Slider

പ്രണയിക്കുകയായിരുന്നു നാം (കഥ )

0
പ്രണയിക്കുകയായിരുന്നു നാം (കഥ )
കോഫി ഷോപ്പിലെ മങ്ങിയ വെളിച്ചത്തിലും കട്ലെറ്റ് സോസിൽ മുക്കുന്ന അവന്റെ വലത്തേ കൈയിലെ സ്വർണ നിറത്തിലെ റാഡോ വാച്ചിന് അസാധാരണ തിളക്കം..
ദേഷ്യം കൊണ്ട് കണ്ണ് ചുവന്നു.. ചുണ്ടു വിറച്ചു..
ഇന്നലെ അവന്റെ ചേട്ടൻ സൗദിയിൽ നിന്നുംആദ്യമായി വന്നപ്പോൾ കൊടുത്ത സമ്മാനമാണ് ആ വാച്ച്. ..
ഇത്രയും ദിവസം അവന്റെ കൈയിൽ കിടന്നിരുന്നതു കഴിഞ്ഞ പിറന്നാളിന് ഞാൻ വാങ്ങി കൊടുത്ത സിറ്റി സണിന്റെ കറുത്ത നിറത്തിലെ സ്ട്രാപ്പുള്ള ,വലിയ ഡയലുള്ള വാച്ചായിരുന്നു .
സ്വർണ നിറത്തിലെ പുതിയ വാച്ചിനെ എന്റെ സ്നേഹത്തേക്കാൾ പകിട്ടോ.. അതിലെ വെള്ള കല്ലുകൾക്ക് എന്റെ പ്രണയത്തേക്കാൾതിളക്കമോ..?
“ഈ വാച്ച് നിനക്കൊട്ടും ചേരുന്നില്ല.. “
കോഫി മഗ്ഗിലിരുന്നു തണുത്ത കാപ്പിയിലേക്കു കണ്ണും നട്ടു ആരോടെന്നില്ലാതെ അസ്സൂയയോടെ പറഞ്ഞു..
“പോടീ കഴുതേ “
അവന്റെ പ്രതികരണം പെട്ടെന്നായിരുന്നു.
“ഇതിന്റെ വില എത്രയെന്നു നിനക്കറിയാമോ..?”
എനിക്ക് കരച്ചില് വന്നു.
ഞങ്ങളുടെ പ്രണയം തുടങ്ങിയ ആദ്യ വര്ഷം അവൻ സമ്മാനിച്ച സ്വർണ നിറത്തിലെ വാച്ചാണ് ഇപ്പോഴും എന്റെ കൈയിൽ .. വർഷങ്ങൾ ഏഴു കഴിഞ്ഞു. ജോലി കിട്ടിയിട്ടും ഒരു പുതിയ വാച്ച് വാങ്ങാൻ എനിക്ക് തോന്നിയേയില്ല .
മെറൂൺ നിറത്തിലെ അതിന്റെ സ്ട്രാപ്പ് നരച്ചു തുടങ്ങിയപ്പോൾ അവനെ കൂടെ കൂട്ടിയാണ് ഞാൻ ഈ ഇളം മഞ്ഞ നിറത്തിലെ സ്ട്രാപ്പ് എടുത്തത്, അവന്റെ ഇഷ്ടത്തിന്..
അത് കൈയിൽ അണിയുമ്പോൾ അവൻ എന്റെ കൂടെ ഉള്ള ഫീൽ.. ആ ഫീൽ അവനും തോന്നണ്ടേ..?
എന്നിട്ടാണ് ആ ദുഷ്ടൻ...
അല്ലെങ്കിലും പെണ്ണുങ്ങളെ പോലെ സ്നേഹിക്കാൻഒരാണിനും ആവില്ല ..
“കൂട്ടുകാരെ കാണിച്ചു ഒന്ന് ഷൈൻ ചെയ്യണം.. ആദ്യം നിന്നെ കാണിക്കാമെന്നു കരുതി.”
മുന്നിലിരുന്ന കാപ്പി കപ്പ് ദേഷ്യത്തോടെ വലിച്ചു നീക്കി ഞാൻ പോവാനായി എഴുനേറ്റു..
“നീ എന്തേലും ചെയ്”
സ്വരമൽപ്പം കൂടിയത് കൊണ്ടാവും അടുത്ത മേശയിൽ നിന്നും പലരും ഞങ്ങളെ തുറിച്ചു നോക്കി..
“അവിടെ ഇരിക്കെടി “
അവൻ എന്റെ കൈയിൽ പിടിച്ചു ,വീണ്ടും കസേരയിൽ പിടിച്ചിരുത്തി.
മുഖം വീർപ്പിച്ചു, തല കുനിച്ചു ചുമ്മാ മടക്കിയും നിവർത്തിയും മടിയിൽ വെച്ചിരിക്കുന്ന വിരലുകളിലേക്കു നോക്കി മിണ്ടാതെ ഇരിക്കുമ്പോൾ വാച്ചിലേക്ക് നോക്കി അവൻ പറഞ്ഞു.
“നിനക്ക് പോവാൻ ഇനിയും അരമണിക്കൂർ ഉണ്ടല്ലോ .നീയെന്താ കാപ്പി കുടിക്കാത്തതു?”
“ഇനി നീ ഈ വാച്ച് കെട്ടരുത്. എന്റെ മുന്നിലെങ്കിലും”
“പോടീ അവിടുന്ന്.. “
അല്പം പരിഹാസത്തോടെ അവൻ പറഞ്ഞപ്പോൾ വീണ്ടും
ഞാനെഴുന്നേറ്റു .ഇത്തവണ കഴുത്തിൽ അലസമായി ചുറ്റിയിരുന്ന എന്റെ മഞ്ഞ സിൽക്ക് ഷാളിലാണ് അവന് പിടുത്തംകിട്ടിയത്. ഷാൾ അവന്റെ കൈകളിൽ ഉപേക്ഷിച്ചു ഞാൻ നടന്നകന്നു..
സാധാരണ അവനെ ഇറുകെ പുണർന്നു അവന്റെ ബൈക്കിലാണ് എന്റെ ഹോസ്റ്റലിലേക്കുള്ള യാത്ര..
കാറ്റിൽ മുടിയിഴകൾ അവനെ തഴുകും.. അങ്ങിനെ അവനോടു ചേർന്നിരുന്നു അവനെ പ്രണയിച്ചു ഒരു യാത്ര...
വഴിയിൽ ഉടനീളം മൊബൈൽ ശബ്ദിച്ചു
നിബു കാളിങ് ..
മൊബൈൽ ഓഫ് ചെയ്തു..
രാത്രി കിടന്നപ്പോഴാണ് പിന്നെ ഫോൺ ഓൺ ചെയ്തത്. അതിനിടയിൽ അവന്റെ കുറെ മെസ്സേജുകൾ..
തലേന്ന് അവൻ എനിക്ക് വാങ്ങി തന്ന ടെഡി ബെയറിനെ മാറോടു ചേർത്ത് കണ്ണടച്ച് ഞാൻ കിടന്നു..
“ഇനി കല്യാണം വരെ നീ ഇതിനെ കെട്ടിപിടിച്ചു കിടന്നോണം..”
പിങ്ക് നിറത്തിലെ ടെഡിയെ പൊതിഞ്ഞ വലിയ കവർ കൈ മാറുമ്പോൾ കുസൃതിയോടെ കണ്ണിലേക്കു നോക്കി അവൻ പറഞ്ഞു.
അവൻ ഉറങ്ങാതെ കിടക്കുകയാവും..
“പെണ്ണെ നീ മിണ്ടാതിരുന്നാൽ രാത്രി എനിക്ക് ഉറക്കം വരില്ല. എത്ര വേണമെങ്കിലും വഴിക്കിട്ടോ. പക്ഷെ ഉറങ്ങുമ്പോൾ ഒരു മെസ്സേജ്....അല്ലെങ്കിൽ സത്യം ഞാൻ ഉറങ്ങില്ല..”
കഴിഞ്ഞ തവണ പിണങ്ങി രണ്ടു ദിവസം മിണ്ടാതിരുന്നപ്പോൾ പാർക്കിലെ നിറയെ ഇലകൾ കൊഴിഞ്ഞു വീഴുന്ന മരത്തിന്റെ കീഴിൽ വെച്ച് എന്റെ കൈ പിടിച്ചു മാറോടു ചേർത്ത് അവൻ പറഞ്ഞതോർത്തു കണ്ണടച്ച് കിടന്നു.
ഫോൺ എടുത്തു മെസ്സേജ് അയക്കാൻ എനിക്ക് തോന്നിയില്ല.. എന്നാലും വാച്ച് ഇനി എന്റെ മുന്നിൽ കെട്ടില്ലെന്നു പറയാൻ അവനു തോന്നിയില്ലലോ.
ഒരു റാഡോ വാച്ചിന്റെ വില പോലും എന്റെ പ്രണയത്തിനു കല്പിക്കാത്തവൻ ..
ടെഡിയുടെ മുഖത്തേക്ക് ഞാൻ കവിൾ അമർത്തി..
അവനിപ്പോൾ എന്റെ മഞ്ഞ ഷാളിൽ മുഖം അമർത്തി എന്റെ ഗന്ധം നുകർന്ന് ഉറങ്ങാതെ കിടക്കുകയാവും..
ഇത്തവണ മൊബൈൽ ശബ്ദിച്ചപ്പോൾ ഞാൻ എടുത്തു.. അല്ലെങ്കിലും അവനോടു പിണങ്ങി എങ്ങിനെയാണ് ഞാൻ..
“എടീ കഴുതേ ഇനി ഞാൻ നിന്റെ വാച്ച് മാത്രമേ കെട്ടു “
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു..
“അല്ലെങ്കിലും എനിക്കറിയാം എന്നോട് പിണങ്ങിയിരിക്കാൻ നിനക്ക് കഴിയില്ല. അത്രമേൽ നീ എന്നെ സ്നേഹിക്കുന്നു..” ഞാൻ പ്രണയാർദ്രയായി മന്ത്രിച്ചു..
“ഇങ്ങിനെ പറയണമെങ്കിൽ വേറെ ആളെ നോക്കെടി കഴുതേ .. “..
“പോടാ മരത്തലയ ...” ഞാൻ ഫോൺ ഓഫ് ചെയ്തു കട്ടിലിലേക്ക് എറിഞ്ഞു..
ഒപ്പം മാറോടടുക്കി പിടിച്ചിരുന്ന ടെഡിയെ.. നിലത്തേക്കും.. കിടക്കട്ടെ അവിടെ !
***
അവിടെ ..
വെളുത്ത ചായമടിച്ച ചുവരുകൾക്കുളിലെ പതു പതു പതുത്ത മെത്തയിലെ തലയിണയിൽ വിരിച്ചിട്ട മഞ്ഞ സിൽക്ക് ഷാളിലേക്കു നിബു മുഖം പൂഴ്ത്തി..
“ രേഭാ ..ഐ ലവ് യു..” Sanee John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo