Slider

എൽദോയുടെ സങ്കീർത്തനം - മുപ്പത്തിഅഞ്ചാം അദ്ധ്യായം ( കഥ )

0
എൽദോയുടെ സങ്കീർത്തനം - മുപ്പത്തിഅഞ്ചാം അദ്ധ്യായം ( കഥ )
**********************************************************
ഇന്ന് എൽദോയുടെ മുപ്പത്തിഅഞ്ചാം പിറന്നാളാണ്.
ഇന്ന് പിറന്നാളാണെന്ന് എൽദോയ്ക്ക് ഓർമ്മയില്ല. അവനെയത് ഓർമ്മിപ്പിക്കാൻ ആളുമില്ല.
സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് അവശനായ് കിടക്കുന്ന അപ്പൻ വറീതേട്ടനാണ്, പിന്നെ അങ്ങ് ദൂരെ മലബാറിലേക്ക് കെട്ടിച്ചുവിട്ട പെങ്ങളും.
അഞ്ചെട്ടു വര്ഷം മുമ്പ് വരെ ഇങ്ങനെയായിരുന്നില്ല.
അവന്റെ പിറന്നാൾ ദിനത്തിൽ അമ്മച്ചി, പുലരിവെട്ടം വീഴുംമുമ്പേ അവനെ എഴുന്നേൽപ്പിക്കും , തല കുളിർക്കെ എണ്ണ തേച്ചു കുളിക്കാനയ്ക്കും, കുളി കഴിഞ്ഞു വരുമ്പോൾ;ഉടുക്കാൻ ഉള്ളതിൽ നല്ല വസ്ത്രങ്ങൾ അലക്കി തേച്ചു വച്ചിട്ടുണ്ടാകും. ഉടുത്തൊരുങ്ങി വരുമ്പോൾ മാതാവിന്റെ കുരിശുപള്ളിയിലേക്ക് രണ്ടു മെഴുകുതിരികളും കൊടുത്തു പ്രാർത്ഥിക്കാനയ്ക്കും. തിരികെ എത്തുമ്പോൾ ചക്കരയും, തേങ്ങയും ജീരകവും ഏലക്കായും ഇട്ട് വേവിച്ച കഞ്ഞി - സാധാരണക്കാരുടെ പിറന്നാൾ പായസം, തയ്യാറാക്കി വെച്ചിട്ടുണ്ടാകും. അത് കഴിച്ചു തീരും വരെ അടുത്ത് നിന്ന് അവന്റെ തലമുടിയിൽ കൈവിരലുകൾ കൊണ്ട് മെല്ലെ തഴുകും. ഓരോ ജന്മദിനവും തന്റെ മകന്റെ വളർച്ചയിൽ വരുത്തിയ മാറ്റങ്ങൾ കണ്ട് ആസ്വദിക്കുന്നത് പോലെ അവനെത്തന്നെ നിർവൃതിയോടെ നോക്കി കൊണ്ടിരിക്കും- ആ കരുതലും തലോടലും നിലച്ചിട്ട് ഇപ്പോൾ എട്ടു വർഷങ്ങളായി. എൽദോ പിറന്നാൾ ആഘോഷിച്ചിട്ടും.
പിറന്നാൾ കേക്ക് വെട്ടുന്നതിനു പകരം എൽദോ ഇപ്പോൾ കുന്നേലെ ഔസേപ്പ് ചേട്ടന്റെ റബ്ബർ മരം വെട്ടുന്നു.
രാവിലെ അഞ്ചുമണിക്ക് തുടങ്ങിയതാണ്, ഇത് ഇന്നത്തെ അവസാനത്തെ മരം. സമയം എട്ടരയായി, ഇനി വീടുവരെ ഒന്ന് പോയി വന്നിട്ട് വേണം പാലെടുക്കാനും ഉറയൊഴിക്കാനുമെല്ലാം. പിന്നെ തലേന്ന് ഉറയൊഴിച്ചുവെച്ച പാലെടുത്തു മെഷീനിൽ കറക്കി ഷീറ്റാക്കി ഉണങ്ങാനിടണം. ഒരു റബ്ബർ വെട്ടുകാരന്റെ ഒരു ദിവസത്തെ ജോലി അതോടെ തീരും.
റബ്ബറിന്റെ വിലയിടിഞ്ഞത് മുതൽ നാട്ടിൽ പല തോട്ടങ്ങളും ഇപ്പോൾ വെട്ടാറില്ല, റബ്ബർ വിറ്റുകിട്ടണ കാശ് കൂലികൊടുക്കാൻ പോലും തികയുന്നില്ല, അതുകൊണ്ടാണ് . സ്വന്തമായി ടാപ്പ് ചെയ്യാനറിയാവുന്ന ചില ചെറിയ കർഷകർ മാത്രം ഇപ്പോൾ ടാപ്പ് ചെയ്യാറുള്ളു. തോട്ടങ്ങളിലിൽ നിന്ന് റബ്ബർ പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു. പഴയ മരങ്ങൾ മുറിച്ചു മാറ്റിയ തോട്ടങ്ങളിൽ ഇപ്പോൾ ആരും പുതിയ റബ്ബർ തൈകൾ വെച്ച് പിടിപ്പിക്കുന്നില്ല.
ഔസേപ്പ് ചേട്ടനും തന്റെ വീടും തോട്ടവും വിൽക്കാൻ പോകുന്നു . മക്കള് രണ്ടുപേരും അങ്ങ് ലണ്ടനിൽ സകുടുംബം താമസമാക്കി , അവിടത്തെ പൗരത്വവും എടുത്തു. ഉടനെ തന്നെ അപ്പനേം അമ്മേനേം അവരുടെ അടുത്തേക്ക് കൊണ്ട് പോകും. ഈ ഓണംകേറാ മൂലയിലെ വീടും തോട്ടവുമൊക്കെ അവർക്ക് വേണ്ട. വിലയുറപ്പിച്ചെന്നും ആരോ വാങ്ങാൻ പോകുന്നെന്നും കേട്ടു. പുതിയതായി വാങ്ങുന്നവർക്ക് റബ്ബർ വെട്ടാൻ ആളെ വേണ്ടെങ്കിൽ ആകെയുള്ള ഈ വരുമാനവും നിലയ്ക്കും. പിന്നെ എന്ത് ചെയ്യണം എന്ന് ആലോചിച്ചിട്ട് എൽദോയ്ക്ക് ഒരു എത്തുംപിടീം കിട്ടണില്ല.
എൽദോ വീട്ടിലെത്തുമ്പോൾ അകത്തെ മുറിയിൽ നിന്നും അപ്പന്റെ ഞരക്കങ്ങൾ കേൾക്കുന്നുണ്ട്. മുറിയിലെ ലൈറ്റ് ഓൺ ചെയ്തു.. അപ്പൻ പതിവ് പോലെ പ്രഭാതകൃത്യങ്ങളെല്ലാം കട്ടിലിൽ തന്നെ നിർവഹിച്ചിട്ടുണ്ട്. പരിചയിച്ചുപോയത് കൊണ്ട് അവന് ദുർഗന്ധമൊന്നും അനുഭവപ്പെട്ടില്ല.
വെളിച്ചം മുഖത്തു വീണപ്പോൾ അപ്പൻ പതിയെ കണ്ണ് തുറന്നു, എന്തോ പറയുവാൻ ശ്രമിക്കുന്നുണ്ട് പക്ഷെ വാക്കുകൾക്ക് വ്യക്തതയില്ല. എൽദോ അപ്പനെ വിരിച്ചിരുന്ന പുതപ്പെടുത്തു മാറ്റി. ക്ഷീണിച്ചു വിറകുകൊള്ളിപോലായിപ്പോയ അപ്പനെ പതുക്കെ രണ്ടു കൈകൊണ്ടും എടുത്ത് അടുക്കളപ്പുറത്തുള്ള കുളിമുറിയിൽ കൊണ്ടുപോയി ഇരുത്തി. അപ്പന്റെ തലയിലും ദേഹത്തും വെള്ളമൊഴിച്ചു കുളിപ്പിച്ചു, പല്ലില്ലാത്ത വായിൽ വിരലിട്ട് നന്നായി തേച്ചു. തലതുവർത്തി ഒരു കൈലി ഉടുപ്പിച്ചു മുൻവശത്തെ വരാന്തയിൽ ഇട്ടിരുന്ന കസേരയിൽ കൊണ്ടുപോയിരുത്തി .
മലവും മൂത്രവും വീണ അപ്പന്റെ പുതപ്പും വിരിയും ഒരു ബക്കറ്റിൽ എടുത്തിട്ടു. കൈയും മുഖവും കഴുകി അടുക്കളയിൽ ചെന്ന് ഒരു പാത്രത്തിൽ തലേദിവസം മൺകലത്തിൽ വെള്ളമൊഴിച്ചു വെച്ചിരുന്ന പഴങ്കഞ്ഞി ഒരു പിഞ്ഞാണത്തിൽ എടുത്ത് കുറച്ചുപ്പും, ഒരല്പം തൈരുമൊഴിച്ചു കൊണ്ടുവന്നു.
മുൻവശത്തെ പ്ലാവിൽ നിന്നും ഒരു ഇല പറിച്ചു കുമ്പിളുകുത്തി. അപ്പന്റെ അടുത്തിരുന്ന് സാവകാശം പ്ലാവിലകുമ്പിളിൽ കഞ്ഞി കോരി അപ്പന് കൊടുത്തു. ഒന്ന് രണ്ടു വായ കഞ്ഞികുടിച്ചപ്പോ അപ്പൻ മതിയെന്ന് പറഞ്ഞു. നിർബന്ധിച്ചു് കുറച്ചുകൂടി കഞ്ഞി കോരിക്കൊടുത്തു. മുഖം തുടച്ചു വൃത്തിയാക്കി. അപ്പനെ കസേരയോടെ എടുത്ത് മുറ്റത്തെ മാവിന്റെ തണലിൽ ഇരുത്തി. ബാക്കിയിരുന്ന കഞ്ഞിയിൽ കുറച്ചു തൈരൊഴിച്ചു് അടുക്കളപ്പുറത്തെ കാന്താരി മുളക് രണ്ടെണ്ണം പറിച്ചു കഞ്ഞിയിൽ ഞരടി എൽദോയും കുടിച്ചു.
മുൻവാതിലിനു മുകളിൽ തറച്ചിരുന്ന യേശുദേവന്റെ ഫോട്ടോയുടെ പുറകിൽ വച്ചിരുന്ന വേദപുസ്തകം എടുത്ത് അപ്പന്റെ കൈയ്യിൽ കൊടുത്തു, ഉണർന്നിരിക്കുമ്പോഴെല്ലാം അപ്പന് ബൈബിൾ വായിക്കണം. വറീതേട്ടൻ വിറയ്ക്കുന്ന കാര്യങ്ങൾ കൊണ്ട് ബൈബിൾ തുറന്ന് ഇടറുന്ന സ്വരത്തിൽ വായിക്കുവാൻ തുടങ്ങി..
" ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല"
അപ്പന്റെ ബൈബിൾ വായനകേട്ട് ഒരു നിമിഷം എൽദോ നിന്നു. അവനാ ബൈബിളിലേക്കൊന്നു നോക്കി.
"എന്നാ നീതികേട് കാണിച്ചിട്ടാ കർത്താവെ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത് "
മനസ്സിൽ തോന്നിയ നീരസം ആരോടെന്നില്ലാതെ പുലമ്പിതീർത്ത്കൊണ്ട് ബക്കറ്റിലെ അഴുക്ക് തുണികളുമെടുത്തു് വീടിന്റെ താഴെയുള്ള വയലിലെ തോട്ടിലേക്ക് നടന്നു.
വറീതേട്ടനും മേരിചേച്ചിയും പ്രേമിച്ചു വിവാഹം കഴിച്ചതാണ്. അതുകൊണ്ടുതന്നെ രണ്ടുപേരുടേയും വീട്ടുകാരുമായി പിണക്കത്തിലും . അപ്പന്റേം അമ്മയുടെയും ബന്ധുക്കളെയാരെയും എൽദോ കണ്ടിട്ടില്ല.
ആ ഗ്രാമത്തിലെ ഒരു മാതൃകാ കുടുംബമായിരുന്നു അവരുടേത്. രണ്ടു മക്കൾ, എൽദോയുടെ ഇളയത് പെങ്ങൾ ജെസി.
കഠിനമായി അധ്വാനിക്കുന്ന ദമ്പതികൾ, വറീതേട്ടൻ നല്ല കൃഷിപ്പണിക്കാരൻ, നാട്ടിലെ തോട്ടങ്ങളിലും വയലുകളിലും അദ്ദേഹത്തിന്റെ വിയർപ്പു വീഴാത്ത ഒരിഞ്ചു ഭൂമി പോലുമുണ്ടാവില്ല. മേരിചേച്ചി അതേസമയം വീട്ടിൽ നാലഞ്ച് പശുക്കളെ വളർത്തി. കുരുവി കൂടുണ്ടാക്കുന്നത് പോലെ തങ്ങളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു കുറച്ചു കൃഷിയിടം വാങ്ങി, പിന്നെ മകളുടെ കല്ല്യാണത്തിന് വേണ്ടി കുറച്ചു പൊന്നും.
എൽദോ ഡിഗ്രി കഴിഞ്ഞ് ഒരു ജോലിക്കായി അലയുന്ന സമയം, അവന്റെ ഒരു സുഹൃത്തു മുഖാന്തിരം ഗൾഫിൽ പോകാൻ ഒരു വിസ ഒത്തു വന്നു. കുടുംബം രക്ഷപ്പെടുമെന്ന് ആശ്വസിച്ചിരുക്കുമ്പോൾ ആണ് വിധിയുടെ ദൃഷ്ടി ആ കുടുംബത്തിന് മുകളിൽ പതിച്ചത്.
ഗൾഫിലേക്ക് പോകും മുമ്പ് മേരിചേച്ചിയുടെ വിട്ടുമാറാത്ത വയറു വേദന ഒന്ന് ഡോക്ടറെ കാണിക്കണം എന്നുറപ്പിച്ചാണ് എൽദോ അന്ന് അമ്മച്ചിയേയും കൊണ്ട് ആശുപത്രിയിൽ എത്തിയത്. വയറിന്റെ സ്കാൻ കണ്ട ഡോക്ടർ ഒരു സംശയം പറഞ്ഞു. പിന്നീട് ഒന്ന് രണ്ടു ടെസ്റ്റ് കൂടി എടുത്തു നോക്കി ഉറപ്പിച്ചു, ആ വേദനയുടെ കാരണം കാൻസർ ആണെന്ന്. ഒരുപാട് കാലം മുമ്പ് തുടങ്ങിയ വേദന ഗ്യാസിന്റെ കുഴപ്പം കൊണ്ടാണെന്നു പറഞ്ഞു സ്വയം നാട്ടുവൈദ്യം ചെയ്തു കൊണ്ടിരുന്നത് - ആശുപത്രീ പോയി വെറുതെ എന്തിനാ ഡോക്ടറെ കാണുന്നത് എന്ന ഒരു പാവം വീട്ടമ്മയുടെ- ഒരുപക്ഷെ കാശുചെലവാകുമെന്ന ചിന്തയാവാം, അറിവില്ലായ്മയും ആയിരുന്നിരിക്കാം.
വയറ്റിലെ മുഴ ഒരുപാട് വളർന്നിരുന്നു. ആന്തരാവയവങ്ങളെ കാർന്നു തിന്നും തുടങ്ങിയിരുന്നു. നാലഞ്ചു വര്ഷം, നൽകാവുന്ന ചികിത്സകളെല്ലാം നൽകി. പക്ഷെ വിധി ജയിച്ചു. അമ്മച്ചി വേദനകൾ ഇല്ലാത്ത ദേശത്തേക്ക് പോയി
എൽദോയുടെ വിസയ്ക്ക് കൊടുക്കാൻ വെച്ചിരുന്ന രൂപയിൽ തുടങ്ങിയ ചികിത്സ ആ കുടുംബത്തിന്റെ സാമ്പത്തീക അടിത്തറ തോണ്ടി പുറത്തിട്ടിട്ടാണ് അമ്മച്ചിയേം കൊണ്ട് പോയത്. എൽദോ അപ്പന്റെ കൂടെ കൃഷിപണിക്കും റബ്ബർ വെട്ടാനും പോയി. അമ്മച്ചി ചികിത്സയിൽ ആയിരുന്നപ്പോൾ ആശുപത്രിയിൽ ആണൊരുത്തൻ തുണയ്ക്കുവേണമായിരുന്നു. വറീതേട്ടൻ പണിക്ക് പോകുമ്പോൾ എൽദോ ആശുപത്രിയിൽ നിൽക്കും, എൽദോ പോകുമ്പോൾ വറീതേട്ടനും. ഇതിനിടയിൽ പെങ്ങള് പാവം പഠിത്തം ഉഴപ്പി പ്രീ ഡിഗ്രി തോറ്റു. പിന്നെ പഠിക്കാൻ പോയുമില്ല.
പുൽനാമ്പുകൾ ഒന്നൊന്നായി ചേർത്ത് ഇണക്കുരുവികൾ അധ്വാനിച്ചുണ്ടാക്കുന്ന മനോഹരമായ കുഞ്ഞു കൂട്, കാറ്റിന്റെ ഒരു ചെറിയ നേരമ്പോക്ക് കൊണ്ട് ചിതറിത്തെറിച്ചത് പോലെ, അവർ വർഷങ്ങൾ നീണ്ട കഷ്ടപ്പാടിലൂടെ സമ്പാദിച്ചതെല്ലാം വളരെ വേഗം ആശുപത്രികളിൽ ചിലവായി. ഒടുവിൽ ശേഷിച്ചത് വീടിരിക്കുന്ന അഞ്ചു സെന്റ് സ്ഥലവും ആ പഴയ വീടും പിന്നെ നാട്ടിൽ പലരിൽ നിന്നായി വാങ്ങിയ കടവും…
അതിനിടയിൽ രണ്ടു വര്ഷം മുമ്പ് പെങ്ങൾക്ക് ഒരാലോചന.. ചെറുക്കൻ അപ്പന്റെ പഴയ കൂട്ടുകാരന്റെ മകൻ. അവർ പണ്ട് നാട്ടിലെ സ്ഥലം വിറ്റ് മലബാറിൽ കുടിയേറിയവരാണ്. കൂടുതൽ ഒന്നും ചോദിച്ചില്ല, ഇരുപതു പവനും പിന്നെ കുറച്ചു കാശും. എങ്ങിനെയൊക്കെ ഒപ്പിച്ചെന്ന് എൽദോയ്ക്കു മാത്രമേ അറിയൂ.. അതും നടത്തി.
മേരിചേച്ചിയുടെ മരണം വറീതേട്ടനെ ഇരുത്തിക്കളഞ്ഞു.. പഴയ ഉത്സാഹമെല്ലാം പോയി. ഇരുന്നിടത്തിരിക്കും. എന്തെല്ലാമോ ആലോചിച്ചു കൂട്ടും, ഭക്ഷണം കുറച്ചു.. പിന്നെ പിന്നെ തീരെ കഴിക്കാതെയും ആയി. ഒടുവിൽ കിടപ്പിലും ആയി.
എൽദോ ബക്കറ്റുമായി വരുന്നത് കണ്ടപ്പോൾ തന്നെ താഴെ കടവിൽ തുണിയലക്കുകയും കുളിക്കുകയും ചെയ്തു കൊണ്ടിരുന്ന പെണ്ണുങ്ങൾ പിറുപിറുത്തു.. പണിക്കര് ചേട്ടന്റെ ഭാര്യ ബിന്ദു ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു
"ഡാ എൽദോ ഞങ്ങൾ ദേ ഇപ്പ പൊയ്‌ക്കൊള്ളാം.. നീ അപ്പന്റെ തീട്ടത്തുണി അത് കഴിഞ്ഞു കഴുകിയാൽ മതീട്ടോ”
"ശരി ചേച്ചി " ... എൽദോ സമ്മതിച്ചു. അവനൊരു തോർത്ത് മുണ്ടുടുത്തിട്ട് തോട്ടിലെ വെള്ളത്തിൽ ഇറങ്ങി വെറുതെ കിടന്നു.. അങ്ങ് പെരിയാറിൽ നിന്ന് വരുന്ന തണുത്ത ജലം അവന്റെ മനസ്സും ശരീരവും തണുപ്പിച്ചുകൊണ്ട് താഴോട്ട് ഒഴുകി..
താഴത്തെ കടവിൽ മകളുടെ പേറ്റു തുണികൾ കഴുകിക്കൊണ്ടിരുന്ന ബിന്ദുചേച്ചി കൂടെ ഉണ്ടായിരുന്നവരോട് എൽദോയുടെ വിശേഷം പറയുകയായിരുന്നു.
"രണ്ടു ദിവസം മുമ്പ് ഞാൻ അലക്കും കഴിഞ്ഞ്, കുനിഞ്ഞ് നിന്ന് തല കഴുകായിരുന്നെന്റെ ശാന്തേ.. എൽദോ അപ്പന്റെ തുണി കഴുകുന്ന കാര്യം ഞാൻ ഓർത്തില്ല.. മുടി മുഴുവൻ അപ്പി നാറ്റം വന്നപ്പോഴാ ഞാനറിഞ്ഞത്.. വീട്ടീ പോയി പത്തു പതിനഞ്ചു പ്രാവശ്യം ഷാമ്പു ഇട്ട് കഴുകീട്ടാ ആ മണം ഒന്ന് മാറി കിട്ടിയത്"
വർത്തമാനത്തിനിടയിൽ ബിന്ദു ചേച്ചി തന്റെ മുടി ശാന്തയെ മണപ്പിച്ചു.. ശാന്തയ്ക്ക് അവരുടെ മുടി കണ്ടപ്പോഴേ ഓക്കാനം വന്നു, അത് കണ്ടപ്പോൾ ബിന്ദുചേച്ചിയ്ക്ക് വിഷമം പിന്നേം കൂടി.
"മോളുടെ കൊച്ചിന്റെ മൊട്ടയടിക്ക് പളനിയ്ക്ക് പോകുമ്പോ ഞാനും മൊട്ടയടിക്കും"
തന്റെ ഇടതൂർന്ന മുടി തോളിലിട്ട് വിഷമത്തോടെ തലോടിക്കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു.
" അല്ല ഈ ചെക്കനിതുവരെയൊരു പെണ്ണുകിട്ടാത്തത് എന്തൊരു കഷ്ടമാ ... പാവം യാതൊരു വിധ ദുഃശീലങ്ങളും ഉള്ളതായി അറിവില്ല.
നമ്മുടെ നാട്ടിൽ പീഡിപ്പിക്കാനും ഒളിച്ചോടാനും മതം മാറ്റാനുമൊക്കെ പെണ്ണ് കിട്ടും പക്ഷെ മാന്യമായി കല്യാണം കഴിക്കാൻ നോക്കിയാൽ പെണ്ണിനെ കിട്ടില്ല
അവന് അതിന് ഒരു ഉത്സാഹം വേണ്ടേ, ... അല്ല, അന്വേഷിക്കാനും പിടിക്കാനും കൂടെപോകാനുമൊക്കെ ആരാ ഉള്ളത് , ഒന്ന് പ്രേമിച്ചുകെട്ടണോങ്കി തന്നെ ഇവൻ ഒരു പെണ്ണിന്റെയെങ്കിലും മുഖത്ത് നോക്കണ്ടേ .. അവന് ആ വീടും പിന്നെ അപ്പനും മാത്രമാ ജീവിതം "
തുണിയെല്ലാം കഴുകി തിരികെ വന്ന് അടുപ്പിലെ കലത്തിൽ വേകാൻ ഇത്തിരി അരിയും ഇട്ടിട്ട് എൽദോ വീണ്ടും റബ്ബർ തോട്ടത്തിലേക്ക് ചെന്നു.
റോളറിൽ ഷീറ്റടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിളി ..
" ഡാ മോനെ എൽദോ ".. തിരിഞ്ഞു നോക്കുമ്പോൾ ഔസേപ്പ് ചേട്ടൻ ..ആള് ലേശം സന്തോഷത്തിലാണ്.
"തോട്ടവും വീടും ഒക്കെ അങ്ങ് വിലയുറപ്പിച്ചൂട്ടോ .. അഡ്വാൻസും വാങ്ങി. അടുത്താഴ്ച്ച തീറാധാരം
പിന്നെ ഞങ്ങളങ്ങു പറക്കും ... ലണ്ടനിലേക്ക് "
"ആരാ പാപ്പാ വാങ്ങുന്നേ " ... എൽദോയുടെ മനസ്സിലെ ഉത്കണ്ഠ റബ്ബർ തുടർന്നും വെട്ടാൻ പറ്റുമോ എന്നതിലായിരുന്നു.
"നീ.. പേടിക്കേണ്ടടാ ഞാൻ നിന്റെ കാര്യം അവരോട് പറഞ്ഞിട്ടുണ്ട്, “
എൽദോയ്ക്ക് സമാധാനമായി ..
" നീ അറിയും നമ്മുടെ പഴയ പ്ലാമൂട്ടിലെ ജോയീടെ മോളില്ലിയോ .. എന്താ അവളുടെ പേര് ആ ..... അലീന, ന്യൂസിലാൻഡിൽ നഴ്‌സായി ജോലി ചെയ്യണ കൊച്ചു്, അവളാ വാങ്ങുന്നെ .. നീ അറിയോ അവളെ , ഇത്തിരി മുമ്പ് വന്ന് അഡ്വാൻസ് തന്നിട്ട് പോയി.."
ഒരു നിമിഷം എൽദോയുടെ സന്തോഷമെല്ലാം കെട്ടടങ്ങി.. തൊണ്ടയിൽ എന്തോ കുടുങ്ങിയ പോലെ.. വാക്കുകൾ പുറത്തേക്ക് വരുന്നില്ല.. ആസിഡ് ഉറയിൽ നിന്നെടുത്ത പതുപതുത്ത റബ്ബർ, റോളറിനുള്ളിൽ ഞെരുങ്ങി ദേഹം മുഴുവൻ വേദനയുടെ അച്ചും പേറി താഴെ വീണു, പഞ്ഞിപോലെ ഇരുന്നത് പരുപരുത്ത ഷീറ്റായി മാറിയിരുന്നു , ഷീറ്റെടുത്ത് അയയിൽ ഇട്ടിട്ട് എൽദോ കുറച്ചുനേരം ആലോചിച്ചു പിന്നെ പതിയെ പറഞ്ഞു.
“എനിക്ക് പരിചയമുണ്ട് ….. ചേട്ടൻ അവരോട് പറഞ്ഞേരെ ഞാൻ ഇനി വെട്ടാൻ വരുന്നില്ലെന്ന്, കുറെ കാലമായി അളിയനും പെങ്ങളും പറയുന്നു ഈ സ്ഥലോം വീടും വിറ്റിട്ട് അവരുടെ അടുത്തേക്ക് വരാൻ, അവിടെ കാപ്പിത്തോട്ടത്തിൽ നല്ല കൂലി കിട്ടും, പിന്നെ എനിക്കാണേൽ അപ്പനെ അവളുടെ അടുത്ത് ഏല്പിച്ചിട്ട് രാവിലെ മുതൽ വൈകിട്ട് വരെ ജോലിക്കും പോകാം"..
ഔസേപ്പ് ചേട്ടൻ എന്തോ ചോദിക്കാൻ തുടങ്ങി.. പക്ഷെ അതിനുമുൻപ് എൽദോ തിരിഞ്ഞു വീട്ടിലേക്ക് നടന്നു
റബ്ബർ തോട്ടത്തിലെ കരിയില പാകിയ നടവഴിയിലൂടെ നടക്കുമ്പോൾ അവന് ചുറ്റും വെള്ളിച്ചിറകുള്ള തുമ്പികൾ പാറി പറക്കുന്നുണ്ടായിരുന്നു.. അവന്റെ മനസ്സിൽ പഴയ ചില ഓർമ്മകളും.
"അലീന" അവന്റെ മനസ്സിൽ ആ പേര് ഒരുപാട് നാൾ മുമ്പേ പതിഞ്ഞു പോയതായിരുന്നു.
ഒന്നാം ക്‌ളാസിൽ വച്ചാണ് വിടർന്ന കണ്ണുള്ള വെളുത്ത പെൺകുട്ടിയെ അവൻ കാണുന്നത്, അവനിരുന്ന ബഞ്ചിന്റെ തൊട്ടടുത്ത ബെഞ്ചിൽ.
ആൺകുട്ടികളുടെ ബഞ്ചിൽ ഒന്നാമതായി എൽദോ, പെൺകുട്ടികളുടെ ബഞ്ചിൽ അലീനയും, പത്താം ക്ലാസ്സു വരെ അവർ രണ്ടുപേരും പഠിച്ചത് ഒരേ ഡിവിഷനുകളിൽ ആയിരുന്നു. ക്ലാസ്സിൽ ഇരുന്നതും മുൻ നിരയിലെ ബെഞ്ചുകളിൽ ഒന്നാമരായി.
ആദ്യമൊക്കെ എൽദോ പഠിക്കാൻ അൽപ്പം പുറകിലായിരുന്നു. തന്റെ തൊട്ടടുത്ത ബെഞ്ചിലിരിക്കുന്ന സുന്ദരിക്കുട്ടിയുടെ മുമ്പിൽ വച്ച് സാറുമ്മാരുടെ അടി വാങ്ങുന്നത് കുറച്ചിലായി തോന്നി തുടങ്ങിയപ്പോൾ പതിയെ അവനും നന്നായി പഠിക്കാൻ തുടങ്ങി. മുതിർന്ന ക്ലാസ്സുകളിൽ എത്തിയപ്പോൾ അവനൊരു ദുഃശീലം, അലീന എവിടേക്കെങ്കിലും ശ്രദ്ധിച്ചിരിക്കുമ്പോൾ അവളറിയാതെ അവളെ നോക്കുക ., അവൾ തിരിയുമ്പോൾ പെട്ടെന്ന് ദൃഷ്ടി മാറ്റും. പലപ്പോഴും അവരുടെ കണ്ണുകൾ തമ്മിലുടക്കി, അപ്പോഴൊക്കെ എൽദോ നാണം കൊണ്ട് മുഖം തിരിച്ചു... അലീനയും.
ക്ലാസ്സിലുള്ള ആൺകുട്ടികളും പെൺകുട്ടികളും വളരെ ലാഘവത്തോടെ പരസ്പരം സംസാരിക്കും, പക്ഷെ എന്തോ എൽദോയ്ക്ക് ഒരിക്കൽ പോലും അലീനയോട് സംസാരിക്കാൻ ധൈര്യം ഉണ്ടായില്ല. അവളെ അടുത്ത് കാണുമ്പോൾ അവന്റെ ശ്വാസഗതി ഉയരും, വിരലുകൾ ചെറുതായ് വിറയ്ക്കും, തൊണ്ടയിൽ എന്തോ ഒന്ന് വന്ന് തടയും. പക്ഷെ അവൻ കാണുന്ന സ്വപ്നങ്ങളിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനെ അവള്ക്കും ഇഷ്ടമായിരുന്നിരിക്കണം.
പത്താം ക്ലാസ്സു കഴിഞ്ഞ് പ്രീ ഡിഗ്രിക്ക് ചേർന്നപ്പോൾ രണ്ടുപേർക്കും വേറെ വേറെ ഗ്രൂപ്പാണ് കിട്ടിയത്. എൽദോ ഫസ്റ്റ് ഗ്രൂപ്പും അലീന സെക്കന്റ് ഗ്രൂപ്പും. എങ്കിലും എൽദോ മിക്കവാറും ഇടവവേളകളിൽ അലീനയുടെ ക്ലാസ്സിന്റെ പരിസരത്ത് ഉണ്ടാവും. അവന് അവളെ കാണാതിരിക്കാൻ ആകുമായിരുന്നില്ല. രണ്ടുവർഷം കഴിഞ്ഞപ്പോൾ എൽദോ അതെ കോളേജിൽ തന്നെ ഡിഗ്രിക്ക് ചേർന്നു. അലീന ദൂരെയെവിടെയോ നഴ്സിങ്ങിനും. ഡിഗ്രിയ്ക്ക് ശേഷം എൽദോ അമ്മച്ചിയുടെ ചികിത്സയുമായി അലയുമ്പോൾ അലീന നഴ്സിംഗ് കഴിഞ്ഞ് IELTS പാസ്സായി ന്യൂസിലാൻഡിൽ ജോലി കിട്ടി പോയിരുന്നു. അവളുടെ കുടുംബം പതുക്കെ കരകയറി.
വയലിന്റെ നടുവിലെ വീട് വിറ്റ് അവർ കുറച്ചകലെയുള്ള പട്ടണത്തിലേക്ക് താമസം മാറ്റി. എൽദോയുടെ പ്രാരാബ്ധങ്ങൾ അവന്റെ സ്വപ്നങ്ങളിൽ അലീനയ്ക്ക് പകരം അടുത്ത ദിവസം തേടിയെത്തിയേക്കാവുന്ന വട്ടിപലിശക്കാർ വന്ന് അലോസരപ്പെടുത്തി.
ഒരിക്കൽ - അന്ന് അമ്മച്ചിയ്ക്ക് റേഡിയേഷന് പൈസ തികയാതെ ഭ്രാന്തുപിടിച്ചപോലെ എൽദോ പരക്കം പായുമ്പോൾ അവൻ കണ്ടു അലീന അവരുടെ ഇടവക പള്ളിയിലെ കുർബ്ബാന കഴിഞ്ഞ് വരുന്നത്.. ലീവിന് വന്നതാവണം.. കൂടെ അനിയന്മാർ രണ്ടു പേരും ഉണ്ടായിരുന്നു.. അവരെ കടന്നു പോകുമ്പോൾ അവൻ കേട്ടു ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായി അലീന അവനെ പേരുചൊല്ലി വിളിച്ചത്.. പക്ഷെ ഉള്ളിലെ തീയുടെ ചൂടിൽ അവൻ ഓടുകയായിരുന്നു, കുറച്ചു കാശിനുവേണ്ടി...
വർഷങ്ങൾ പലതു കഴിഞ്ഞു.. ഇടയ്ക്ക് ആരോ പറയുന്ന കേട്ടു അലീന ന്യൂസിലാൻഡിൽ തന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ഡോക്ടറെ വിവാഹം കഴിച്ചവിടെ സ്ഥിരതാമസമാക്കി എന്ന്.. അവളുടെ മാതാപിതാക്കൾ അതിനും മുമ്പേ മരിച്ചു പോയിരുന്നു.
എത്രയോ കാലം മനസ്സിൽ കൊണ്ട് നടന്ന മൗനാനുരാഗം .. അതിന്റെ നല്ല ഓർമ്മകൾ മതിയായിരുന്നു അവന് ഓരോ ദിവസവും തള്ളിനീക്കാൻ. ഇന്ന് അവന്റെ മനസ്സ് അസ്വസ്ഥമാണ്, താനൊരിക്കൽ സ്വപ്നം കണ്ട അലീന അവളുടെ കുടുംബത്തോടൊപ്പം ആ നാട്ടിലേക്ക് തിരികെ വരുന്നു.. മാത്രമല്ല അവളുടെ തോട്ടത്തിലെ വെറും ജോലിക്കാരനായി തനിക്ക് പോകേണ്ടി വരിക.. അവന് തന്നെ പറ്റിയോർത്ത് അവജ്ഞ തോന്നി. ഇല്ല ഇനി ഈ നാട്ടിൽ നിൽക്കുന്നില്ല, കുറച്ചു നാളെക്കെങ്കിലും ഒന്ന് മാറി നിൽക്കണം.
ചിന്തകൾ ചൂടുപിടിച്ചു. എൽദോ കുറെയേറെ നേരം ഒരു ഭ്രാന്തനെപ്പോലെ ആ റബ്ബർ തോട്ടങ്ങളിലൂടെ വെറുതെ അലഞ്ഞു.. സമയം ഉച്ചകഴിഞ്ഞെന്നും അപ്പന് വിശന്നുതുടങ്ങി കാണുമെന്നും ഒരു ഉൾവിളി ഉണ്ടായപ്പോൾ വീണ്ടും വീട്ടിലേക്ക് നടന്നു.. രാവിലെ അപ്പനെ കസേരയിലിരുത്തി മാവിൻ ചുവട്ടിൽ വിട്ടിട്ടു പോന്നതാണ്. ഇപ്പോൾ അവിടെ വെയിലടിക്കുന്നുണ്ടാകും പാവം. എൽദോ വേഗത കൂട്ടി.
വീടിനു മുമ്പിൽ എത്തിയപ്പോൾ എൽദോ കണ്ടു അപ്പനിരുന്ന കസേര ശൂന്യമാണ് അപ്പനെവിടെ. അവൻ ചുറ്റും തിരഞ്ഞു. പരിഭ്രാന്തനായി വീടിനുള്ളിലേക്ക് ഓടിക്കയറി.. അപ്പൻ കട്ടിലിൽ കിടക്കുന്നു. കയ്യിൽ ബൈബിളുമുണ്ട് .. രാവിലെ പോകുമ്പോൾ ഉടുപ്പിച്ചിരുന്ന ലുങ്കി ബക്കറ്റിൽ. അപ്പൻ ഒരു പുതിയ മുണ്ടാണ് ഉടുത്തിരിക്കുന്നത്.
ആരോ.. അപ്പന്റെ അഴുക്ക് പുരണ്ട വസ്ത്രം മാറ്റി പുതിയതുടുപ്പിച്ചിരിക്കുന്നു.. അവന്റെ കണ്ണുകൾ ചുറ്റും പരതി. അടുക്കളയിൽ നിന്ന് എന്തോ ശബ്ദം.. അവിടേക്ക് പോകാനായി തിരിഞ്ഞപ്പോൾ കണ്ടു ...
ഒരു സ്വപ്നത്തിൽ എന്ന പോലെ..അലീന.
അടുക്കളയിൽ നിന്ന് ഒരു പാത്രവുമായി വന്നു.. എൽദോയെ ഒന്ന് നോക്കിയ ശേഷം അപ്പന്റെ അരികിലെത്തി. ഒരു സ്‌പൂണിൽ കഞ്ഞി കോരി വറീതേട്ടന് കൊടുത്തു. തേങ്ങ ചുട്ടരച്ച ചമ്മന്തിയും ഉണ്ട്.. അവൻ വിശ്വസിക്കാനാകാതെ തറഞ്ഞു നിന്നു..
" നീയെന്താ ഇവിടെ..."
അവൾ അവന്റെ ചോദ്യം അവഗണിച്ച് അപ്പനെ കഞ്ഞികുടിപ്പിച്ചു കൊണ്ടേയിരുന്നു. എൽദോ ശ്രദ്ധിച്ചു അവൾ കൊടുത്ത കഞ്ഞി മുഴുവൻ അപ്പൻ കഴിച്ചു തീർത്തു..
അലീന പ്ലേറ്റുമെടുത്ത് തിരികെ വന്നപ്പോൾ അവൻ വീണ്ടും ചോദിച്ചു ..
"എന്തിനാണ് നീ ഇങ്ങോട് .."
അവന്റെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ അവൾ അടുക്കളയിലേക്കു പോയി.
പ്ലേറ്റ് കഴുകിവെച്ചിട്ട് തിരികെ വന്നു.. വരാന്തയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു. എൽദോയും അവൾക്കഭിമുഖമായ് ഒരു കസേരയിൽ ഇരുന്നു.
"ഔസേപ് ചേട്ടന്റെ വീടും പറമ്പും വാങ്ങുന്നു എന്നറിഞ്ഞു.. റബ്ബർ മരം വെട്ടാൻ വിളിക്കാൻ വന്നതാണോ..
അലീനയെന്താ ഒറ്റയ്ക്ക്, എവിടെ ഭർത്താവും കുട്ടികളും? "
അവൾ മുഖമുയർത്തി അവന്റെ കണ്ണുകളിൽ നോക്കി.. പതിഞ്ഞ സ്വരത്തിൽ പറഞ്ഞുതുടങ്ങി
"എന്റെ വിവാഹം കഴിഞ്ഞില്ല..
പത്തു മുപ്പതു വയസ്സ് വരെ ഞാൻ കഷ്ടപെട്ടതെല്ലാം കുടുംബത്തിന് കൊടുത്തു.. അനിയന്മാരുടെ ആവശ്യങ്ങൾ കൂടി കൂടി വന്നപ്പോൾ ഞാൻ ഒരു കള്ളം പറഞ്ഞു. ന്യൂസിലാൻഡിൽ ഉള്ള ഒരു ഡോക്ടറുമായി എന്റെ വിവാഹം നടന്നെന്നും, ഇനി പണ്ടത്തേതു പോലെ പണമയക്കാൻ സാധിക്കില്ലെന്നും. അവർക്ക് രണ്ടു പേർക്കും ടൗണിൽ ഓരോ കട ഇട്ടു കൊടുത്തിരുന്നു , സ്വന്തമായി വീടുമായി. വിവാഹം കഴിഞ്ഞ് കുട്ടികളും. എനിക്ക് നമ്മുടെ നാട്ടിൽ തന്നെ സെറ്റിൽ ആകണമെന്നത് കുഞ്ഞുനാള് മുതലുള്ള ആഗ്രഹമായിരുന്നു, നാലഞ്ച് വര്ഷം ശരിക്കും കഷ്ടപ്പെട്ട് മിച്ചം പിടിച്ചത് കൊണ്ടാണ് ഔസേപ്പ് ചേട്ടന്റെ സ്ഥലവും വീടും വാങ്ങിയത്.. നമുക്ക് ജീവിക്കാൻ അത് പോരെ എൽദോ"
അവളുടെ വാക്കുകൾ കേട്ട് എൽദോ സ്തബ്ധനായി.. പ്രത്യേകിച്ചും അവസാനം അവൾ പറഞ്ഞ - "നമുക്ക് ജീവിക്കാൻ അത് പോരെ എൽദോ" എന്ന വരികൾ കാതുകളിൽ പല തവണ അലയടിച്ചു.
അവന്റെ മനസ്സിൽ ഒരു വിടർന്ന കണ്ണുള്ള വെളുത്ത പെൺകുട്ടി മാലാഖയെ പോലെ ചിറകടിച്ചു. കണ്ണുകൾ നിറഞ്ഞു.. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ആദ്യമായി എൽദോ അലീനയുടെ വെളുത്ത് സുന്ദരമായ വിരലുകളിൽ സ്പർശിച്ചു.. അവന് സംസാരിക്കാൻ സാധിക്കുന്നില്ല. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി..
എല്ലാം കേട്ടുകൊണ്ട് അകത്തെ കട്ടിലിൽ കിടന്നിരുന്ന വറീതേട്ടൻ വളരെ നാളുകൾക്ക് ശേഷം വിറയലും ഇടര്ച്ചയുമില്ലാതെ ബൈബിൾ വ്യക്തതയോടെ വായിച്ചു
"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു .. എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; " - ബൈബിളിലെ ഇരുപത്തിമൂന്നാം സങ്കീർത്തനങ്ങൾ..
എൽദോയുടെ ജീവിതത്തിലെ മുപ്പത്തിഅഞ്ചാമതും.
By
Saji.M.Mathew.
12/11/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo