്ണനിറമുള്ള ചിറകുകളും വെള്ളികൊലുസും അണിഞ്ഞ ഒരായിരം ഈയാംപാറ്റകൾ. അവയെ കണ്ട് ഇങ്ങനെ സുഖിച്ചിരിക്കുംപോഴുണ്ട് ചിറകു പോയിട്ട് ശരീരം പോലും ശെരിക്ക് വളർന്നിട്ടില്ലാത്ത ഒരു ചിതൽകുഞ്ഞ് തത്തി തത്തി നടന്നുവരുന്നു. അതിനെ ഒന്ന് തലോടാൻ നീട്ടിയ എന്റെ വിരരിൽ അവൻ ആഞ്ഞു കടിച്ച്, ഒരു ഇടിയും തന്ന് തത്തി തത്തി തിരിഞ്ഞു നടന്ന് ചിതൽപുറ്റിനകത്തുകയറി. ഞാൻ അയ്യടാ എന്നായിപ്പോയി. അപ്പോഴാണ് ആ പഴയ സംഭവം ഓർമ്മവന്നത്........
എന്റെ മൂത്ത മകന് രണ്ട് വയസ്സ് ഉള്ളപ്പോഴുണ്ടായ ഒരു മഹാസംഭവം.
ഞങ്ങൾ അന്ന് ഇൻഡോറിൽ ആയിരുന്നു താമസം. ഒരു വലിയ സൊസൈറ്റി. ഒത്തിരി മലയാളി കുടുംബങ്ങൾ ഉണ്ടായിരുന്നു. എല്ലാവരുമായി നല്ല പരിചയം.
ഒരു ദിവസം അടുത്ത വീട്ടിലെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി ഞങ്ങൾ എല്ലാവരും പോയി. ചെന്നയുടനെ കുട്ടികൾക്കെല്ലാം കുടിക്കാനായി ഓരോ ഗ്ലാസ്‌ രസ്ന കൊടുത്തു.
എന്റെ രണ്ടു വയസും കുടിച്ചു. എല്ലാ കുട്ടികളും ഗ്ലാസ്‌ തിരിച്ചുവെച്ചിട്ടും അവൻ ഗ്ലാസ്‌ കൊടുക്കുന്നില്ല.. ആകാശത്തിൽ എവിടെയോ ഇരുന്ന് ശനിദേവൻ അട്ടഹസിക്കുന്ന പ്രതിധ്വനി ഞാൻ കേട്ടു. അപകടം മണത്തറിഞ്ഞ ഞാൻ ഞെട്ടി തിരിഞ്ഞുനോക്കുമ്പോൾ അവൻ മാന്ത്രികവിദ്യ കാണിക്കാൻ തുടങ്ങുന്നപോലെ ആ ഗ്ലാസ്‌ ഉയർത്തിപ്പിടിച്ചു, നാവ് വെളിയിലേക്കിട്ട് അവസാനത്തെ ഒരു തുള്ളി രസ്ന ബാക്കിയുണ്ടാരുന്നതും അകത്താക്കി. അതുകൊണ്ടും മതിയാവാതെ അവന്റെ ചൂണ്ടുവിരൽ ആ ഗ്ലാസിയിലേക്കിട്ട്
ആഞ്ഞടിക്കുന്ന ചുഴലിപോലെ വീശിക്കറക്കി ആ വിരലും വടിച്ചുന ക്കി ഗ്ലാസ്‌ എന്തായാലും തിരികെക്കൊടുത്തു. എന്റെ കണ്ണിൽനിന്നും ഉതിർന്ന അഗ്നിസ്ഫുലിംഗങ്ങൾ വെറുതെ അവിടേം ഇവിടേം വായിനോക്കി നടന്നു.
പിറ്റേന്ന് എന്റെ ഉള്ളിലെ അമ്മ ഉണർന്നു. ഞാൻ രണ്ടുവയസ്സിനെ ഉമ്മയൊക്കെ കൊടുത്ത്‌ പൊക്കിയെടുത്ത്‌ കസേരയിൽ ഇരുത്തി. ഒരു ഗ്ലാസിൽ നിറയെ വെള്ളമെടുത്തു.. അവനെ കാണിച്ചിട്ട് പറഞ്ഞു. ഇനിമുതൽ ആര് എന്ത് കുടിക്കാൻ തന്നാലും മുഴുവൻ കുടിക്കരുത്. ഇത്തിരി വെള്ളം അതിൽ ബാക്കി വെച്ചു ഞാൻ കാണിച്ചു ഇത്രയും അതിൽ ബാക്കിവെക്കണം. അവന് ഭയങ്കര ഫുത്തിയാ ഒറ്റ പ്രാവശ്യം പറഞ്ഞാമതി എല്ലാം മനസിലാകും. രണ്ടുദിവസത്തിനുള്ളിൽ അവൻ അത് തെളിയിച്ചു കൈയിൽത്ത ന്നു.
ഞങ്ങളുടെ ടവറിൽ തന്നെ താമസിക്കുന്ന ഒരു മലയാളി ചേച്ചിയുടെ വെഡിങ് അനി വേഴ്സറിക്ക് എല്ലാ മലയാളികളും കുടുംബസമേതം ഒത്തുകൂടി. ചെന്നയുടനെ ദാ വരുന്നു രസ്ന നിറഞ്ഞ ഗ്ലാസ്സുകൾ. എന്റെ രണ്ടുവയസും എടുത്തുകുടിക്കുന്നു.. എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കുറച്ചു ബാക്കി വെച്ച ഗ്ലാസ്‌ അവൻ ടേബിളിൽ വെച്ചു. എന്റെ മനസ്സു മന്ത്രിച്ചു.... .എന്റെ മകൻ...... ന്റെ മാത്രം മകൻ.... .
പെട്ടെന്നാണ് അത് സംഭവിച്ചത്..... .അവൻ ഗ്ലാസ്‌ തിരികെയെടുത്തു....ഞെളിഞ്ഞു നിന്നിരുന്ന എന്നിൽ ഞെട്ടൽ കാരണം ചെറിയ വളവുണ്ടായി.
അവൻ ആ ഗ്‌ളാസിൽ നിന്നും ഒരു കവിൾ രസ്ന വായിൽ നിറച്ചു എന്നിട്ട് ഗ്ലാസ്‌ ഉയർത്തിപ്പിടിച്ചു..... അളവുനോക്കി പിന്നെ തിരിച്ച് ആ ഗ്ലാസ്സിലേക്ക് തുപ്പി...... .രണ്ടുമൂന്നു പ്രാവശ്യം തുപ്പിയും കുടിച്ചും അളന്നും ഒടുവിൽ ഞാൻ കാണിച്ചുകൊടുത്ത അതേ അളവിൽ ആയപ്പോൾ ചേച്ചിക്ക് ഗ്ലാസ്‌ തിരിച്ചുകൊടുത്തു. എന്റെ ഭർത്താവിന്റെ കണ്ണുകൾ അപ്പോൾ എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു ഇത് നിന്റെ മാത്രം മകനാണ്.... ഞാൻ ചിലവിനുതരുന്നുണ്ടെന്നുമാത്രം.
മഞ്ഞുപോലെ അലിഞ്ഞലിഞ്ഞു ഇപ്പം ഇല്ലാതകണെ എന്നാഗ്രഹിച്ചു നിന്ന ഞാൻ ചേബിന്റെ ഇലയിൽ വീണ മഴതുള്ളിപ്പോലെ താഴെയും വീഴാതെ അലിയാനും ഒക്കാതെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ......
പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ചേച്ചി ആ ഗ്ലാസ്‌ എന്തുചെയ്തുകാണും ഈശ്വരാ....
ഇപ്പൊ എന്റെ രണ്ടുവയസ്സിന്‌ പതിനാറ് വയസ്സായി. അനുസരണ ശീലം അതേപോലെ തുടരുന്നു. ഇടയ്ക്കിടെ ഗുരുദക്ഷിണയും കിട്ടാറുണ്ട്....... മേടിക്കാതെ വേറെ രക്ഷയില്ലല്ലോ......
ഓർമ്മകൾക്ക് എത്ര നിറമാണല്ലേ ?
രസ്നയുടെ നിറവും ഉമിനീരിന്റെ രുചിയുമുള്ള എന്റെ ഓർമ്മകൾ.
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo