Slider

ഇങ്ങനെ.... പിരിയാനായിരുന്നെങ്കിൽ.... 1

0

ഇങ്ങനെ.... പിരിയാനായിരുന്നെങ്കിൽ....
=====================================
ഇരുട്ടത്ത് ഓട്ടോയിൽ വന്നിറങ്ങിയ അനു വിനേം മോളേം കണ്ടിട്ട് ലക്ഷ്മിയമ്മ ചോദിച്ചു "അല്ലാ.. ഇതെന്താ ഓട്ടോയില്...ഗിരിയെവിടെ "
" വരുന്ന വഴിയ്ക്ക് ഞാൻ രണ്ട് വെറ്റില വാങ്ങീക്ക്, അമ്മ വാ നമുക്കൊന്ന് മഷീട്ട് നോക്കാം .... നിന്ന നിപ്പീന്ന് കാണാതായതാ അമ്മേടെ മോനെ"
വീർപ്പിച്ച് കെട്ടിയ മുഖത്തോടെ അനുപറഞ്ഞു.
" നിന്ന നിപ്പീന്ന് അവനിതെവിടെ പോയി?" അമ്മ സംശയത്തോടെ ചോദിച്ചു
"ആർക്കറിയാ അമ്മേ... എവിടെ പോയെന്ന്, ഇനി യാ അമ്പല പറമ്പിൽ ഞാൻ നോക്കാത്ത സ്ഥലോ ല്ല, എവിടാണേലും ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെ... ചന്തയിലേക്ക് മാളൂന് വള വാങ്ങാനാന്നും പറഞ്ഞ് പോയതാ, തിരിഞ്ഞ് നോക്കുമ്പോ ഗി രിയേട്ടന്റെ പൊടി പോലൂല്ല.. "
"ശ്ശെടാ... ഇവിനതെവിടെ പോയി "
"ദാ... നോക്ക്യേ അച്ഛമ്മേ.... "വളയും മാലയും കാണിച്ച് മാളു പറഞ്ഞു.
"ആഹാ.... അച്ഛമ്മേടെ മോൾക്കിതെത്ര വളയാ..."
"ദാ.. ഇതൂണ്ട്..." ഒരു പാവക്കുട്ടി കാണിച്ച് മാളു പറഞ്ഞു
" ആഹാ... കൊള്ളാലോ.. ചന്ത മുഴുവനിങ് വാങ്ങിയല്ലോ..."
'' മാളൂ.... ഇങ്ങോട്ട് വാ ആ ഉടുപ്പ് അഴിച്ച് മാറ്റട്ടെ "
അനുവിന്റെ ശബ്ദം കടുപ്പത്തിലായിരുന്നു..
"ചെല്ല്... ചെല്ല്.... അമ്മ നല്ല ചൂടിലാ...വേഗം ചെന്ന് ഉടുപ്പ് മാറ്റ് മോള്.... ഇല്ലേ.. പൊട്ടാസ് പൊട്ടും ഇപ്പോ ഇവിടെ " ലക്ഷ്മിയമ്മ പറഞ്ഞതും മാളു ചിരിച്ചു..
" അച്ഛനെ കാണാത്ത ദേഷ്യാ അമ്മയ്ക്ക്... കൊറേ നോക്കി നടന്നച്ഛമ്മേ...അച്ഛനെ കണ്ടില്ല "
" നിന്റെ അച്ഛനിങ്ങ് വരട്ടെ... നമുക്ക് ഇരുട്ടത്ത് ചോറ് കൊടുത്തിട്ട് വെളിച്ചത്ത് കെടത്തി ഒറക്കണം ട്ടോ.... "
'' ആ അങ്ങനെ ചെയ്യണം, അച്ഛമ്മ നല്ല അടീം കൊടുക്കണം"
" പിന്നിലല്ലാതെ.... നല്ല രണ്ട് അടീം കൊടുക്കും"
അത് കേട്ടപ്പോ ആ കുഞ്ഞുമോള് ചിരിച്ചു കൊണ്ട് തുള്ളിച്ചാടി.
"മാളൂ" അനു ഒന്നൂടി വിളിച്ചു
"വേഗം ചെല്ല് " അച്ഛമ്മ അവളെ അകത്തേക്ക് പറഞ്ഞു വിട്ടു
ചിരിക്കേം പറയേം ചെയ്തെങ്കിലും ആ അമ്മ മനസ്സിലേക്ക് പെട്ടെന്ന് വ്യാകുലതകൾ ഒത്തിരി കടന്നു വന്നു.
" എന്നാലും ഈ ഗിരിയിതെവിടെ പോയതാ.... ഈ ഇരുട്ടത്ത് അവളേം മോളേം തനിച്ചാക്കി അവനെവിടെ പോയി "
ഭയത്തിന്റെ ലാഞ്ചന ആ അമ്മ മനസ്സിലേക്കെത്തി..
ആ കോലായിൽ തന്നെ അവര് ഗിരിയെ കാത്തിരുന്നു...
കുറച്ച് സമയത്തിന് ശേഷം ഗിരിയെത്തി.. ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ അമ്മ ചോദിച്ചു "അവരെവിടെ?"
"ആര് ? "
'' ആരൊക്കെയാ വൈകുന്നേരം നിന്റെ കൂടെ ഇവിടുന്ന് വന്നത്?"
അമ്മയുടെ മറുചോദ്യത്തിന്റെ പൊരുൾ ഗിരിക്ക് മനസ്സിലായി...
"അവളെവിടെ അമ്മേ....."
" എന്നോടാണോ ചോദിക്കുന്നെ... നിന്റൊപ്പല്ലേ അവരിവിടുന്ന് വന്നത് , എന്നിട്ട് രാത്രി കേറി വന്നിട്ട് അവരെവിടേന്നോ.... "
അമ്മ ദേഷ്യപ്പെട്ടു
'''അത്.. അമ്മേ... ഒരത്യാവശ്യത്തിന് പോയതാ "
"എന്തത്യാവശ്യാണേലും അവരെ അമ്പല പറമ്പിലെ വിട്ടിട്ടാണോടാ പോകേണ്ടത്... അങ്ങനെ പോണോന്നുണ്ടെങ്കിൽ അവരെ ഇവിടെ കൊണ്ടാക്കീട്ട് പോണായിരുന്നു... അല്ലേൽ അവളോട് പറഞ്ഞിട്ട് പോകണായിരുന്നു "
" പെട്ടെന്ന് അതൊന്നും ഓർത്തില്ല..
അവളെവിടെ "
" അകത്തുണ്ട് "
" അനൂ.... അനൂ... "
അത്രയ്ക്ക് വിളിച്ചിട്ടും നോ... റിപ്ലെ
അടുക്കളയിൽ പോയി അവളെയൊന്ന് ചേർത്തു പിടിച്ചു..
" അനൂ.... സോറി "
തട്ടിമാറ്റി കൊണ്ടവൾ പറഞ്ഞു " ഒന്നു പോകുന്നുണ്ടോ "
" ആ...പ്പോ ഞാൻ വന്നതാണോ തെറ്റ്... എന്നാ ഞാനങ്ങ് പോയേക്കാം"
" ആ പൊയ്ക്കോ... എന്തിനാ അവടുന്ന് പ്പോ പ്രത്യക്ഷപ്പെട്ടത് "
"സോറി പറഞ്ഞില്ലേ ടീ"
"ആ.. അത് പറഞ്ഞാൽ എല്ലാം ആയല്ലോ "
" അത് പിന്നെ.... രഞ്ജിത്ത് വിളിച്ചപ്പോ പോയതാ.... "
"ഓ.. ശരിയാ രഞ്ജിത്തും രാജേഷൊക്കെ വിളിച്ചാ ഞങ്ങളെ ഓർമ്മയില്ലാലോ " അവൾടെ സ്ഥിരം പല്ലവി വീണ്ടും എടുത്തിട്ടു.
"എന്റെ പൊന്നോ.... ഒന്നു ക്ഷമി... ചെയ്തത് തെറ്റാ... മാപ്പ് തരൂ..... " എന്നും പറഞ്ഞ് അവളയങ്ങ് ചേർത്തു പിടിച്ചു..
അപ്പോ അവൾ തട്ടി മാറ്റിയില്ല.... അത്രേ ഉള്ളൂ അവൾടെ പരിഭവം.. ഗിരിയൊന്ന് സ്നേഹത്തോടെ ചേർത്തു പിടിച്ചാൽ തീരാവുന്ന പിണക്കമേ ഉള്ളൂ അവൾക്ക്
" രഞ്ജിത്ത് എന്തിനാ വിളിച്ചെ?"
"അത് പിന്നെ... അത്.... അവനെയൊന്ന് വീട്ടിൽ ട്രോപ്പ് ചെയ്യാൻ വിളിച്ചതാ.. അവനെ വീട്ടിൽ കൊണ്ടുവിട്ട് വന്നു നോക്കുമ്പോ നിങ്ങളെ കണ്ടില്ല.... അർഷദ് പറഞ്ഞ് അവൻ നിങ്ങളെ ഓട്ടോയിൽ കയറ്റി വിട്ടെന്ന "
"ഓ... പിന്നേയ്... നിർത്തിയിടത്ത് കാണാൻ എന്നെയവിടെ കെട്ടിയിട്ട് പോയതല്ലേ "
" അല്ലേ.? ഒരിടത്ത് നിർത്തിയാൽ അവിടെത്തന്നെ നിൽക്കണ്ടെ... അല്ലേലും നിനക്ക് അനുസരണയില്ലാലോ.. "
"ദാപ്പോ നന്നായേ.... അപ്പോ ഞാനാ അമ്പല പറമ്പിൽ തന്നെ നിന്നാ മതിയാർന്നു ലേ..."
ഒന്ന് ചിരിച്ചോണ്ട് അവൻ പറഞ്ഞു "ഈ കേസ് ഇവിടെ ക്ലോസ് ചെയ്തേ... ഇനി വാദത്തിന് എടുക്കുന്നതല്ലാട്ടോ "
"ങും.... ഭക്ഷണം എടുത്ത് വെക്കാട്ടോ... കൈ കഴുകി ഇരിക്ക് "
"ഓ... ശരിയേ "
" ആ.... ഗിരിയേട്ടാ നാളെ ഞാനൊന്ന് വീട്ടിൽ പോകണോന്ന് പറഞ്ഞിരുന്നു.. എന്നെയൊന്ന് ബസ് സ്റ്റാൻഡിൽ വിടാൻ അങ്ങേയ്ക്ക് സമയോണ്ടാവോ ആവോ.. "
ഗിരി ഒന്നു പുഞ്ചിരിക്ക മാത്രം ചെയ്തു
രാത്രി കിടന്നിട്ടും ഗിരിക്ക് ഉറങ്ങാനായില്ല... അമ്പല പറമ്പിൽ യാദൃശ്ചികമായി കണ്ട ആ മുഖം അയാളുടെ ഉറക്കം കെടുത്തി
"ഗിരിയേട്ടാ.... അറിയ്യോ...?" ആ ശബ്ദം അയാളുടെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങികൊണ്ടിരുന്നു.
അന്ന് യാതൊരു ദയയുമില്ലാതെ തന്റെ നെഞ്ചീന്ന പറിച്ചെറിഞ്ഞതിൽ പിന്നെ ഇതു വരെ മുന്നിൽ ചെന്നുപെട്ടിട്ടില്ല.
മന: പൂർവ്വം ഒഴിഞ്ഞുമാറി നടക്കാറാണ് പതിവ്.
അവളറിയാതെ ദൂരെ മാറി നിന്ന് കണ്ടിട്ടേയുള്ളൂ..
ആ മുഖത്ത് നോക്കാനുള്ള ശക്തിയില്ലാഞ്ഞിട്ടു തന്നെയാ...., പക്ഷേ ഇന്ന്..... ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ അത്രയും അടുത്ത് മുഖാമുഖം കണ്ടപ്പോ വല്ലാത്തൊരു അമ്പരപ്പായിരുന്നു, എന്തു പറയണമെന്നറിയാതെ വാക്കുകൾക്ക് വേണ്ടി പരതി നടക്കേണ്ടി വന്നില്ലേ....
ഒരു കാലത്ത് പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ടായിരുന്നതാ... ഇന്നിപ്പോ ഒരു വാക്ക് പോലും പറയാൻ പറ്റാതായി..
'അമ്മേ ന്ന ' വിളിച്ച് അവളുടെ കയ്യിൽ തൂങ്ങി നടന്ന ആ കുഞ്ഞ് .... അതാരാണ്?
അവർക്കിത് വരെയും ഒരു കുഞ്ഞായിട്ടില്ലാന്നാണല്ലോ അമ്മ പറഞ്ഞത്.
അതും പറഞ്ഞ് അമ്മ സങ്കടപ്പെടുന്നതും കണ്ടിട്ടുണ്ട്.
പക്ഷേ... ആ കുട്ടി അത്? അതെങ്ങനെ?
അത് ഗിരിടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി നില നിന്നു.
കിടന്നിട്ട ഒരു സമാധാനവും കിട്ടിയില്ല... അനുവിനെ ഒന്നു നോക്കി, മോളെയും, രണ്ടാളും നല്ല ഉറക്കിലാണ്.
അവൻ എഴുന്നേറ്റ് ഹാളിലെ സോഫയിൽ പോയിരുന്നു..
ഇന്നലെകളിലേയ്ക്ക് മനസ്സ് ശരവേഗത്തിൽ പാഞ്ഞു പോയതാ? അതോ ഇന്നലെകളുടെ ഇനിയും മരിക്കാത്ത ഓർമ്മകൾ അവനിലേക്ക് പാഞ്ഞടുത്തതോ?
എന്തായാലും തെളിവെള്ളത്തിലെ തിളങ്ങുന്ന വെള്ളാരംകല്ലു പോലെ ഓർമ്മകൾ മുന്നിൽ തിളങ്ങി..
ഇണക്കങ്ങളും പിണക്കങ്ങളും പരാതികളും പരിഭവങ്ങളും സമം ചേർത്ത് പ്രണയിച്ചു നടന്ന കാലം.....
പ്രണയത്തിന്റെ വർണ്ണ തുള്ളികളാൽ മഴ പെയ്യിച്ച കാലം.... അവളുടെ കൈയ്യിലെ കുപ്പിവളയുടെയും കാലിലെ കൊലുസിന്റെയും കിലുക്കം നെഞ്ചിലേറ്റി നടന്ന കാലം...... ഇനിയും പറഞ്ഞു തീരാതെ ബാക്കിയായ കഥകളുടെ കാലം.......
അതെ.... ഓർമ്മകൾ പാഞ്ഞെത്തിയിരിക്കുന്നു, അനുവാദമില്ലാതെ തന്നെ, മനസ്സിന്റെ വാതിൽ തുറന്ന് അടുത്തെത്തിയിരിക്കുന്നു....
ഇനിയും മായാത്ത ഓർമ്മകളിതെങ്കിലും പലപ്പോഴും മറന്നെന്ന് നടിക്കാറുണ്ട്.
ഓർമ്മകൾക്ക് അങ്ങനൊരു ശക്തിയുണ്ടല്ലോ.... മറക്കാൻ ശ്രമിക്കുന്തോറും.... കാലം ചെല്ലുന്തോറും വീര്യം കൂടും.
പ്രാണനായി തന്നെ സ്നേഹിച്ചവളായിരുന്നില്ലേ അവൾ... കുഞ്ഞുകുഞ്ഞുസങ്കടങ്ങളും സന്തോഷങ്ങളും തന്നോട് പങ്കുവെയ്ക്കാൻ ഓടി വന്നവളായിരുന്നില്ലേ... തന്റെ അമ്മയെ സ്വന്തമായി കണ്ട് സ്നേഹിച്ചവളായിരുന്നില്ലേ.....എന്നുമെന്നെ നല്ല വഴി പറഞ്ഞ് നയിച്ചവളായിരുന്നില്ലേ ... തേങ്ങലുകളിൽ ആശ്വസിപ്പിച്ചവളായിരുന്നില്ലേ...
ആവോളം സ്നേഹിച്ച് ഒടുക്കം നിഷ്കരുണം പാതിവഴിയിൽ താൻ ഉപേക്ഷിച്ച് പോയപ്പോ ഒരു പരിഭവം പോലും പറയാതെ പുഞ്ചിരി സമ്മാനിക്കാൻ ശ്രമിച്ചവളല്ലേ....
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ .....
"മറ്റൊരു വിവാഹത്തിന് നീ സമ്മതിക്കണം" എന്ന് ഒരു മന:സാക്ഷിയുമില്ലാതെ പറഞ്ഞപ്പോഴുള്ള തേങ്ങലുകൾ നിറഞ്ഞ അവളുടെ മറുപടി കാതിലിപ്പോഴും മുഴങ്ങുന്നു
" ഇങ്ങനെ..... പിരിയാനായിരുന്നെങ്കിൽ..... ഗിരിയേട്ടാ....... " പൂർത്തിയാക്കാൻ ആ കണ്ഠത്തിൽ ശബ്ദമില്ലായിരുന്നു... നിറഞ്ഞു തുളുമ്പാറായ് കണ്ണുകൾ നിന്നപ്പോഴും ഉള്ളിലെവിടെനിന്നോ ഒരു പുഞ്ചിരി വരുത്താനായ് അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു....
" എന്താടാ ഇവിടെ വന്നിരിക്കുന്നെ" എന്ന അമ്മയുടെ ചോദ്യത്തിനു മുന്നിൽ ഗിരിയുടെ ഓർമ്മകൾ താത്കാലികമായി പിൻ വാങ്ങിയോ..
ചോദ്യത്തിന് മറുപടിയില്ല
"എന്താ ഗിരീ.... നിനക്കിന്നൊറക്കില്ലേ?" അമ്മടെ ചോദ്യം വീണ്ടും
ഈറനണിഞ്ഞ ഗിരിയുടെ കണ്ണുകൾ അമ്മയെ ഒന്ന് നോക്കി.
പാതി മയക്കത്തിൽ പതിവില്ലാതെ ഹാളിൽ ലൈറ്റ് കണ്ടത് കൊണ്ട് എഴുന്നേറ്റ് വന്നതാണമ്മ.
അഴിഞ്ഞ മുടി ഒതുക്കി കെട്ടി കൊണ്ട് അമ്മ വീണ്ടും ചോദിച്ചു "എന്താ.... നിനക്ക് പറേറ്യ"
ഈറനണിഞ്ഞ കണ്ണുകൾ ഇമചിമ്മിയപ്പോൾ കണ്ണീർ തുള്ളികൾ ഇറ്റുവീണു...
ആ കാഴ്ച അമ്മയെ പെട്ടെന്നൊന്നുലച്ചു.
അടുത്ത് പോയി നിന്ന് ഒന്നു തലോടികൊണ്ട് ചോദിച്ചു " എന്താടാ...."
"അമ്മേ.... ഞാനിന്ന് രേവൂനെ കണ്ടു "
അത് കേട്ടതും മൗനം എങ്ങുനിന്നോ വന്ന് ലക്ഷ്മിയമ്മയെ പുൽകി.
നിമിഷങ്ങൾക്ക് ശേഷം മൗനം പിൻ വാങ്ങിയപ്പോ ആ അമ്മ ചോദിച്ചു " എവിടുന്ന് "
"ഉത്സവ പറമ്പിൽ വെച്ച് "
"നിന്നെ കണ്ടോ അവള് "
"ങും... " അവനൊന്നു മൂളി
" എന്തേലും പറഞ്ഞോ?"
" മറന്നോന്ന് ചോദിച്ചു.... സുഖല്ലേന്ന് ചോദിച്ചു
അമ്മയ്ക് സുഖല്ലേന്ന് ചോദിച്ചു "
"ങും.... " അമ്മയും ഒന്ന് മൂളി
" അന്ന് ഇവിടുന്ന് പോയതിനു ശേഷം ഇന്നാ അവളെ ഞാൻ ഇത്രേം അടുത്ത് കാണുന്നെ അമ്മേ... ദൂരെ നിന്നല്ലാതെ ഞാനിതുവരെ കണ്ടിട്ടില്ല. ഇന്ന് മുഖാമുഖം കണ്ടപ്പോ എന്ത പറയണോന്ന് അറിയാതെയായി... പിന്നെയവിടെ നിൽക്കാൻ പറ്റാണ്ടായമ്മേ.... അതാ ഞാൻ......
അമ്മ അവളെയൊന്ന് കാണണം, രേവു തന്നെയാണോന്ന് സംശയിക്കും അമ്മ, അവളാകെ മാറി പോയമ്മേ.... കണ്ണിലെ തിളക്കൊക്കെ മാഞ്ഞ്, മുഖത്തെ പ്രസാദമൊക്കെ പോയി ആകപ്പാടെ വല്ലാത്തൊരു കോലം.....
അമ്മയല്ലേ പറഞ്ഞത് അവൾക്കവിടെ സുഖാണെന്ന്, എന്നിട്ടാണോ ഇങ്ങനെ.... ആ ശബ്ദത്തിനു പോലുണ്ട് വല്ലാത്തൊരു തളർച്ച "
"ഏയ് അതൊന്നൂല്ല നിനക്ക് തോന്നുന്നതാ..."
"അല്ലമ്മേ..... അവർക്കെന്തൊ വെഷമോണ്ട് , ആ മുഖത്ത് കാണാം അത്
അവൾക്കിതുവരെ കുഞ്ഞായില്ലാന്ന് പറഞ്ഞിട്ട് ഇന്നൊരു മോളുണ്ടല്ലോ കൂടെ "
"മോളോ?" ആശ്ചര്യത്തോടെ ആയിരുന്നു അമ്മേടെ ചോദ്യം
"ങും..... മോള് തന്നെ.... മാളൂ നേക്കാളും ചെറിയൊരു മോള്..അമ്മേ ന്ന് വിളിച്ച് അവൾടെ കൈ പിടിച്ച് നടന്ന് പോയി "
" അത് ജയദേവന്റെ കുട്ടിയാവോ"
"അത് കുറച്ച് വല്യ കുട്ടികളല്ലേ... അല്ലേത്തന്നെ രേവൂനെ അമ്മേ ന്ന് വിളിക്കോ "
" വേണ്ടായിരുന്നമ്മേ..... രേവുനെ കൈവിട്ട് കളയരുതായിരുന്നു, പട്ടിണിയാണെങ്കിലും നമുക്കൊപ്പം അവളും ജീവിച്ചേനേ..... ല്ലേ... അമ്മേ "
ലക്ഷ്മിയമ്മയുടെ കണ്ണിൽ നനവ് പടർന്നിരുന്നു അത് കേട്ടപ്പോഴേക്കും
"അമ്മയില്ലാത്ത കുട്ട്യാണെന്ന് ഞാനും ഓർക്കേണ്ടതായിരുന്നു.. അതിനുള്ള വിവേകം നിക്കും അന്നുണ്ടായില്ലല്ലോ " നിറഞ്ഞ കണ്ണോടെ ലക്ഷ്മിയമ്മ പറഞ്ഞു.
" ചേച്ചിയ്ക്കും രാഗിക്കും അമ്മയ്ക്കുമൊപ്പം എന്നെയും കൂട്ടിക്കൂടേ ഗിരിയേട്ടാന്ന് അന്ന വളചോദിച്ചത് എന്തു മാത്രം പ്രതീക്ഷയോടെ ആയിരിക്കും
ഏത് സങ്കടത്തിലും ഒപ്പൊണ്ടാവൂന്ന് പറഞ്ഞത് എത്ര സ്നേഹത്തോടെയാണ്..
ദുഷ്ടനല്ലേ അമ്മേ ഞാൻ, ഒരു ദയയും ഇല്ലാതെ മുന്നും പിന്നും ആലോചിക്കാതെ ഞാനായിട്ട് കൈവിട്ട് കളഞ്ഞതല്ലേ "
ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങലോടെയാണവൻ അത് പറഞ്ഞത്
" പോട്ടെ... മോനേ , എല്ലാം ഓരോ യോഗാണ് " ആശ്വാസവാക്കിനെ കൂട്ടുപിടിച്ച് അമ്മ പറഞ്ഞു
"നാളെ അമ്മയൊന്ന് അവിടം വരെ പോകണം, അവളെയൊന്ന് കാണ്, കുറേ കാലായില്ലേ അവളെ കാണണോന്ന് പറയുന്നു, എന്നിട്ട് ആ കുഞ്ഞ് ഏതാണെന്നൊക്കെ അറിഞ്ഞിട്ട് വാ.....
എനിക്കൊന്നും ചോദിക്കാനും പറയാനും പറ്റിയില്ല രേവു നോട്'.. അമ്മ എന്തായാലും നാളെ അവിടം വരെ പോകണേ, അവൾക്കും അമ്മയെ കാണണോന്നുണ്ടാകും."
" ങും... പോകാം, നാളെ അനു വീട്ടിൽ പോകല്ലേ , എന്നിട്ട് പോകാം...
നീയിപ്പോ പോയി കെടക്ക് , ഇനി അനു എങ്ങാൻ എണീറ്റ് വന്നാൽ എന്താ ഏതാണ്ടൊക്കെ ചോദിച്ച് മറുപടി പറയാൻ നിക്കണ്ട.... പോയി കെടക്ക് " അമ്മ ഗിരിയെ മുറിയിലേക്ക് പറഞ്ഞ് വിട്ടു.
ആ അമ്മയ്ക്കറിയാം തന്റെ മോന്റെ ഉള്ളിലെരിയുന്ന നെരിപ്പോടിന്റെ ചൂട്.കാരണം ആ അമ്മയ്ക്കും ജീവനായിരുന്നു രേവു. മരുമകളായല്ല മകളായ് തന്നെ മനസ്സിലേറ്റിയിരുന്നൊരു കാലം അവർക്കും ഉണ്ടായിരുന്നു.
രേവൂന്റെ കല്യാണത്തിന് ശേഷാണ് ലക്ഷ്മിയമ്മ അറിഞ്ഞത് രണ്ടാം കെട്ടുകാരനാണ് രേവതിയെ കല്യാണം കഴിച്ചതെന്ന്.....
ഗിരിയുമായുള്ള അടുപ്പം അവളുടെ വീട്ടുകാരറിഞ്ഞ് പ്രശ്നമായപ്പോ കല്യാണം പെട്ടെന്ന് നടത്തിയതാണ്. ആങ്ങള ജയദേവനും അച്ഛനും ഒന്നും ചിന്തിക്കാതെ നടത്തിയതാണ്.
അമ്മയില്ലാത്ത രേവൂനെ അമ്മയായി സ്നേഹിച്ചതാ ലക്ഷ്മിയമ്മ.
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ലക്ഷ്മിയമ്മേടെ കുടുംബത്തിലേക്ക് ചന്ദ്രപ്പടിക്കൽ അച്ചുതൻ നായരുടെ മോളെ തരാൻ മനസ്സില്ലാന്ന രേവൂ ന്റെ ഏട്ടൻ ജയദേവൻ ഈ മുറ്റത്ത് വന്ന് നിന്ന് നാട്ടുകാര് കേൾക്കെ പറഞ്ഞതാണ് അന്ന് , തന്റെ പെങ്ങളെ കെട്ടി ചന്ദ്രപ്പടിക്കൽ വാഴാന്നുള്ള പൂതി പുന്നാരമോനോടങ്ങ് ഉപേക്ഷിച്ചേക്കെന്നും പറഞ്ഞു
ജയദേവന്റെ ഭാര്യ രജനി അവിടെ എല്ലാരുടേം കാല് പിടിച്ച് പറഞ്ഞതാ രേവൂനെ ഗിരിക്ക് കൊടുക്കാൻ, ചെവികൊണ്ടില്ലെന്ന് മാത്രമല്ല.... അതിന് രജനിയ്ക്ക് കൊടുക്കേണ്ടി വന്നത്ത് തന്റെ വയറ്റിൽ തുടിച്ച ജീവനായിരുന്നു.... പിടിയുംവലിയുമൊക്കെ നടന്നപ്പോൾ അച്ചുതൻ നായർക്ക് പറ്റിയൊരു കൈപ്പിഴ.... രജനിയെ പിടിച്ച് തള്ളി.... അവൾക്ക് നഷ്ടപ്പെട്ടത് വയറ്റിലുള്ള കുരുന്ന് ജീവനായിരുന്നു... ആ പാപമെല്ലാം അയാളിപ്പോ കിടന്ന അനുഭവിക്കുന്നുണ്ട്.
നാട് വിറപ്പിച്ച് അലറ്റി നടന്ന ജയദേവനും ഒന്നടങ്ങിയ മട്ടാ.....
രണ്ടാം കെട്ടുകാരനാണ് രേവൂനെ കല്യാണം കഴിച്ചതെന്ന് ലക്ഷ്മിയമ്മ അറിഞ്ഞിട്ടും ഗിരിയോട് പറഞ്ഞിട്ടില്ല ഇന്നേ വരെ... രജനി പറഞ്ഞറിഞ്ഞതാണിതൊക്കെ.. വിവാഹം കഴിപ്പിച്ച യച്ചത് ദൂരെ ആയതു കൊണ്ട് ആരും അറിയാത്തൊരു രഹസ്യമാണത്....
ഗിരി അതറിഞ്ഞ് മനസ്സ് നീറുന്നത് കാണാൻ വയ്യാഞ്ഞിട്ട് തന്യാ അമ്മ ഇന്നും അതൊരു രഹസ്യമായി സൂക്ഷിക്കുന്നത്.
കിടന്നിട്ടും ഗിരിക്ക് ഉറങ്ങാനായില്ല... തന്നോട് ചേർന്ന് കിടക്കുന്ന ഭാര്യയെ മറന്ന് പൂർവ്വ കാമുകിയെ ഓർത്തതല്ല, ഒരു കാലത്ത് തന്നെ ജീവനായ സ്നേഹിച്ച ഒരു പാവം പെണ്ണിന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്ക് മങ്ങലേറ്റോ എന്നുള്ള ആധി ആയിരുന്നു അവന്റെ മനസ്സ് നിറയെ.... നല്ലൊരു ജീവിതമല്ലേ അവൾക്ക് കിട്ടിയത് എന്നുള്ള ഉത്കണ്ഠ ആയിരുന്നു.....
പിറ്റേന്ന് രാവിലെ അനുവും മാളൂം പോകാനിറങ്ങി..
"മാളൂട്ടി ഇനി എന്നാ വരാ.....?" അച്ഛമ്മേടെ ചോദ്യം കേട്ട് മാളു ഒന്ന് അനുവിനെ നോക്കി '
" ഇന്ന് അമ്പിളിയും വരുന്നുണ്ടമ്മേ വീട്ടില് , അവള് രണ്ടീസം ഉണ്ടാവും, അവളങ്ങ് പോകുമ്പോ ഞങ്ങളിങ്ങു വരും "
" ആ ആയിക്കോട്ടെ....... എന്നാ ഇറങ്ങാൻ നോക്ക്, വെയിലാവാൻ നിക്കണ്ട " അമ്മ പറഞ്ഞു
അവര് പോയി കുറച്ച് കഴിഞ്ഞപ്പോ മുറ്റത്തൊരു കാലനക്കം കേട്ടിട്ട് വന്നു നോക്കിയതാ ലക്ഷ്മിയമ്മ ..... കണ്ണുകളെ വിശ്വസിക്കാനായില്ല അവർക്ക്......
(തുടരും........)

Soumya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo