ചില മായക്കാഴ്ചകൾ
ദേവകിഅമ്മ ഉമ്മറത്തിരുന്നു വെറുതെ പുറത്തേക്കു നോക്കിയിരുന്നു .സാധാരണ ടി.വി.യിൽ സീരിയലുകൾ കാണുന്ന സമയമാണിത് .പക്ഷേ ഇന്നലെ മുതൽ ടി.വി പണിമുടക്കിയിരിക്കുകയാണ് .തറവാട്ടിലാണെങ്കിൽ അയൽപക്കത്തുള്ള ഏതെങ്കിലും വീട്ടിൽ പോയിരുന്നു ടീവി കാണാമായിരുന്നു .അവർ ഓർത്തു .പക്ഷേ ഇവിടെ അതു പറ്റില്ലല്ലോ .പട്ടണമല്ലേ ?അടുത്ത വീട്ടിലുള്ളവർ കണ്ടാൽ ഒന്നു ചിരിക്കുമെന്നല്ലാതെ വലിയ പരിചയമൊന്നും കാണിക്കാറില്ല .അവരെയും കുറ്റം പറയാൻ പറ്റില്ല .ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഉണ്ടായിരിക്കുമല്ലോ .തറവാട്ടിൽ നിന്നു ദേവകിഅമ്മ മകളുടെ വീട്ടിൽ വന്നിട്ട് ഏകദേശം രണ്ടാഴ്ച ആവുന്നതേയുള്ളു .മകളും ഭർത്താവും ദുബായിലുള്ള മക്കളെ കാണാൻ പോയിരിക്കുകയാണ് .മകളുടെ രണ്ടു മക്കളും അവിടെത്തന്നെയാണ് ഉള്ളത് .''കള്ളന്മാർ ഒരുപാടു ഉള്ള സ്ഥലമാണ് .അതുകൊണ്ടു വീട് പൂട്ടിയിടാൻ പറ്റില്ല .അമ്മ ഒരു മാസം ഇവിടെ വന്നു നിൽക്കണം .കാര്യങ്ങൾ നോക്കാൻ ശാരദ ഉണ്ടല്ലോ .അമ്മക്കു ഒരു വിഷമവും ഉണ്ടാവില്ല.പിന്നെ ടി വി സീരിയലുകൾ തന്നെ മതിയല്ലോ അമ്മക്കു സമയം പോവാൻ ''.മകൾ അങ്ങിനെ പറഞ്ഞപ്പോൾ ദേവകിഅമ്മക്കു എതിർത്തു പറയാൻ കഴിഞ്ഞില്ല .കാരണം മക്കൾ ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അമ്മമാർക്ക് തള്ളിക്കളയാൻ ആവില്ലല്ലോ .പത്രവായനയും ടി.വി കാണലും ഒക്കെയായി സമയം ചിലവഴിക്കുമ്പോഴാണ് ടി വി യുടെ കാര്യം ഇങ്ങിനെ ആയത് .''ശാരദേ നീ ആ ടി വി ഒന്നൂടെയൊന്നു ഇട്ടു നോക്കിയോ ''?അകത്തേക്കു നോക്കികൊണ്ട് ദേവകിഅമ്മ വിളിച്ചുചോദിച്ചു ."ഞാനിപ്പോൾ നോക്കിയതേയുള്ളു വല്യമ്മേ ഇതു ഓൺ ആവുന്നില്ല ''.വേലക്കാരിയുടെ മറുപടി കേട്ടതോടെ ആ മുഖത്തെ വിഷമം വീണ്ടും കൂടി .ഇനി ഇപ്പോൾ എന്താ ചെയ്യുക ?ഉച്ചയൂറക്കമൊന്നും അവർക്കു പതിവില്ല .തറവാട്ടിലാവുമ്പോൾ വർത്തമാനം പറഞ്ഞിരിക്കാൻ ആരെങ്കിലും ഒക്കെ വരും .ഏതായാലും ഇത്തിരി നേരം കിടക്കാം എന്നു വിചാരിച്ചു അവർ പതുക്കെ കസേരയിൽനിന്നും എഴുന്നേറ്റു .അപ്പോഴാണ് ഗെയ്റ്റിന്റെ വലതു വശത്തു ഒരു മോട്ടോർസൈക്കിൾ വന്നു നിൽക്കുന്നത് കണ്ടത് .രണ്ടുപേർ അതിൽനിന്നു ഇറങ്ങി ചുറ്റും നോക്കുകയാണ് ഒരാളുടെ കയ്യിൽ ചെറിയ ഒരു ബാഗുണ്ട് .ഇവർ ടി വി നന്നാക്കാൻ വന്നവർ ആയിരിക്കും എന്നു ദേവകിഅമ്മക്കു തോന്നി .കാരണം ടി വി യുടെ കാര്യം ഇന്നലെ തന്നെ മരുമകൻ ദുബായിൽ നിന്നു വിളിച്ചപ്പോൾ പറഞ്ഞിരുന്നു .അപ്പോൾത്തന്നെ കടയിലേക്ക് വിളിച്ചുപറഞ്ഞു ആരെയെങ്കിലും അയക്കാൻ പറയാമെന്നു അവൻ പറയുകയും ചെയ്തു .അവർ ആകാംഷയോടെ റോഡിലേക്കു നോക്കിനിന്നു .അപ്പുറത്തെ പൂട്ടിക്കിടക്കുന്ന വീട്ടിലേക്കുനോക്കി അവർ എന്തോ സംസാരിക്കുന്നതു ദേവകിഅമ്മ കണ്ടു .''പാവം അവർക്കു വീട് അറിയാത്തത് കൊണ്ടായിരിക്കും ''എന്നു പറഞ്ഞുകൊണ്ട് മുറ്റത്തേക്കു ഇറങ്ങി .എന്നിട്ടു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു .''ടി വി നന്നാക്കാനല്ലേ ഇതാ ട്ടോ വീട് ''അവർ പരസ്പരം നോക്കി എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് ദേവകിഅമ്മയുടെ വീടിന്റെ ഗേറ്റ് തുറന്നു ഉള്ളിലേക്കു കയറി .''അവൻ ഇന്നലെത്തന്നെ വിളിച്ചുപറഞ്ഞു അല്ലെ?നന്നായിമക്കളെ ഇന്നലെ തൊട്ടു ടി വി യിൽ ഒന്നും കാണാൻ പറ്റിയിട്ടില്ല .ഒന്നു വേഗം നോക്കു ''അവർ ചെറിയ ഒരു സന്തോഷത്തോടെ പറഞ്ഞു .''അതാ അവിടെയാ ടി വി ''അവർ ഹാളിലേക്കു വിരൽ ചൂണ്ടി .അവർ രണ്ടുപേരും ഹാളിലേക്കു കയറി .പതുക്കെ ടി വി യുടെ അടുത്തേക്ക് നടന്നു .അതിൽ ഒരാൾ ടി വി യുടെ സ്വിച്ചു് ഓണാക്കുകയും ഓഫാക്കുകയും ചെയ്തുനോക്കി മറ്റെയാൾ ബാഗ് തുറന്നു ഒരു സ്ക്രൂഡ്രൈവർ പുറത്തേക്കു എടുത്തു .ഇതെല്ലാം നോക്കികൊണ്ട് അടുത്തുനിന്ന ദേവകിഅമ്മ ക്ലോക്കിലേക്കു നോക്കി .സമയം മൂന്ന് മണിയായി.മൂന്നരക്കുള്ള വെളുത്തമന്ദാരം കാണാൻ പറ്റുമായിരിക്കും. ഇന്നലെ സീതയുടെ വിവാഹം നടന്നോ എന്നു അറിയില്ല. അവർ വിഷമത്തോടെ ഓർത്തു.സ്ക്രൂഡ്രൈവർ എടുത്ത ആൾ ടി വിയുടെ പിൻഭാഗം മുൻപിലേക്ക് തിരിച്ചുവച്ചു പതുക്കെ സ്ക്രു അഴിക്കാൻ തുടങ്ങി .മറ്റെയാൾ അടുത്തു നിന്നു അതു നോക്കിനിന്നു അപ്പോഴാണ് ദേവകിഅമ്മ ഓർത്തത് ഇവർ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ ''നിങ്ങൾ ഉച്ചയൂണ് കഴിച്ചിരുന്നോ കുട്ടികളെ ''അവർ വാത്സല്യത്തോടെ തിരക്കി അവർ പതുക്കെ കഴിച്ചു എന്ന് തലയാട്ടി .ദേവകിഅമ്മ അടുക്കളയിലേക്ക് ചെന്ന് ശാരദയോട് പറഞ്ഞു .''ടി വി ഇപ്പോൾ ശരി ആവും .നീ രണ്ടു ഗ്ലാസ്സ് ചായ എടുത്തോ.കൂടെ എന്തെങ്കിലും ബേക്കറി പലഹാരവും ''തിരിച്ചു ഹാളിലേക്കു ചെന്നപ്പോൾ അവർ ടി വി യുടെ ഉള്ളിൽ എന്തോ വയറുകൾ പരിശോധിക്കുകയായിരുന്നു .ദേവകിഅമ്മ പ്രതീക്ഷയോടെ അവരെ നോക്കിനിന്നു .അപ്പോഴേക്കും ശാരദ ചായയുമായി വന്നു ചായകുടിച്ചശേഷം അവർ വീണ്ടും പണി തുടർന്നു .പെട്ടന്നാണ് ഒരാൾ പറഞ്ഞത് ''ഇതിൻറെ ഉള്ളിൽ കറൻറ് കടക്കുന്നില്ല .ഒരു സാധനം വാങ്ങിയാൽ മതി .ഇതാണ് പോയത് .''ടി വി യുടെ ഉള്ളിൽനിന്നും ചുവന്ന ഒരു ചെറിയവളയം അയാൾ ദേവകിഅമ്മയുടെ മുമ്പിലേക്കു വച്ചു ഒരു അയ്യായിരം രൂപ ഉണ്ടെങ്കിൽ ഇപ്പോൾ വാങ്ങി വെച്ചാൽ മതി അതും പറഞ്ഞു അയാൾ അവരുടെ മുഖത്തേക്കു നോക്കി .എന്താ വേണ്ടത് എന്ന് ആലോചിച്ചു നിൽക്കുമ്പോഴായിരുന്നു അയാൾ വീണ്ടും പറഞ്ഞത്. ''പൈസ ഇപ്പോൾ ഉണ്ടങ്കിൽ ഞങ്ങൾ ഉടനെ പോയി വാങ്ങിയിട്ടു വരാം ."ദേവകിഅമ്മ ആകെ വിഷമത്തിലായി .മകൾ പോവുമ്പോൾ തന്ന കുറച്ചു പൈസ ഉണ്ട് .അതിൽ നിന്നു ഒരു അയ്യായിരം രുപ കൊടുക്കാം .ഏതായാലും ടി വി കാണാതെ പറ്റില്ലല്ലോ .ദേവകിഅമ്മ അകത്തു പോയി പൈസയുമായി തിരിച്ചു വന്നപ്പോൾ അവർ ടി വി യുടെ പിൻഭാഗം സ്ക്രൂ ഇട്ടു മുറുക്കുകയായിരുന്നു ''എന്നാൽ ഞങ്ങൾ സാധനം വാങ്ങിച്ചു പെട്ടന്നു വരാം ."അവർ പൈസ വാങ്ങിക്കൊണ്ടു പറഞ്ഞു .അവർ മോട്ടോർസൈക്കിളിൽ കയറി പോയതോടെ ദേവകിഅമ്മ അവരുടെ വരവും കാത്തു ഉമ്മറത്തെ കസേരയിൽ തന്നെ ഇരുന്നു.അപ്പോഴാണ് ഫോൺബെൽ അടിച്ചത് .ദേവകിഅമ്മ പോയി ഫോൺ എടുത്തു .ദുബായിൽ നിന്നു മോളായിരുന്നു .വർത്തമാനം പറഞ്ഞുതുടങ്ങിയതും മോൾ പറഞ്ഞു .''അയ്യോ അമ്മേ ടി വി ഷോപ്പിലേക്ക് വിളിക്കാൻ മറന്നുപോയി .നാളെ എന്തായാലും വരാൻ പറയാം. പിന്നെ അമ്മേ ടി വി നന്നാക്കിയാൽ പൈസ ഒന്നും കൊടുക്കണ്ട കേട്ടോ നമ്മുടെ ഗ്യാരണ്ടി ടൈം കഴിഞ്ഞിട്ടില്ല ."പിന്നെ മോൾ പറഞ്ഞതൊന്നും ദേവകിഅമ്മ കേട്ടില്ല കാരണം കുറച്ചു മുൻപ് നടന്ന മായക്കാഴ്ചകളിലായിരുന്നു ആ മനസ്സ് .
Jalaja
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക