Slider

ചിറ്റൂർ പോലീസ് സ്റ്റേഷൻ . ക്രൈം നമ്പർ- 156/2015 & 245/2017 ക്ലോസ്ഡ്..

0
ചിറ്റൂർ പോലീസ് സ്റ്റേഷൻ . ക്രൈം നമ്പർ- 156/2015 & 245/2017 ക്ലോസ്ഡ്..
********************************************
"ശ്രീയേട്ടാ!ഒന്നെഴുന്നേറ്റേ ".
രാവിലത്തെ കുളിരുള്ള തണുപ്പിൽ പുതപ്പിനടിയിൽ കൂർക്കം വലിച്ചിരുന്ന എന്നേ പ്രിയതമ സുനിത കുലുക്കി വിളിച്ചു.
"എന്നതാടീ കിടന്ന് കാറികൂവുന്നേ "?.
"ശ്രീയേട്ടാ ! പാപ്പി ചേട്ടൻ വിഷം കുടിച്ചു. പെട്ടന്ന് അങ്ങോട്ട്‌ ഒന്ന് ചെല്ല് ".
"അതിന് ഞാനെന്തു ചെയ്യണം.അയാളൊക്കെ എന്തിനാ ജീവിച്ചിരിക്കുന്നേ. ചത്തുപോകട്ടെ" !!.
"ഇങ്ങനെ പറയല്ലേ. ഒന്ന് പെട്ടന്ന് ചെല്ല്. മോളിച്ചേച്ചി അവിടെ കിടന്ന് കാറുവാ ".
ഉറക്കം പോയതിൽ ഉള്ള ദേഷ്യത്തിൽ ഉടുമുണ്ട് തപ്പിയെടുത്തു ഞാൻ എഴുന്നേറ്റു പാപ്പിയുടെ വീട് ലക്ഷ്യമാക്കി നടന്നു.മോളിച്ചേച്ചിയുടെ നിലവിളി കേൾക്കുന്നുണ്ട്. പാപ്പി കള്ളടിച്ചു വന്ന് മോളിക്കുട്ടിയുടെ ശരീരത്തിൽ ചെണ്ട കൊട്ടുമ്പോൾ ഈ നിലവിളി കേൾക്കാറുള്ളതിനാൽ എനിക്ക് അത്ര പുതുമയൊന്നും തോന്നിയില്ല. ഈ കഴിഞ്ഞ ആഴ്ചയാണ് പാപ്പി ഇതിന് മുൻപ് ഒരു ആത്മഹത്യാശ്രെമം നടത്തിയത്. മരത്തിന് മുകളിൽ തൂങ്ങിച്ചാകാൻ വലിഞ്ഞു കയറിയ പാപ്പി ധൈര്യം കിട്ടാൻ വേണ്ടി വെള്ളമടിച്ചു ഓഫായി പോയി. അവസാനം ഫയർഫോഴ്‌സ് വന്നിട്ടാണ് പാപ്പിയേ താഴെ ഇറക്കിയത്. പാപ്പിയെപ്പോലെ ഒരു കള്ളുകുടിയന് മോളിച്ചേച്ചിയെപ്പോലെ ഒരു സുന്ദരിയെ കിട്ടിയത് ഓർത്ത് എന്റെ ഉള്ളിൽ അസൂയ തോന്നിയിട്ടുണ്ട്.
പാപ്പിയുടെ പറമ്പിലേക്ക് കയറുമ്പോൾ തന്നെ ഞാൻ കണ്ടു. അയൽവക്കത്തുള്ളവർ എല്ലാം ഉണ്ട് അവിടെ. അപ്പുറത്തെ വീട്ടിലെ സുഗുണന്റെ ചെറുക്കൻ ശരവേഗത്തിൽ ഓടി വരുന്നു.
"എങ്ങോട്ടാടാ ഓടുന്നത് "?.
"കടയിൽ നിന്നും ഉപ്പ് മേടിക്കാനാ ചേട്ടാ. പാപ്പിചേട്ടനെ ഛർദിപ്പിക്കാൻ. "
ഓടുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു.
എന്നെക്കണ്ടതും സുഗുണൻ ഓടി വന്നു.
"ശ്രീക്കുട്ടാ പാപ്പി പണി ഒപ്പിച്ചു. വണ്ടി ഒരെണ്ണം പോലും വിളിച്ചിട്ട് കിട്ടുന്നില്ല. കുരുടാനാ അടിച്ചേക്കുന്നേ. നമ്മുക്ക് പെട്ടന്ന് കുറച്ച് ഉപ്പുവെള്ളം കുടിപ്പിക്കണം. ഛർദിച്ചുകിട്ടിയാൽ രക്ഷപെട്ടു. "
"നമ്മൾ അതൊക്കെ ചെയ്യണോ സുഗുണൻ
ചേട്ടാ "?.
എന്റെ നിസ്സംഗത കണ്ടിട്ടാവണം
ഭാര്യ കലിപ്പോടെ എന്നേ നോക്കുന്നുണ്ട്. ഞാൻ അതവഗണിച്ചു മോളിച്ചേച്ചിയെ നോക്കി.
"പെട്ടന്ന് എന്തെങ്കിലും ഒന്ന് ചെയ്യൂ ശ്രീക്കുട്ടാ. ഇതിയാന് വല്ലതും പറ്റിയാൽ ഞാനും മക്കളും പിന്നെ ജീവിച്ചിരിക്കുവേലേ ".
ഞാൻ വീട്ടിലേക്കു കയറി പാപ്പിയേ നോക്കി. ഇടക്ക് അയാളുടെ കണ്ണുകൾ തുറക്കുകയും, നിലത്ത് കിടന്ന് ഉരുളുകയും ചെയ്യുന്നു.ഞാൻ പുറത്തേക്കിറങ്ങി.
അപ്പോഴേക്കും സുഗുണന്റെ മകൻ ഉപ്പുമായി ഓടിവന്നു. കൂടെ കടയിൽ ഉണ്ടായിരുന്നവരും ഉണ്ട്.പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഒരു ബക്കറ്റിൽ വെള്ളം എടുത്ത് ശരിക്കും ഉപ്പിട്ട് കലക്കി.
"പാപ്പിയേ ഞങ്ങൾ പിടിച്ചോളാം. സുഗുണൻ ചേട്ടൻ വെള്ളം വായിലേക്ക് ഒഴിച്ചോ. "
വീട്ടിലേക്കു കയറിയ ഞങ്ങൾ പാപ്പിയുടെ കൈകാലുകൾ അമർത്തിപ്പിടിച്ചു. പാപ്പി കണ്ണ് മിഴിച്ചു ഞങ്ങളെ നോക്കി. സുഗുണൻ ചേട്ടൻ ആദ്യത്തെ കപ്പ് ഉപ്പുവെള്ളം പാപ്പിയുടെ വായിലേക്ക് ഒഴിച്ചു. ഒറ്റ തുപ്പായിരുന്നു. എല്ലാവരുടെയും മുഖത്ത്‌ മുഴുവൻ ഉപ്പുവെള്ളം ആയി.
"ഞാൻ വിഷം കുടിച്ചില്ലടാ തെണ്ടികളേ ".
പാപ്പി വിളിച്ചു കാറി.
"കള്ളം പറയുന്നതാ സുഗുണൻ ചേട്ടാ. കുരുടാൻ ഇട്ട് ചോറ് കഴിച്ചതിന്റെ ബാക്കി ഇതാ ".
ഒരു സ്റ്റീൽ പാത്രത്തിൽ കുരുടാൻ ഇട്ട് ഇളക്കിയ ചോറ് കാണിച്ചു കൊണ്ട് മോളി പറഞ്ഞു.
"അത് നിന്നേ വിശ്വസിപ്പിക്കാൻ ചെയ്തതാടീ പൂ.. പൂ.. പൂതനേ ".
എല്ലാവരും ഉള്ളതിനാൽ പറയാൻ വന്നത് അക്ഷരം മാറ്റി പാപ്പി പറഞ്ഞു.
"ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ഇവൻ വിളച്ചിൽ എടുക്കുവാ ശ്രീക്കുട്ടാ. ശരിക്കും പിടിച്ചോ ".
"എടാ !!അല്ലടാ സുഗുണാ ഞാൻ വിഷം തിന്നില്ലടാ. "
പാപ്പി നിസ്സഹായനായി വിളിച്ചുകാറി.
"ശ്രീക്കുട്ടാ ഇവന്റെ വാ തുറന്നു പിടിച്ചോ ".
ഞാൻ പാപ്പിയുടെ കവിളിൽ രണ്ട് സൈഡിൽ നിന്നും ഞെക്കി. സുഗുണൻ ചേട്ടൻ ഉപ്പുവെള്ളം വായിലേക്ക് ഒഴിച്ചു. പാപ്പി ആവുന്നപോലെ പുറത്തോട്ട് തുപ്പുകയും, കൈകാലുകൾ വിടുവിക്കാൻ ശ്രമം നടത്തുകയും ചെയ്തു.അതിനിടക്ക് സരസ്വതിവചനങ്ങൾ പാപ്പിയുടെ വായിൽ നിന്നും ഒഴുകി. പാപ്പി കുടിക്കാതിരിക്കാനും, ഞങ്ങൾ കുടിപ്പിക്കാനും സർവ്വ ബലവും പ്രയോഗിച്ചു. ബക്കറ്റ് കാലിയായി. തളർന്നു കിടന്ന് പാപ്പി അപ്പോഴും തെറി പറയുന്നു. ഇടക്കിടക്ക് ഓക്കാനിച്ചതല്ലാതെ പാപ്പി ഛർദിച്ചില്ല. അപ്പോഴേക്കും വാസുവേട്ടന്റെ മഹീന്ദ്ര ജീപ്പ് മുറ്റത്തു വന്നു നിന്നു.കൂടെ എന്റെ കൂട്ടുകാരൻ സനൂപും. വാടിക്കിടന്ന പാപ്പിയെ പൊക്കി ജീപ്പിലിട്ടു ഞങ്ങളും കയറി. വാസുവേട്ടൻ ഹെഡ്‌ലൈറ്റ് ഓൺ ചെയ്ത് ഹോണിൽ ഞെക്കിപ്പിടിച്ചു ജീപ്പ് അഞ്ചു കിലോമീറ്റർ അകലെയുള്ള ഗവണ്മെന്റ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറത്തി.
---------------------------------------------------------------
"ശ്ശോ !! കുരുടാൻ തിന്നിട്ടില്ലന്നു പാപ്പിചേട്ടൻ പറഞ്ഞത് സത്യമായിരുന്നു അല്ലേ "?.
ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വന്ന ഞാൻ പറഞ്ഞത് കേട്ട് സുനിത വിശ്വാസം വരാതെ ചോദിച്ചു.
"പിന്നല്ലാതെ.അയാൾ മോളിച്ചേച്ചിയെ വിശ്വസിപ്പിക്കാൻ വേണ്ടിയാ അങ്ങനെയൊക്കെ കാണിച്ചത്. കള്ളടിച്ചു കഴിഞ്ഞാൽ അയാൾക്ക്‌ വട്ടാ. "
"ചുമ്മാതാണോ പാപ്പിചേട്ടൻ കിടന്ന് തെറി വിളിച്ചത്. ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് ചിരി വന്നിട്ട് വയ്യ. വെറുതേ കുറേ ഉപ്പുവെള്ളം കുടിച്ചു. "
അപ്പോഴാണ് ഒരു ടക്.. ടക് ശബ്ദം എന്റെ കാതുകളിൽ പതിച്ചത്.
"അതെന്താ ഒച്ച കേൾക്കുന്നേ "?.
ഞാൻ സുനിതയോട് ചോദിച്ചു.
"അത് തലയ്ക്കു സുഖമില്ലാത്ത ആ ചേട്ടൻ സിറ്റിയിൽ പോയിട്ട് തിരിച്ചു വരുന്നതാ ".
ഞാൻ വീടിന്റെ മുൻവശത്തുള്ള റോഡിലേക്ക് നോക്കി നിൽക്കുമ്പോൾ ആ ശബ്ദവും ആളും കൺമുന്നിലേക്ക് വന്നു.
ഉദ്ദേശം ഒരു അമ്പതിനടുത്ത്‌ പ്രായം കാണും. കാവി മുണ്ടും, കൈനീളമുള്ള ഷർട്ടുമാണ് വേഷം. ഒരു തോർത്ത്‌ തലയിൽ വട്ടത്തിൽ കെട്ടിയിട്ടുണ്ട്.താടി രോമങ്ങൾ നരച്ചിട്ടുണ്ടങ്കിലും മുടികളിൽ നര അത്ര കാണാനില്ല. കാലിലെ റബ്ബർ ചെരുപ്പ് സൈഡൊക്കെ നല്ല വൃത്തി ഉള്ളതിനാൽ എടുത്ത് കാണിക്കുന്നു. കയ്യിൽ ഒരു നീണ്ട കാപ്പിയുടെ കമ്പ്.അത് നിലത്ത് കുത്തി ശബ്ദമുണ്ടാക്കിയാണ് നടക്കുന്നത്. വടി കുത്തി നടക്കാനുള്ള ആരോഗ്യക്കുറവൊന്നും അയാളെക്കണ്ട് എനിക്ക് തോന്നിയില്ല.
"ഒരു ദിവസം മൂന്ന് പ്രാവശ്യം സിറ്റിക്ക് പോകും. ആ ചേട്ടൻ ബസ്സിൽ കയറില്ല. നടന്നേ പോകൂ. പട്ടിയേ ഓടിക്കാനാണ് ആ വടി ".
"അങ്ങോട്ട്‌ നാല്, ഇങ്ങോട്ട് നാല്. എട്ട് കിലോമീറ്റർ ദിവസം മൂന്ന് പ്രാവശ്യം നടക്കുമ്പോൾ ഇരുപത്തിനാലു കിലോമീറ്റർ. വട്ടായിപ്പോയാൽ പിന്നെ എന്ത് ചെയ്യും അല്ലേ ?.നീ ആ തോർത്ത്‌ എടുത്തോണ്ട് വാ. ഞാൻ പോകട്ടെ. "
"ബോളുകളിയും കഴിഞ്ഞ് ശ്രീയേട്ടൻ ഇവിടെ വന്നു കുളിച്ചാൽ മതി. തോട്ടിൽ പോകണ്ട. "
"അതെന്നാടീ, ?എന്നും ഞാൻ തോട്ടിൽ പോയല്ലേ കുളിക്കുന്നത്. "
"നിങ്ങൾ എല്ലാം കൂടി തോട്ടിൽ പോകുന്നത് കുളിക്കാനല്ലല്ലോ. കോളനിയിലെ പെണ്ണുങ്ങൾ കുളിക്കുന്നത് കാണാനല്ലേ" ?.
"പോടീ. ചുമ്മാ ആവശ്യമില്ലാത്തത് പറയാതെ. "
"നാളെമുതൽ ഞാനും തോട്ടിൽ പോയി കുളിക്കും. "
"ഏയ്‌.. അത് വേണ്ട. ഞാൻ കുളി ഇവിടെ ആക്കാം. "
അങ്ങനെ വഴിക്ക് വാ എന്ന ഭാവത്തോടെ സുനിത പിന്തിരിഞ്ഞപ്പോൾ ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.
വീടിന്റെ നൂറ് മീറ്റർ മാറി ഒരു കവല ഉണ്ട്. ഞങ്ങളുടെ സ്വന്തം ക്ലബും, ഒരു തയ്യൽക്കടയും, പിന്നെ വിജയൻ ചേട്ടന്റെ ഹോട്ടലും, പലചരക്കു കടയും ഉൾപ്പെടുന്ന കവല.
ക്ലബ്ബിന്റെ സൈഡിലുള്ള ഗ്രൗണ്ടിൽ എന്നും ഫുട്‌ബോൾ കളി ഉണ്ടാവും. കളി കഴിയുമ്പോൾ താഴെയുള്ള തോട്ടിൽ പോയി ഒരു കുളി.ഞാനും, സനൂപും, സുഗുണൻ ചേട്ടനും ബോളുകളി കഴിഞ്ഞ് കുളിക്കാൻ പോകുന്ന സമയത്താണ് കട്ടക്കളത്തിൽ പണി കഴിഞ്ഞ് തോടിന് അക്കരെയുള്ള കോളനിയിലെ പെണ്ണുങ്ങൾ കുളിക്കാൻ വരുന്നത്. അല്ലങ്കിൽ അവർ കുളിക്കാൻ വരുന്ന സമയം നോക്കി ഞങ്ങൾ കളി നിർത്തി കുളിക്കാനായി പോകും എന്ന് പറയുന്നതാണ് ശരി. കോളനിയിലെ പെണ്ണുങ്ങളിൽ സുജ എന്ന എണ്ണക്കറുപ്പുള്ള ഒരു സുന്ദരി ഉണ്ട്. അവളോടുള്ള ആശയിൽ ഒന്ന് മുട്ടി നോക്കിയെങ്കിലും പിടി തരാതെ ഒഴിഞ്ഞുമാറി നടക്കുന്ന അവളെ ഒന്ന് കരക്കടുപ്പിക്കുക എന്നൊരു ഉദ്ദേശം കൂടി ഉണ്ട് ഞങ്ങൾക്ക്.സുജക്ക് ഇങ്ങോട്ട് ഒരു ചെറിയ ചായ്‌വ് ഒക്കെ ഉണ്ടന്ന് തോന്നി തുടങ്ങിയ സമയത്താണ് സുനിത തോട്ടിലുള്ള കുളിക്ക് നിരോധനം ഏർപ്പെടുത്തിയത്. എനിക്ക് അവളോട്‌ ദേഷ്യം തോന്നിയെങ്കിലും സുനിത കുളിക്കാൻ തോട്ടിൽ ഇറങ്ങിയാൽ തോട്ടിൽ തിരക്ക് വർദ്ധിക്കും എന്ന് തോന്നിയതിനാൽ തൽക്കാലം അവളെ അനുസരിക്കാതെ വേറെ നിവൃത്തി ഇല്ല.
കുളി കഴിഞ്ഞ് വിജയൻ ചേട്ടന്റെ കടയിൽ നിന്നും നല്ല ഒന്നാന്തരം പെറോട്ടയും, ബീഫും അകത്താക്കുമ്പോഴാണ് രാവിലെ കണ്ട ചേട്ടൻ രംഗപ്രവേശം ചെയ്തത്. സൈഡിലുള്ള കസേരയിൽ പോയി അയാളിരുന്നു. വിജയൻ ചേട്ടൻ ഒരു ചായ എടുത്ത് കൊടുത്തു. ആരെയും അയാൾ ശ്രദ്ധിക്കുന്നില്ല. അകലേക്ക്‌ നോക്കിയിരുന്ന് ചായ കുടിച്ചുതീർത്ത അയാൾ എഴുന്നേറ്റപ്പോൾ വിജയൻ ചേട്ടൻ ഒരു പാർസൽ എടുത്ത് കയ്യിൽ കൊടുത്തു. അയാൾ അതും വാങ്ങി പോയി. പൈസ ഒന്നും കൊടുക്കുന്നത് കാണാഞ്ഞിട്ട് ഞാൻ വിജയൻ ചേട്ടനോട് ചോദിച്ചു.
"പുള്ളിക്ക് ഫ്രീ ആയിട്ടാണോ ഭക്ഷണം കൊടുക്കുന്നത് "?.
"ഏയ്‌.. അല്ല. നമ്മുടെ സണ്ണിയുടെ റബ്ബർതോട്ടം വാങ്ങിച്ച അമേരിക്കക്കാരന്റെ ആരോ ബന്ധുവാ ഇയാൾ.തലക്ക് എന്തോ ഒരു ചെറിയ പ്രശ്നം ഉണ്ടന്ന് തോന്നുന്നു. എന്നാൽ അത്ര കുഴപ്പമില്ലെന്നും തോന്നുന്നു. കൂടുതൽ കുഴപ്പം ഉണ്ടങ്കിൽ ഇങ്ങനെ നടക്കില്ലല്ലോ. ബന്ധുക്കൾക്ക് നാണക്കേടായിട്ട് ഇവിടെക്കൊണ്ട് തള്ളിയേക്കുന്നതാ . ആവശ്യമുള്ളത് കൊടുത്തേക്കാനാ അമേരിക്കക്കാരൻ പറഞ്ഞേക്കുന്നത്. കുറേ കാശും ഇവിടെ തന്നിട്ടുണ്ട് ".
"പെണ്ണുമ്പിള്ളയും, മക്കളും ഒന്നുമില്ലേ" ?.
"കല്യാണം ഒന്നും കഴിച്ചിട്ടില്ലാന്നാ പറഞ്ഞത് ".
"ചിലപ്പോൾ അമേരിക്കക്കാരന്റെ അപ്പൻ തന്നെ ആയിരിക്കും. വട്ട് വന്നാൽ കാശുള്ളവർ അപ്പനാണെന്നു പോലും നോക്കില്ല. അവർക്ക് അഭിമാനം അല്ലേ വലുത് ".
സുഗുണൻ ചേട്ടൻ തന്റെ അഭിപ്രായം പറഞ്ഞു.
എന്താണന്നു അറിയില്ല.. അയാളെ കാണുമ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു അസ്വസ്ഥത ഉണ്ടാകുന്നു എന്നൊരു തോന്നൽ.
പിറ്റേദിവസം ബോളുകളി കഴിഞ്ഞ് വീട്ടിൽ വന്ന് കുളിച്ചിട്ട് ഞാൻ പുറത്തേക്കിറങ്ങി. അടുത്തുള്ള യാക്കോബായ പള്ളിയിലെ പെരുന്നാൾ ആണ്. കുരിശുപള്ളി താഴെയുള്ള കവലക്കപ്പുറത്ത്‌ ആയതിനാൽ പ്രദിക്ഷണം വീടിനു മുന്നിലൂടെയാണ് പോകുന്നത്. പ്രദിക്ഷണം കടന്നുപോകുമ്പോൾ തിരികൾ അരമതിലിന്റെ മുകളിൽ കത്തിച്ചുവെക്കാറുണ്ട്. തിരികളെല്ലാം ഒട്ടിച്ചു വെച്ചിട്ട് ഞാൻ പള്ളിപരിസരം വരെ പോയി വരാമെന്നു പറഞ്ഞ് ഇറങ്ങി.
മുന്നിൽ വന്ന പാപ്പിചേട്ടൻ മുഖം തിരിച്ചു നടന്നുപോയി. അന്നത്തെ സംഭവത്തിനു ശേഷം പാപ്പിചേട്ടൻ ഞങ്ങളോടൊന്നും മിണ്ടാറില്ല. പിന്നെ പാപ്പിചേട്ടൻ കള്ളുകുടിച്ചിട്ടില്ല. മോളിച്ചേച്ചി സന്തോഷത്തിൽ ആയത് എനിക്ക് സങ്കടം ആയി. ഒരു ചാൻസ് നഷ്ട്ടപ്പെട്ടു. ഞാൻ പള്ളിയിലേക്ക് പതിയെ നടക്കുമ്പോൾ ടക്.. ടക് ശബ്ദത്തോടെ ആ ചേട്ടൻ എന്നേ കടന്നുപോയി.
തലേ ദിവസം പള്ളിയിലേ ഗാനമേളയും കണ്ട് വന്ന് കിടന്നതിനാൽ രാവിലെ എഴുന്നേൽക്കാൻ വൈകി. നിർത്താതെ ഉള്ള കാളിങ് ബെല്ലിന്റെ ഒച്ചകേട്ട് കണ്ണ് തുറന്നപ്പോഴേക്കും സുനിത വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടന്ന് തന്നെ സുനിത ഓടി മുറിയിലേക്ക് വന്നു.
"സനൂപ് വിളിക്കുന്നു ശ്രീയേട്ടാ. കോളനിയിലെ സുജ തോട്ടിൽ മരിച്ചു കിടക്കെന്നു എന്ന്. "
സുനിത പറഞ്ഞതുകേട്ട് ഞാൻ ചാടി എഴുന്നേറ്റു. കണ്ണ് അമർത്തിതിരുമ്മി പുറത്തേക്കു ചെന്നു.
"ആരാടാ പറഞ്ഞത്" ?.
"ഞാൻ കണ്ടേച്ചു വരുവാ. രാവിലെ കുളിക്കാൻ വന്ന സീതമ്മയാ ആദ്യം കണ്ടത് ".
ഞാൻ അകത്തേക്ക് പോയി മുഖമൊന്നു കഴുകി കണ്ണാടിയിലേക്കു നോക്കി. മുഖത്തെ വെള്ളം അമർത്തിത്തുടച്ചിട്ട് സനൂപിന്റെ കൂടെ തോട്ടിലേക്ക് പോയി.
"നീ ഇന്നലെ തോട്ടിലാണോ കുളിച്ചത് "?.
ഞാൻ സനൂപിനോട് ചോദിച്ചു.
"അതേ. നീ ഇല്ലാത്തതു കൊണ്ട് ഞങ്ങൾ പെട്ടന്ന് കുളിച്ചിട്ട് പോന്നു. ഞങ്ങൾ പോരുന്നിടം വരെ സുജയൊന്നും കുളിക്കാൻ വന്നിട്ടില്ല. "
"പോലീസ് വന്നോ "?.
"മെമ്പർ വിളിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ വരുമായിരിക്കും ".
ഞങ്ങൾ ചെല്ലുമ്പോൾ തോടിന്റെ സൈഡ് മുഴുവൻ നാട്ടുകാരെക്കൊണ്ട് നിറഞ്ഞിരുന്നു. അറിയുന്നവർ, അറിയുന്നവർ ഓടി വന്നുകൊണ്ടിരുന്നു. വെള്ളത്തിൽ തന്നെയാണ് ബോഡി കിടക്കുന്നത്. വെള്ളം വളരെക്കുറവായതിനാൽ ശരീരം മുഴുവൻ വെള്ളത്തിൽ മുങ്ങിയിട്ടില്ല. കുളിക്കാൻ ഇറങ്ങുമ്പോൾ മാറിന് മുകളിൽ വരെ കയറ്റി ഉടുത്തിരുന്ന അടിപ്പാവാട മാത്രമാണ് വേഷം. ആൾക്കാരെല്ലാം വട്ടം കൂടി നിന്ന് പലതും പറഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളേക്കണ്ട് സുഗുണൻ ചേട്ടൻ അടുത്തേക്ക് വന്നു.
"ആരോ പീഡിപ്പിക്കുന്നതിനിടെ തട്ടിയതാ. ഇന്നലെ വൈകിട്ട് സംഭവം നടന്നു. സുജയുടെ വീട്ടിൽ ആരും ഇല്ലായിരുന്നെന്ന് . അച്ഛനും, അമ്മയും കൂടി മലബാറിൽ കല്യാണത്തിന് പോയതാ . ഇന്നലെ വൈകിട്ട് അവര് വരണ്ടതാരുന്നു. വരുന്ന വഴിക്ക് കണ്ണൂരിൽ ഹർത്താൽ. അതുകൊണ്ട് ആരും അറിഞ്ഞില്ല. ".
"അവരെ അറിയിച്ചോ "?.
"മെമ്പർ വിളിച്ചാരുന്നു.
സിറ്റിയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ വരുമാരിക്കും".
-------------------------------------------------------------
പോലീസ് നാട്ടുകാരെ പലരെയും ചോദ്യം ചെയ്തു. ഒരു സൂചനയും കിട്ടിയില്ല. രണ്ട് വർഷം മുൻപ് ഇതേപോലെ തന്നെ കോളനിയിലെ ഒരു പെണ്ണ് മരിച്ചിരുന്നു. അതിന്റെ അന്വേഷണവും ഇതുവരെ എങ്ങും എത്തിയിട്ടില്ല. ഇതും അങ്ങനെ ആവാതിരിക്കാനും, രണ്ടുകേസും ഒരുമിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ആക്ഷൻകമ്മിറ്റി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
ഇതിനിടയിലാണ് തലക്ക് സുഖമില്ലാത്ത ആ മനുഷ്യനെ കാണാതാവുന്നത്. വിജയൻ ചേട്ടനാണ് പറഞ്ഞത് അയാൾ ഭക്ഷണം കഴിക്കാൻ വന്നിട്ട് രണ്ട് ദിവസമായി എന്ന്. അയാൾ താമസിച്ചിരുന്ന വീട്ടിൽ പോയി നോക്കിയെങ്കിലും അത് പൂട്ടിക്കിടക്കുവായിരുന്നു. അയാളുടെ പെട്ടന്നുള്ള തീരോധാനം സുജയുടെ മരണത്തിന് പിന്നിൽ അയാളായിരിക്കാമെന്നുള്ള സംശയം നാട്ടുകാരിൽ ഉണ്ടായി.
------------------------------------------------------------
മൂന്ന് ദിവസങ്ങൾക്കു ശേഷമുള്ള ഒരു ബുധനാഴ്ച്ച. പോലിസ് സ്‌റ്റേഷനിലേ ഇരുമ്പഴികൾക്കുള്ളിൽ ഇരുന്ന് ഞാൻ വാച്ചിലേക്ക് നോക്കി. സമയം ഒരു മണി കഴിഞ്ഞ് പത്ത്‌ മിനിറ്റ്. പോലീസിന് എന്ത് തെളിവ് കിട്ടിയിട്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു തെളിവ് പോലും താൻ അവശേഷിപ്പിച്ചില്ലായിരുന്നു. ഞാൻ ഒന്നും കൂടി അന്ന് നടന്ന കാര്യങ്ങൾ ഓർത്ത് നോക്കി.
വീട്ടിൽ നിന്നും പള്ളിപ്പരിസരത്തേക്ക് നടക്കുമ്പോഴാണ് സുജ താഴെ റബ്ബർ തോട്ടത്തിലൂടെ പോകുന്നത് കണ്ടത്. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ആറര. ഇവൾ ഇന്ന് താമസിച്ചാണല്ലോ. കുളിക്കുന്നതും ഒറ്റക്കായിരിക്കും. സുഗുണൻ ചേട്ടനും, സനൂപും കുളി കഴിഞ്ഞ് പോയിട്ടുണ്ടാവും. തോട്ടിൽ ഈ സമയം ആരും ഉണ്ടാകാൻ വഴിയില്ല. ഞാൻ മുന്നിലും, പിന്നിലും നോക്കി. ആരുമില്ല. റോഡ്‌സൈഡിലെ കലുങ്കിന് മുകളിൽ നിന്നും താഴെ റബ്ബർ തോട്ടത്തിലേക്ക് ചാടി. ഓടി ചെല്ലുമ്പോഴേക്കും സുജ കുളിക്കാൻ തുടങ്ങിയിരുന്നു.തന്നേ കാണുമ്പോൾ ഇവളുടെ പ്രതികരണം എന്തായിരിക്കുമെന്ന ആശങ്കയിൽ ശ്വാസം അമർത്തിപ്പിടിച്ചു കുറച്ചുനേരം നോക്കിയിരുന്നു. ഇനി ഇതുപോലെ ഒരവസരം കിട്ടില്ലെന്ന്‌ മനസ്സ് മന്ത്രിച്ചു. സമ്മതിച്ചില്ലങ്കിൽ ഒരു ബലപ്രയോഗം വേണ്ടി വരും. എന്ത് സംഭവിച്ചാലും ഈ എണ്ണകറുപ്പിനെ ഇന്ന് അനുഭവിക്കണമെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ പതിയെ അവൾക്ക് മുന്നിലേക്ക് ചെന്നു.
പെട്ടന്ന് എന്നേ കണ്ടിട്ടാവണം അവൾ ഒന്ന് ഞെട്ടി.
"ഇതെന്താ ശ്രീക്കുട്ടൻ ചേട്ടൻ ഇവിടെ "?.
"ചുമ്മാ. സുജ തന്നേ നിന്ന് കുളിക്കുന്നത് കണ്ടപ്പോൾ വന്നതാ ".
"അതിന് എനിക്ക് പേടിയൊന്നും ഇല്ല. ചേട്ടൻ പൊക്കോ ".
അവളെത്തന്നെ നോക്കികൊണ്ടിരുന്ന എന്നോട് അവൾ ചോദിച്ചു.
"എന്താ ചേട്ടാ.. ഒരു വശപ്പിശക് കാണുന്നല്ലോ. ചേട്ടൻ പോകുന്നില്ലേൽ ഞാൻ കാറി
ആളെക്കൂട്ടും ".
"സുജ! ഒച്ച വെക്കരുത്. എന്റെ വലിയ ഒരു ആഗ്രഹം ആണ് സുജ. ഒരു പ്രാവശ്യം. ഒരേ ഒരു പ്രാവശ്യം മാത്രം മതി.എത്ര രൂപാ വേണേലും ഞാൻ തരാം ".
"നാണമില്ലല്ലോടാ നാറീ നിനക്ക്. നീ നോക്കിക്കോ.. ഇത് നാളെ ഞാൻ സുനിതചേച്ചിയോട് പറയും. "
ഞാൻ ഒന്ന് നോക്കിയിട്ട് തിരിച്ചു നടന്നു. അവൾ വീണ്ടും കുളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ നിന്നു. എന്റെ ഡ്രെസ്സുകൾ അഴിച്ചുവെച്ചു. ശബ്ദമുണ്ടാക്കാതെ അവൾ അഴിച്ചു വെച്ചിരുന്ന തുണിയുമായി അവളുടെ പിന്നിലേക്ക് ചെന്നു. അവൾ അറിയുന്നില്ല ഞാൻ അവളുടെ തൊട്ട്പിന്നിൽ ഉണ്ടന്ന്. ഒറ്റക്കുതിപ്പിന് ഞാൻ അവളിലേക്ക് ചാടി വീണു.അവൾ ഒരിക്കലും അത് പ്രതീക്ഷിച്ചില്ലായിരുന്നു. നിലവിളിക്കാൻ തുടങ്ങിയ അവളുടെ വായിൽ കയ്യിലുള്ള തുണി എടുത്ത് ഞാൻ തളിക്കേറ്റി. പ്രതീക്ഷിച്ച അത്രയും ബുദ്ധിമുട്ടിയില്ല. എന്നോട് അധികനേരം പിടിച്ചു നിൽക്കാൻ അവളെപ്പോലൊരു പെണ്ണിനെക്കൊണ്ടായില്ല. എല്ലാം കഴിഞ്ഞപ്പോൾ അവൾ ജീവിച്ചിരുന്നാൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ഓർത്ത് ആ ശ്വാസം നിശ്ചലമാക്കിയിട്ട് പള്ളിപ്പരിസരത്തേക്ക് നടക്കുമ്പോൾ രണ്ട് വർഷം മുൻപ് ഇതുപോലെ അനുഭവിച്ചു അവസാനിപ്പിച്ച കോളനിയിലെ രാജി എന്ന പെണ്ണിന്റെ കേസ് ഇതുവരെ തെളിയിക്കപ്പെട്ടില്ലന്നുള്ളത് എനിക്ക് ആത്മവിശ്വാസം നൽകി.
ഇരുമ്പഴി തുറക്കുന്ന ശബ്ദം കേട്ട് ഞാൻ നോക്കുമ്പോൾ സി ഐയും രണ്ട് പോലീസ്കാരും അകത്തേക്ക് വന്നു.
"ശ്രീക്കുട്ടാ നീയല്ലേ ആ പെണ്ണിനെ കൊന്നത് "?.
ഒരു നിമിഷം ആലോചിച്ചിട്ട് തെളിവ് ഒന്നും ഇവർക്ക് കിട്ടിയിട്ടില്ലങ്കിലോ എന്ന സംശയത്തിൽ ഞാൻ പറഞ്ഞു.
" അല്ല സാർ.. ഞാനല്ല ".
" ഈ പാന്റ് നിന്റെ ആണോ "?.
"അതേ സാർ ".
ഇതെങ്ങനെ ഇവരുടെ കയ്യിൽ വന്നു എന്ന് സംശയിച്ചു നോക്കിയ എന്നോട് സി ഐ പറഞ്ഞു.
" സുജ മരിച്ചു കിടന്നതിനു സമീപത്തു നിന്നും ഞങ്ങൾക്ക് കിട്ടിയത് ഈ സിബ്ബ് മാത്രം."
പാന്റ് അഴിക്കുന്നതിനിടയിൽ സിബ്ബ് വലിച്ചിട്ടു കിട്ടാത്തതിനാൽ ശക്തിയിൽ വലിച്ചപ്പോൾ സിബ്ബ് പൊട്ടിപ്പോയത് എന്റെ മനസ്സിലേക്ക് കടന്നു വന്നു.
"നിന്റെ മനസ്സിലെ സംശയങ്ങൾ എനിക്കറിയാം. അത് ഞാൻ തിരുത്തി തരാം. ശരിയാണോന്നു മാത്രം നീ പറഞ്ഞാൽ മതി. . മിനിഞ്ഞാന്ന് നിന്റെ വീട്ടിൽ ഒരു ബംഗാളി ബാഗിന്റെ സിബുകൾ പിടിപ്പിച്ചു കൊടുക്കും എന്ന് പറഞ്ഞു ചെന്നിരുന്നു. കാര്യമൊന്നും അറിയില്ലാത്ത നിന്റെ ഭാര്യ ഞങ്ങൾ പ്രതീക്ഷിച്ചപോലെ ഈ പാന്റ് എടുത്തുകൊണ്ടു വന്നു. ഈ പാന്റ് ബംഗാളി നിന്റെ ഭാര്യ അറിയാതെ മാറ്റി വേറെ ഒരെണ്ണം കൊടുത്തു.ഇനി ഈ സിബ്ബ് നിന്റെ പാന്റിന്റെ ആയിരിക്കുമെന്ന് ഞങ്ങൾക്ക് എങ്ങനെ മനസ്സിലായി എന്നറിയുമോ ?."
അപ്പോൾ കേട്ട് പരിചയമുള്ള ടക്.. ടക് ശബ്ദം അടുത്ത് വന്നു. മുന്നിൽ പോലീസ് വേഷത്തിൽ നിന്ന അയാൾ തൊപ്പി ഊരി മാറ്റി. തലക്ക് സുഖമില്ലാത്ത ആ മനുഷ്യൻ.
സുജയെ അവസാനിപ്പിച്ചിട്ട് റബ്ബർ തോട്ടത്തിൽ നിന്നും റോഡിലേക്ക് ചാടിയ എന്നേക്കണ്ട് അപ്പോൾ അതിലേ നടന്നുപോയ ഇയാൾ തിരിഞ്ഞു നോക്കിയത് എന്റെ മനസ്സിലേക്ക് കടന്നുവന്നു.
" പഴയ കേസ് അന്വേഷിക്കാൻ വന്നതായിരുന്നു സുകുമാരൻ. ഇപ്പോൾ കാര്യങ്ങൾ ഒക്കെ പിടികിട്ടിയോ ശ്രീക്കുട്ടന് "?.
ഞാൻ തല കുനിച്ചു.
"നിനക്ക് ഒന്നും അറിയില്ല അല്ലേ "?.
സി ഐ പറഞ്ഞു തീർന്നതും എന്റെ മുഖം അടച്ച് ഒന്ന് കിട്ടി. ചുറ്റുമുള്ളതെല്ലാം കറങ്ങുന്നപോലെ എനിക്ക് തോന്നി.മങ്ങിയ കാഴ്ച്ചയിൽ എന്റെ മുൻപിൽ ഇരുമ്പഴികൾ അടഞ്ഞു.
By.. ബിൻസ് തോമസ്..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo