ഭാര്യ ഭാഗം - 3
-----------------------
-----------------------
ദിനരാത്രങ്ങൾ പലത് വന്നു പോയി. മഞ്ജു ഒരമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ്. ഇന്നുവരെ മഞ്ജുവിനെ അത്ര സന്തോഷത്തിൽ ഞാൻ കണ്ടിട്ടില്ലായിരുന്നു. ഓരോ ദിവസം കഴിയുംതോറും അവൾ കൂടുതൽ കൂടുതൽ ഉന്മേഷവതിയായി. അത് കാണുമ്പോൾ എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പക്ഷെ, ഒപ്പം ഒരു നീറ്റലും.
കിച്ചുവിന് ഒന്നര വയസ്സ് കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മുഴുവൻ സമയവും അവൻ മഞ്ജുവിന്റെ പുറകെ ആണ്. തനിയെ ഇരുന്ന് കളിക്കുകയാണെങ്കിലും അൽപനേരം കഴിഞ്ഞാൽ അവൻ മഞ്ജുവിനെ അന്വേഷിച്ചു ചെല്ലും. അവളുടെ ഒരു വിളി മതി, കിച്ചു ഓടി എത്തും. അവൻ അങ്ങനെ ഓടി മഞ്ജുവിന്റെ അരികിൽ വരുമ്പോൾ എനിക്ക് ഭയമാണ്. അവൻ കുഞ്ഞാണ് അവനൊന്നും അറിയില്ല. അവൾ ഗർഭിണിയുമാണ്. അശ്രദ്ധകൊണ്ട് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഒരു ആധി എപ്പോളും എന്റെ ഉള്ളിൽ കിടന്നു വിങ്ങി.
പക്ഷെ മഞ്ജുവിന് അതൊന്നും ഒരു വിഷയമായിരുന്നില്ല. അവൾക്ക് കിച്ചുവില്ലാതെ ഒരു നേരം പോലും വയ്യായിരുന്നു. സ്വന്തമായി ഒരു കുഞ്ഞുണ്ടാകുമ്പോൾ അവൾക്ക് കിച്ചുവിനോടുള്ള സ്നേഹം കുറഞ്ഞു പോകും എന്ന് ഭയന്ന എനിക്ക് തെറ്റി. കിച്ചുവിന്റെ കാര്യങ്ങളിൽ മഞ്ജു കൂടുതൽ ശ്രദ്ധ വച്ചു. ഒപ്പം കുഞ്ഞു വാവ ഉണ്ടാകാൻ പോകുന്ന വിവരവും അവൾ പലപ്പോഴായി അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഒന്നര വയസുള്ള കുഞ്ഞിന് മുതിർന്നവർ പറയുന്നത് എത്ര കണ്ട് മനസ്സിലാവും? എനിക്കൊരു രൂപവും കിട്ടിയില്ല. പക്ഷെ എന്തുകൊണ്ടോ... അവൾ പറയുന്നതിനെല്ലാം കിച്ചു തലയാട്ടി കൊടുത്തിരുന്നു. അവരുടെ ലോകത്ത് അവർ അമ്മക്കും മകനും മാത്രമായി എന്തോ ഭാഷയുണ്ടെന്ന് എനിക്ക് തോന്നി. മറ്റുള്ളവർക്ക് അത് കാണാനോ മനസ്സിലാക്കാനോ സാധിക്കില്ല.
ചില സമയത്തെ അവളുടെ പെരുമാറ്റം കണ്ടാൽ അവനെ പ്രസവിച്ചത് മഞ്ജുവാണെന്ന് തോന്നി പോകും. കിച്ചുവിനെ മാറ്റി കിടത്തുവാൻ പോലും മഞ്ജു സമ്മതിച്ചില്ല. എത്ര വയ്യാതായാലും അവൾ അവനെ ശ്രദ്ധയോടെ നോക്കി. കിച്ചു പറയുന്നതൊന്നും പലപ്പോഴും എനിക്ക് മനസ്സിലാവാറില്ല. പക്ഷെ മഞ്ജു എല്ലാം മനസ്സിലാക്കിയിരുന്നു. കുഞ്ഞുവാവ എന്ന് അവന്റെ ഭാഷയിൽ പറഞ്ഞു മഞ്ജുവിന്റെ വയറിൽ കൈവക്കുമ്പോൾ ഉള്ളിൽ അനക്കം ഉണ്ടാകുന്നു എന്ന് അവൾ പറയുന്നു. അത് പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആ കണ്ണുകളിൽ കാണാം.
പക്ഷെ എന്റെ ഉള്ളിലെ ഭീതി ഒരിക്കലും മാറിയില്ല. ഓരോ ദിവസം കഴിയുംതോറും അത് പൂർവാധികം ശക്തിയായികൊണ്ടിരുന്നു. അവൾ ഒരു സ്ത്രീയാണ്. അമ്മയായി കഴിയുമ്പോൾ അവളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. അമ്മമാർക്ക് സ്വന്തം മക്കളവരുടെ സ്വാർത്ഥതയാണ്. ആ സ്വാർത്ഥതയിൽ കിച്ചുവിന്റെ ജീവിതം ഒരു ചോദ്യചിഹ്നം ആകുമോ? എത്ര ആലോചിച്ചിട്ടും എനിക്കൊരുത്തരം കിട്ടിയില്ല. പക്ഷെ അതവളോട് ചോദിക്കാനോ ഈ വിഷയം ചർച്ച ചെയ്യാനോ ഞാൻ ആഗ്രഹിച്ചില്ല.
മഞ്ജുവിന് ഇത് ഏഴാം മാസം ആണ്. അവളുടെ ആദ്യത്തെ പ്രസവം ആയത് കൊണ്ട് അവളുടെ വീട്ടുകാർ കൂട്ടികൊണ്ടുപോകൽ ചടങ്ങ് നടത്തണം എന്ന് പറഞ്ഞു. പക്ഷെ അച്ഛനും അമ്മയ്ക്കും അതിൽ തീരെ താല്പര്യം തോന്നിയില്ല. മഞ്ജുവിനോടുള്ള സ്നേഹം ആയിരുന്നു അതിന് ഒന്നാമത്തെ കാരണം. രണ്ടാമത്തേത് ഭയം ആയിരുന്നു. അഞ്ജലിയെ ഇത് പോലെ പ്രസവത്തിന് കൊണ്ട് പോയിട്ട് പിന്നെ ജീവനോടെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ല. അതിന്റെ ഭയം അവർക്കുണ്ടായിരുന്നു. അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ... ഇനി ഒരിക്കൽ കൂടി അതൊന്നും സഹിക്കാൻ കഴിയില്ല.
പക്ഷെ മനസ്സില്ലാമനസ്സോടെ ആണെങ്കിലും അവളെ പറഞ്ഞയക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. അത് അവളുടെ സന്തോഷത്തെ കരുതിയായിരുന്നു. പക്ഷെ, മഞ്ജുവിന്റെ പ്രതികരണം തീർത്തും മറ്റൊന്നായിരുന്നു. പോകുന്നില്ല എന്നവൾ കടുപ്പിച്ച് പറഞ്ഞു. മാത്രവുമല്ല അവൾ തന്നെ അവളുടെ അച്ഛനെ വിളിച്ച് വരുന്നില്ല, പ്രസവം ഇവിടെ ആകുന്നത് അവൾക്കിഷ്ടം എന്ന് അറിയിക്കുകയും ചെയ്തു. അവൾക്ക് ഞങ്ങളോടുള്ള സ്നേഹത്തിൽ എല്ലാവർക്കും വല്ലാത്ത സന്തോഷം തോന്നി. അച്ഛനും അമ്മയും സ്നേഹത്തോടെ കണ്ണുനിറക്കുന്നതും അവളെ തലയിൽ കൈവച്ചു അനുഗ്രഹിക്കുന്നതും ഞാൻ നോക്കി നിന്നു.
മഞ്ജു അങ്ങനൊരു തീരുമാനം എടുത്തതിന്റെ പിന്നിലെ കാരണം എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു കാര്യത്തിനും അവൾ ഇത്ര കടുപ്പിച്ചു മറുപടി പറയുകയുണ്ടായിട്ടില്ല. എല്ലാം ഞങ്ങളുടെ ഇഷ്ടത്തിന് വിട്ടു തരികയായിരുന്നു പതിവ്. പക്ഷെ ഇതിൽ അവൾ ആരുടേയും അഭിപ്രായം പോലും ചോദിക്കാതെ ഒറ്റക്കൊരു തീരുമാനം എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. അവളുടെ ഉള്ളിൽ അതിന് ശക്തമായ ഒരു കാരണം കാണും എന്ന് തോന്നി. ഞാൻ അത് അവളോട് ചോദിക്കുകയും ചെയ്തു. മഞ്ജു പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഹരിയേട്ടാ.. ഞാൻ പോണത് ഹരിയേട്ടന് ഇഷ്ടമുണ്ടോ?
ഇല്ല. എന്നാലും...
അച്ഛനും അമ്മയ്ക്കും ഇഷ്ടമുണ്ടോ?
ഇല്ലാ...
പിന്നെയും അവളൊന്നു പുഞ്ചിരിച്ചു. ഞാൻ എന്തോ ചോദിക്കാൻ തുടങ്ങുന്നതിനു മുൻപേ അവൾ പറഞ്ഞു തുടങ്ങി.
എന്നാ നിങ്ങൾക്കിഷ്ടമില്ലാത്തോണ്ടല്ല ഞാൻ പോവാത്തെ...
ഞാൻ അവളെ സൂക്ഷിച്ചു നോക്കി. മഞ്ജു എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് വ്യക്തമായി മനസ്സിലായില്ല. എന്റെ നെഞ്ചിലേക്ക് തലവച്ചു കിടന്നുകൊണ്ട് അവൾ തുടർന്നു.
ഞാൻ പോയാൽ പിന്നെ കിച്ചുവിനെ ആരാ നോക്കുക? അവനെ കൊണ്ട് പോവാന്ന് വച്ചാൽ അതും ശരിയാവില്ല. അവിടെ അവന് ചിലപ്പോ ഇവിടെ കിട്ടുന്ന പോലെ സുഖവും സന്തോഷവും കിട്ടണമെന്നില്ല.
ഇവിടെ ഉള്ളവർ കിച്ചുവിന്റെ അച്ഛനും അമ്മയും അച്ഛമ്മയും അച്ചച്ചനും ഒക്കെ ആണ്. ഇവിടെ അവന് ഒരു കുറവും ഉണ്ടാവില്ല. പക്ഷെ, അവിടെ എല്ലാവരും അവനെ സ്വന്തമായി കാണണമെന്നില്ല. അവർക്ക് കിച്ചുവിനോട് അകൽച്ച തോന്നിയാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല. അവനെ ഇവിടെ ആക്കിട്ട് ഞാൻ മാത്രം പോയാൽ എനിക്ക് തീരെ മനസ്സമാധാനം ഉണ്ടാവില്ല. ഇവിടാകുമ്പോ ഒരു കുഴപ്പവുമില്ല. എല്ലാർക്കും സന്തോഷമാകും.
എനിക്ക് ആകെ വല്ലായ്മ തോന്നി. കിച്ചുവിനെ അവൾ അന്തമായി സ്നേഹിക്കുന്നു. അവനെ ആരെങ്കിലും അകറ്റി നിർത്തുന്നത് പോലും മഞ്ജു ഇഷ്ടപ്പെടുന്നില്ല. അതിനായി സ്വന്തം വീട്ടിലേക്ക് പോലും പോകുന്നില്ല. ഈശ്വരാ... എന്റെ മനസ്സ് വിങ്ങി.
മഞ്ജു... കിച്ചുവിന്റെ കാര്യം ഓർത്ത് നീ വിഷമിക്കണ്ട. അവനെ ഞാൻ നോക്കിക്കോളാം. നീ വീട്ടിലേക്ക് പൊയ്ക്കോ. ഇല്ലേൽ നിന്റെ അച്ഛനും ഏട്ടനും ഒക്കെ അതൊരു വിഷമം ആകും. ഞങ്ങൾക്ക് നിന്നെ വിടാൻ താല്പര്യമില്ലാഞ്ഞിട്ടാണെന്ന് അവർ കരുതും. പിന്നെ വേണേൽ നീ പോയിട്ട് കുറച്ചു ദിവസം കഴിയുമ്പോൾ പോന്നോളൂ.
വേണ്ട ഹരിയേട്ടാ... ഞാൻ എങ്ങോട്ടും പോകുന്നില്ല. ഇപ്പൊ എന്റെ ലോകം ഇവിടുള്ളവരാ. അച്ഛനും അമ്മേം ഹരിയേട്ടനും കിച്ചുവും പിന്നെ നമ്മുടെ കുഞ്ഞും. അത് മതി. അവിടെ പോയാലും എനിക്ക് ഇവിടത്തെ ചിന്ത ആയിരിക്കും. അത് പിന്നെ ടെൻഷൻ ആകും. വേണ്ട.
പിന്നെയും ഞാൻ പലതും പറഞ്ഞു നോക്കിയെങ്കിലും അവൾ തീരുമാനം മാറ്റിയില്ല. അവളുടെ സ്നേഹം കണ്ട് സന്തോഷം തോന്നിയെങ്കിലും ഉള്ളിലിരുന്ന് ഒരു നെരിപ്പോട് പുകയുന്നുണ്ടായിരുന്നു.
ആഴ്ചകളും മാസങ്ങളും കടന്നു. മഞ്ജുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. അമ്മയുടെ മുഖത്ത് മുൻപൊരിക്കൽ ഇത്പോലെ നിന്നതിന്റെയും തിക്താനുഭവങ്ങൾ ഉണ്ടായതിന്റെയും വേദന കാണാമായിരുന്നു. മഞ്ജു പക്ഷെ വളരെ ശാന്തയായിരുന്നു. ലേബർ റൂമിലേക്ക് പോകുന്നതിനു മുൻപും അവൾ കിച്ചുവിനോട് എന്തൊക്കെയോ പറയുന്നു, അവന് ഉമ്മ കൊടുക്കുന്നു, അമ്മ കുഞ്ഞാവനേം കൊണ്ട് വേഗം വരാമെന്ന് പറയുന്നു. എല്ലാം കേട്ട് അവൻ തലയാട്ടുന്നു. എല്ലാം അറിഞ്ഞു പ്രവർത്തിക്കുന്ന അനുസരണയുള്ള കുട്ടിയായി അവൻ അച്ഛന്റെ കൈയിൽ ഇരിക്കുന്നു.
എന്റെ മനസ്സ് ആകെ അസ്വസ്ഥമാണ്. നെഞ്ചിനുള്ളിൽ വല്ലാത്ത പിടച്ചിൽ. പ്രസവിക്കാൻ പോയ മഞ്ജുവിന് ഇല്ലാത്ത ടെൻഷൻ എനിക്കുണ്ടായിരുന്നു. ഇരുന്നിട്ടും നിന്നിട്ടും നടന്നിട്ടും ആശ്വാസം കിട്ടുന്നില്ല. ഉള്ളിൽ വല്ലാത്തൊരു ഭാരം. ഏറെ നേരം ആയിട്ടും ഒരു വിവരവും കിട്ടുന്നില്ല. വല്ലാത്തൊരു ആധി ഉള്ളിൽ കിടന്നു പിടച്ചു. പെട്ടെന്ന് അകത്ത് നിന്നു ഒരു നേഴ്സ് വന്നു ചോദിച്ചു.
മഞ്ജുളയുടെ ആരെങ്കിലും ഉണ്ടോ?
ഞെട്ടലോടെ ഞാൻ എണീറ്റു. നടന്ന് നഴ്സിനടുത്ത് എത്തുമ്പോളേക്കും എന്റെ മനസ്സ് രണ്ടു വർഷം മുൻപ് അഞ്ജലിയെ പ്രസവത്തിന് അഡ്മിറ്റ് ചെയ്തപ്പോലത്തെ ഓർമ്മകളിലേക്ക് പോയി. ഭീതിയോടെ ഞാൻ ആ നഴ്സിനടുത്തേക്ക് ചെന്നു.
(തുടരും)
(തുടരും)
Samini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക