Slider

വല്ലി - ഭാഗം 3 (ക്ഷണം)

0
വല്ലി - ഭാഗം 3 (ക്ഷണം)
------------------------------------
ഓഫീസിൽ നിന്നും ഓടിക്കിതച്ചെത്തിയ നകുലൻ വാതിൽ തുറന്നു ഫ്ലാറ്റിലേക്ക് കയറി.
"നകുലേട്ടാ, നമ്മുടെ മോൾ, അവൾ.." - നകുലനെ കണ്ടതും ഗംഗ കരഞ്ഞു വിളിച്ചു കൊണ്ട് അവൻറെ മാറിൽ ചാരി വിതുമ്പി.
'ഒന്നുമില്ല ഗംഗേ, അവൾക്കൊന്നും ഇല്ല, എവിടെ അവൾ?"
ടിവി ഇരിക്കുന്ന മുറിയിലേക്ക് ഗംഗ വിരൽ ചൂണ്ടി.
നകുലൻ പതുക്കെ അവളെ തള്ളി മാറ്റി ആ മുറിയിലേക്ക് നടന്നടുത്തു. ടിവിയിൽ തമിഴ് പാട്ട് ഇപ്പോഴും കേൾക്കാം. നകുലൻ ആ മുറിയിൽ എത്തി അഹല്യയെ നോക്കി. അവൾ ആ പാട്ട് ആസ്വദിക്കുകയാണ്. അവളുടെ കണ്ണുകളിലെ ആനന്ദവും, ഉന്മാദവും നകുലനെ ഭയചകിതനാക്കി. നകുലന്റെ സാമീപ്യം അവൾ അറിയുന്നില്ലേ? നകുലൻ അവളെ വിളിച്ചു.
"മോളെ.."
ഇല്ലാ, അവൾ നകുലനെ ശ്രദ്ധിക്കുന്നില്ല, അവളുടെ പൂർണ്ണ ശ്രദ്ധയും ടിവിയിലെ പാട്ടിലും, നൃത്തത്തിലും ആണ്.
"മോളെ, അപ്പ വന്നിട്ട് മോൾ എന്താ ഒന്നും പറയാത്തെ?" - നകുലൻ അവളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിച്ചു. പക്ഷെ അവൾ അതൊന്നും കേൾക്കുന്നില്ലായിരുന്നു. അവൾ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട ഗംഗ പേടിച്ച് നകുലൻറെ പിറകിൽ വന്നു നിന്നു. ഭയത്താൽ അവളുടെ കരങ്ങൾ നകുലൻറെ തോളിൽ മുറുകി.
നകുലൻ സാവധാനം, അഹല്യ ഇരിക്കുന്ന സോഫയിൽ, അവളുടെ അടുത്ത് പോയി ഇരിന്നു. അവളിൽ പക്ഷെ ഒരു ഭാവഭേദവും ഇല്ല.
'മോളിത് ഏതു ചാനൽ ആണ് കാണുന്നത്, നിനക്ക്‌ തമിഴ് അറിയില്ലലോ? നമുക്ക് കാർട്ടൂൺ കാണാം' - ഇതും പറഞ്ഞ് നകുലൻ മുന്നിലെ ടീപ്പോയിൽ കിടന്ന റിമോട്ട് എടുത്തു ചാനൽ മാറ്റാൻ ശ്രമിച്ചു. നകുലൻ റിമോട്ടിൽ അടുത്ത ചാനൽ ഞെക്കി, ടിവി ഒന്ന് ബ്ലിങ്ക് ചെയ്തിട്ട് വീണ്ടും ആ തമിഴ് പാട്ടും, നൃത്തവും തന്നെ കാണിക്കുന്നു, ചാനൽ നമ്പർ 74. നകുലനു എന്തോ പന്തികേട് തോന്നി.
നകുലൻ വീണ്ടും ചാനൽ മാറ്റാൻ ശ്രമിച്ചു, ചാനൽ 75, ചാനൽ 76 , ചാനൽ 77 , ചാനൽ 78 - എല്ലാത്തിലും ഇതേ പാട്ടും നൃത്തവും.
നകുലന്റെ നാഡി-ഞരമ്പുകൾ വലിഞ്ഞു മുറുക്കുന്നത് പോലെ തോന്നി. നകുലൻ റിമോട്ട് ഉപയോഗിച്ച് ടിവി മ്യൂട്ട് ചെയ്യാൻ ശ്രമിച്ചു, പക്ഷെ പാട്ട് നിൽക്കുന്നില്ല, റിമോട്ട് ഉപയോഗിച്ച് പവർ ഓഫ് ചെയ്യാൻ ശ്രമിച്ചു, രക്ഷയില്ല. എന്ത് ചെയ്തിട്ടും ആ പാട്ട് നിർത്താൻ നകുലന് ആവുന്നില്ല. നകുലൻറെ നെഞ്ചിടിപ്പ് കൂടി. അവൻ അഹല്യയെ നോക്കി, യാതൊരു ഭാവഭേദവും ഇല്ലാതെ അവൾ ആ പാട്ട് ഇപ്പോഴും ആസ്വദിക്കുന്നു.
നകുലൻ ചാടി എഴുന്നേറ്റു പോയി ടിവിയുടെ പവർ കേബിൾ വലിച്ചൂരി. ആ നിമിഷത്തെ കാഴ്ച; നകുലൻറെയും, ഗംഗയുടെയും ഹൃദയമിടിപ്പ് പതിൻമടങ്ങ് വർദ്ധിപ്പിച്ചു. ആ ടിവിയിലെ പാട്ടും, നൃത്തവും വീണ്ടും തുടരുന്നു. ഗംഗ വീണ്ടും ഓടി വന്നു നകുലന്റെ പിറകിൽ അഭയം തേടി. അവർ രണ്ട് പേരും അഹല്യയെ ഭീതിയോടെ നോക്കി. അവളുടെ കണ്ണുകൾ ഇപ്പോഴും ടിവിയിൽ തന്നെയായിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആ പാട്ട് നിന്നു, ടിവി ഓഫ് ആയി.
അഹല്യയുടെ കണ്ണുകൾ നകുലനിലേക്ക് തിരിഞ്ഞു. തികഞ്ഞ നിശബ്ദത. എന്ത് പറയണമെന്ന് അറിയാൻ വയ്യാതെ, ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്ന നകുലന്റെ മുഖത്തു നോക്കി അഹല്യ പറഞ്ഞു -"അപ്പാ, സണ്ണി അങ്കിൾ വരും"
***************************************************************************
അതേ സമയം. സണ്ണിയുടെ വസതി, സൂറിച്ച്, സ്വിറ്റ്സർലൻഡ്. ഡോക്ടർ സണ്ണി ഇപ്പോൾ ഒരു വർഷമായി സൂറിച്ച് സർവകലാശാലയിൽ വിസിറ്റിംഗ് ഫാക്കൽറ്റി ആയി ജോലി ചെയ്യുന്നു.
കോളേജിൽ നിന്നും തിരികെ വരുന്ന സണ്ണി തൻ്റെ അപ്പാർട്മെന്റിലേക്കു നടന്നു കയറുന്നു, മൂന്നാം നിലയിൽ ആണ് സണ്ണിയുടെ ഫ്ലാറ്റ്. സണ്ണി ലിഫ്റ്റ് ഉപയോഗിക്കാറില്ല, നടന്ന് കയറുന്നതാണ് പുള്ളിക്ക് ഇഷ്ടം. ഫ്ളാറ്റിന് മുന്നിൽ എത്തി, വാതിൽ തുറക്കാൻ നോക്കിയപ്പോൾ, വാതിൽ നേരത്തെ തന്നെ തുറന്നിട്ടുണ്ട്. 4 മണിക്ക് ഫ്ലാറ്റ് വൃത്തിയാക്കാൻ വരുന്ന ഒരു ജർമൻ മെയ്ഡ് ഉണ്ട്, അവർ തുറന്നതാണ്. സണ്ണി വാതിൽ തള്ളി അകത്ത് കയറി.
സണ്ണിയെ കണ്ടതും മെയ്ഡ് വിഷ് ചെയ്തു.
"ഹലോ ഡോക്ടർ, ഹൗ വാസ് യുവർ ഡേ"
"ആസ് ഗുഡ് ആസ് യു, ആഞ്ചേല കൊച്ചേ" - ഒരു ചെറുപുഞ്ചിരിയോടെ സണ്ണി മറുപടി പറഞ്ഞു.
"ഐ ആം നോട്ട് യെറ്റ് ഡൺ ഡോക്ടർ, ഗിവ് മി ടെൻ മോർ മിനിട്സ്" - പണി തീർക്കാൻ പത്ത് മിനിറ്റ് കൂടി ആഞ്ചേല ആവശ്യപ്പെട്ടു.
"ടേക്ക് യുവർ ടൈം കൊച്ചേ, ഐ വിൽ ബി അറ്റ് ദി ബാൽക്കണി"
അതും പറഞ്ഞു സണ്ണി തൻ്റെ ബാഗ് സോഫയിൽ ഇട്ടേച്ച്, അടുക്കളയിൽ നിന്നും ഒരു വൈൻഗ്ലാസും, റെഫ്രിജറേറ്ററിൽ നിന്നും ഒരു വൈൻ ബോട്ടിലും എടുത്ത് ബാല്കണിയിലേക്കു നടന്നു.
വൈൻ ഗ്ലാസിലേക്കു പകർന്നു ഒരു സിപ് എടുത്ത ശേഷം, ബാല്കണിയിൽ ഉള്ള കസേരയിൽ ഇരിന്നു, മേശയിൽ കാലും നീട്ടി വച്ച് സണ്ണി സൂറിച്ച് നഗരത്തിന്റെ ഭംഗി ആസ്വദിച്ചു. എത്ര കണ്ടാലും കൊതി തീരാത്ത ഒരു സുന്ദരിയാണ് ഈ നഗരം. ആ ആസ്വാദനത്തിൽ മുഴുകി സണ്ണി, ഇടയ്ക്ക് എപ്പോഴോ ആ ഗ്ലാസിൽ നിന്നും ഒരു സിപ് കൂടി വൈൻ കുടിച്ചു. പെട്ടെന്ന് വായിൽ എന്തോ തടഞ്ഞ പോലെ.
അതെന്താണ് എന്നറിയാൻ സണ്ണി കൈവിരലുകൾ കൊണ്ട് വായിൽ നിന്നും ആ വസ്തു പുറത്തേക്ക് എടുത്തു.
സണ്ണിക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, അതൊരു മണിയായിരുന്നു, ഒരു ചിലങ്കമണി.
സണ്ണി തൻ്റെ കണ്ണടകൾ ഊരി മേശപ്പുറത്ത് വച്ച ശേഷം, ചെറിയൊരു പരിഭ്രമത്തോടെ ആ വൈൻ ഗ്ലാസ്സിലേക്കു സൂക്ഷിച്ച് നോക്കി, ആ ഗ്ലാസിന്റെ താഴെ നിറച്ചും ചെറിയ, ചെറിയ ചിലങ്കമണികളാണ്.
കയ്യിൽ കിട്ടിയ ചിലങ്കമണി മാത്രം നോക്കി, ഇടതൂർന്ന താടി തടവി കൊണ്ടിരിക്കുന്ന സണ്ണിയുടെ പിറകിൽ നിന്നും പെട്ടെന്ന് ആ ശബ്ദം കേട്ടു.
"ഐ ആം ഡൺ ഡോക്ടർ, സീ യു ടുമോറോ, ബൈ"
"ബൈ ആഞ്ചേല കൊച്ചേ" - ആ ചിലങ്കമണിയിൽ നിന്നും കണ്ണെടുക്കാതെ ഡോക്ടർ പറഞ്ഞു
കയ്യിൽ എന്താണെന്ന് അറിയാൻ ഉള്ള ത്വര നിമിത്തം ആഞ്ചേല ചോദിച്ചു-
"വാട്ട് ഈസ് ഇറ്റ്, ഇൻ യുവർ ഹാൻഡ്‌സ്, ഡോക്ടർ?"
"ഇറ്റ്സ് ആൻ ഇൻവിറ്റേഷൻ ആഞ്ചേല കൊച്ചേ, ആൻ ഇൻവിറ്റേഷൻ ജസ്റ്റ് ഫോർ മി"
മറുപടി കേട്ടു തലയാട്ടി ആഞ്ചേല യാത്രയായി, സണ്ണി പക്ഷെ സ്വയം പറഞ്ഞു - "ഒരിക്കലും വരാൻ പാടിലാത്ത ഒരു ക്ഷണം"
- തുടരും
Author - Sankaran Kutty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo