Slider

ഉത്രാടവും ഷിവാസ് റീഗലും പിന്നെ പോലീസും

0
ഉത്രാടവും ഷിവാസ് റീഗലും പിന്നെ പോലീസും
മദ്യപിച്ച് ഉടുതുണിയുരിഞ്ഞ് പോലീസ് സ്റ്റേഷനു മുന്നിൽ പോലീസുകാരെ അസഭ്യം പറയുകയും അശ്ലീലം കാണിക്കുകയും ചെയ്തുവെന്ന കുറ്റം സമ്മതിക്കുന്നോ......?
പഴയ അഞ്ചാം ക്ലാസിലെ ക്ലാസ് മുറിയെ ഓർമ്മിപ്പിക്കും വിധമുള്ള പഴയ ഓടുകൾ മേഞ്ഞതും തടികൊണ്ടുള്ള ജനാല അഴികളും വാതിലുമൊക്കെയുള്ള ആ കുഞ്ഞു മുറിയിലെ കസേരയിൽ കറുത്ത ഗൗണിനുള്ളിലെയാൾ ഇങ്ങനെ ചോദിച്ചിട്ട് മുഖമുയത്തി എന്നെ നോക്കി.....
എനിക്കഭിമുഖമായി വാതിൽക്കൽ നിന്ന എന്റെ കൂടെ വന്ന പോലീസുകാരനെ ഞാനൊന്നു നോക്കി അയാളുടെ മുഖത്തൊരു അടക്കിപ്പിടിച്ച കള്ളച്ചിരി കാണുന്നുണ്ട്.....
എന്റെ സാറേ കുറച്ച് മുന്നെ ഞാൻ വാങ്ങി തന്ന പൊറോട്ടയും മുട്ടക്കറിയും ദഹിക്കാൻ തുടങ്ങി പോലും കാണില്ലല്ലോ......
കുറ്റം സമ്മതിക്കുന്നുണ്ടോ....
മുഖത്തിരുന്ന കറുത്ത കണ്ണടയൂരി മേശപ്പുറത്ത് വച്ച് ഗൗണിനുള്ളിലെയാൾ വീണ്ടും ചോദിച്ചു
മം....ഹും..... ഇല്ല എന്ന രീതിയിൽ ഞാൻ തലയാട്ടി സമ്മതിക്കുന്നില്ലേ.......എന്നു ചോദിച്ച്
ആ കണ്ണടയെടുത്ത് മുഖത്ത് ഫിറ്റ് ചെയ്ത് എന്തുവാടേയിത് എന്നുള്ള രീതിയിൽ പോലീസുകാരനെ നോക്കി
അയാൾ നേരത്തെ കഴിച്ച മുട്ടക്കറിയിലെ മുട്ടകൾ കണ്ണിന് അകത്ത് എടുത്ത് വച്ചതു പോലെ എന്നെ തുറിച്ച് നോക്കി.......
"മം... സമ്മതിക്കുന്നു....."ഞാൻ പതിയെ പറഞ്ഞു ഗൗണിനുള്ളിലെയാൾ കുനിഞ്ഞ് പേനക്കൊണ്ട് കടലാസ്സിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ട് തൂക്കിക്കൊല്ലാനായിരിക്കുമോ....
ഇത്രയും വലിയ കുറ്റമല്ലേ സമ്മതിക്കേണ്ടി വന്നിരിക്കുന്നത് അല്ലെങ്കിൽ എത്ര വർഷം ജയിലിൽ തടവാണോ ആവോ......ചിന്തിച്ച് നിൽക്കുമ്പോൾ.......
"ശരി നൂറ്റമ്പത് രൂപ പിഴയടച്ചിട്ട് പൊയ്ക്കോളു..... " ഗൗണിനുള്ളിലെയാൾ എഴുതിയ കടലാസ് പോലീസുകാരന് കൊടുത്തിട്ട് വിധി വന്നു.....
ങേ.... ഞാനൊന്നു വാ തുറന്നു അപ്പോ ഒരു നൂറ്റമ്പത് രൂപയ്ക്ക് പോലീസുകാരെ മുണ്ടും പൊക്കി കാണിക്കാം ചീത്തയും വിളിക്കാമോ........ കൊള്ളാല്ലോ....
സാറേ ഈ കറുത്തഗൗണിനെ ഒന്നു മുണ്ട് പൊക്കി കാണിക്കണമെങ്കിൽ എത്രയാ ചിലവെന്ന് പിഴയടച്ച് പുറത്തേക്കിറമ്പോൾ പോലീസുകാരനോട് ചോദിക്കണമെന്നുണ്ടായിരുന്നു......
ഒരു ഇരുന്നൂറ് രൂപ കൈയ്യിൽ ബാക്കി ഉണ്ടായിരുന്നു അതിലൊതുങ്ങുമെങ്കിൽ അതും കാണിച്ച് അതുകൂടെ അടച്ചിട്ട് പോകാല്ലോ....... പുറത്തേക്കിറങ്ങിയപ്പോൾ കൂട്ടുപ്രതികളായ ചങ്ങായിമാരും എന്തൊക്കെയോ മാരക കുറ്റങ്ങൾ നൂറ്റമ്പത് രൂപയിലൊതുക്കിയിട്ടവിടെ കാത്തു നിൽക്കുന്നത് കണ്ടപ്പോൾ.....
ഇവിടെവരെ എത്തപ്പെടാനുള്ള കുറച്ച് ദിവസം മുൻപേയുള്ള സംഭവത്തിലേക്കോർമ്മ പോയി....
"മച്ചാനെ നീ വേഗം അടിച്ചിട്ട് ഗ്ലാസിങ്ങ് എടുക്ക് " ഒരു ഉത്രാടത്തിന്റെന്ന് രാത്രി ഓണമാഘോഷിക്കുവാനായി വീടിനടുത്തുള്ള വിശാലമായ മണൽപറമ്പിൽ സുഹൃത്ത് വിദേശത്ത് നിന്ന് കൊടുത്തുവിട്ട ഷിവാസ് റീ ഗലിന്റെ അടപ്പ് തുറന്ന് ഗ്ലാസിലേക്കൽപ്പം ഒഴിച്ച് അളവറിയാനായി ദൂരെ കാണുന്ന പോസ്റ്റിലെ ലൈറ്റിലെ വെട്ടത്തിലേക്ക് ഗ്ലാസുയർത്തി നോക്കിയപ്പോൾ പെട്ടെന്ന് മുഖത്താരോ ടോർച്ചടിച്ചതു പോലെ തോന്നി
ആരോ ടോർച്ചടിച്ചല്ലോ......
കോപ്പ് നീ വേഗം ഗ്ലാസ് എടുക്ക്....
കൂടെയുള്ള അഞ്ചു പേർക്കും ധൃതിയായി ഞാനതിലേക്ക് സോഡ ഒഴിച്ച് നിറച്ച് കുടിക്കുവാനായി ചുണ്ടിലേക്കടുപ്പിച്ചു
ഗ്ലാസ് ചുണ്ടിലേക്കെത്തുന്നില്ലലോ...
ഞാൻ വീണ്ടും കൈയ്യുയർത്തി ചുണ്ടിലേക്കെത്തിച്ചു........
എവിടെ......എത്തുന്നില്ല....
ശരി...തല താഴേക്ക് ഗ്ലാസിലേക്കെത്തിക്കാല്ലോ അതിനായി ശ്രമം പറ്റുന്നില്ല...
നിവർന്നു നോക്കിയപ്പോൾ ഒരു പോലീസുകാരൻ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തുവാണ് കൂടെയുണ്ടായിരുന്നവരെയെല്ലാം കോളറിൽ ക്ലിപ്പിട്ട് ഓരോ പോലീസുകാർ തൂക്കിപ്പിടിച്ചിട്ടുണ്ട് കേറെടാ എല്ലാം ജീപ്പിൽ കുപ്പിയും ഗ്ലാസ്സും ടച്ചിംഗ്സും ഒക്കെയായി പോലീസുകാരുടെ അകമ്പടിയോടെ ജീപ്പിലേക്ക് കയറി രാത്രിയായതിനാൽ ആരും കണ്ടില്ലെന്നു തോന്നുന്നു ജീപ്പിലിരുന്ന് കുറച്ച് കറങ്ങി കുറെ അത്തപ്പൂക്കളമൊക്കെ കാണിച്ച് നമ്മളെ സ്റ്റേഷനിലെത്തിച്ചു
പോലീസുകാർ തങ്ങളിൽ ചെവിയിൽ എന്താക്കെയോ പറഞ്ഞു അടക്കി ചിരിക്കുന്നത് കണ്ട നമ്മുടെ കൂട്ടത്തിലെ പ്രായം കുറഞ്ഞവൻ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു
അണ്ണാ നമ്മളെ ഇടിക്കാൻ പോകുവാണെന്ന് തോന്നുന്നു അവൻ മുഖം പേടി കൊണ്ട് വിളറിയിരുന്നു.
ഓണമായിട്ട് ഒരു ഷിവാസ് റീഗൽ വെറുതെ കിട്ടിയ സന്തോഷമാണവർക്ക് കൂടെ അടിപൊളി രണ്ട് ഗ്ലാസും ആവശ്യത്തിന് ഫുഡും
നാളെ തിരുവോണമായത് കൊണ്ട് നിന്നെയൊക്കെ വിടുന്നു അടുത്ത ആഴ്ച കോടതിയിൽ പോയി പെറ്റി അടച്ചോളണം എല്ലോരും പേരും മേൽവിലാസവും എഴുതി കൊടുത്തിട്ട് പൊയ്ക്കോ ഇൻസ്പെക്ടർ അങ്ങനെ പറഞ്ഞപ്പോൾ നമുക്കാശ്വാസമായി എല്ലാപേരുടെ കൈയ്യിലും വായിലും ചിപ്സും മറ്റുള്ള നമ്മൾ വാങ്ങി കൂട്ടിയ ട്ടച്ചിംഗ്സ് കറു മുറാ ശബ്ദത്തിൽ ചവച്ചു കൊണ്ടാണ് സംസാരം എന്റെ പേരും വിലാസവും എഴുതാൻ പറഞ്ഞു കൊടുത്ത് പോലീസുകാരനു മുന്നിൽ നിൽക്കുമ്പോൾ വീട്ടിൽ നിന്നും എടുത്തു കൊണ്ടുവന്ന പുത്തൻ രണ്ട് ഗ്ലാസുകളും വിദേശി ഷിവാസും അവിടിരിന്ന് ചിരിക്കുന്നുണ്ട്
എനിക്ക് ശേഷം പേരും അച്ഛന്റെ പേരും വിലാസവും പറഞ്ഞ പ്രായം കുറഞ്ഞവനെ പോലീസുകാരൻ എഴുത്ത് നിർത്തി മുഖമുയർത്തി നോക്കി.......
''അപ്പോൾ ഇതാരാണ്....അയാൾ ചോദിച്ചു
"എന്റെ ചേട്ടനാണ് സാർ....അവന്റെ മറുപടി
"അതു കലക്കി അനിയനും ചേട്ടനും ഒരുമിച്ചാണ് കുടി അല്ലേ നിന്നെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലലോ പി......സീ... അയാൾ അകത്തേക്ക് നോക്കി വിളിച്ചു
"അയ്യോ സാർ ഞാൻ കുടി ഇല്ല ഒഴിച്ച് കൊടുപ്പാണ്..."അവൻ പേടിയോടെ പറഞ്ഞു "ആഹാ..... അപ്പൊ നിനക്ക് ഒഴിച്ചു കൊടുപ്പും ഉണ്ടോ..."
പണി പാളിയോ..."ഇല്ല സർ ഞാൻ ആഹാരം ഞവിടി കൊടുക്കും.... "
"ഹ ഹ.... ശരിയാണോടാ..... "പോലീസുകാരൻ ചിരിച്ചു കൊണ്ട് ചോദിച്ചു
തന്നെ സാർ അവൻ കഴിക്കില്ല മാത്രമല്ല നമ്മളാരും കഴിച്ചിട്ടില്ല സാർ കുപ്പി തുറന്നതേ ഉണ്ടായിരുന്നുള്ളു... ഞാൻ പറഞ്ഞു
ശരി...ശരി...നിങ്ങടെ കൂട്ടത്തിലെ ടച്ചിംഗ്സ് മുടിപ്പിക്കുന്നവനാണല്ലേ...ഇവൻ ഉം പൊയ്ക്കോ... ഇനി നിൽക്കണ്ട അല്ലേൽ ഇവൻ നമുക്കും ഒഴിക്കാനും ഞവിടാനും നിൽക്കും വിളിച്ചോണ്ട് പൊയ്ക്കോ.......
സാറേ... കുപ്പിയിലേക്ക് നോക്കി ഒന്നു കൂടെ വിളിച്ചു...
എന്താടാ കുപ്പിയുമായി ലോക്കപ്പിൽ തിരുവോണം ആഘോഷിക്കുന്നോ അതൊ വീട്ടിൽ പോണോ...... വേണ്ട സർ കുപ്പി വേണ്ട വീട്ടിൽ പോയാൽ മതി പോകാനായി നമ്മൾ ഇറങ്ങിയതും പൊടിയും പുകയുമൊക്കെയായി ഒരു കാർ വേഗത്തിൽ സ്റ്റേഷനു മുന്നിൽ എത്തി നിന്നു അതിൽ നിന്നും നാട്ടിലെ റിട്ടയർട് ഗുണ്ട ഷാജിയണ്ണൻ ചാടിയിറങ്ങി പറഞ്ഞു
"സാറേ ഇവൻമാരൊക്കെ എന്റെ പിള്ളേരാണ് കേസൊന്നും വേണ്ട വിട്ടേരെ....
പടിയിൽ നിന്നും പുറത്തേക്ക് കാലെടുത്തു വച്ച നമ്മൾ മുഖത്തോടു മുഖം നോക്കി മൂ.........
തമിഴിലെ മുഖത്തെ മനസ്സിലൊന്ന് പറഞ്ഞു..... ശരി....ശരി....നിൽക്ക് നിൽക്ക് പീ....സീ... ഇവൻമാരെ അകത്തേയ്ക്ക് കയറ്റ്
കേട്ടില്ലേ...ഷാജി വന്നിരിക്കുന്നു ഇവന്മാരെ ഇറക്കാൻ അപ്പൊ പിന്നെ ഒന്നു തലോടി വിട്ടേക്കാം എന്തേയ്....
ഇടി ഉറപ്പായി നമ്മളെല്ലാം മനസ്സിൻ ഉറപ്പിച്ചു പൊന്നു ഷാജി ചേട്ടാ ഇങ്ങനെയൊരു ചതി നമ്മളോട് വേണ്ടായിരുന്നു.......
പണി പാളിയെന്നു മനസ്സിലായ ഷാജി ഗുണ്ട പുളിച്ച ചിരിയുമായി കാറുമെടുത്ത് മുങ്ങി.... സാറെ നമുക്ക് ഇയാളെ അറിയില്ല നമ്മളെ അകത്തീടാനുള്ള അയാളുടെ അടവാണ്... നമ്മള് പൊക്കോട്ടെ സാറെ... വീണ്ടും അവരോട് യാചിക്കേണ്ടി വന്നു........
ഉം ശരി ശരി നേരെ എല്ലാപേരും വീട്ടിൽ പൊയ്ക്കോണം ഒഴിച്ചു കൊടുക്കാനും ഞവിടാനും ഒന്നും നിൽക്കണ്ട കേട്ടോടാ........ എന്റെ പുറകിൽ ഒളിച്ച് നിൽക്കുന്നവനെ നോക്കി അയാൾ പറഞ്ഞു....അടുത്തയാഴ്ച കോടതിയിൽ വന്ന് ചോദിക്കുന്ന കുറ്റം സമ്മതിച്ച് പിഴയടച്ചോളണം....
എന്നുകൂടെ പിന്നെ കൂട്ടിച്ചേർത്തു
തിരികെ നടക്കുമ്പോഴും പലവട്ടം നമ്മളെല്ലോരും തിരിഞ്ഞു നോക്കി ഷിവാസ് റീഗലിനെ അതിന്റെ മണം പോലും ഒന്നറിയാൻ സാധിച്ചില്ല അവർക്കായിരുന്നു അതിന് യോഗം......
പിഴയടച്ച് തിരിച്ചുള്ള യാത്രയിൽ ഓരോരുത്തർക്കും കിട്ടിയ കുറ്റാരോപണങ്ങൾ ചർച്ച ചെയ്ത് എവിടെയൊക്കെ എന്തൊക്കെ ചെയ്യാൻ എത്ര രൂപ വേണമെന്ന് കണക്കുകൂട്ടി ഇതൊക്കെയൊന്ന് ശരിക്കും ചെയ്ത് അടുത്തയാഴ്ചത്തേക്ക് പിഴയടക്കാനുള്ള തുക പിരിവിടാനുള്ള തീരുമാനമായി.... ഗൗണിനുടമ്മയ്ക്കായി പ്രത്യേകം തുക മാറ്റിവച്ചു
എന്തരാകുമോ ആവോ....
പരിപ്പും പപ്പടവും പായസവും ഊഞ്ഞാലും മാവേലിയുമൊക്കെയായി കുറെ ഓണക്കഥകൾ വായിച്ചില്ലേ എല്ലാരും..... ഒരു ചെയ്ഞ്ചിനായി ഇങ്ങനെ ഒന്നിവിടിരിക്കട്ടെ
ജെ.... Jayachandran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo