Slider

മൗനങ്ങൾ പറയാതിരുന്നത്

0

മൗനങ്ങൾ പറയാതിരുന്നത്
**************************
ചുമലില്‍ നിന്ന് തലയെടുക്കാതെ തന്നെ അവൾ എന്നോട് പറഞ്ഞു,
''ഈ കല്യാണം എന്നൊക്കെ പറയുന്നത് ശരിക്കും സ്വർഗ്ഗത്തിൽ വെച്ചായിരിക്കും നടക്കുന്നത്. അല്ലേ..''
ഞാന്‍ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി..
''എന്ത്...''
പിന്നെ..വട്ട്.!
അത് നരകത്തിൽ വച്ചായിരിക്കും. ഞാൻ പതുക്കെ ചിരിച്ചു.
പലപ്പോഴും അങ്ങനെയാണ്. അവള്‍ പറയുന്നതൊന്നും എനിക്ക് മനസിലാവില്ല.
കടലോളം സ്നേഹമുണ്ടെങ്കിലും ഒരു നുള്ളു പോലും കിട്ടാത്ത അവസ്ഥ!
ചിലപ്പോള്‍ സ്നേഹിച്ചു കൊന്നു കളയും.
ചിലപ്പോള്‍ മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കും.
ചിന്തകളെ മുറിച്ചുകൊണ്ട് വീണ്ടുമൊരു ചോദ്യശരം.
"നീയെനിക്കൊരു സിന്ദൂരം തൊട്ടുതരോ.."
വീണ്ടും ഞെട്ടി.
കല്യാണം ഉറപ്പിക്കുന്നതിന് മുന്‍പ് ഒരു നൂറു തവണ ചോദിച്ചതാ..നിന്നെ ഞാന്‍ കെട്ടിക്കോട്ടെ..എന്ന്..
അപ്പോൾ അവൾ പറഞ്ഞു, പ്രണയം പവിത്രവും പരിപാവനവുമാണ്. വെറുമൊരു താലിചരട്ടിൽ കുരുക്കി അത് നശിപ്പിച്ച് കളയരുത്. നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ചോർത്തു പിന്നീട് ദുഃഖിക്കേണ്ടിവരും.
ദേഷ്യവും സങ്കടവും ഒരുമിച്ചുവന്നു..
പണ്ടൊരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു നിനക്കെന്നെ കെട്ടികൂടെ... !
അത്യന്തം സന്തോഷത്തോടെ അന്ന് ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി.
കണ്ണിമ വെട്ടാതെ അവള്‍ എന്‍റെ രണ്ടു കണ്ണിലേക്കും മാറിമാറി നോക്കി രഹസ്യം പോലെ മൊഴിഞ്ഞു..''പക്ഷേ ആരും ഇത് അറിയരുത്..നമ്മള്‍ രണ്ടാളും മാത്രം അറിഞ്ഞാല്‍ മതി.
.നീ പറയോ ആരെങ്കിലോടും..പറയോന്ന്...! കണ്ണുതുറിപ്പിച്ചു നിന്ന എന്നെ പിടിച്ചുകുലുക്കികൊണ്ടു ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഇതാണോ പ്രണയം
എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത്
എന്തായിരിക്കും അവളുടെ മനസ്സില്‍..!
ഒരു കൂമ്പാരം ചോദ്യങ്ങളുണ്ട് എനിക്ക് .
ഉത്തരമില്ലാത്തവ..
എന്തൊക്കെയോ എന്നില്‍ നിന്ന് മറയ്ക്കുന്നപോലെ..
നിഗൂഡതകള്‍കൊണ്ടൊരു മതില്‍ തീർത്തിരിക്കുന്നു എനിക്കുചുറ്റും..!
പതിവുപോലെ വളരെ നേരം ഇതിനെചൊല്ലി തര്‍ക്കിച്ചും കലഹിച്ചും അന്നത്തേക്ക് ഗുഡ്ബൈ പറഞ്ഞു ഇരുവരും പിരിഞ്ഞു. ഭ്രാന്തമായ ചിന്തകള്‍ പലപ്പോഴും എന്നെ അലട്ടികൊണ്ടിരുന്നു.
കോളേജ് കാലം മുതല്‍ എന്‍റെ കൈകോര്‍ത്തു പിടിച്ചതാ അവൾ.
ഒാര്‍മകള്‍ ചിലപ്പോള്‍ സിരകളെ ചൂടുപിടിപ്പിക്കും.
കണ്ണുകള്‍ തമ്മിലുടക്കിയാല്‍പോലും പൂത്തുലയുന്ന കൗമാരം..
ഇരുകൈകളും കൂട്ടിയുരച്ച് നടന്നിരുന്ന ഞങ്ങളുടെ കോളേജ് വരാന്ത..
പലതും കണ്ടും കേട്ടും ജ്യാള്യം പൂണ്ടു നിന്ന ഗുല്‍മോഹര്‍...
അങ്ങനെ പലതും.
ഒരിക്കല്‍ കോളേജ് വരാന്തയില്‍ ഞാന്‍ നടന്നുവരുമ്പോള്‍ അവള്‍ എന്നെയും കാത്ത് നില്‍കുന്നുണ്ടായിരുന്നു. രേഷ്മയെ ആദ്യമായ് ഞാന്‍ അന്നാണ് കാണുന്നത്. നെഞ്ചില്‍ ഒരു കടലാസ് ചേര്‍ത്തുപിടിച്ചിരുന്നു.
കണ്ണുകളില്‍ മൂക്കുത്തികല്ലിന്‍റെ പ്രകാശം പ്രതിഫലിച്ചുകൊണ്ടിരുന്നു.
സന്തോഷേട്ടാ..ഇതൊന്നു നോക്കോ..!
ഞാന്‍ എഴുതിയകഥയാ..
അന്നു മാഗസിനില്‍ വന്ന എന്‍റെയൊരു കഥ കണ്ടിട്ടാവണം അവള്‍ എന്നെ ഇത് കാണിക്കാന്‍ നിന്നത്. ഗൗരവത്തോടെ ഞാന്‍ ആ കടലാസ് വാങ്ങിനോക്കി.
കണ്ണില്‍ നിന്ന്‌ പൊന്നീച്ച പറന്നു. അത് മുഴുവന്‍ ഇംഗ്ളീഷില്‍ ആയിരുന്നു. ലജ്ജയും ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. പിന്നൊന്നും നോക്കിയില്ല ഒരലര്‍ച്ചയായിരുന്ന. കുട്ടിക്ക് കഥ എന്താണെന്നറിയോ..?
ഏതെങ്കിലും ഒരു നല്ല എഴുത്തുകാരന്റെ കഥാവായിച്ചിട്ടുണ്ടോ?
ദത്തെവിസ്കി ആരാന്നറിയോ..!
അവളുടെ കണ്ണുനിറഞ്ഞത് ശ്രദ്ധിക്കാതെ കടലാസ് തിരികെ കൊടുത്ത് ഞാന്‍ നടന്നു നീങ്ങി.
വര്‍ഷങ്ങള്‍ പലതും കടന്നുപോയി.
രണ്ടുപേരും സര്‍വ്വീസില്‍ കയറിപറ്റി. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രാപ്തിയായി. എന്നിട്ടും ഒരുമിച്ചുള്ള ജീവിതത്തോടവള്‍ അറച്ചുനിന്നു.
എന്‍റെ വിവാഹം ആയി. വിവാഹത്തോട് യാതൊരുവിധ എതിര്‍പ്പും അവള്‍ പ്രകടമാക്കിയെല്ലെന്നുമാത്രമല്ല അത്യന്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഒഴുകികൊണ്ടിരുന്ന എന്റെ ജീവിതത്തിലലേക്ക് സ്നേഹസമ്പന്നയായ സഹധര്‍മ്മിണിയേയും രണ്ടു കുഞ്ഞുങ്ങളേയും ലഭിച്ചു.
അച്ഛന്‍റെ വിയോഗത്തോടെ കുടുംബനാഥന്‍ എന്ന ഭാരിച്ചഉത്തരവാദിത്തംകൂടി കിട്ടി.
ഒഴിവുദിവസങ്ങളില്‍ കൃഷിയും കൂടി നോക്കാന്‍ സമയം കണ്ടെത്തി.
അങ്ങനെയിരിക്കെ ഷോര്‍ണ്ണൂര്‍ക്ക് ട്രാന്‍സ്ഫര്‍ കിട്ടി. യാത്ര ബസ്സില്‍ നിന്ന് മാറ്റി ട്രെയിന്‍ ആക്കി. രണ്ടു മണിക്കൂറില്‍ കൂടുതലുള്ള ദീര്‍ഘയാത്ര.
ഒാര്‍ക്കുവാനും ഒാമനിക്കുവാനും ഒരുപാടുണ്ട്.
ഭൂതം വര്‍ത്തമാനം ഭാവി...
അതിലേറെ ടെന്‍ഷനും.
ചിന്തകളെ കീറിമുറിച്ച് ഇടയ്ക്കിടെ ട്രെയിനിന്‍റെ ചൂളംവിളി.
മുടിയുടെ ഈറൻ നിലനിർത്തുന്ന നല്ല തണുത്ത കാറ്റ്..
ഷോര്‍ണ്ണൂര്‍ എത്തി.
ഇന്ന് ഒാഫീസിലേക്കില്ല. ഫീല്‍ഡ് വിസിറ്റ് ഉണ്ട് . മൈഗ്രന്‍സിന്‍റെ ഏരിയയില്‍ ഒരു പനിമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്‍റെ എന്‍ക്വയറി ഉണ്ട് . ഒന്നുരണ്ടു വീട് വിസിറ്റ് ചെയ്യണം. ഉള്‍പ്രദേശം ആയതുകൊണ്ട് ഒരു സോഡകുടിക്കണമെന്‍കില്‍ ഒരു ഫര്‍ലോംഗ് താണ്ടണം. അടുത്തെങ്ങും ഒരു കടപോലുമില്ല. മിക്കവാറും ഉച്ചക്കുള്ള ഭക്ഷണപൊതി കയ്യില്‍ കരുതും.
ഫീല്‍ഡില്‍ എത്തിയപ്പോള്‍ തന്നെ സമയം 11കഴിഞ്ഞു. രണ്ടോ മൂന്നോ വീട് കയറിയിറങ്ങിയപ്പോഴേയ്ക്കും മനസ്സ് മരവിച്ചു.
അടുത്ത വീട്ടിലേക്ക് ലക്ഷ്യം വച്ചു. ഇത്തിരി വെള്ളം കുടിക്കണം, കഴിക്കണം.
ഒറ്റപെട്ട ഒരോടിട്ട കെട്ടിടം. വീടിനരികില്‍ തന്നെ തൊഴുത്ത്. ചാണകത്തിന്‍റേയും ഗോമൂത്രത്തിന്‍റേയും മണം തലവേദനകൂട്ടി.
വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി വന്ന മദ്ധ്യവയസ്കയോട് കയര്‍ത്തുസംസാരിക്കേണ്ടി വന്നു. ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആണെന്നു പറഞ്ഞിട്ടും കാര്യമായ ഭാവമാറ്റമൊന്നും ആ മുഖത്ത് പ്രകടമായില്ല.
സാറിരിക്ക്..
ഒരു കസേരവലിച്ചിട്ടു തന്നു.
ഞാന്‍ പറഞ്ഞു കൊണ്ടിരുന്ന ശുചിത്വവും ആരോഗ്യവും പുച്ഛഭാവത്തോടെ ശ്രവിക്കുന്നതുകണ്ടപ്പോള്‍ എന്‍റെ ദേഷ്യം ഇരട്ടിച്ചു.
അവരോട് അനുവാദം ചോദിക്കാതെ തന്നെ ചോറ്റുംപാത്രം ഞാന്‍ ആ കോലായില്‍ എടുത്തുവച്ചു. ഇതൊന്നും ഗൗനിക്കാതെ അകത്തുപോയ അവര്‍ തിരികെ വന്നത് കുടിക്കാന്‍ ഒരു ഗ്ളാസ് വെള്ളവും ഒരു ചെറിയ മൊന്തയില്‍ കൈകഴുകാനുള്ള വെള്ളവുമായാണ്.
എണ്ണയുടേയും കുഴമ്പിന്‍റേയും മത്തുപിടിപ്പിക്കുന്നമണം.
അഴുക്കുപിടിച്ച ചുമരുകളും ആകെ പൊടിയും മാറാലയും. മനം പുരട്ടുന്ന ചാണകത്തിന്‍റെ ഗന്ധം. ഇതിനൊക്കെ പുറമേ ആരുടേയോ ഞെരങ്ങലും മൂളലും.
ഭക്ഷണം കഴിച്ചെന്നുവരുത്തി എണ്ണീറ്റു കൈകഴുകുന്നിനിടയില്‍ ചോദിച്ചു.
''ആർക്കാ ഇവിടെ അസുഖം.''.?
എന്റെ ചോദ്യം ഗൗനിക്കാതെ ഒന്നും മിണ്ടാതെ മൊന്തയുമെടുത്ത് അവര്‍ അകത്തേക്കു പോയി. അവരുടെ കണ്ണുകള്‍ നിറഞ്ഞതു ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ചോദിക്കണ്ടായിരുന്നു...
മനസ്സില്‍ ഒരു കുറ്റബോധം..
അനുവാദം ചോദിക്കാതെ ഞാനവര്‍ക്കു പിന്നാലെ അകത്തേക്കു പ്രവേശിച്ചു.
കട്ടിലില്‍ മൃതപ്രാന്തയായ ഒരസ്ഥികൂടം.
നെഞ്ചിൽ വലിയൊരു ഇടിവെട്ടി.
ആകെ തലകറങ്ങുന്ന പോലെ.
വീണു പോകാതിരിക്കാൻ കട്ടിലിൽ കയ്യുന്നി ഞാൻ നിന്നു.
എന്റെ രേഷ്മ..
മുടിമുഴുവനും കൊഴിഞ്ഞു കണ്ണുകള്‍ പുറത്തേക്കുതള്ളി. കവിളുകള്‍ ആകെ ഒട്ടിപോയിരിക്കുന്നു.
അടക്കാന്‍ പറ്റാതെ എന്‍റെ സങ്കടം തേങ്ങലായി പുറത്തേയ്ക്കൊഴുകി.
അവള്‍ ചിരിക്കുന്നുണ്ട്..
കണ്ണുകളില്‍ നിന്നും നീര്‍ചാലുകള്‍ ഇരുവശത്തേക്കും ഒഴുകികൊണ്ടിരുന്നു. എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വേദനയോടെയുള്ള ഒരു ഞരക്കം മാത്രം പുറത്തേക്കുവന്നു. അപ്പോഴും എന്നെ നോക്കി ആ മൂക്കുത്തികല്ല് പഴയപടി ജ്വലിക്കുന്നുണ്ടായിരുന്നു. അറിയാതെ എടുത്തു നെഞ്ചോടമര്‍ത്തിയ എന്‍റെ കൈകളെ പെട്ടെന്നു വലിച്ചെടുത്ത് ധൃതിയില്‍ ഞാന്‍ ഇറങ്ങിപോന്നു.
ആരോടും യാത്ര പറയാതെ...
ഷൈജ എം.എസ്സ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo