Slider

പെണ്ണുകാണൽ ഒരു അവലോകനം....

0
പെണ്ണുകാണൽ ഒരു അവലോകനം....
നല്ല കട്ട തേപ്പുകിട്ടിയതിനു ശേഷമുള്ള 6 പെണ്ണുകാണലും ഒഴിവാക്കിയതിന്റെ ദേഷ്യം അമ്മയ്ക്ക് എപ്പഴും ഉണ്ട്. ഓരോ ആലോചന വരുമ്പോഴും എന്നോട് ചോദിക്കും, പറ്റില്ല, ഇപ്പോൾ വേണ്ട എന്ന മറുപടി കേട്ടുമടുത്തതുകൊണ്ടാവണം പിന്നെ വരുന്നതൊന്നും എന്നോട് പറയാറില്ല. ഞായറാഴചയാണ്‌ പൊതുവെ കാണാൻ വരാറുള്ളത്., "ഇന്ന് ഒരു കൂട്ടര് വരുന്നുണ്ട് റെഡിയായി നിൽക്ക് എന്ന് മാത്രം പറയും.തിരിച്ചെന്തെങ്കിലും പറയുന്നതിന് മുമ്പ്തന്നെ, അവര് വന്നു പൊയ്ക്കോട്ടേ നിനക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ മാത്രം നടക്കുള്ളൂ എന്ന് കൂടി സമാധാനിപ്പിക്കും.
കണ്ടുകഴിഞ്ഞാൽ പിന്നെ എന്റെ തീരുമാനമാണ്, ഇഷ്ടമായില്ല !!!എന്ന ഒറ്റവാക്കിൽ പരിപാടി തീർന്നു എന്ന് വിചാരിച്ചാൽ തെറ്റി. അമ്മയ്ക്ക് അതിന്റെ കാരണം അറിയാവുന്നതുകൊണ്ടും, ഈ അടുത്ത കാലത്തൊന്നും ഞാൻ കെട്ടാൻ സമ്മതിക്കില്ലെന്നുള്ളതുകൊണ്ടും 'അമ്മ സംഹാരരുദ്രയാവും. എന്നും വൈകീട്ട് ചായക്കൊപ്പം പുട്ടും പഴവും തരാറുള്ള 'അമ്മ പിന്നെ ഒരാഴച്ചത്തേക്ക് പുട്ടില്ല.എന്നുമാത്രമല്ല മൗനവ്രതത്തിലുമായിരിക്കും. കാലത്തു കൈപിടിച്ച് എഴുന്നേൽപ്പിക്കില്ല, ചായ വച്ച് തരില്ല, ഉച്ചയ്ക്ക് കൊണ്ടുപോവാൻ ഊണാക്കിത്തരില്ല എന്നുവേണ്ട രാത്രിയിലെ എന്റെ കർണ്ണൻ സീരിയലിനു വരെ തടസമാണ്. ഒരുമാതിരി കൊച്ചുകുട്ടികളെ പോലെയുള്ള അമ്മയുടെ വാശികാണുമ്പോൾ ചിരിയും ഒപ്പം സങ്കടവും വരും.
വയസ്സും പ്രായവുമായി കണ്ണടയുന്നതിനു മുൻപ് ഉള്ളതിനെ ആർക്കെങ്കിലും ഏൽപ്പിച്ചു കണ്ണടച്ചാൽ ഒരു സമാധാനമാണ് ചന്ദ്രികേ... എന്നുപറഞ്ഞു അയലത്തുള്ള ചേച്ചിയോട് ഞാൻ കേൾക്കെ പരാതിയും കരച്ചിലും വേറെയുണ്ട്.പതുക്കെ ഒരാഴചയിലെ പിണക്കം തീരുമ്പോഴേക്കും അടുത്ത പെണ്ണുകാണലിനു ആളിങ്ങെത്തും.
കുഞ്ചു ഇന്ന് കുറച്ചാളുകൾ വരുന്നുണ്ട്, ചെക്കൻ നേവിയിലാ അവധി അതികം ഇല്ലത്രേ അതുകൊണ്ടു ചെക്കനും വരുന്നുണ്ടെന്നു പറഞ്ഞു... നീ കേൾക്കുന്നുണ്ടോ.. ??
കേട്ടു... എത്രമണിക്കാണെന്നു പറഞ്ഞാൽ മതി ഞാൻ റെഡിയായിക്കോളാം..
എന്തായാലും ഒരാഴച്ചത്തേക്കുള്ള അങ്കം ഇന്ന് തുടങ്ങും അവര് പൊയ്ക്കഴിഞ്ഞിട്ടാവാമെന്നു ഞാനും കരുതി.
ഇനിയും കുറെ പണി ബാക്കി കിടപ്പുണ്ട് അതുകൊണ്ടു കുളിക്കാനൊന്നും നിന്നില്ല . വരുന്ന മാക്കാൻ ഇങ്ങനെ കണ്ടാൽ മതി.. അല്ല പിന്നെ !!!
അടുപ്പത്തു ചായ വച്ചോണ്ടിരിക്കുമ്പോഴാ അവര് വന്നത്...
ഇരിക്കൂ.. മോൾ ചായ എടുക്കുന്നേ ഉള്ളൂ.. ഹാളിൽ നിന്നു അച്ഛന്റെ വിനയകുലീനമായ സ്വരം...
അയ്യോ ചായയൊന്നും വേണ്ട !! കുറച്ചു തണുത്ത വെള്ളം മാത്രം മതി.
ഇതുകേട്ട പാതി കേൾക്കാത്ത പാതി ചായ ആറ്റി കുടിച്ചുകൊണ്ട് ഞാൻ റെഡിയാവാൻ നിന്നു..
ഡീ നീയെവിടെന്നാ ചായ കുടിക്കുന്നെ ? പാൽ കുറച്ചല്ലേ ഉള്ളൂ ?
അവർക്കു ചായ വേണ്ടന്നല്ലേ പറഞ്ഞേ പിന്നെന്താ ? 'അമ്മ രണ്ടു ബിസ്ക്കറ്റും കൂടി എടുക്ക് നല്ല വിശപ്പ്...
അമ്മയുടെ നോട്ടം കണ്ടാൽ അറിയാം മുതുകത്തു നാല് ചവിട്ടു തരാൻ തോന്നുന്നുണ്ടെന്നു പക്ഷെ സന്ദര്ഭാനുസരണം മൗനം പാലിച്ചു..
മുടിയെല്ലാം വാരിക്കെട്ടി, ഒരു പൊട്ടും വച്ച്, രണ്ടു ഗ്ലാസിൽ നല്ല തണുത്ത വെള്ളവുമായി ഞാനവരുടെ മുൻപിലേക്ക് ചെന്നപ്പോൾ അച്ഛനും, മോനും ഒന്നു ഞെട്ടിയെങ്കിലും അത് പുറത്തുകാണിക്കാതെ പുഞ്ചിരിച്ചു. ഉള്ളത് പറയാലോ ഒരു പെണ്ണുകാണലിനു നിൽക്കേണ്ടി വരുമ്പോഴുള്ള ഭാവ ഭേദങ്ങളൊന്നും എനിക്ക് ഉണ്ടായില്ല. കാൽ വിരലുകള്കൊണ്ടു ചതുരംഗം തീർക്കുക, അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചുചുറ്റുക തുടങ്ങി ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുമ്പോൾ, തലതാഴ്ത്തി.. പുഞ്ചിരിച്, വീട്ടുകാരുടെ ഇഷ്ട്ടം എന്നുവരെ നീണ്ടുനിൽക്കുന്ന ഒരു പ്രത്യയ ശാസ്ത്രം എന്നിൽ നിന്നു ഉണ്ടാവാത്തതുകൊണ്ടു ചെക്കനൊന്നു പരുങ്ങി.
നല്ല ചൊങ്കൻ ചെക്കൻ. ആരെങ്കിലും തേച്ചുകാണും അല്ലെങ്കിൽ ഈ പച്ചവെള്ളം കുടിക്കാൻ ഇങ്ങനെ വരില്ലെന്ന് ആലോചിച്ചു നിൽക്കുമ്പോഴായിരുന്നു അവൻ മുറിയിലേക്ക് കയറിവന്നതും, എന്നെ ഇഷ്ട്ടായോ എന്ന് ചോദിച്ചതും !!
അഭിപ്രായം വീട്ടുകാരോട് പറഞ്ഞോളാം എന്ന് ഞാനും മറുപടി കൊടുത്തപ്പോൾ മുഖം വീർപ്പിച്ചു അവൻ എല്ലാരോടും യാത്ര പറഞ്ഞിറങ്ങി. പടിയിറങ്ങുമ്പോൾ എന്നെ ഒന്നു നോക്കുക പോലും ചെയ്യാത്തതുകൊണ്ടു മനസ്സ് ശാന്തമായി. താത്പര്യമില്ലെന്ന് ആ മുഖം കണ്ടാൽ അറിയാം.
നേരെ ചെന്നു അണിഞ്ഞ ആടയാഭരണങ്ങളെല്ലാം അഴിച്ചുമാറ്റി, പിന്നെ അടുക്കളയിൽ ഉണ്ടായിരുന്ന ബാക്കി ചായയും എടുത്തു കുടിച്ചു...
ദേവു വല്യമ്മേ ദേ വെള്ളം നിറഞ്ഞു പോണുട്ടോ... നമ്മുടെ ടാങ്കിലെ വെള്ളം നിറഞ്ഞോ അമ്മേ ? എന്താ ഇങ്ങനെ നിൽക്കണത് ? മണിക്കുട്ട്യോൾക്ക് തീറ്റ കൊടുത്തോ ? എന്നൊക്കെയുള്ള എന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ 'അമ്മ നോട്ടത്തിന്റെ അമ്പുകൾ എയ്തുകൊണ്ടിരുന്നു. ചുരിദാറിന്റെ പാന്റ് മുകളിലേക്ക് കയറ്റിവച്ചു, കുറച്ചു പിണ്ണാക്കും കൂടി ഇട്ട് മണിക്കുട്ടികൾക്കു കാടിവെള്ളം കൊടുക്കുന്നതിനിടയിൽ ഒരു കാൽപ്പെരുമാറ്റം..
ഒരുപക്ഷെ ഈ തണുത്തവെള്ളം കുടിക്കാനായിരിക്കും ഞാൻ ഇത്രയും കാലം കാത്തിരുന്നത്. എനിക്ക് ഇഷ്ട്ടായി ഈ കുറുമ്പിയെ !! നല്ല അസ്സല് തേപ്പു കിട്ടിയിട്ടുണ്ടെന്നും മനസ്സിലായി.. അവൻ സ്നേഹിച്ചപോലെ എനിക് ആവാൻ പറ്റുമോ എന്നറിയില്ല പക്ഷെ ഈ കണ്ണുകൾ ഒരിക്കലും നനയില്ല. ഇത് എന്റെ വാക്കാണ്... തന്റെ മറുപടിക്കായി ഞാൻ കാത്തിരിക്കും... തനിക്ക് വേണ്ടി മാത്രം..
ഇത്രയും പറഞ്ഞു അവൻ നടന്നകലുന്നത്.. കൈയിൽ പിണ്ണാക്കിന്റെ തരികളും, കണ്ണിൽ കൗതുകവുമായി ഞാൻ നോക്കി നിന്നു..
അമ്മേ അടുത്തവരവിന്‌ ഈ മരുമകന് ചായ തരണംട്ടോ. രണ്ടു ബിസ്ക്കറ്റും കൂടി എടുത്തോളൂ വിശപ്പും മാറും.. എന്ന് പറഞ്ഞു എന്നെ ഒളികണ്ണിട്ടു നോക്കിയപ്പോൾ എന്നിൽ ഒരു നാണം അറിയാതെ മിന്നിമറഞ്ഞു...
രഞ്ജുഷ മണി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo