Slider

ഓണം.... എന്റെ ഓർമ്മകളിലൂടെ.....

0
ഓണം.... എന്റെ ഓർമ്മകളിലൂടെ.....
വർഷങ്ങൾ ഏറെ പുറകോട്ട് സഞ്ചരിച്ച് ചെന്നെത്തിയത് തറവാട്ടു മുറ്റത്ത്...! തറവാടിന്റെ ഐശ്വര്യത്തെ സുദൃഢതയോടെ എക്കാലവും ഉയർത്തി പിടിച്ചിരുന്ന നെടുംതൂണുകൾ -- അമ്മ, അച്ഛൻ, ചേച്ചമ്മ...., അവർക്കു മുന്നിൽ സാഷ്ടാoഗ പ്രണാമം...
അന്ന് ഞങ്ങൾ കുട്ടികൾക്ക് ചേച്ചമ്മയുടെ വക ഓണക്കോടിയായി കിട്ടുന്നത് ഓരോ കുട്ടിക്കസവുമുണ്ട് മാത്രം...! അച്ഛന്റെ വക പുത്തനുടുപ്പുകൾ കിട്ടാറുണ്ട്. അതൊക്കെ ഒരു സന്തോഷം തന്നെ..!
അത്തത്തിന്റെ തലേന്നാൾ മുതൽ സ്കൂളു വിട്ടു വന്നാൽ ഒന്നും കഴിക്കാനുള്ള സമയമില്ല..., ഞാനും കുഞ്ഞ്യേച്ചിയും, ദേവിയും കൂടി പൂക്കൂടയുമെടുത്ത് ഓടും, പൂ പറിക്കാൻ... കൂട്ടുകാരുമൊത്ത് തുമ്പ., മുക്കുറ്റി,.. മുല്ല, പിച്ചകം, അങ്ങിനെ പലപൂക്കളുo ശേഖരിച്ചുവെക്കും. അത്തം മുതൽ കാലത്ത് നേരത്തെ കുളിച്ചു വന്ന് പല വർണ്ണങ്ങളിലുള്ള പൂക്കളം ഉണ്ടാക്കും.
പൂരാടമാകുമ്പോഴേക്ക് വീട്ടിൽ വലിയ തിരക്കാണ്. കായ വറുക്കൽ, കാളൻ ഉണ്ടാക്കൽ, നാരങ്ങ, പുളിഞ്ചി ഉണ്ടാക്കൽ....! അടുക്കളയിൽ അമ്മയും ചേച്ചമ്മയും ഇരുപത്തിനാലു മണിക്കൂറും തിരക്കിലായിരിക്കും.
വറുക്കാനുള്ള കായ തൊലി പൊളിക്കൽ, ഞങ്ങളുടെ ജോലിയാണ്. ഏകദേശം രണ്ടു കുലയോളം കായ വറുക്കാനുണ്ടാകും (പലർക്കും ഓണ പകർച്ച എത്തിക്കാനുണ്ട്). കായ, വട്ടത്തിൽ, നാലാക്കി പിന്നെ ശർക്കര പുരട്ടാനുള്ളത്, അങ്ങിനെ എല്ലാം വെവ്വേറെ അരിഞ്ഞു വെക്കും.
പൂരാടമാകുമ്പോഴേക്കും കലവറയിൽ സ്വർണ്ണ നിറത്തിലുള്ള പഴക്കുലകൾ കെട്ടി തൂക്കിക്കഴിഞ്ഞിരിക്കും., കലവറയിൽ നിലത്ത് ഒരു ചാക്കു വിരിച്ച്, ഓണം കഴിയുന്നതുവരേക്കുള്ള പലതരം പച്ചക്കറികൾ നിരത്തി വെച്ചിരിക്കും. പാവൽ, പടവലം, പയർ, വെണ്ട, മത്തൻ, കുമ്പളം, കായ, ചേന, ഇഞ്ചി പച്ചമുളക്.. അങ്ങിനെയെല്ലാം....! എല്ലാം ഞങ്ങളുടെ വീട്ടുവളപ്പിൽ കൃഷി ചെയ്തതു തന്നെ......
പൂരാടം മുതൽ കാലെത്തെ കാപ്പിക്ക് പഴംനുറുക്ക്, പപ്പടം, കായവറുത്തത് എന്നിവയായിരിക്കും.
പൂരാടത്തിൻ നാൾ ആണ് തൃക്കാക്കരപ്പനെ ഉണ്ടാക്കുന്നത്.. ഓപ്പ മണ്ണെല്ലാം കുഴച്ച് റെഡിയാക്കിത്തരും, പൂജിക്കാനുള്ള തൃക്കാക്കരപ്പനെയെല്ലാം ഓപ്പ തന്നെ ഉണ്ടാക്കും. ബാക്കിയുള്ള മണ്ണു കൊണ്ട് ഞങ്ങൾ, അമ്മി, ആട്ടുകല്ല്, പാമ്പ്, ബൊമ്മകൾ എല്ലാം ഉണ്ടാക്കും.
ഉത്രാടത്തിൻ നാൾ പച്ചരി കുതർത്തി, അത് ഉരലിൽ പൊടിച്ചെടുക്കും(അമ്മയും ജാനകിയമ്മയും കൂടി)..., അപ്പവും അടയും ഉണ്ടാക്കാൻ.(മുഖത്ത് യാതൊരു ക്ഷീണമോ, പരിഭവമോ ഇല്ലാതെ സദാ സമയവും പണിയെടുക്കുന്ന അമ്മയെ കാണുമ്പോൾ അത്ഭുതപ്പെട്ടു പോകാറുണ്ട്...!)
പൂരാടം മുതൽ ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ തന്നേയാണ്. സാമ്പാർ, കാളൻ, ഓലൻ, എരിശ്ശേരി പപ്പടം, നാരങ്ങ, പുളിഞ്ചി, പായസം.. അങ്ങിനെ പോകുന്നു വിഭവങ്ങൾ...!
ഉത്രാടദിവസം ഉച്ചയൂണ് കഴിഞ്ഞാൽ അച്ഛനും ഞങ്ങൾ കുട്ടികളും വളപ്പിലേക്കിറങ്ങായി, ഇലമുറിക്കാൻ -തിരുവോണ സദ്യക്കുള്ളതും, പിന്നെ അടയ്ക്കുള്ളതും.
അന്ന് രാത്രിയിലെ ഭക്ഷണം കഴിഞ്ഞാൽ, അമ്മ ഞങ്ങൾക്കോരോരുത്തർക്കും ഓരോ ജോലി തരും. അടയ്ക്കുള്ള ഇലച്ചീന്തുകൾ കഴുകിത്തുടച്ച് വാട്ടി വെക്കണം. ഒരാൾ തേങ്ങ ചിരകും, അപ്പത്തിനുള്ള തേങ്ങ കുട്ടിക്കുട്ടിയായി അരിഞ്ഞു വെക്കും. രാത്രി തന്നെ അപ്പത്തിനുള്ള മാവ് കലക്കി വെക്കും. പിറ്റേ ദിവസം അതിരാവിലെ അപ്പo ഉണ്ടാക്കൽ ചേച്ചമ്മയുടെ ജോലി.
അsയ്ക്കു വേണ്ടുന്ന ശർക്കര പാവു കാച്ചി, അതിൽ തേങ്ങ ചിരകിയതും ഏലക്കായ പൊടിച്ചതും നെയ്യും ചേർത്തിളക്കി വെക്കും. ഹോ...., എന്തൊരു വാസനയും രുചിയുമാണെന്നോ ആ കൂട്ടിന്..!( ഒരു കാര്യമറിയോ...? ദേവി അമ്മ കാണാതെ ആ കൂട്ടിൽ നിന്നും ഇടക്ക് കുറച്ചെടുത്ത് കഴിക്കും.,ന്നിട്ട് കണ്ണടച്ചു കാണിക്കും...! മധുരത്തിനോട് അത്ര കമ്പമായിരുന്നു അവൾക്ക്..!)
അടയ്ക്കുള്ള മാവ് ദോശ പോലെ ഇലയിൽ പരത്തി അതിന്റെ പാതി ഭാഗത്ത് തയ്യാറാക്കിയ കൂട്ട് ഇട്ടു കൊടുക്കും. ഒരു വാഴത്തണ്ടുകൊണ്ട് അത് മെല്ലെപരത്തി അടമടക്കും. അങ്ങിനെ മടക്കി വെച്ചതെല്ലാം വലിയൊരു ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവി കയറ്റും. പിറ്റേ ദിവസമേ അത് തുറക്കുകയുള്ളൂ.
വീടിനടുത്ത് പാവപ്പെട്ട കുട്ടികളുള്ള കുറച്ച് വീടുകൾ ഉണ്ട്. പിന്നെ പ്രായമായി മക്കളൊന്നും ഇല്ലാതെ ജീവിക്കുന്ന കുറച്ചു പേരും. അവർക്കെല്ലാം, തിരുവോണ നാളിൽ തൃക്കാരപ്പന് ഇതെല്ലാം നേദിച്ചു കഴിഞ്ഞാൽ, ഓരോ പൊതിയാക്കി ആ വീടുകളിൽ എത്തിക്കുന്നത് ഞങ്ങളുടെ ജോലിയാണ്. അതൊക്കെ ചെയ്യാൻ എന്തൊരു സന്തോഷവും ഉത്സാഹവുമായിരുന്നെന്നോ...!
തൃക്കാക്കരപ്പന് പൂജ ചെയ്യൽ ഓപ്പയാണ്. കാലത്ത് നേരത്തെ കുളിച്ച് ഓണപ്പുടവയും ചുറ്റി ഞങ്ങൾ ആ പൂജ കഴിയാൻ കാത്തു നിൽക്കും...., അപ്പവും അടയും കഴിക്കാൻ...!
മേലടുക്കളയിൽ വട്ടമിട്ടിരുന്ന് തമാശയും പൊട്ടിച്ചിരിയുമായി പഴo നുറുക്ക്, പപ്പടം, ഉപ്പേരി, പിന്നെ അപ്പം, അട...! എല്ലാം ഒരുത്സവം പോലേയാണ്...!
തിരുവോണ സദ്യ...! ഹോ...! കൊതിയാകുന്നു...! സാമ്പാർ, കാളൻ, അവിയൽ, ഓലൻ, ഇഞ്ചിതൈര്, പുളിഞ്ചി, നാരങ്ങ, പപ്പടം, തേങ്ങ ഇടിച്ചു പിഴിഞ്ഞുണ്ടാക്കിയിട്ടുള്ള പായസം...!
മേലടുക്കളയിൽ കിഴക്കോട്ടു തിരിഞ്ഞ് നിലത്തിരിക്കണം..., എല്ലാവർക്കും തൂശനില. വിളക്ക് കത്തിച്ചുവെച്ച് ഒരു ചെറിയ തൂശനിലയിൽ നാലുo വെച്ചത് വിളമ്പും..., ഭഗവാന്...! അച്ഛൻ ഒരു വരിയുടെ നടുക്കിരിക്കും. അച്ഛന്റെ 2 വശത്തായി ഞങ്ങളിരിക്കും...., അമ്മയും ചേച്ചമ്മയും ചേർന്ന് ഞങ്ങൾക്ക് ഭക്ഷണം വിളമ്പിത്തരും. അത്തരത്തിലൊരോണം ഇനിയുണ്ടാകില്ലെന്നോർക്കുമ്പോൾ.....!
ഒരു വീട്ടിലെ എല്ലാവരും ചേർന്ന് അദ്ധ്വാനിച്ചതിന്റെ ഫലം സന്തോഷത്തോടേയും സംതൃപ്തിയോടേയും എല്ലാവരും പങ്കുവെക്കുന്നു. ഇതിൽ നിന്നെല്ലാം പല ഗുണപാഠങ്ങളും ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ട്..
ഇനിയുമാ തിരുമുറ്റത്ത് ഇതുപോലൊരു തിരുവോണം ആഘോഷിക്കാൻ കഴിഞ്ഞെങ്കിൽ.....! വിവാഹശേഷം കേരളത്തിൽ നിന്നും മറുനാട്ടിലേക്ക് പറിച്ചു നട്ടതോടുകൂടി തിരുവോണം മനസ്സിൽ കുളിർമ്മയുള്ള ഒരോർമ്മ മാത്രമായ് അവശേഷിച്ചു.....!
പ്രിയമുള്ളവരെ....., ഏവർക്കും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും തിരുവോണാശംസകൾ........! പഴമയുടെ പെരുമ അന്യം നിന്നുപോകാതിരിക്കട്ടെ...!
- - - - - - - - - - - - - - - - - - - - - - - -
Ambika Menon,
3/8/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo