Slider

*എന്റെ പഴയ വീട്*

0
*എന്റെ പഴയ വീട്*
രാത്രി ഉറങ്ങാൻ കിടക്കുമ്പോ ഭരതേട്ടൻ ഉണ്ടാക്കി തന്ന ഓല പൂക്കൂട കട്ടിലിന്റെ കാലിൽ തൂക്കിയിടും, രാവിലെ ജ്യോതിയേച്ചിയും ബവിജയും നേരത്തെ വരും, കുന്യോറ മലയിൽ ഉള്ളത്ര തുമ്പപ്പു വേറെവിടേം ഇല്ല, അത്തം തുടങ്ങിയാൽ പിന്നെ മലയിൽ രാവിലെ തന്നെ അങ്ങിങ്ങായി കൂട്ടമായി ആളുകളെ കാണാം, പാറകൾക്കിടയിൽ അങ്ങിങ്ങായി കൂട്ടമായ് നിൽക്കുന്ന തുമ്പച്ചെടികളെ പോലെ. ഇന്നലെ ചിണുങ്ങിയ മഴയുടെ തണുപ്പുമായി വീശുന്ന കാറ്റ് കുപ്പായമില്ലാത്ത എന്റെ ശരീരത്തെ ഒന്നിക്കിളിയാക്കും, ചെരുപ്പുകൾ ഇല്ലാത്ത എന്റെ കാൽപാദങ്ങൾ നനഞ്ഞ ചരൽ കല്ലുകളെ ഉണർത്തിയോടുമായിരുന്നു . തുമ്പയും വേലിയേരിപ്പൂവും പൂക്കാറുള്ള മലയുടെ തൊട്ടു താഴെയായിരുന്നു എന്റെ പഴയ വീട്.
"നേരം വെളുത്താ ചെക്കൻ കുന്നിന്റെ മേലെ കേറിക്കോളും " ഇതും പറഞ്ഞോണ്ട് അമ്മ എന്നെ ഉച്ചത്തിൽ വിളിക്കും,. എന്റെ അത്ര വേഗത്തിൽ ഒരിക്കൽ പോലും ആ വിളികൾ കുന്നു കയറാറില്ല, പാതാള കിണറ്റിൽ നിന്നും കോരിയ വെളളം, കറുത്തു കരിവാളിച്ച മുഖത്തൊഴിക്കുമ്പോഴായിരുന്നു വെയിൽ ചൂടിനെ പൂർണ്ണമായും ജയിക്കുന്നത്.
അടുക്കള കോലായിൽ ഇരുന്നു ചോറും വാരി തിന്ന് വീണ്ടും എങ്ങോട്ടൊക്കെയോ .. മെലിയൻ പ്ലാവിൽ ചുറ്റിപ്പിടിച്ച് ഉരലൊന്നു ചവിട്ടിക്കയറി ,പാതാളകിണറ് കുഴിച്ചെടുത്ത വെള്ളമൺകൂനയിലൂടെ ഊർന്നിറങ്ങി ദ്വീപ് തെങ്ങിനെ ഒന്നുലച്ചു നോക്കും, പണ്ട് ലക്ഷദ്വീപിൽ നിന്ന് രവി കൃഷ്ണേട്ടൻ കൊണ്ടുവന്നതാണ് ആ തെങ്ങിൻ തൈ ..
വൈകുന്നേരമായാൽ മാണിക്യേടത്തിയും കുട്ടിയാട്ടമ്മയും അച്ചാമ്മയുടെ വീട്ടിലാണ്, വെയിൽ വെളിച്ചം അണയുന്നേരം, താഴെ പറമ്പിൽ ഗുളികൻ കല്ലിൽ പന്തം കൊളുത്തും, അച്ചാമ്മയുടെ വീട്ടിലെ ഒളിച്ചു കളിയിൽ എന്നെ വേഗം കണ്ടു പിടിക്കും, ഗുളികൻ കല്ലിലെ എണ്ണ കത്തിയ മണം ആണത്ര എനിക്ക്, വല്യച്ഛൻ എപ്പഴും പറയുമായിരുന്നു.
കണ്ണേട്ടൻ വന്നാ പിന്നെ കണ്ണേട്ടന്റെ കൂടെയാ കളി, ആ വലിയ കോലായിൽ ഞങ്ങളെല്ലാരും ഇരുന്നു ബഹളമാണ്. " പിള്ളരോട് ഒച്ചയുണ്ടാക്കാണ്ടിരിക്കാൻ പറ, അച്ഛൻ വിളിച്ചാ കേക്കൂല" അടുക്കളേന്ന് ശാന്തേച്ചിയുടെ ശബ്ദം കേൾക്കാം,
" ശാന്തേ "മേലേത്തെ കോണിയിൽ നിന്നോണ്ട് വല്യച്ഛൻ വിളിക്കും, പുക പിടിച്ച മഞ്ഞ ടോർച്ചും കരണ്ടിയും എടുത്ത് ശാന്തേച്ചി പിന്നാമ്പുറത്തുള്ള മേലത്തെ കോണിയിലേക്ക് വെളിച്ചം കാണിച്ചാലേ വല്യച്ഛൻ ഇറങ്ങുള്ളു. ഒന്നും മിണ്ടാതെ കൈയിലെ മീൻ ശാന്തേച്ചിക്ക് കൊടുത്ത് മുറ്റത്തെ ബക്കറ്റിൽ വെച്ച വെള്ളത്തിൽ മുഖമൊന്നു കഴുകും, ചെവിവരെ നീണ്ട മുടിയും, കുറ്റിത്താടിയേക്കാൾ വളർന്ന മീശയും,മുട്ടിനു മീതെ മുണ്ട് കയറ്റിയുടുത്ത്,മുറ്റത്തൊരു നിൽപ്പുണ്ട്, നടുക്ക് വരെ കുടുക്ക് ഇടാത്ത വല്യച്ഛന്റെ കുപ്പായത്ത കീശയിലെ ബീഡിയും തീപ്പെട്ടിയും ചേർന്ന് ഇടത്തോട്ട് തൂക്കിയിട്ട് നെഞ്ചിനെ പുറത്താക്കിയിട്ടുണ്ടാകും. എന്നിട്ട് മെല്ലെ കോലായിൽ വന്നിരിക്കും. വല്യച്ഛന്റ വലതു ചെവിക്കു പിന്നിലെ മുടിയൊന്നു മാറ്റി ആ വലിയ മുഴ തൊട്ടു നോക്കിയിട്ട് " ഇന്നും ബോംബ് പൊട്ടീലാ '' നു ഞാൻ ഉച്ചത്തിൽ വിളിച്ചു പറയാറുണ്ടായിരുന്നു. അപ്പോഴേക്കും
മാണിക്യേടത്തിയും കുട്ടിയാട്ടമ്മയും ഇറങ്ങും. നല്ല എരിവുള്ള ചക്കക്കുരു കൂട്ടാനും റേഷനരി ചോറും കൂട്ടിയടിക്കുമ്പോഴാണ് അമ്മ ഉച്ചത്തിൽ വിളിക്കാറ്, കൈയിൽ കുറച്ച് വെള്ളം നനച്ച് ചുണ്ടൊന്നു തുടച്ചോണ്ട് അടുക്കള കോലായിലൂടെ ഇറങ്ങിയോടും, ശാന്തേച്ചി ടോർച്ചെടുത്തു വരുമ്പോഴേക്കും ഞാൻ വീട്ടിലെത്തും.
വീട്ടിലെ കൊള്ളിന്റെ മുകളീന്നു ഞാൻ ഇടക്കിടെ താഴേ ഇടവഴിയിലേക്ക് നോക്കും, " അമ്മേ.. ചായക്ക് വെള്ളം വച്ചോ , അച്ഛൻ വരുന്നുണ്ട് "ഇടവഴിയിൽ ടോർച്ചിന്റെ വെട്ടം കണ്ടാൽ ഞാൻ വിളിച്ചു പറയും ..വെട്ടം കൊള്ളിന്റെ അടുത്തെത്തിയാൽ ഞാനും കൂടെ നടക്കും, എന്നാലെ ഏട്ടനു മുൻപേ അച്ഛന്റെ കൈയിലെ പൊതി കിട്ടുള്ളു.
ആപ്പൻ വരുന്ന വരെ സുജാതേച്ചി വീട്ടിലുണ്ടാകും. എന്റെ വീടിന്റെ തൊട്ടു മുകളിലാണ് ആപ്പന്റെ പുതിയ വീട്.
സ്കൂൾ പൂട്ടിയാൽ മദ്രാസിൽനു രാഘവേട്ടനും രാധാമണിയേച്ചിയും ശ്രീജിയും
കണ്ണമ്മോനും വരും, രാഘവേട്ടനെ എല്ലാർക്കും പേടിയാണ്, ആള് പോലീസാണ് .രാഘവേട്ടൻ പോയാലേ കളി തുടങ്ങുള്ളു. രവി കൃഷ്ണേട്ടന്റെ വീട്ടിലാണ് കളി, ഉണ്ണിയേട്ടനും പൊന്നു ചേച്ചിയും അപ്പു, വാവ ,അങ്ങനെ കുറേ പേർ ..
ബിജൂട്ടേട്ടന്റെ കൂടെ മീനാക്ഷിയമ്മമ്മേടെ വീട്ടിൽ പാർക്കാൻ പോകും, മുറ്റത്തെ മാവിന്നു വീണ ഉണ്ണിമാങ്ങ ബീനേച്ചി പെറുക്കി വച്ചിട്ടുണ്ടാകും, മീനാക്ഷിയമ്മമ്മേടെ മടിയിൽ കിടന്നു നാളെ വീഴാൻ ഉള്ള മാങ്ങകൾക്കായി ആ ഇല കുറഞ്ഞ മാവിൻ ചില്ലകൾക്കിടയിലൂടെ ഞാൻ തിരയും.. പിന്നെ കണ്ണു തുറന്നാൽ ഞാൻ അലറി കരയാറാണ്, അച്ഛന്റെ അടുത്തു പോകാൻ, അച്ഛച്ഛൻ എന്നെയും ഒക്കെത്തെടുത്ത് ഇറങ്ങുമ്പോ മീനാക്ഷിയമ്മമ്മ എപ്പഴുo പോലെ പറയും "ഇനി പാർക്കാൻ വരണ്ട ട്ടോ " .. അച്ഛൻ ടോർച്ചടിച്ചു വരാറുള്ള ഇടവഴി എത്തിയാൽ അച്ഛച്ഛന്റെ തോളിൽന്നു ഞാൻ എണീക്കും, മേലെ എന്റെ വീട്ടിലെ വെളിച്ചം എനിക്കപ്പോ കാണാം.
ഞാൻ പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് പതിനാല് വർഷം ആകുന്നു . മീനാക്ഷിയമ്മമ്മ മരിച്ചതിനു ശേഷം ഇപ്പഴാണ് അങ്ങോട്ടൊക്ക പോകുന്നത് .മാണി ക്യേടത്തി, കുട്ടിയാട്ടമ്മ, അച്ചാമ്മ ,കമലാക്ഷിയമ്മ, മീനാക്ഷിയമ്മമ്മ ,ഒരു തലമുറക്കാർ എല്ലാരും പോയി, മീനാക്ഷിയമ്മമ്മേടെ വീട് വീഴാറായി, മുറ്റത്തെ മാവിൽ ഇപ്പോ കുറേ ഇലകളുണ്ട് ,പക്ഷേ മാങ്ങ ഉണ്ടാകാറില്ല പോലും, താഴെതന്നെ ബിജൂട്ടേട്ടൻ പുതിയ വീടു വച്ചു. അവിടെ കയറി അച്ഛാച്ഛനെ കണ്ടു വീണ്ടും നടന്നു, അപ്പൂന്റേം പൊന്നുച്ചേച്ചിന് റം കണ്ണൻമോന്റെം കല്യാണം കഴിഞ്ഞു, ഉണ്ണിയേട്ടനും ഭാര്യയും ദുബൈയിൽ ആണു ,ഞങ്ങളെ കളിസ്ഥലത്ത് രവി കൃഷ്ണേട്ടൻ പുതിയ വീടുവച്ചു,, പഴയവീട് പൂപ്പലു പിടിച്ചു കരയുന്നുണ്ട്.. ഭരതേട്ടന്റെ പുതിയ വീടിന്റെ താഴെ പറമ്പിൽ താരേച്ചിയുടെ പുതിയ വീടുണ്ട്,
"ഒന്നും കഴിക്കാറ്റല്ലേ നീ, മെലിഞ്ഞു പോയല്ലോ", അവിടെ പോയാ ശാന്തേച്ചിയുടെ ചോദ്യമാണ്,, പണ്ടു മുളകിട്ട ചക്കക്കുരു കൂട്ടാനും കൂട്ടി ചോറു തിന്നുന്നതൊക്കെ ശാന്തേച്ചി എപ്പഴും പറയും.
വല്യച്ഛൻ ഇപ്പോ അങ്ങോട്ടു വരാറില്ല, ഇറങ്ങാനും കയറാനും വയ്യ, പഴയ വീട്ടിൽ തന്നയാ.. വല്യച്ഛനെ കാണാൻ വീണ്ടും നടന്നു ,,വല്യച്ഛന്റെ വീടിന്റെ പഴയ ആ വലിയ മുറ്റത്തിന്റെ പകുതി ഇന്നില്ല, അവിടന്നു മണ്ണെടുത്തു മണിയേട്ടൻ വീടുവച്ചു, ഇടവഴിന്നു കയറാൻ ഉള്ള ആ കല്ലുപടികൾ ഇന്നും അതേ പോലെ ഉണ്ട് ,ഇന്ന് ആദ്യമായിട്ടാണ് ഞാൻ അതിനെ ഒന്നു ശ്രദ്ധിക്കുന്നത്, ആരും വരാൻ ഇല്ലന്നറിഞ്ഞിട്ടും ,ആരോക്കെയോ കയറി വരാൻ വേണ്ടി കാത്തിരിക്കുന്ന പടികളെ പോലെ തോന്നി.
വല്യച്ഛന്റെ വീടിന് എന്തൊരു ഇരുട്ടാണ്,
ആകെ കാടു പിടിച്ചു, പറങ്കി മാവ് മുഴുവനായും ആ പഴയ ഓടിനെ ചാരിയാണ്, പണ്ടു ഗുളികൻ തറയിൽ ശീല ചുറ്റിക്കുത്തിയ ശീമക്കൊന്നയൊക്കെ വലുതായതാവണം, ഗുളികൻ തറ കാണാനേ ഇല്ല.
കണ്ണേട്ടനെ അടക്കം ചെയ്തിടത്തേക്ക് നോക്കി വല്യച്ഛൻ എന്തോ
ആലോചിച്ചിരിപ്പാണ്. പണ്ടത്തെ പോലെ അല്ല, താടിയും മുടിയും നീണ്ടു നരച്ചു ,കുപ്പായത്തിന്റെ അടിയിൽ വേറൊരു ബനിയൻ.. തിണയിൽ റേഡിയോ ശബ്ദം കുറച്ച് വച്ചിട്ടുണ്ട്.
സംസാരത്തിനിടയ്ക്ക്, വല്യച്ഛൻ വടിയും കുത്തിപ്പിടിച്ചു എഴുന്നേറ്റു അകത്തേക്ക് പോയി , പെറുക്കി വച്ച കുറേ പഴുത്ത പറങ്കി മാങ്ങയും കല്ലുപ്പുമായിട്ടു വന്നു.. അതിൽ നിന്നു ഒന്നെടുത്തു തന്നോണ്ട് പറഞ്ഞു" ഇതു ഇന്നു വീണതാ, ഇങ്ങൾ പോയേനു ശേഷം ഇതൊന്നും ആരുക്കും വേണ്ടടാ".. ആ മഞ്ഞ പഴുത്ത പറങ്കിമാങ്ങ രണ്ടാക്കി ,ഒന്നിൽ കുറച്ചു കല്ലുപ്പ് തറച്ചു വച്ചു ഞാൻ കഴിച്ചു, ഇത് എനിക്കു വേണ്ടി പെറുക്കി വച്ചതായിരിക്കുമോ എന്നോർത്തതു കൊണ്ടോ ,മേലെ ഇടതു ഭാഗത്ത് എന്റെ പഴയ വീടു കണ്ടതുകൊണ്ടോ, എന്തോ ,രണ്ടാമത്തെ പകുതി എന്റെ കണ്ണീരുപ്പ് കൂട്ടി കഴിച്ചു.ചെവിയിലെ മുടിയൊന്നു മാറ്റി ആ വലിയ മുഴ ഇന്നൊന്നുകൂടെതൊട്ടു നോക്കികൊണ്ട് ഞാൻ ചിരിച്ചു.
ശാന്തേച്ചി ടോർച്ച് വെളിച്ചം കാണിക്കാറുള്ള കരിങ്കൽ കോണിയിലൂടെ ഞാൻ മേലോട്ട് കയറി, വല്യച്ഛന്റെ വീടിന്റെ മേൽക്കൂര വരെ കാടു പിടിച്ചിരിക്കുന്നു, അച്ഛൻ വരാറുള്ള ഇടവഴിയും കാടു മറച്ചു, കാട് പിടിക്കാത്ത എന്റെ ഓർമ്മകളിൽ ഇന്നും ആ വഴികൾ ഉണ്ട്... എന്റെ വീട്ടിൽ ആരൊക്കെയോ ഉണ്ട്, ഞാൻ ആപ്പന്റെ വീട്ടിലേക്ക് പോയി, അവിടന്നു നോക്കിയാ എന്റെ പഴയ വീട് നന്നായിട്ട് കാണാം. ദ്വീപ് തെങ്ങിന് ഒട്ടും നീളം വച്ചില്ല, മുറ്റത്തെ കണി കൊന്ന അവരു മുറിച്ചു കളഞ്ഞു. സുജാതേച്ചി എനിക്കു കൊണ്ടോവാൻ ഒരു പഴുത്ത ചക്ക എടുത്തു വയ്ക്കുന്നേരം ഞാൻ കുന്യോറ മലയിലേക്ക് ഒന്നു കയറി നോക്കി, രണ്ട് കോളജുകൾ തലയുയർത്തി നിൽക്കുന്നു, ഞങ്ങളെ കളിസ്ഥലത്തൂ കൂടെ ഒരു റോഡുണ്ട്.. എല്ലാം ഒരു നോക്കു നോക്കി ഞാൻ തിരിച്ചു താഴേക്കിറങ്ങി, എന്റെ പുതിയ വീട്ടിലേക്ക്..

Rizwa
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo