മെഡോണീസ
==========
==========
ഒരു പാതി പ്രേതകഥ
--------------
--------------
" മെഡോണീസാ... ഞാനും നീയും കണ്ടു മുട്ടിയ ഇടവഴികളിൽ നിഴലും നിലാവും ഇണ ചേർന്നിരുന്നു.... മെഡോണീസാ.... "
കിഷോർ ഞെട്ടിയുണർന്നു...
ഇപ്പോൾ മൂന്ന് ദിവസമായി എന്നും രാത്രിയിൽ ഇതേ സ്വപ്നം കണ്ടു ഞെട്ടിയുണരുന്നു...
വെളിച്ചത്തിന് എതിരെ നടന്നു നീങ്ങുന്ന ഒരു പെൺകുട്ടിയുടെ പിന്നാമ്പുറ ദൃശ്യം...
അതിന് പശ്ചാത്തലമായി മുഴക്കമുള്ള ഈ പുരുഷ വാക്കുകളും...
കിഷോർ ലൈറ്റ് ഇട്ടു...
സമയം നോക്കിയപ്പോൾ 12.45...
മേശപ്പുറത്ത് വെച്ചിരുന്ന ടംബ്ലറിൽ നിന്ന് പകുതിയോളം വെള്ളം കുടിച്ചു...
നാശം ഇന്നിനി ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല...
ഫാൻ കറങ്ങുന്നുണ്ട് കാറ്റ് പോരാ... ചൂടെടുക്കുന്നു...
കിഷോർ ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്കുള്ള വാതിൽ തുറന്നു ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കി....
നഗരം ശാന്തമായി ഉറങ്ങുന്നു...
നിലാവ് വരെ ഉറങ്ങാൻ പോയെന്ന് തോന്നുന്നു...
നിശബ്ദമായ രാവിൽ ഒന്നും ചെയ്യാനില്ലാത്തവനെ പോലെ കിഷോർ നിന്നു...
മനസ്സിൽ വീണ്ടും ആ സ്വപ്നം തെളിഞ്ഞു വന്നു.... ആ വാക്കുകളുടെ മുഴക്കം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നത് പോലെ...
മെഡോണീസ...
ആരാണ് ഈ മെഡോണീസാ...
എന്തിനാണ് താൻ ഈ സ്വപ്നം വീണ്ടും വീണ്ടും കാണുന്നത്...
മെഡോണീസാ.... കിഷോർ തെല്ലുറക്കെ വിളിച്ചു ...
നിശ്ബദമായ അന്തരീക്ഷത്തിൽ ഒരു കാറ്റ് വീശിയോ...
മുറിയിലെയും നഗരത്തിലെയും ലൈറ്റുകൾ പൊടുന്നനെ അണഞ്ഞു...
കിഷോറിന്റെ ഉള്ളിൽ ചെറിയ ഭയം തോന്നി... ആരോ ശ്വാസം വലിച്ചു വിടുന്ന ശബ്ദം കേൾക്കുന്നുണ്ടോ...
കാറ്റിൽ വസ്ത്രങ്ങൾ ഉലയുന്ന ശബ്ദം കേൾക്കുന്നത് പോലെ...
എല്ലാം കൂടി ഒരു അഞ്ചു നിമിഷം അത് കഴിഞ്ഞപ്പോൾ കറന്റ് തിരികെ വന്നു... എല്ലാം പഴയത് പോലെയായി...
ലൈറ്റിന്റെ വെളിച്ചത്തിൽ കിഷോർ ചുറ്റും നോക്കി ...
ഇല്ല ഒന്നുമില്ല...
എല്ലാം തന്റെ തോന്നൽ മാത്രം...
അല്ലെങ്കിലും തനിക്ക് ഈ ഭൂതപ്രേതങ്ങളിൽ ഒന്നും വിശ്വാസമില്ല...
കോളേജിൽ പഠിക്കുന്ന കാലത്ത് ഹോസ്റ്റലിൽ ആയിരുന്നപ്പോൾ കൂട്ടുകാരുമായി പന്തയം വെച്ച് സമീപത്തെ പള്ളിയിൽ അന്ന് കുഴിച്ചിട്ട കല്ലറക്കു മുകളിൽ ഒരു രാത്രി കിടന്നിട്ടുള്ളവനാണ് താൻ...
എത്രയോ രാത്രികളിൽ എത്രയോ സ്ഥലങ്ങളിലൂടെ അലഞ്ഞിരിക്കുന്നു... അന്നൊന്നും താൻ കാണാത്ത പ്രേതമാണോ ഇനി തന്റെ മുമ്പിൽ വരാൻ പോകുന്നത്...
കിഷോറിന് ചെറുതായി ചിരി വന്നു ആ ചിരിയുടെ അകമ്പടിയോടെ കിഷോർ വീണ്ടും വിളിച്ചു...
മെഡോണീസാ.... നീയും ഞാനും കണ്ടുമുട്ടിയ ഇടവഴികളിൽ നിഴലും നിലാവും ഇണ ചേർന്നിരുന്നു.... മെഡോണീസാ...
പൊടുന്നനെ സാമാന്യം നല്ല രീതിയിൽ കാറ്റ് വീശി...
വൈദ്യുതി വീണ്ടും പോയി...
ഇപ്രാവശ്യം കാറ്റിൽ വസ്ത്രങ്ങൾ ഉലയുന്ന ശബ്ദം കിഷോർ വ്യക്തമായി കേട്ടു...
കിഷോറിന് തൊണ്ട വരളുന്നത് പോലെ തോന്നി പക്ഷേ നിന്നിടത്തു നിന്ന് അനങ്ങാൻ സാധിക്കുന്നില്ല...
കാറ്റിന്റെ ശക്തിയിൽ തന്റെ മുടിയിഴകൾ ഇളകുന്നത് കിഷോർ വ്യക്തമായി അറിഞ്ഞു...
എന്തോ വസ്ത്രമോ... മുടിയോ തന്റെ മുഖത്തെ തഴുകുന്നതും അറിഞ്ഞു...
അന്തരീക്ഷത്തിൽ ഒരു പിയാനോയുടെ ശബ്ദം കേൾക്കുന്നത് കിഷോർ ഞെട്ടലോടെ തിരിച്ചറിഞ്ഞു...
ആ സംഗീതം മെഡോണീസാ.... എന്നാണെന്നും നടുക്കത്തോടെ അയാൾ അറിഞ്ഞു....
റൂമിലെ വെളിച്ചം വന്നും പോയി തെളിഞ്ഞു... ഇടയിൽ തെളിഞ്ഞ വെളിച്ചത്തിൽ കിഷോർ കണ്ടു തന്റെ റൂമിന്റെ വാതിൽക്കൽ ഒരു നിഴൽ...
താൻ വിയർപ്പിൽ കുളിക്കുന്നത് ആയി അയാൾ മനസ്സിലാക്കി..
വീണ്ടും തെളിഞ്ഞ വെളിച്ചത്തിൽ താൻ നിൽക്കുന്നിടത്ത് മാത്രമെ കാറ്റ് വീശുന്നുള്ളൂ എന്നും ഞെട്ടലോട് കൂടെ അയാൾ മനസ്സിലാക്കി...
റൂമിലെ കർട്ടൻ വരെ ഇളകുന്നില്ല... ഇത്രയും വയസ്സിനിടയിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം....
ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നത് അയാൾ മനസ്സിലാക്കി...
കുറച്ചു നേരം...
കുറച്ചു നേരം...
എല്ലാം ശാന്തമായി...
ലൈറ്റ് പഴയത് പോലെയായി...
റൂമിനുള്ളിൽ ആരുമില്ല...
കിഷോറിന് തന്റെ കാലുകൾക്ക് ഭാരം വർദ്ധിച്ചത് പോലെ തോന്നി നിന്നിടത്തു നിന്ന് കാലുകൾ അനക്കാൻ സാധിക്കുന്നില്ല... കിഷോറിന് റൂമിലേക്ക് കയറാനും അവിടെ നിൽക്കാനും ഭയം തോന്നി...
എവിടേക്കെങ്കിലും ഓടി രക്ഷപ്പെടാൻ തോന്നി...
ഏകദേശം അഞ്ചു നിമിഷം കിഷോർ ആ നിൽപ്പ് തുടർന്നു...
കണ്ടത് സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ എന്ന തിരിച്ചറിവിൽ തലച്ചോറ് സംശയം പ്രകടിപ്പിച്ചപ്പോൾ മാത്രമാണ് കിഷോർ വർത്തമാനകാലത്തിലേക്ക് തിരികെ വന്നത്...
വസ്ത്രങ്ങൾ ദേഹത്തോട് നനഞ്ഞൊട്ടിയിരിക്കുന്നു...
പകപ്പോടെ കിഷോർ ചുറ്റും പതറി പതറി നോക്കി റൂമിനുള്ളിലും പുറത്തും ആ നോട്ടം പറന്നു...
മരങ്ങളുടെ ഇടയിലെ ഇരുളിലേക്ക് നോട്ടം പായിക്കാൻ കിഷോറിന് ഭയം തോന്നി... അവിടെ നിന്ന് കൊണ്ട് ആരോ തന്നെ നോക്കുന്നുണ്ടെന്നു അയാൾക്ക് തോന്നി...
അങ്ങിനെയൊരു സംശയം മനസ്സിൽ തോന്നിയ നിമിഷമാണ് കിഷോർ റൂമിലേക്ക് ചാടി കയറിയതും വാതിൽ അടച്ചതും...
ഓം നമഃശിവായ... ഓം നമഃശിവായ
മനസ്സിൽ നിമിഷ നേരം കൊണ്ട് പ്രാർത്ഥനാ മന്ത്രമുണർന്നു...
മനസ്സിൽ നിമിഷ നേരം കൊണ്ട് പ്രാർത്ഥനാ മന്ത്രമുണർന്നു...
എത്ര നേരം അടഞ്ഞ വാതിലിൽ ചാരി ആ നിൽപ്പ് തുടർന്ന് എന്ന് കിഷോറിന് നിശ്ചയമില്ല...
കിതപ്പും വിയർപ്പും ആറുന്നത് വരെ കിഷോർ മനസ്സിൽ പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്നു...
മനസ്സിൽ തെല്ല് ധൈര്യം തോന്നിയപ്പോൾ കിഷോർ ബെഡിൽ ചെന്നിരുന്നു...
എന്താണ് ഇപ്പോൾ നടന്നത് എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു...
ഒരിക്കൽ താൻ പുച്ഛിച്ചു തള്ളിയ പ്രേതം...
ഇനി തനിക്ക് തോന്നിയതാകുമോ...
ഒന്ന് കിഷോറിന് ഉറപ്പായിരുന്നു ഇനി ഒരിക്കൽ കൂടി ലൈറ്റ് ഓഫ് ആയാൽ ഹൃദയം പൊട്ടി താൻ മരിക്കുമെന്ന്... അതുകൊണ്ട് തന്നെ ലൈറ്റ് ഓഫ് ചെയ്യാൻ കിഷോർ തുനിഞ്ഞില്ല...
ടംബ്ലളറിൽ ബാക്കിയുണ്ടായിരുന്ന വെള്ളം ഒറ്റ വീർപ്പിന് കുടിച്ചു തീർത്തു...
ദാഹം മാറുന്നില്ല...
ഇനി ഹാളിലേക്ക് പോയി വെള്ളം എടുത്തുകൊണ്ടു വരാൻ കിഷോറിന് ഭയം തോന്നി...
തളർച്ചയോടെ കിഷോർ ബെഡിലേക്ക് ചാഞ്ഞു....
പുതപ്പെടുത്ത് തലവഴി മൂടി. കണ്ണുകൾ ഇറുക്കിയടച്ചു. എങ്കിലും മനസ്സ് കാതോർത്തു തന്നെയിരുന്നു. ഒരു മൊട്ടു സൂചി വീണാൽ പോലും കേൾക്കാവുന്ന നിശബ്ദത. ഭയാനകമായ നിശബ്ദത .
കിഷോറിന്റെ ശ്വാസോച്ഛാസം വരെ അടക്കിപ്പിടിച്ചാണ് പുറത്തേക്ക് വന്നത്. ഹൃദയമിടിക്കുന്ന ശബ്ദം ഇത്ര വ്യക്തമായി ഇതിനു മുമ്പ് കിഷോർ കേട്ടിട്ടില്ലായിരുന്നു.
കുറച്ചു സമയത്തെ ശാന്തത കാരണം കിഷോറിന് കണ്ടത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് സംശയം തോന്നാതിരുന്നില്ല.
കിഷോർ മെല്ലെ പുതപ്പ് തലയിൽ നിന്നും താഴ്ത്തി കഴുത്തു വരെ കൊണ്ടു വന്നു കണ്ണുകൾ തുറന്നു ചുറ്റും നോക്കി.
നേരത്തെ സംഭവിച്ച ഭയാനകമായ നിമിഷങ്ങളുടെ യാതൊരു തെളിവുമില്ല.
പരിപൂർണ്ണ നിശബ്ദത.
എന്താണ് സംഭവിച്ചതെന്ന് കിഷോർ ഓർത്തെടുക്കാൻ ശ്രമിച്ചു. അതിനിടയിലെപ്പോഴോ വീണ്ടും മയക്കം വന്നു.
കണ്ണുകൾ സ്വയമറിയാതെ അടഞ്ഞ സമയത്താണ് കാതുകളുടെ അടുത്ത് വളരെ അടുത്ത് അടക്കിപ്പിടിച്ച ശബ്ദത്തിൽ ആ വിളി കേട്ടത് മെഡോണീസാ...
കിഷോർ ഞെട്ടി കണ്ണ് തുറന്നു.
വീണ്ടും ആ വിളി മെഡോണീസാ ഒപ്പം ഉച്ചത്തിൽ ഒരു അട്ടഹാസവും
ആ....
കിഷോർ അലറി വിളിച്ചു പുതപ്പ് വലിച്ചെറിഞ്ഞു കട്ടിലിൽ നിന്നെഴുന്നേറ്റു എങ്ങോട്ടെന്നില്ലാതെ ഓടി അതിനിടയിൽ ചുമരിൽ ചെന്നിടിച്ചു വീണു വീണ്ടുമെഴുന്നേറ്റ് ഓടി ആ റൂമിലെ സാധനങ്ങൾ തട്ടി മറിഞ്ഞു വീണു എന്താണ് ചെയ്യുന്നതെന്ന് കിഷോറിന് വ്യക്തതയുണ്ടായിരുന്നില്ല. ഒരുതരം മാനസിക വിഭ്രാന്തി.
ആ സമയത്താണ് റൂമിലെ ലൈറ്റ് വീണ്ടും ഓഫായത്
ആ......ആ.... കിഷോറിന്റെ നിലവിളി ഉച്ചത്തിലായി.
" കിഷോർ ... ഭയപ്പെടേണ്ട... ഞാൻ നിന്നെ ഒന്നും ചെയ്യില്ല.." അന്തരരീക്ഷത്തിൽ ആ ശബ്ദം വീണ്ടുമുയർന്നു.
കിഷോറിന്റെ കണ്ണുകളിൽ നിന്ന് വെള്ളം വന്നു തുടങ്ങിയിരുന്നു.
"കിഷോർ .... കിഷോർ .... ശാന്തനാകൂ ഞാൻ നിന്റെ സുഹൃത്താകാൻ വന്നതാണ്..." ആ ശബ്ദം വീണ്ടും കേട്ടു.
ആരാണ് നിങ്ങൾ കിഷോറിന്റെ ആ ചോദ്യം പുറത്തേക്ക് വ്യക്തമായി വരാൻ മൂന്ന് പ്രാവശ്യം ആവർത്തിക്കേണ്ടി വന്നു.
" ഞാൻ പറയാം നീ ആദ്യം ശാന്തനായി ആ കട്ടിലിൽ ഇരിക്കൂ.. ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല അതിനായിരുന്നെങ്കിൽ എനിക്ക് മുമ്പേ ആകാമായിരുന്നു. "
കിഷോറിന് നിന്നിടത്തു നിന്ന് ഒരടിയെടുത്തു മുമ്പിലേക്ക് വെയ്ക്കാൻ സാധിച്ചില്ല.
ആ സമയം ലൈറ്റ് തെളിഞ്ഞു.
റൂമിൽ ആരെയും കാണാൻ സാധിച്ചില്ല.
ഒരു പ്രത്യേക തരം സുഗന്ധം മാത്രം ആ റൂമിൽ നിറഞ്ഞു കിഷോറിന് മനം പിരട്ടുന്നത് പോലെ തോന്നി. ക്രമേണ ആ സുഗന്ധം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതെയായി
" കിഷോർ " വീണ്ടും ആ വിളി.
" കിഷോർ " വീണ്ടും ആ വിളി.
" നിങ്ങൾക്കെന്താണ് വേണ്ടത് എന്തിനാണ് എന്നെ ഇങ്ങിനെ ശല്യം ചെയ്യുന്നത് ഞാൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്." കിഷോറിന്റെ ഭയം തെല്ലകന്നിരുന്നു.
കിഷോർ മെല്ലെ ബാൽക്കണിയുടെ വാതിലിന് നേരെ ചുറ്റും നോക്കിക്കൊണ്ട് ചലിച്ചു.
ഒന്നും പറ്റിയില്ലെങ്കിൽ അവിടുന്ന് എടുത്തു താഴേക്ക് ചാടാം എന്നായിരുന്നു മനസ്സിൽ ..
കിർ...... ട്ടേ ബാൽക്കണിയിലേക്കുള്ള വാതിൽ ഒരു ശബ്ദത്തോടെ അടഞ്ഞു. അതേ നിമിഷം തന്നെ റൂമിന്റെ വാതിലും അടഞ്ഞു.
" എനിക്ക് നിന്നോട് പറയാനുള്ളത് കേൾക്കാതെ നീയീ മുറി വിട്ടു എങ്ങോട്ടും പോകില്ല കിഷോർ." ആ ശബ്ദം മുഴങ്ങി.
" ആരാണ് നിങ്ങൾ "
" ഞാൻ ക്രിസ്റ്റി .... ആൽബർട്ട് ക്രിസ്റ്റി.. മരിച്ചിട്ട് മൂന്ന് മാസമായി. നീയുദ്ദേശിക്കുന്നത് പോലെ നിന്നെ കൊല്ലാനോ നിന്റെ ചോര കുടിക്കാനോ വന്നതല്ല ഞാൻ. പ്രേതങ്ങൾ ചോര കുടിക്കും എന്നതൊക്കെ വെറും അന്ധവിശ്വാസങ്ങളാണ്. അങ്ങിനെയെങ്കിൽ എനിക്ക് വല്ല ബ്ലഡ് ബാങ്കിലേക്കും പോയാൽ പോരെ. യാതൊരു വിധ ബുദ്ധിമുട്ടുകളും കൂടാതെ എനിക്കെത്ര ലിറ്റർ ചോര വേണമെങ്കിലും കുടിച്ചു കൂടെ... ഹ ഹ ഹ ഹ " പറഞ്ഞതിനൊപ്പം ആ ശബ്ദം പൊട്ടിച്ചിരിച്ചു.
കിഷോറിന്റെ ഭയം മാറി തുടങ്ങിയിരുന്നു.
അല്ലെങ്കിലും മരണഭയം മാറി കഴിഞ്ഞാൽ പിന്നെന്ത് ഭയം.
കിഷോർ മെല്ലെ നടന്നു കട്ടിലിൽ ഇരുന്നു.
അതേ സമയം നിലത്തു വീണു കിടന്നിരുന്ന ഒരു കസേര തന്നെയുയർന്നു അന്തരീക്ഷത്തിലൂടെ നിരങ്ങി നീങ്ങി കിഷോറിന്റെ മുമ്പിലായി വന്നു താഴ്ന്നിരുന്നു. കിഷോർ ഒന്ന് ഞെട്ടി.
" കിഷോർ നിന്റെ പേടിയൊക്കെ മാറിയോ.. " അശരീരി എങ്കിലും സൗമ്യമായ സ്വരം
മുമ്പിലെ കസേരയിൽ നിന്നുയർന്നു. കിഷോർ ഒന്നും മിണ്ടിയില്ല തൊണ്ട വരളുന്നുണ്ടായിരുന്നു.
ഒരിറക്ക് വെള്ളം കിട്ടിയിരുന്നെങ്കിൽ
കിഷോറിന്റെ മിഴികൾ റൂമിൽ എല്ലാം കറങ്ങി നടന്നു നിസ്സഹായതയോടെ അടഞ്ഞ വാതിലിൽ എത്തി ആ നോട്ടം നിന്നു.
ട്ർർർ...
ഒരു ഞരക്കത്തോടെ കസേര പുറകിലേക്ക് മാറി.
കിഷോർ ഞെട്ടി നോക്കി ശൂന്യമായ കസേരയിലേക്ക് മിഴികൾ മാറ്റാതെ നോക്കി കൊണ്ടിരുന്നു.
ഇതാ കുടിക്ക് ഇടത് വശത്തു നിന്ന് ആ ശബ്ദം കേട്ടപ്പോൾ കിഷോർ ഒന്ന് പുറകിലേക്ക് ചാഞ്ഞു തല ചെരിച്ചു നോക്കി.
അതാ അന്തരീക്ഷത്തിൽ ഒരു ജഗ് വെള്ളം.
കിഷോർ ഒന്ന് മടിച്ചു ...
എങ്കിലും വരണ്ടുണങ്ങിയ തൊണ്ടയുടെ പ്രലോഭനത്തിൽ വേഗം അതിന് നേരെ കൈകൾ നീട്ടി വല്ലാത്ത ആർത്തിയോടെ അത് വാങ്ങി പാതിയോളം മട മട കുടിച്ചു. അത് കുടിച്ചു കഴിഞ്ഞപ്പോൾ കിഷോറിന്റെ ഭയം വളരെ കുറഞ്ഞിരുന്നു.
" താങ്കൾ എന്തിനാണ് എന്നെ ഇങ്ങിനെ ഭയപ്പെടുത്തുന്നത്." കിഷോർ മുന്നിലുള്ള ശൂന്യമായ കസേരയിലേക്ക് നോക്കി ചോദിച്ചു.
" ഹ ഹ ഹ ഹ "ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. " ഞാനതിന് ഒന്നും ചെയ്തില്ലല്ലോ കിഷോർ ഇത്രയ്ക്ക് പേടിത്തൊണ്ടനായത് എന്റെ കുറ്റമാണോ " അശരീരി വീണ്ടും മുഴങ്ങി.
" കിഷോറിന് എന്നെ ക്രിസ്റ്റി എന്ന് വിളിക്കാം അല്ലെങ്കിൽ പ്രേതമേ ഭൂതമേ അങ്ങിനെ എന്ത് വേണമെങ്കിലും വിളിക്കാം "
" ഞാൻ നിങ്ങളെ ഒന്നും വിളിക്കാനില്ല ദയവ് ചെയ്തു ഒന്ന് പോയി തന്നാൽ മതി " കിഷോർ അതിന് മറുപടിയായി രണ്ടു കയ്യും കൂപ്പിക്കൊണ്ടു പറഞ്ഞു.
" അങ്ങിനെ പെട്ടെന്ന് പോകാൻ പറ്റില്ലല്ലോ കിഷോറെ. ഞാൻ പോകാം കിഷോർ ഞാൻ പറയുന്ന കാര്യം ചെയ്യാമെന്ന് സമ്മതിച്ചാൽ "
" എന്ത് കാര്യം "
" പറയാം അതിന് മുമ്പ് ഞാൻ ആരാണെന്ന് കിഷോറിന് അറിയണ്ടേ. "
കിഷോർ ഒന്നും പറഞ്ഞില്ല എന്താണ് പറയേണ്ടത് എന്ന് കിഷോറിന് അറിയുന്നുണ്ടായില്ല ..
മനുഷ്യർ വല്ലവരുമായിരുന്നു ഇങ്ങിനെ ശല്യം ചെയ്യുന്നതെങ്കിൽ എങ്ങിനെ നേരിടണമെന്ന് കിഷോറിന് അറിയാമായിരുന്നു.
ഇത് ഒരു ആത്മാവ്...
കിഷോർ മെല്ലെ മെല്ലെ അടിമപ്പെടുകയായിരുന്നു.
ഭൂമിയിലെ മനുഷ്യർ ഉറങ്ങുന്ന രാത്രിയുടെ മധ്യയാമത്തിൽ ക്രിസ്റ്റിയുടെ ആത്മാവ് സ്വന്തം കഥ പറയാൻ തുടങ്ങി കിഷോർ നിശ്ശബ്ദനായ ഒരു കേൾവിക്കാരനും.
" ഒരുപാടൊന്നും എനിക്ക് പറയാനില്ല എല്ലാവരും ജനിക്കുന്ന പോലെ ഞാനും ജനിച്ചു വളർന്നു ഇടയിലെപ്പോഴോ അപ്പനും അമ്മയും എന്നെ വിട്ടു പോയി. സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ അതുവരെ ഒരു ശല്യം പോലെ എന്നെ കൊണ്ട് നടന്നിരുന്ന എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു ഞാനീ ലോകത്തിന്റെ വിശാലതയിലേക്കിറങ്ങി തീർത്തും സ്വതന്ത്രമായി തന്നെ എനിക്ക് മുമ്പിൽ ഈ ലോകം വിശാലമായിരുന്നു എന്റെ ചിറകുകൾക്ക് പറക്കുവാനുള്ള ശക്തിയും. "
ക്രിസ്റ്റിയുടെ ആത്മാവ് ഇതൊക്കെ പറയുമ്പോൾ കേട്ടു കൊണ്ടിരുന്ന കിഷോറിന്റെ മനസ്സിൽ വന്ന ചിന്ത ഇതൊക്കെ പറയാനായിട്ടാവുമോ ഈ പാതിരാത്രിയിൽ ഇത്രയും മുഹൂർത്തങ്ങൾ സൃഷ്ടിച്ചു ഇങ്ങോട്ടിത് എഴുന്നള്ളിയത് എന്നായിരുന്നു.
അത് മനസ്സിലാക്കിയത് പോലെ ക്രിസ്റ്റിയുടെ ആത്മാവ് പറഞ്ഞു വന്നത് നിർത്തി. തെല്ല് നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം തുടർന്നു
" എന്റെ കഥ കേട്ട് എനിക്ക് സ്വർഗ്ഗവും നരകവും വിധിക്കാനുള്ള അധികാരമൊന്നും കിഷോറിനില്ലല്ലോ. കിഷോർ എന്നെയൊരു സുഹൃത്തായി കാണൂ. ഞാൻ പറഞ്ഞല്ലോ എനിക്ക് കിഷോറിന്റെ സഹായം ആവശ്യമുണ്ട്."
ക്രിസ്റ്റി പറഞ്ഞു കഴിഞ്ഞ ഉടനെ കിഷോറിന്റെ ശബ്ദമുയർന്നു
" എന്ത് സഹായം... ??? ഒരു കാര്യം പറയാം നിങ്ങളെ കൊന്നവരെ തിരഞ്ഞു പോയി കൊല്ലാനൊന്നും എനിക്ക് പറ്റില്ല ദയവ് ചെയ്ത് നിങ്ങൾ ഒന്ന് പോണം."
" ഹ ഹ ഹ ഹ.. കിഷോർ ചില സിനിമകളിലും കഥകളിലും ഒരേ അവസാനമുള്ള പ്രേത പ്രതികാര കഥകൾ കണ്ടിട്ടുള്ളത് കൊണ്ടാണ് ഈ നിഗമനം . എനിക്കതൊന്നും വേണ്ട "
"പിന്നെ " ആദ്യമായി കിഷോറിന്റെ സ്വരത്തിൽ അറിയാനുള്ള ആകാംക്ഷ കലർന്നിരുന്നു.
" പറയാം.. കേൾക്ക്... അങ്ങിനെ അലഞ്ഞു തിരിഞ്ഞു തോന്നുന്നത് കഴിച്ചു തോന്നുന്നിടത്ത് പോയി തോന്നുന്ന ജോലി ചെയ്തു ജീവിക്കുന്നതിന് ഇടയിലും എന്റെ മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു അനാഥകുഞ്ഞുങ്ങളെ സഹായിക്കുക. അനാഥത്വം അത് പറഞ്ഞറിയിക്കാൻ കഴിയില്ല അറിഞ്ഞറിയണം. ഞാൻ അറിഞ്ഞവനാണ്. "
ക്രിസ്റ്റിയുടെ സ്വരം ഇടറിയോ ഏയ് തനിക്ക് തോന്നിയതാകും കിഷോർ മനസ്സിലോർത്തു.
ക്രിസ്റ്റി തുടർന്നു " അങ്ങിനെ ഞാൻ സമ്പാദിക്കുന്നതിൽ നിന്നും എന്റെ ആവശ്യം കഴിഞ്ഞുള്ള തുക ഞാൻ അനാഥാലയങ്ങൾക്കു കൊടുക്കാറുണ്ടായിരുന്നു ആ കുഞ്ഞുങ്ങളോടൊത്ത് സമയം ചിലവഴിക്കാറൂമുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം കേട്ടറിഞ്ഞ ഒരനഥാലയത്തിലേക്ക് പോയി. അവിടെ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. മെഡോണീസയെ.. എന്റെ മെഡോണീസയെ.."
കിഷോർ ഒന്ന് പിടഞ്ഞിരിന്നു കാരണം ആ പേര് കിഷോറിന് നല്ല പരിചയമായി തീർന്നിരുന്നു.
ഇപ്പോൾ കിഷോറിന്റെ മുഖത്ത് താത്പര്യത്തിന്റേതായ നല്ല ആകാംക്ഷ നിറഞ്ഞിരുന്നു " എന്നിട്ട് ' കിഷോർ ഒട്ടും സമയം നഷ്ടപ്പെടുത്താതെ ചോദിച്ചു.
" ആദ്യമായി അവളെ കണ്ടു മുട്ടിയ നിമിഷം പറഞ്ഞറിയിക്കാനാകാത്ത ഒന്ന് ഇതേവരെ എനിക്ക് തോന്നാത്ത ഒന്ന് എന്നിൽ അനുഭവപ്പെട്ടു. ആരെയും മോഹിപ്പിക്കുന്ന അപ്സരസ് എന്നൊന്നും അവളെ പറയാനാകില്ല. അത്രയ്ക്ക് ഭംഗിയുള്ള കുട്ടിയുമല്ല അവൾ. ആ മുഖത്തെ നിഷ്കളങ്കത കുട്ടിത്തം വിട്ടു മാറാത്ത മുഖം... കുഞ്ഞുങ്ങളുടേത് പോലുള്ള ചേഷ്ടകൾ .. ആ പുഞ്ചിരി... അതാണ് എന്നെ ആകർഷിച്ചത്. ഞാൻ കുട്ടികളോടൊത്ത് കളിക്കുന്നത് വരാന്തയിലെ തൂണിൽ ചാരിയിരുന്നു നോക്കുന്നത് കണ്ടാണ് ഞാൻ ശ്രദ്ധിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണ് നമ്മളെ സാകൂതം നോക്കി കൊണ്ടിരിക്കുകയാണെങ്കിൽ നമുക്കും ഒരു കൗതുകം തോന്നും. അതാണ് എനിക്കും തോന്നിയത്. ഞാൻ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുമ്പോഴും അവൾ കുട്ടികളുമായുള്ള എന്റെ കളികൾ വീക്ഷിക്കുകയായിരുന്നു. അതുവരെ കല്യാണം പ്രണയം എന്നൊന്നും എന്റെ മനസ്സിലില്ലായിരുന്നു. ഒരു പെണ്ണും എന്നെ ആകർഷിച്ചിട്ടില്ല. പക്ഷേ എന്തോ ഇത്.. "
കുറച്ചു നേരം നിശബ്ദത.
ശൂന്യമായ കസേരയിൽ ക്രിസ്റ്റിയുടെ ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് കിഷോറിന് സംശയമായിരുന്നു.
" ക്രിസ്റ്റീ " കിഷോർ മെല്ലെ വിളിച്ചു.
(തുടരും )
ഇത്രയും നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കാത്തിരിക്കുക ബാക്കി നാളെ വൈകിട്ട് ഇതേ സമയത്ത്
ഇത്രയും നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കാത്തിരിക്കുക ബാക്കി നാളെ വൈകിട്ട് ഇതേ സമയത്ത്
Jaison George

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക