Slider

വല്ലി - ഭാഗം 4 (വെളിപ്പെടുത്തൽ)

2
വല്ലി - ഭാഗം 4 (വെളിപ്പെടുത്തൽ)
-----------------------------------------------------
കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ സണ്ണി ഒട്ടും വൈകാതെ തന്നെ ലണ്ടനിലേക്ക് യാത്ര തിരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും സണ്ണിയെ റിസീവ് ചെയ്യാന്‍ നകുലന്‍ എത്തിയിട്ടുണ്ടായിരിന്നു. അറൈവല്‍ ടെര്‍മിനലില്‍ നിന്നും ഇറങ്ങി വന്ന സണ്ണിയെ കണ്ടതും നകുലന്‍ അവനെ കെട്ടിപ്പിടിച്ച് വികരാതീതനായി.
"സണ്ണീ, എന്‍റെ കുഞ്ഞ്.."
"ഛെ, എന്താ ഇത് നകുലാ, കുഞ്ഞു കുട്ടികളെ പോലെ? , അവള്‍ക്കൊന്നും ഇല്ലാ.."
നകുലനെ സമാധാനിപ്പിച്ചു കൊണ്ട് സണ്ണി തുടര്‍ന്നു
"ഞാന്‍ ഇങ്ങു എത്തിയില്ലേ, നമുക്ക് എല്ലാം ശരിയാക്കാം.. ബീ കൂള്‍ മാന്‍.."
*****-------*****
എയര്‍പോര്‍ട്ടില്‍ നിന്നും നകുലനെയും കൊണ്ട് സണ്ണിയുടെ കാര്‍ ലണ്ടന്‍ നഗരത്തിലൂടെ പാഞ്ഞു. യാത്രയില്‍ സണ്ണി വണ്ടി ഓടിക്കുന്ന നകുലനോട് ചോദിച്ചു.
"ഇപ്പോള്‍ അവള്‍ക്ക് എങ്ങിനെ ഉണ്ട്?"
റോഡില്‍ നിന്നും കണ്ണ് മാറ്റി വിഷാദം തളം കെട്ടിയ ഒരു മുഖത്തോടെ സണ്ണിയെ നോക്കി, എന്നിട്ട് വീണ്ടും റോഡിലേക്ക് ശ്രദ്ധ പതിച്ചു നകുലന്‍ പറഞ്ഞു.
"അന്നത്തെ സംഭവത്തിന്‌ ശേഷം യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ രണ്ടാളും ആ ഷോക്കില്‍ നിന്നും ഇത് വരെ റികവര്‍ ആയിട്ടില്ല, പക്ഷെ അവള്‍ക്ക് പിന്നീട് ഇതിന്‍റെ യാതൊരു മാറ്റവും കാണുനില്ല, ഇങ്ങിനെ ഒരു സംഭവം ഉണ്ടായതായി പോലും അവള്‍ ഓര്‍ക്കുന്നില്ല എന്ന പോലെ"
'എന്നിട്ട്‌ ഇപ്പോള്‍ അവള്‍ എവിടെ?'
"സ്കൂളില്‍ പോയിരിക്കുകയാണ്.."
"അവിടെ ചെന്നാല്‍ കാണാന്‍ പറ്റുമോ?"
"ഇപ്പോഴോ?"
"അതെന്താ, ഇപ്പോള്‍ ചെന്നാല്‍ അവളെ കാണിക്കില്ലേ?"
"കാണിക്കും, പക്ഷെ, അത് വേണോ സണ്ണീ.."
"വേണം.."
"അവിടെ വെച്ച് എന്തേലും സീന്‍ ആയാല്‍.." - സംശയത്തോടെ നകുലന്‍ സണ്ണിയെ നോക്കി.
"ആഹ്, ഒന്നും ആവില്ലാ.. നീ എന്നെ നോക്കാതെ നേരെ നോക്കി വണ്ടി സ്ചൂളിലോട്ടു വിട് നകുലാ.."
എന്നിട്ട്‌, വണ്ടിയുടെ ഇടത്-വശത്തെ ഗ്ലാസ്സിലൂടെ ലണ്ടന്‍ നഗരത്തിന്റെ ഭംഗി ആസ്വദിച്ച് കൊണ്ട്, പതിഞ്ഞ സ്വരത്തില്‍ സണ്ണി സ്വയം പറഞ്ഞു - "ഒന്നും ആവില്ലാ.."
*****-------*****
സ്കൂളില്‍ എത്തിയ സണ്ണിയും, നകുലനും പ്രിന്‍സിപാളിന്‍റെ അനുവാദം വാങ്ങിയ ശേഷം അഹല്യയെ കാണാന്‍ വേണ്ടി ഗ്രൗണ്ടില്‍ എത്തി, PT ഹവേഴ്സ് ആയതു കൊണ്ട് അഹല്യയുടെ ക്ലാസ്സിലെ കുട്ടികള്‍ എല്ലാം ഗ്രൗണ്ടില്‍ പല പല കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആ ഗ്രൗണ്ടിന്‍റെ അങ്ങേതലയ്ക്കല്‍ ഉള്ള ഗാല്ലറിയില്‍ അഹല്യ ഒറ്റയ്ക്ക് ഇരിന്നു ഒരു പുസ്തകം വായിക്കുന്നത് നകുലന്‍ ദൂരത്തു നിന്ന് തന്നെ കണ്ടു. അവള്‍ ഇരിക്കുന്ന ഭാഗത്തേക്ക് കൈ ചൂണ്ടി നകുലന്‍ സണ്ണിയോട് പറഞ്ഞു - "അതാ അവള്‍.."
"നീ ഇവിടെ നിന്നാല്‍ മതി.. അവള്‍ക്ക് എന്നോട് മാത്രമാണ് എന്തോ പറയാന്‍ ഉള്ളത്, എന്നോട് മാത്രം.."
നകുലനെ അവിടെ നിര്‍ത്തിയ ശേഷം സണ്ണി അഹല്യ ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നടുത്തു. അവളോട്‌ ഓരോ ചുവട് അടുക്കുമ്പോഴും, പണ്ട് മാടമ്പള്ളി തറവാട്ടിലെ തെക്കിനിയില്‍ ആദ്യമായി വല്ലിയുമായി സംസാരിച്ചപ്പോള്‍ കേട്ട സംഗീതം ചുറ്റുപ്പാടും മുഴങ്ങുന്നത് പോലെ സണ്ണിക്ക് തോന്നി.
സണ്ണി അവളുടെ അരികില്‍ എത്തി, ആ ഗാല്ലറിയില്‍ അവളുടെ സമീപം വന്നു അവളെ നോക്കി ഇരിന്നു. വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം മടക്കി, പുസ്തകത്തില്‍ തന്നെ നോക്കി കൊണ്ട് അഹല്യ ചോദിച്ചു - "നീങ്ക വന്തീട്ടിന്‍ഗ്ളാ?"
"നീ കൂപ്പിട്ട്രാല്‍ വരാതെ ഇരിക്കാന്‍ പറ്റുമോ?"
"ഹഹ, യുവര്‍ തമില്‍ ഈസ്‌ ഓവ്ഫുള്‍ " - ഒരു ചിരിയോടെ സണ്ണിയുടെ മുഖത്ത് നോക്കി അഹല്യ പറഞ്ഞു.
"ഓ, യു സ്പീക്ക്‌ ഇംഗ്ലീഷ് ട്ടൂ.. ഇമ്പ്രസീവ്.." - ചെറിയ പുച്ഛത്തോടെ സണ്ണി പറഞ്ഞു.
"ഞാന്‍ എല്ലാം പഠിച്ചു സണ്ണീ.. ഐ ആം ലിവിംഗ് ദിസ്‌ ഓസം ലൈഫ്"
അത് വരെ വളരെ പ്രസന്നമായിരുന്ന സണ്ണിയുടെ മുഖം പതുക്കെ സീരിയസ് ആയി മാറി, അവന്‍ അവളെ നോക്കി ഇച്ചിരി ദേഷ്യത്തോടെ ചോദിച്ചു, "ആരാണ് നീ?"
"നീ അറിയണം സണ്ണി, നീ എല്ലാം അറിയണം.. ഈ ലോകത്ത് ഈ കഥ ആദ്യം അറിയേണ്ട ആള്‍ നീയാണ്.."
അവളുടെ കണ്ണുകളിലെ തീക്ഷണതയും, ശബ്ദത്തിലെ ആരെയും ഭയപ്പെടുത്തുന്ന ഒരു തരം വെറിയും സണ്ണി തിരിച്ചറിഞ്ഞു.
"നീ ആരായാലും ഈ കുഞ്ഞിനോടല്ല ഇത് ചെയ്യേണ്ടത്.. പറ.. നിനക്കെന്താണ് വേണ്ടത്?" - സണ്ണി അവളോട്‌ അലറി.
"കുഞ്ഞോ , ആരുടെ കുഞ്ഞ്?" - അതും പറഞ്ഞു അവള്‍ അട്ടഹസിച്ചു. അവളുടെ അട്ടഹാസത്തിനു മുന്നില്‍ സണ്ണി പതറി പോയി..
"സണ്ണീ , നിനക്കൊരു വിചാരമുണ്ട്, നീ ഒരു വലിയ സൈക്ക്യാറ്ററിസ്റ്റ് ആണെന്ന്? നീ പണ്ട് വന്നു ചികില്‍സിച്ചത്‌ കാരണം ഗംഗ രക്ഷപ്പെട്ടു എന്നും, പക്ഷെ നീ ചികില്‍സിച്ചത്‌ അവളെ മാത്രമല്ല, എന്നെയും കൂടിയാണ്"
അഹല്യയുടെ കുഞ്ഞു വായില്‍ നിന്നും വരുന്ന ഇത്തരം വാക്കുകള്‍ കേട്ടു സ്തബ്ധനായ സണ്ണി തന്റെ കണ്ണടകള്‍ ഊരി കയ്യില്‍ എടുത്തു ഞെട്ടലോടെ അവളെ നോക്കി.
"ഗംഗയുടെ ഉള്ളില്‍ കയറിയപ്പോള്‍, പ്രതികാരം മാത്രം ആയിരിന്നു എന്‍റെ ചിന്ത.. ഞാന്‍ എന്നെ തന്നെ അന്ധയാക്കുകയായിരിന്നു, ആ അന്ധക്കാരത്തില്‍ നിന്നും എന്നെ കരയ്ക്ക്‌ പിടിച്ചു കയറ്റിയത് നീയും ആ തിരുമേനിയുമാണ് "
ഒന്നും മനസ്സിലാവാതെ സണ്ണി അവിടെ അനങ്ങാതെ നിന്നു.
കുറച്ച് വികരഭാരിതയായി അഹല്യ തുടര്‍ന്നു.
"സണ്ണിക്ക് ഓര്‍മയില്ലേ ആ രാത്രി? അന്ന് സംഭവിച്ചു എന്ന് നിങ്ങള്‍ കരുതിയതെല്ലാം തെറ്റായിരിന്നു, ആ പൂജയുടെ അവസാനം ഞാന്‍ ഒരു ഭ്രാന്തിയെ പോലെ പ്രതികാരം ചെയ്യാന്‍ മാത്രം തിരിച്ചു വന്നതാണ് എന്നെനിക്ക് മനസ്സിലായി, ആ തിരിച്ചറിവില്‍ തിരികെ പോകാന്‍ ഞാന്‍ തീരുമാനിച്ചതുമാണ്. പക്ഷെ.."
അക്ഷമനായി സണ്ണി ചോദിച്ചു "പക്ഷെ ??"
"നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തിനു വേറെ പദ്ധതികള്‍ ഉണ്ടായിരിന്നു, ആ രാത്രി ആ നിമിഷം, നിങ്ങളുടെ ഗംഗയുടെ ഉള്ളില്‍ ഒരു ചെറിയ ജീവന്‍ പൂവണിഞ്ഞിരിന്നു..."
സണ്ണിക്ക് ചുറ്റും ഇരുട്ട് കയറുന്നത് പോലെ തോന്നി...
"എനിക്ക് പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല, ഞാന്‍ ആ ഭ്രൂണത്തിലേക്ക് ചേക്കേറി..ഒരിക്കലും നടക്കില്ല എന്നുറപ്പുള്ള പ്രതികാരത്തിനെക്കാള്‍ ഒരു ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കുന്നതാണ് നല്ലത് എന്ന് ഞാന്‍ ആ രാത്രിയില്‍ തീരുമാനിച്ചു"
നെറ്റിയില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വിയര്‍പ്പു തുള്ളികള്‍ സണ്ണിയുടെ മുഖത്തേക്ക് ഒഴുകി..
"ഏതോ ഒരു സ്ത്രീയുടെ ഉള്ളില്‍ കഴിയുന്നതിനേക്കാള്‍ എത്രെയോ നല്ലതാണ് ഒരാളായി മാറുന്നത്, സണ്ണി നേരത്തെ പറഞ്ഞില്ലേ കുഞ്ഞിനോടല്ല ഇതൊക്കെ ചെയ്യേണ്ടത് എന്ന്, നിങ്ങള്‍ അഹല്യ എന്ന് വിളിക്കുന്ന എന്നില്‍ ഒരു തരി പോലും നകുലനോ, ഗംഗയോ ഇല്ല, എന്നിലെ ഏതു കോശം എടുത്തു നോക്കിയാലും അതിലെല്ലാം വല്ലി മാത്രമേ കാണൂ മിസ്റ്റര്‍ സണ്ണി, ഈ കാണുന്ന എന്നെ ഞാന്‍ തന്നെ ഉരുവാക്കിയതാണ്.. ആ കുഞ്ഞിന്‍റെ ഭ്രൂണം മാത്രമായിരിന്നു നിന്‍റെ കൂട്ടുകാര്‍ക്ക് സ്വന്തം എന്ന് പറയാന്‍ ഉണ്ടായിരിന്നത്.."
അഹല്യ എഴുന്നേറ്റു - എന്നിട്ട്‌ സണ്ണിക്ക് ചുറ്റും നടന്നു.
"ഈ ജീവിതം വളരെ മനോഹരമാണ്, ഞാന്‍ മകളാണെന്ന് കരുതി വാരിക്കോരി സ്നേഹിക്കുന്ന നിന്‍റെ കൂട്ടുക്കാര്‍, ഒരുപാട് ഭാഷകള്‍, ഒരുപാട് സംസ്കാരങ്ങള്‍, ഈ ദേശം, എല്ലാം എനിക്കിഷ്ടമാണ്, ഒരിക്കല്‍ ഞാന്‍ തിരികെ പോകും എന്‍റെ തറവാട്ടിലേക്ക്. അത് വരെ നീയിത് ആരോടും പറയില്ല സണ്ണീ,, പറയാന്‍ നിന്നെ ഞാന്‍ അനുവദിക്കില്ല.."
ഷര്‍ട്ടിന്‍റെ കൈ കൊണ്ട് നെറ്റിയിലെ വിയര്‍പ്പ്തുള്ളി തുടച്ചു കൊണ്ട് സണ്ണി അവളോട്‌ ചോദിച്ചു - "ബ്രഹ്മദത്തന്‍ നമ്പൂതിരി, അദ്ദേഹത്തിന് ഇത് അറിയാമായിരിന്നു അല്ലെ?"
'യെസ്, അന്ന് രാത്രിയില്‍ അയാള്‍ അതറിഞ്ഞിരുന്നില്ല എങ്കിലും, അധികം വൈകാതെ തന്നെ എല്ലാം അയാള്‍ ഗണിച്ചെടുത്തിരിന്നു, ദാറ്റ്‌ ഈസ്‌ ദി ടിഫറന്‍സ് ബിറ്റ്വീന്‍ സയന്‍സ് ആന്‍ഡ്‌ വിച്ക്രാഫ്റ്റ്, യു ആര്‍ ഒണ്‍ലി ഗുഡ് അറ്റ്‌ സയന്‍സ് സണ്ണി'
"എന്തിനു അദ്ദേഹത്തിനെ കൊന്നു?" - വിഷമത്തോടെ സണ്ണി ചോദിച്ചു.
"സത്യം മനസ്സിലാക്കിയ നിമിഷം മുതല്‍, എന്നെ നശിപ്പിക്കാന്‍ ആ മനുഷ്യന്‍ ഇറങ്ങി പുറപ്പെട്ടു, അയാള്‍ക്കത് സാധിക്കും, അയാള്‍ക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ, അയാളെ ഇല്ലാതാക്കാന്‍ ആദ്യമേ ഞാന്‍ ശ്രമിച്ചതാ, പക്ഷെ അയാളുടെ മന്ത്രങ്ങള്‍,,, അത് വളരെ ശക്തിയേറിയതായിരിന്നു, അയാളെ കൊല്ലാന്‍ എനിക്ക് ആയില്ല,, എന്നെ നശിപ്പിക്കാനുള്ള മന്ത്രങ്ങള്‍ അയാള്‍ ആര്‍ക്കും പകര്‍ന്നു നല്കാതിരിക്കാന്‍, അയാളില്‍ ജീവന്‍ മാത്രം ബാക്കി നിര്‍ത്തി ഒരു ജീവച്ഛവം ആയി കിടത്തി ഞാന്‍ കാത്തിരിന്നു,,, ഒടുവില്‍ എന്‍റെ കഥ അറിഞ്ഞപ്പോള്‍, അയാള്‍ എന്നോട് മാപ്പ് പറഞ്ഞു, ഈ ലോകത്ത് നിന്നും പോകാന്‍ സമ്മതം തന്നു. അയാളുടെ സംമ്മതത്തോട്‌ കൂടി അയാളെ ഞാന്‍ കൊന്നു.."
അഹല്യയുടെ കണ്ണുകളിലെ ഭയാനകമായ തീക്ഷണത മനസ്സിലാക്കിയ സണ്ണി അവളോട്‌ ശബ്ദം താഴ്ത്തി ചോദിച്ചു - "എന്തിനാണ് നിനക്ക് ജീവിക്കാന്‍ ഇത്ര കൊതി? രണ്ട് മനുഷ്യജീവന്‍ ഇല്ലാതാക്കി നിന്റേതല്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ എന്തിനാണ് നിനക്കിത്ര വാശി??"
"നിനക്ക് അറിയണം അല്ലെ?? ഞാന്‍ പറയാം..."- ഒരു വേട്ടപ്പട്ടിയുടെ ശൗര്യത്തോടെ ആ ആറു വയസുക്കാരി അലറി....
-തുടരുമായിരിക്കും (prequel)
Author - Sankaran Kutty
2
( Hide )
  1. നന്നായിട്ടുണ്ട്..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete
  2. നന്നായിട്ടുണ്ട്..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo