Slider

വർഷങ്ങൾക്ക് മുൻപ് ഡിഗ്രി പഠന കാലത്ത് ...

0
സ്കൂളിലായാലും, കോളേജിലായാലും കുട്ടികളെ പറഞ്ഞ് വിടുമ്പോൾ രക്ഷിതാക്കൾക്ക് ഒരു ഉൾഭയവും ഉണ്ടാകാറില്ല അതിന് കാരണം തങ്ങളുടെ മക്കൾ അവിടെ വീട്ടിലെന്ന പോലെ പൂർണ്ണ സുരക്ഷിതരാണെന്ന അടിയുറച്ച വിശ്വാസമാണ്.
ആ വിശ്വാസത്തിന് ഹേതുവായിത്തീരുന്നത്-- വിദ്യാലയങ്ങളിൽ നാലുപാടും കണ്ണും കാതുമായി കാവൽ വിളക്കുകളായി വർത്തിക്കുന്ന അദ്ധ്യാപകരൊന്നു മാത്രമാണ്.
ഗുരുക്കന്മാരുടെ ഇടപെടലുകൾ ഓർമ്മയിൽ ഒരിക്കലും മങ്ങി പോകാറില്ല.
എങ്കിലും ചില ദിനങ്ങൾ അവർക്ക് വേണ്ടി മാറ്റിവെയ്ക്കപ്പെടുന്നത് ആ ഈശ്വര തുല്യ വ്യക്തിത്വങ്ങളോടുള്ള ആദരവ് തന്നെ.
* * * *
വർഷങ്ങൾക്ക് മുൻപ് ഡിഗ്രി പഠന കാലത്ത് ...
എന്നും കോളേജ് വിടുന്ന സമയം മാഷ് പ്രത്യക്ഷപ്പെടുമായിരുന്നു ക്ലാസിന് പുറത്ത് -
" പെട്ടെന്ന് ബസ്സ്സ്റ്റാന്റിലെത്താമല്ലോ എന്നു കരുതി ആ കുറുക്ക് വഴി ആരും പോകരുത്, നേരെ റോഡിലൂടെ പോയാമതി,, കേട്ടല്ലോ... പ്രത്യേകിച്ച് പെൺകുട്ടികൾ ".
ഈ പറച്ചിൽ ഒരു മുടക്കവുമില്ലാതെ മാഷ് തുടർന്ന് കൊണ്ടേയിരുന്നു.
കേട്ട് കേട്ട് ഞങ്ങൾപിന്നെയത് ശ്രദ്ധിക്കാത്ത മട്ടായി.
അന്നും മാഷ് വാതിലിനടുത്ത് വന്നിരുന്നു.
"ഓർമ്മയുണ്ടല്ലോ പറയേണ്ടല്ലോ"
"അയ്യോ... വേണ്ടേ...." ഞങ്ങള് കുറച്ച് ഉച്ഛത്തിൽ തന്നെ മറുപടി കൊടുത്തു.
"ഈ മാഷിത് എന്തോന്നാ നമ്മളെന്താ കൊച്ഛു പിള്ളേരോ.... " പിന്നിൽ നിന്നും അടക്കം പറച്ചിലുകൾ !
കൂൾബാറിലെ കുടിയും, തീറ്റിയൊക്കെ കഴിഞ്ഞപ്പോഴേക്കും പതിവിലും ഇത്തിരി വൈകിയെന്ന് എനിക്കും അവൾക്കും മനസിലായി.
"ബസ്സ് മിസ്സാവും നമുക്ക് ഈ റൂട്ടിലോടെയങ്ങ് വിട്ടാലോ.. .. "എന്റെ ചോദ്യം കേട്ടതാവാം അവളുടെ മുഖത്ത് ഒരു ഭയം
" എടീ.. മാഷ് പറഞ്ഞിട്ടില്ലേ.. "
" ഓ.. എന്നിട്ട് നമ്മളിതുവഴി പോകാതിരുന്നിട്ടുണ്ടോ.... മാഷ് ചുമ്മാ...."
ഞാൻ പറഞ്ഞ് നിർത്തിയപ്പോൾ അവളും ഒപ്പം കൂടി .
"അതെന്നെ അല്ലേ എന്താ പിടിച്ചു തിന്നുന്നോ ആരേലും നീ വാ..."
പഠന കാലത്ത് എന്തിനും ഞങ്ങള് മതിയെന്നുള്ള ഒരു തോന്നലുണ്ടാവും ചിലരിൽ അത്തരം തോന്നലുകളൊക്കെ ഞങ്ങളിലും ഇല്ലാതിരുന്നില്ല.
രണ്ടു പേർക്ക് ഒന്നിച്ച് നടക്കാൻ പറ്റാത്ത ഇരു പുറവും മതിലുകളാൽ മറച്ച ഒരു ഇടവഴിയായിരുന്നു അത്. ഒരരിക് ഓടയും.
ഒരു വളവ് കഴിഞ്ഞപ്പോഴാണ് അയാളെ ഞങ്ങൾ കണ്ടത്.
കൊലുന്നനെ നീണ്ട് കറുത്ത ഒരു മനുഷ്യൻ.
അയാൾ ഉടുത്ത തുണിമുണ്ട് പൊക്കി, പൊക്കി ഞങ്ങൾക്ക് നേരെ നടന്നു വരികയാണ് !
കൈകാലുകൾ വിറച്ചിട്ട് എങ്ങോട്ട് ഓടണമെന്നറിയാതെ ഞങ്ങൾ!
തിരിഞ്ഞോടുമ്പോൾ ഞങ്ങളിൽ ഒരുവൾ ആ ഓടയിൽ വീഴുമെന്ന് ഉറപ്പായിരുന്നു.
ആ വൃത്തികെട്ട മനുഷ്യ രൂപം ഞങ്ങളെ ലക്ഷ്യം വച്ച് പല്ലിളിച്ച് തൊട്ടടുത്ത് എത്താറായി നില്ക്കുന്നു.
പൊതുവെ അന്ന് എന്നേക്കാളും ധൈര്യം കുറഞ്ഞ അവൾ എന്റെ പേര് വിളിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു.
"നീ കല്ലെടുക്ക് കുട്ടീ.... കല്ലെടുക്ക് " പ്രാണരക്ഷാർത്ഥം അവളും കല്ലെടുത്തു.
ഒടുവിൽ വലിയ ഉരുളൻ കല്ലുകൾ ഞങ്ങളെങ്ങിനെയോ കൈക്കലാക്കി ആ പിശാചിന്റെ നെഞ്ചിൻകൂട് നോക്കി എറിഞ്ഞു.
ആ വൃത്തികെട്ട ജന്മം തിരിഞ്ഞോടാൻ തുടങ്ങി,,,
ജീവൻ തിരിച്ചു കിട്ടിയപ്പോൾ ഞങ്ങളുടെ മരവിപ്പ് മാറിയതാവാം പിന്നെ ഞങ്ങൾ കല്ല് വാരി വാരി അവന്റെ പുറത്തേക്ക് എറിഞ്ഞ് കൊണ്ടേയിരുന്നു.
ഒരു ദീർഘനിശ്വാസം വിട്ട് ബസ്സിലിരിക്കുമ്പോൾ പരസ്പരം സംസാരിച്ചിരുന്നില്ല ഞാനും ,അവളും.
മനസ്സിൽ നിറയെ മാഷിന്റെ രൂപമായിരുന്നു. അവളും അതാവണം മിണ്ടാതിരുന്നത്.
അടുത്ത ദിവസവുംഅവസാന പിരീഡ് മാഷ് എത്തിയിരുന്നു.
"ആരും ആ ഇടവഴി പോകരുത് ,,,
നേരെ റോഡിന് പോകുവ ..പ്രത്യേകിച്ച് പെൺകുട്ടികൾ ".
ക്ലാസ് കഴിഞ്ഞ് വഴി പിരിയുംവരെ ഞങ്ങളെ നോക്കി നില്ക്കുന്ന മാഷിനെ ഞാനൊന്ന് തിരിഞ്ഞ് നോക്കി.
എന്റെ കണ്ണുകൾ എന്തിന് നിറഞ്ഞെന്ന ഉത്തരം എനിക്ക് ആ നിമിഷം ബോധ്യമായിരുന്നു.

Shamsheera
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo