Slider

അന്നകുട്ടിയുടെ ഗൃഹാതുരത്വത്തിന്റെ മൂന്നു നാളുകൾ !

0
അന്നകുട്ടിയുടെ ഗൃഹാതുരത്വത്തിന്റെ മൂന്നു നാളുകൾ !
***********************************************************************
കാലത്തേ കട്ടനും മോന്തിയിറയത്തിരുന്ന അന്നകുട്ടീടേ മേത്തോട്ടു പറന്നു വന്നൊരു വെള്ള കടലാസ്! ഇതെന്നാ കർത്താവെ, വെളുപ്പാൻ കാലത്തൊരു നോട്ടീസു?
തോളേല് തട്ടി പിന്നേം പറക്കാൻ പോയ കടലാസു കൈയെത്തി പിടിച്ചു, തൊട്ടടുത്തിരുന്ന കണ്ണട കൂട്ടിൽ നിന്നും കണ്ണടയെടുത്തു അന്നകുട്ടി മൂക്കേലുറപ്പിച്ചു.
“വലിയ പെരുന്നാളിനോടനുബന്ധിച്ചു ഇടവകയിൽ മൂന്ന് ദിവസത്തെ വചന പ്രഘോഷണം! “-വെണ്ടയ്ക്ക മുഴുപ്പിൽ നോട്ടീസേൽ അടിച്ചേക്കണ്. പള്ളിക്കാരും നോട്ടീസടി തുടങ്ങിയാ? അന്നക്കുട്ടി താടിക്കു കൈ വെച്ചു .. …
പണ്ട് നാട്ടിലെ കൊട്ടകയിൽ പുതിയ സിനിമ വരുമ്പോളാണ് നോട്ടീസ് കാണണത്. നോട്ടീസുമായി പാട്ടുപെട്ടിയും വെച്ച് ഓടുന്ന വണ്ടിക്കു പൊറകേ കുട്ടി പാവാടയിട്ടെത്ര ഓടിയേക്കണു ? പള്ളിക്കൂടത്തി പോയ പെങ്കൊച്ചു വണ്ടിക്കു പൊറകേ ഓടിയെന്നു പറഞ്ഞു ചാച്ചൻ പാവാട പൊക്കി കുഞ്ഞു തുടയിലെത്ര ചൂരൽ പഴം തന്നേക്കണ് ?
ഇപ്പോഴത്തെ പിള്ളേര് തല്ലി നോക്ക്... ഇന്നാള് പടിഞ്ഞാറേലെ മാത്തൻ തല്ലീന്നും പറഞ്ഞാ അവന്റെ പതിനാലുകാരൻ ഒളിച്ചോടിയേ ... തന്തേനേം തള്ളേനേം കണ്ണീരു കുടിപ്പിക്കാൻ പിറന്ന ജന്തുക്കള്!
നോട്ടീസിലോട്ടു നോക്കിയപ്പം ഉയിർത്തെഴുന്നേറ്റ കർത്താവീശോമിശിഹാക്ക് പകരം അന്നക്കുട്ടി നസീറിനേം ഷീലേം കണ്ടു... ഹോ! എന്നാ ശേലാ രണ്ടിനെയും കാണാൻ.. ഇപ്പോളത്തെ സിനിമാനടികളെ കണ്ടാലും മതി.....
പെണ്ണുങ്ങളായാലിച്ചിരി തണ്ടും തടിയും വേണം. അത് കണ്ടിട്ടാണ് അതിയാൻ അന്നയെ കെട്ടിയത്തന്നെ ......
അന്നക്കുട്ടി തോളേൽ കിടന്ന തോർത്ത് കൊണ്ട് മുഖത്ത് വന്ന നാണം അമർത്തി തുടച്ചു .
പരിസരബോധം വന്നപ്പം വീണ്ടും നോട്ടീസിലോട്ടു കണ്ണ് പായിച്ചു.. ഇടവകേല് നാലാമത്തെ ആണ്ടിലെ പ്രഘോഷണമാണ് . കഴിഞ്ഞാണ്ടിൽ ഇളയ മകളുടെ പേറും പൊറുതിയും കാരണം മുടങ്ങി .അതിനു മുന്നേ ആണ്ടില് അന്നകുട്ടിയുടെ പൊന്നും കുടംപോലുള്ള അതിയാനെ കർത്താവു മോളിലോട്ടു വിളിച്ചു . അതിനു മുന്നേ ആണ്ടില് ദുബായിലുള്ള മൂത്ത മകന്റെ മൂത്തവളുടെ കെങ്കേമമായ ആദ്യ കുര്ബാന കൈകൊള്ളല് ..ഈ ആണ്ടില് കർത്താവിന്റെ കൃപ കൊണ്ട് ഒരു തിക്കു മുട്ടലുമില്ല .
കർത്താവെങ്ങാനും മോളിലോട്ടു വിളിച്ചാൽ ഒടലോടെ സ്വർഗ്ഗത്തിലെത്തണമെന്നവാശീലു പ്രഘോഷണത്തിനു പോവാൻ തീരുമാനിച്ചു, അന്നക്കുട്ടി എണീറ്റു.
ടോണീടെ വലിയവൻ അകത്തു പാട്ടും വെച്ച് ഡാൻസ് കളിക്കുന്നു.. എന്നാ വേഷം കെട്ടാ പിള്ളേർക്ക്? വല്യമ്മച്ചീനെ കണ്ടിട്ട് വല്ല ബഹുമാനോം ഉണ്ടാ ? പണ്ടൊക്കെ കാർന്നോമ്മാരുടെ മുന്നില് നേരെ ചൊവ്വേ നിക്കുമോ ? മുട്ടു കുടു കുടാന്ന് വെറക്കും .. തറപ്പിച്ചു നോക്കിയാ മുള്ളി പോവും.
നെടുവീർപ്പിട്ടു അന്നക്കുട്ടി, അലമാരയിൽ പിറ്റേന്നുടുക്കാനുള്ള മുണ്ടും ചട്ടയും തിരയാൻ തുടങ്ങി.
ഒന്നാം ദിനം!
വെള്ളിയാഴ്ച നാലു മണിയോടെ അന്നക്കുട്ടി റെഡിയായി.. മുണ്ടു പിന്നിൽ ഞൊറിയിട്ടുടുത്തു.
ചട്ടയും മുണ്ടുമിട്ടു, കുണുക്കും കാതിലിട്ട അന്നകുട്ടിയെ ചിലപട്ടണ പരിഷ്കാരികൾ അത്ഭുതത്തോടെ നോക്കും.
കുഴിയിലേക്ക് കാലുനീട്ടിയോരു വരെ ചുരിദാറുംസാരീമിട്ടു ചെറുപ്പക്കാരായി വിലസണ് കഴിഞ്ഞ ഞായറാഴ്ച്ച പള്ളീൽ ചെന്നപ്പം ചുരിദാറിട്ട ത്രേസ്യ കുട്ടി! മോളുടെ പേറെടുക്കാൻ സിംഗപ്പൂരിൽ പോയതിന്റെ പരിഷ്ക്കാരം! അവളാ സാരിയും ചുറ്റി പള്ളീല് വരുമ്പം എന്നാ ശേലായിരുന്നു?
ദേഷ്യം കൊണ്ട് കണ്ണ് ചുവന്ന കാരണം അന്നക്കുട്ടി ആ ഭാഗത്തേക്ക് നോക്കീല്ല . പെണ്ണുങ്ങളായാൽ ഇച്ചിരി അടക്കോം ഒതുക്കോം വേണം, പള്ളീലെങ്കിലും..
ത്രേസ്യ കുട്ടിയോടുള്ള ദേഷ്യത്തിൽ ദുബായീന്ന് മൂത്തവൻ കൊടുത്ത സെന്റും പൗഡറും ഭേഷായിട്ടങ്ങോട്ടു മേലാസകലം പൂശി.. ചെറുപ്പത്തില് പള്ളീല് വരുമ്പം ലൈഫ് ബോയ് സോപ്പിട്ട് കുളിച്ചു, ക്യൂട്ടി കൂറ പൗഡറും പൂശിയ മണത്തിന്റെ ഏഴയലത്തെത്തിലൊന്നും..
അന്നക്കുട്ടി പുതിയ മണം മൂക്കിലോട്ടു വലിച്ചു കേറ്റാൻ നോക്കി.. ങ്ഹേ .... യാതൊരു കൊണോമില്ല ,മണോമില്ല. ഒക്കെ മായം ..തിന്നാനും കുടിക്കാനും കിട്ടണത്തിലും വെഷം . കാൻസർ വന്നു എന്തോരം പേരാ ഇടവകേല് ചാകണേ ? പണ്ടിതെങ്ങാനും കേട്ടേക്കണോ ?
പള്ളീല് പോവുമ്പം മാത്രമിടുന്ന സ്വർണ കോന്തേം കണ്ണടേം വെച്ച്അന്നക്കുട്ടി യാത്രയായി. അതിയാന്റെ ഓർമക്കുള്ള കാലൻ കൊടേം കൈയിലെടുത്തു . വല്ല പട്ടിയോ പൂച്ചയോ വഴീല് വന്നാലോ ? മടക്കം ഇച്ചിരിയിരുട്ടിയാവും .. നാലാളെ കിട്ടിയാൽ പാതിരിമാര് വിടുമോ ?
വഴിയൊക്കെ പരിഷ്കരിച്ചേക്കണ്.. നെറച്ചും വഴിവിളക്കു. ചെമ്മണിട്ട ഇടവഴി പോലും ടാറില് .
കുട്ടിക്കാലത്തു ചാച്ചന്റെ കൈയും പിടിച്ചു പെട്രോ മാക്സും കത്തിച്ചാ പള്ളീന്നു മടക്കം. സൂക്ഷിച്ചില്ലേൽ മുഴുത്തയിനം കാലേൽ കൊത്തും.. ഇപ്പം മനുഷേമാരെ പേടിച്ചാ മതി....അമ്മാതിരി അക്രമങ്ങളാണ് നാട്ടിൽ ..ഇച്ചിരി സ്വർണം കിട്ടാനാ തോട്ടത്തിലെ അന്തോണിയുടെ പെമ്പറബ്ന്നോരെ റബര് തോട്ടത്തി കുഴിച്ചു മൂടിയേ . കണ്ണി ചോരയില്ലാത്ത കാലമാടന്മാർ ..
ആദ്യത്തെ പേറു കഴിഞ്ഞപ്പം അതിയാൻ, പവന് നാൽപതു രൂപ കണക്കിന് അഞ്ചു പവനിൽ തീർത്ത കൊന്തയാണ്. ഇന്നിപ്പം ലക്ഷങ്ങളാ വെല .
അന്നക്കുട്ടി സ്വർണക്കൊന്ത കവണികൊണ്ട് നല്ലോണം പുതച്ചു മുന്നോട്ടു നടന്നു.
കുഞ്ഞു നാളിൽ ചാച്ചൻ പള്ളി മുറ്റത്തു ചെരുപ്പും റാന്തൽ വിളക്കും വെക്കും.. ഇപ്പം എത്ര പറഞ്ഞാലും പരിഷ്കാരം മൂത്ത കുഞ്ഞാടുകൾ ചെരുപ്പിട്ടു “പട പട” പള്ളിലോട്ടു കേറും. കുർബാന കൊള്ളുമ്പോഴും കാണും, കാലേൽ ലാടം വെച്ച കുന്ത്രാണ്ടാം .. അല്ല, പുറത്തു വെച്ചാലും ചെല്ലുമ്പം കാണൂല.. പള്ളീലും കള്ളവർഗങ്ങള്! ആയകാലത്തു പറഞ്ഞു പോലും കേക്കാത്ത കാട്ടികൂട്ടലുകള്..
മുറ്റത്തു തന്നെ എന്തോരം കാറുകളാണ്... ആളുകൾക്ക് ഇന്നത്തെകാലത്തു രണ്ടടി യാത്ര പോവാനും വണ്ടി വേണം. പണ്ടൊക്കെ കുന്നും മലയുംകേറി ഇറങ്ങിയേന്റെ ആരോഗ്യമവർക്കുണ്ടായിരുന്നു. ഇന്ന് രണ്ടടി വെച്ചാൽ രണ്ടു ഗ്ലാസ് വെള്ളം കുടിക്കും... കാശിനു കൊള്ളാത്ത വകകള് ..
പള്ളിമുറ്റമെന്നോർക്കാതെ അന്നക്കുട്ടി കാർക്കിച്ചു തുപ്പി.
അകത്തു കയറി മുൻ നിരയിൽ തന്നെ ഇരിപ്പുറപ്പിച്ചു . പള്ളി ഇപ്പം പഴയ പോലൊന്നുമല്ല . മൊത്തം കസേരയും ബെഞ്ചും..കസേരയിൽ ഞെളിഞ്ഞിരിക്കുന്ന പത്തു പതിനെട്ടു വയസുള്ള പെങ്കൊച്ചുങ്ങളെ കണ്ടപ്പം അന്നകുട്ടിക്കു ചൊറിഞ്ഞു വന്നു .ഇവറ്റങ്ങൾക്കു നിലത്തിരുന്നൂടെ? ആഹ്. …ഇറുകി പിടിച്ച പാന്റും ബനിയനുമിട്ടു എങ്ങിനെയിരിക്കാൻ? ഈ ജാതി രണ്ടു മൂന്നെണ്ണം വീട്ടിലുമുണ്ട് ... അശ്രീകരങ്ങള് ! നീളൻ പാവാടയും ബ്ലൗസും തലയിൽ നെറ്റുമിട്ടു വരുന്ന പെമ്പിള്ളേരെ കാണാനാ ശേല്..
ചെറുപ്പത്തിലെത്ര വയ്യെങ്കിലും അമ്മച്ചി കുർബാന തീരുന്ന വരെ മുട്ടുകുത്തിച്ചു നിർത്തും. തീരുമ്പം എന്നാ മുട്ടു വേദനയാ?ഇപ്പോഴത്തെ പിള്ളാർക്ക് ഇതു വല്ലോം പറഞ്ഞിട്ടുണ്ടോ? ചുമ്മാ അല്ല, ഒന്ന് പെറ്റു കഴിയുമ്പോൾ നിലത്തു ഇരിക്കാൻ മേലാതാവുന്നെ ..മേൽ അനങ്ങി എന്തേലും ചെയ്യണ്ടേ?
ആ ഭാഗത്തേക്കുള്ള നോട്ടം മാറ്റി അന്നക്കുട്ടി കൊന്തയുരുട്ടാൻ തുടങ്ങി.
പാലായിൽ നിന്നുവന്ന അച്ചനാണ് പ്രഘോഷിക്കുന്നത്.പത്തു കല്പന ചുരുക്കി കർത്താവു പറഞ്ഞ രണ്ടു കല്പനയിൽ പിടിച്ചാണ് പ്രഘോഷണം - “തന്നെ പോലെ തന്നെ അയൽക്കാരനെയും സ്നേഹിക്കണം” . അത് കേട്ടപ്പോൾ അന്നകുട്ടിക്കു ദേഷ്യം കൊണ്ട് കണ്ണ് കാണാതായി
നാലേക്കർ പുരയിടത്തിനടുത്തു ഒരു മേനവൻ മാത്രമാണ് അന്നക്കു അയൽവാസി ..അയാളുടെ മകളും അന്നയുടെ ഇളയ പുന്നാര മകനും ബാംഗളൂരിൽ ഒന്നിച്ചാണ് എഞ്ചിനീയറിംഗ് പഠിച്ചത് .പഠിപ്പു കഴിഞ്ഞു രണ്ടു ജാതിയിൽ പെട്ട രണ്ടും കൂടി കെട്ടു കഴിച്ചു പൊറുതി തുടങ്ങി. അന്ന കുട്ടി ആ ഭാഗത്തേക്ക് നോക്കാതെ ആയിട്ട് വര്ഷം നാലായി .അവറ്റങ്ങളെ ആണ് “തന്നെ പോലെ തന്നെ സ്നേഹിക്കണം “എന്ന് പാലാക്കാരൻ അച്ചൻ പറയുന്നത് ..നടന്നത് തന്നെ !!
പെണ്ണും പിടക്കോഴീം ഇല്ലാത്ത അച്ചന്മാർക്കു നൊന്തു പെറ്റവരുടെ വേദന അറിയോ ?
പള്ളീന്നു വീട്ടിലേക്കുള്ള വഴിമുഴുവൻ അന്നക്കുട്ടി മേനവനെയും മകളെയും ശപിച്ചു.. നല്ല മാണിക്യം പോലുള്ള ആമ്പിള്ളേര് വളക്കാൻ നടക്കുന്ന കുരുത്തമില്ലാത്ത ജന്മങ്ങള് !
രണ്ടാം ദിനം!
പിറ്റേന്ന് വൈകുന്നേരം നേരിയതിൽ കുറച്ചൂടെ സെന്റ് പൂശി അന്നക്കുട്ടി പള്ളീലേക്കു യാത്രയായി .ഇന്ന് മുൻനിരയിൽ നിന്ന് മാറിയിരിക്കാം . ഒന്ന് കണ്ണടഞ്ഞു പോയാൽ ആ വികാരിയച്ചൻ കാണുകേം ഇല്ല. കണ്ടാൽ അടുത്ത ഞായറാഴ്ച പള്ളീല് വിളിച്ചു കൂവും .”ഉറങ്ങാനാണ് കുറെ എണ്ണം പള്ളിയിലോട്ടു കെട്ടിയെഴുന്നള്ളി വരുന്നേ “.
രണ്ടാം ദിവസം ചങ്ങനാശേരിലെ അച്ചൻ “ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത്” എന്ന വചനം പ്രഘോഷിച്ചു .അത് തെറ്റിക്കാത്തവളാണ് അന്നക്കുട്ടി .അത് കൊണ്ട് തന്നെ ഒന്ന് മയങ്ങി .
" സർവ്വ ശക്തനായ ദൈവമേ ..
കൈ വണങ്ങിടുന്നിതങ്ങയെ .."
വടക്കേലെ ജോണിച്ചൻ അൾത്താരക്ക് മുന്നിൽ നിന്ന് പാടുന്നു. ഇടക്കിടക്ക് ഓട്ടക്കണ്ണിട്ട് മുന്നിൽ മുട്ടു കുത്തി നിൽക്കുന്ന പാവടക്കാരിയെ നോക്കുന്നു. ജോണിച്ചന്റെ കണ്ണ് തെറ്റുന്ന നേരത്തു പാവാടക്കാരി അന്ന, തലേൽ ഇട്ടിരിക്കുന്ന നെറ്റിന്റെ ഇടയിലൂടെ ഒരു നോട്ടം.. എന്നാ ശേലാ പൊടിമീശക്കാരനെ കാണാൻ!പാട്ടു കേട്ടു സാക്ഷാൽ ഉടെ തമ്പുരാൻ സ്വർഗ്ഗത്തിന്നു ഇറങ്ങി വരും .
“അമ്മച്ചി പ്രഘോഷണം കഴിഞ്ഞു . പോണില്ലേ?” അടുത്തിരുന്ന പെമ്പറന്നോത്തി ഞ്ഞ്യോണ്ടിയപ്പോൾ അന്നക്കുട്ടി ചാടിയെഴുനേറ്റു, കുടയുമെടുത്തിറങ്ങി ..
വഴിയിൽ കൂടി നടക്കുമ്പോൾ അന്നക്കുട്ടി മയക്കത്തിൽ കണ്ട സ്വപ്നത്തെയോര്ത്തു. ഇഷ്ടമാണെന്നു ജോണിച്ചനും പറഞ്ഞില്ല, അന്നയും പറഞ്ഞില്ല. വീട്ടിൽ കല്യാണം ആലോചിക്കാൻ തുടങ്ങിയപ്പോൾ ആ ഇഷ്ടം വന്ന വഴിയേ പോവുകയും ചെയ്തു..
ഇന്നത്തെ പിള്ളേര് പ്രേമത്തിന്റെ പേരിൽ എന്തെല്ലാമാണ് കാട്ടി കൂട്ടുന്നേ? പെണ്ണ് കല്യാണത്തിന്റെ അന്ന് കാമുകന്റെ കൂടെ ഒളിച്ചോടുന്നു .. പ്രേമിക്കുന്ന പെണ്ണിന്റെ ഫോട്ടോയെടുത്തു തലങ്ങും വിലങ്ങും ഫോണിലിടുന്നു . കർത്താവെ! ലോകമവസാനിക്കാൻ ഇനിയെന്നാ വേണ്ടത്.. അന്തിക്രിസ്തുവിന്റെ നാളുകള്!
വളർത്തി വലുതാക്കിയ കാര്നോമാരോടും സ്നേഹമില്ല .. തമ്മിൽ തമ്മിലും സ്നേഹമില്ല. ഒരു വീട്ടിൽ ഒന്നോ രണ്ടോ അല്ലെ ഉള്ളു. പണ്ടൊക്കെ പത്തും പണ്ട്രണ്ടുമെണ്ണം തമ്മി തല്ലിയും തല കീറിയുംകൊണ്ടും കൊടുത്തും വളരും .... ഉം ..അതുമൊരു കാലം...
ആ ...വേറൊരു കാര്യമാലോചിച്ചാൽ ഇതും നല്ലതു തന്നെ. ഒരെണ്ണത്തിനെതന്നെ പഠിപ്പിച്ചെടുക്കാൻ പെടുന്ന പാട്.. ഇതിനു മാത്രം കാശ് വേണ്ടേ ? പണ്ടൊക്കെ സർക്കാർ ഉസ്കൂളിൽ പഠിച്ചവര് ഡാക്കിട്ടറും കളക്ടറുമാവും.. ഇന്നോ ? എന്തോരം പരൂഷകളാ !!
ഒന്നും രണ്ടുമാലോചിച്ചു വീടും കഴിഞ്ഞു അന്നക്കുട്ടിമുന്നോട്ടു നടന്നു. " എങ്ങോട്ടാ അന്നക്കുട്ടിഈ നേരത്തു ? " മുളമൂട്ടിലെ കറിയാച്ചന് ചോദിച്ചപ്പോൾ അല്പം ചമ്മലോടെ അന്ന തിരിച്ചു നടന്നു.
മൂന്നാം ദിനം!
മൂന്നാം ദിവസം അതേ ചട്ടയും മുണ്ടും നേരിയതും പിന്നേം തേച്ചു മിനുക്കി കുറച്ചൂടെ സെന്റും പൂശി അന്നക്കുട്ടി പള്ളിയിലേക്ക് വലതു കാൽ വെച്ച് കയറിയപ്പോൾ ധാണ്ടിരിക്കുന്നു കളിക്കൂട്ടുകാരി ശോശാമ്മ .അവളുടെവീടാണ് ആ കുരുത്തം കെട്ട മേനവൻ വാങ്ങിയത്.
ശോശാമ്മകുറച്ചു ദൂരെയാണ് താമസം .ഇടവകപള്ളീല് വല്ലപ്പോഴുമേ വരൂ. അന്നക്കുട്ടി അടുത്ത് ചെന്നിരുന്നു കെട്ടിപിടിച്ചു വിശേഷം തിരക്കി . ശോശാമ്മയെ അവസാന ദിവസത്തെ പ്രഘോഷണം കേൾക്കാൻ മകൻ കാറിൽ കൊണ്ട് വിട്ടതാണ്. ഞായറാഴ്ച ആയതു കൊണ്ട് പള്ളിയിൽ സൂചിയിടാൻ സ്ഥലമില്ല.
എറണാകുളത്തു നിന്ന് വന്ന അച്ചൻ പള്ളിയിലേക്ക് കൊടുക്കേണ്ട ദശാംശത്തെ കുറിച്ച് പ്രഘോഷിക്കുന്നു . ഈ കാശെല്ലാം കൂടി പള്ളിക്കാരു എന്നാ ചെയ്യുന്നേ ? സ്വന്തക്കാര്ക്കും ബന്ധുക്കാർക്ക്കും കൊടുക്കുന്നുണ്ടാവും .
വിലകൂടിയ കാറിലാണ് അച്ചന്മാരുടെ നടപ്പെന്നും ഒറ്റ സിനിമയും ഇവറ്റങ്ങൾ വിടില്ലെന്നും അന്നക്കുട്ടിയും ശോശാമ്മയും പരസ്പരം ആരും കേൾക്കാതെ പ്രഘോഷിച്ചു.
ആഴ്ചയിൽ ഒരിക്കൽ പത്തു രൂപ കുർബാനക്കിടയിൽ കൊടുക്കുന്നതല്ലാതെ നയാ പൈസ പള്ളിക്കു കൊടുക്കില്ലെന്ന് അന്ന കുട്ടി കട്ടായം പറഞ്ഞു .
അടുത്തിരുന്ന ചുവന്ന സാരിക്കാരിയുടെ മുഖത്തെ മെയ്ക്ക് അപ്പ് കണ്ടു, രണ്ടുപേരും അന്തം വിട്ടു. ഇവളൊക്കെ സിനിമയിൽ അഭിനയിക്കാനോ പള്ളീല് വരുന്നേ എന്ന് കുശു കുശുത്തു .നല്ല പ്രായത്തിൽ മുഖത്തിത്തിരി പൗഡറിടാൻ കൊതിച്ച നാളുകളോർത്തു .
കുർബാന കൈക്കൊള്ളാൻ ഒരു മധുര പതിനേഴുകാരി പാദസ്വരം കിലുക്കി പോണത് കണ്ടപ്പം രണ്ടു പേർക്കും ഉള്ളം കാല് മുതലേ പെരുപ്പ് വന്നു.അവളുടെ മണികിലുക്കം കേട്ട് അപ്പുറത്തെ ആണുങ്ങള് വരെ തിരഞ്ഞു നോക്കുന്നു .”കർത്താവെ ..പ്രലോഭനത്തിനു ഇനി എന്നാവേണ്ടേ?” .. അന്ന കുട്ടി നെറ്റീല് കുരിശു വരച്ചു ..
അങ്ങിനെ മൂന്ന് ദിവസത്തെ വചന പ്രഘോഷണത്തിനു ശേഷം നാലാം ദിവസം കാപ്പി കുടി നേരത്തു രണ്ടാമത്തെ മകൻ അന്നകുട്ടിയോടു കുശലാന്വേഷണം നടത്തി-“
പ്രഘോഷണമെങ്ങിനെ അമ്മച്ചി?”
“ഓ ..എന്നാ പറയാനാ ടോണി കുട്ടാ . അച്ചന്മാർക്കു പറയാൻ പുതിയ കാര്യങ്ങൾ വല്ലതുമുണ്ടോ?തന്നേം പിന്നേം മറിച്ചും തിരിച്ചും പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുവല്ലേ ? ചുമ്മാ ..പള്ളിലെ ആളെ കൂട്ടാൻ .. ഒടുക്കം ഒരു സംഖ്യാ പിരിവും .ഈ കാശൊക്കെ ഇവറ്റങ്ങൾ എന്നാ ചെയ്യുന്നേ ? വല്ല കൈയും കണക്കുമുണ്ടാ.... പണ്ടെങ്ങാനും ഇതു വല്ലതുമുണ്ടോ. ? വിധവേടെ ചില്ലിക്കാശിനു വിലകല്പിച്ച കർത്താവാ . അങ്ങേർക്കെന്തിന് ഇതിനുമാത്രം കാശ്? “
ഒന്ന് ശ്വാസം വിട്ടു അന്നക്കുട്ടി വീണ്ടും തുടർന്നു-“ പെണുങ്ങളൊക്കെ പള്ളിയിൽ വരുന്നതു എന്നാത്തിനാ ? എന്നതെല്ലാമാണ് മോന്തേല് വാരി തേക്കണെ ? കുഞ്ഞു നാളില് ഇച്ചിരി പൌഡർ കിട്ടാൻ ചാച്ചന്റെ അടുക്കൽ എന്തോരം കാറിയേക്കണു.... എല്ലാം പോട്ടെ ..പഴയ ഭക്തി ആർക്കേലുമുണ്ടാ? ഒരുതരം വേഷം കെട്ടല് .പള്ളി പാട്ടു കേട്ടാൽ സിനിമ പാട്ടു തോറ്റുപോകും.. പണ്ടൊക്കെ എന്നാ ഉശിരൻപാട്ടാ….പഴേ കാലത്തെ പിന്നോട്ടുരുട്ടാൻ കർത്താവ് ഈശോമിശിഹാ തന്നെ വിചാരിക്കണം.. അതൊക്കെയല്ലായിരുന്നോ കാലം ..എല്ലാം പോയീലെ?”
മകൻ കൈ കഴുകി പോയതറിയാതെ അന്നക്കുട്ടി താടിക്കു കൈയും വെച്ച് തുടർന്ന് കൊണ്ടിരുന്നു…..( ശുഭം )** Sani John.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo