
ഞാൻ അന്ന് വളരെ സന്തോഷത്തിൽ ആയിരുന്നു, കാരണം പ്രതിക്ഷിച്ചതിനെക്കാളേറെ ഷോപ്പിൽ കച്ചവടം നടക്കുന്നുണ്ട്.വൈകുംനേരം വീട്ടിലേക്ക് പോകുന്ന വേളയിൽ മുഴുവൻ എന്റെ ചിന്ത അച്ഛനെ കുറിച്ചായിരുന്നു. താൻ ഗൾഫിലായിരുന്ന കഴിഞ്ഞ രണ്ടു വർഷവും പാവം അച്ഛൻ ശരണാലയത്തിൽ ആയിരുന്നു., അവിടെ കിടന്നു നരകിക്കുകയായിരുന്നു. രണ്ടു വർഷം കൊണ്ടെന്തായാലും എന്റെ ഗൾഫ് ജീവിതം അവസാനിച്ചു. ഇപ്പോൾ പാവം അച്ഛൻ എന്റെ കൂടെയുണ്ട്. എന്നാലും വല്ലാത്തൊരു മൂകതയാണ് അച്ഛന്. പഴയപോലെ അല്ല എന്തൊക്കയോ മാറ്റങ്ങൾ കാണുന്നുണ്ട്.
ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് പറഞ്ഞു നിൽകുമ്പോൾ ആയിരുന്നു അമ്മാവൻ ഇങ്ങനെയൊരു ഷോപ്പ് ഇട്ടു തരുന്നത്.അമ്മാവനെ സംബന്ധിച്ച് ഈ ഷോപ്പൊക്കെ വെറും നിസ്സാരം മാത്രം. അത്രയേറെ കാശ് അയാളുടെ കൈയിൽ ഉണ്ട് അയാളുടെ മകൾ എന്നെ സ്നേഹിച്ചു വിവാഹം ചെയ്തത് മാത്രമേ അവർക്ക് ഒരു പാളിച്ചയുള്ളൂ.
വിവാഹത്തിന്റെ ആദ്യ നാളുകൾ വളരെ സന്തോഷമായിരുനെങ്കിലും പതിയെ പതിയെ അവൾക്ക് എന്റെ ചെറിയ വീട്ടിൽ താമസിക്കുവാൻ താല്പര്യം കുറഞ്ഞു വന്നു. എപ്പോഴും മൊബൈലിൽ കുത്തികൊണ്ട് സമയം കളയുന്ന അവൾ മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാറില്ലാരുന്നു. വലിയ വീട്ടിൽ ജനിച്ചു വളർന്ന അവൾക്ക് സാധാരണകാരനായ എന്റെ അച്ഛനെ കാണുന്നതേ ഒരുതരം പുച്ഛമായിരുന്നു. ജോലിയും കൂലിയും ഇല്ലാതിരുന്ന എനിക്ക് വിവാഹം കഴിഞ്ഞു രണ്ടു മാസ്സമെത്തിയപ്പോൾ തന്നെ അവൾ മുൻകൈയെടുത്തു ഗൾഫിലേക്ക് ഒരു വിസ തരപ്പെടുത്തി തന്നു.
ആ സമയത്തു തന്നെയായിരുന്നു അവൾക്കായി അവളുടെ അച്ഛൻ ടൗണിൽ ഒരു ഇരുനില വീടും വാങ്ങി കൊടുത്തത്. ഞാൻ പോകുന്നതിന്റെ അന്ന് തന്നെ അവൾ അങ്ങോട്ട് താമസ്സം മാറുമെന്ന് പറഞ്ഞിരുന്നു.അച്ഛനെ ഒരിക്കലും കൂടെ കൂട്ടില്ലന്നും, അങ്ങനെയാണ് ഒറ്റയ്ക്കാക്കി പോകുവാൻ മനസ്സില്ലാത്തതു കൊണ്ട് ശരണാലയത്തിൽ കൊണ്ടാക്കിയത്. ഇപ്പൊ എന്തായാലും ഞാനും അവളും എന്റെ അച്ഛനും കൂടി ടൗണിലാണ് താമസ്സം. അച്ഛൻ ഉള്ളത് അവൾക്ക് ഇഷ്ടക്കേടാണെങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാറില്ലായിരുന്നു.
ബൈക്ക് കാർഷെട്ടിൽ കയറ്റി വച്ചു ഞാൻ സന്തോഷത്തോടെ അകത്തേക്ക് നടന്നു. അച്ഛൻ സിറ്റൗട്ടിൽ തന്നെയുണ്ടായിരുന്നു. ശരണാലയത്തിൽ നിന്നും വന്നതിനു ശേഷം എപ്പോഴും മൂകനാണ് അച്ഛൻ, കൂടെ കൂടെ പറയാറുണ്ട് അമ്മയുടെ അടുത്ത് പോകണമെന്നു.
ഞാൻ അകത്തേക്ക് കയറി 24മണിക്കൂറും മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന അവൾ ഇന്ന് നോക്കിയപ്പോൾ കട്ടിലിൽ കമഴ്ന്നു കിടക്കുന്നു.കാര്യം എന്തോ പന്തികേടാന്നു എനിക്ക് മനസ്സിലായി. എന്റെ വരവറിഞ്ഞാകാം അവൾ എഴുനേറ്റു. കണ്ണുകൾ ചുമന്നിരുന്നു മുഖം ദേഷ്യം കൊണ്ട് തുടിത്തിരിക്കുന്നു. അവൾ ഒറ്റ പൊട്ടി തെറിയായിരുന്നു.
"നിങ്ങളുടെ അച്ഛനുണ്ടല്ലോ ആ വൃത്തികെട്ടവൻ ഇന്ന് എന്നെ കയറി പിടിച്ചിരിക്കുന്നു. തള്ളയേത് മോളേതെന്ന് അറിഞ്ഞൂടാത്ത കാമഭ്രാന്താണ് അയാൾക്ക്". ആ പൊട്ടിതെറിക്കിടയിലും അവൾ കരയുന്നുണ്ടായിരുന്നു.
അവൾ പറഞ്ഞു നിർത്തിയതും എന്റെ ഉള്ളിൽ ഒരു പിടച്ചിലുണ്ടായി ഞാൻ ഇത്രയേറെ സ്നേഹിക്കുന്ന എന്റെ അച്ഛനെ കുറിച്ചാണോ ഇങ്ങനെയെല്ലാം കേട്ടത്. അമ്മ മരിച്ചിട്ടും നല്ല പ്രായത്തിൽ രണ്ടാമതൊരു വിവാഹം പോലും കഴിക്കാതെ എന്നെ പൊന്നു പോലെ നോക്കിയ അച്ഛൻ ഇത്രയ്ക്ക് വൃത്തികെട്ടവനാരുന്നോ. ഞാൻ തളർന്നു കട്ടിലിലേക്ക് ഇരുന്നു. വീണ്ടും അവൾ പറഞ്ഞു തുടങ്ങി
"ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അയാൾ ആരെങ്കിലും ഒരാൾ മതി നിങ്ങൾക്ക്..നാളെ ഒരു പക്ഷേ അയാൾ എന്നെ ബലാത്സംഗം ചെയ്തു കൊന്നു കളയില്ലാന്നു ആരുകണ്ടു, നിങ്ങൾക്ക് എന്നെ വേണുമെന്നുണ്ടെങ്കിൽ ആ കാമഭ്രാന്തനെ ഈ രാത്രി തന്നെ ഇവിടെന്നു പറഞ്ഞു വിടണും".....അവൾ പൊട്ടി കരഞ്ഞുകൊണ്ട് എന്റെ മാറിലേക്ക് ചാഞ്ഞു.
സ്വന്തം മോളെ പോലെ കാണേണ്ട പെണ്ണിനെ കാമകണ്ണുകൾ കൊണ്ട് കണ്ടിരിക്കുന്നു,. കൊല്ലണും ഞാൻ മനസ്സിൽ ചിന്തിച്ചു. അച്ഛനല്ല ആരായാലും അമ്മയെയും മോളെയും തിരിച്ചറിയാത്ത പ്രവർത്തി ചെയ്തു കഴിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കുവാൻ അർഹതയില്ല.നാളെ എനിക്കൊരു മോളുണ്ടായാൽ അച്ഛൻ അതിനോടും ഇ വൃത്തികേട് കാണിച്ചാലോ. എന്റെ മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടി.
ഞാൻ അച്ഛനെയും കൂട്ടി അടുത്തുള്ള കടൽ തീരത്തേക്ക് പോയി.പോകുന്ന വഴിയിലൊന്നും ഞങ്ങൾ പരസ്പരം സംസാരിച്ചില്ല തെറ്റുകാരനെ പോലെ അച്ഛൻ മിണ്ടാതെയിരുന്നു. ആ രാത്രിയിൽ ഞങ്ങൾ രണ്ടുപേരും കൂടി തീരത്തുള്ള പാറക്കെട്ടിന് മുകളിലേക്ക് കയറി. അവിടെ നിന്നാകുമ്പോൾ ഒറ്റതള്ളിനു താഴെ കടലിലേക്ക് തള്ളിയിടാം. മുകളിലെത്തി കഴിഞ്ഞപ്പോൾ അച്ഛൻ നല്ല പോലെ കിതയ്ക്കുന്നുണ്ടായിരുന്നു എന്നാലും എല്ലാം മനസ്സിലായപോലെ അച്ഛൻ എന്നോട് പറഞ്ഞു.
മോനെ നീ എന്തിനാണ് എന്നെ ഇവിടെ കൊണ്ട് വന്നതെന്ന് ഈ അച്ഛന് മനസ്സിൽ ആകുന്നുണ്ട്.. എന്തായാലും നാളത്തെ പുലരി അച്ഛൻ കാണില്ലായിരുന്നു സ്വയം ജീവൻ വെടിഞ്ഞേനേ കാരണം ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ മകൻ സ്വന്തം ഭാര്യയുടെ കൈകൊണ്ടു കൊല്ലപ്പെടുന്നത് കാണാൻ എനിക്ക് കഴിയില്ല.അവൾ നിന്നെ ചതിക്കുകയാണ്. അച്ഛനതു മനസ്സിലാക്കിയത് കൊണ്ടാണ് അവൾ അച്ഛനെക്കുറിച്ചു നിന്റെ മനസ്സിലേക്ക് വിഷം കടത്തി വിട്ടത്. മരണം മുന്നിൽ വന്നു നിൽക്കുമ്പോഴും അച്ഛന് ഒരു കാര്യത്തിൽ മാത്രമേ സങ്കടമുള്ളൂ അവളുടെ കള്ള കണ്ണുനീരിനു മുന്നിൽ നീ ഇ അച്ഛനെ അവിശ്വസിച്ചു കളഞ്ഞല്ലോ......
ആ ഇരുട്ടിലും അച്ഛൻ കരയുന്നത് എനിക്ക് അറിയുവാൻ കഴിഞ്ഞു. അച്ഛന്റെ വാക്കുകളിൽ എന്തോ എനിക്ക് സത്യമുള്ള പോലെ തോന്നി. അച്ഛാ എനിക്ക് മാപ്പുതരണെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ ആ കാലിലേക്ക് വീണു.
ഇല്ല മോനെ കേവലം ഒരു വാക്ക് കേട്ട് നീ അച്ഛനെ എപ്പോൾ അവിശ്വസിച്ചോ അപ്പോഴേ അച്ഛൻ മരിച്ചു കഴിഞ്ഞു. എന്നും പറഞ്ഞു അച്ഛൻ ആ കടലിന്റെ ആഴങ്ങളിലേക്ക് എടുത്തു ചാടി.
അച്ഛാ എന്ന് ഞാൻ ഉറക്കെ നിലവിളിച്ചെങ്കിലും ആ രാത്രിയിൽ അത് അലിഞ്ഞില്ലാതെയായി. എന്റെ പാവം അച്ഛനെ എന്റെ കൈകൾ കൊണ്ട് കൊല്ലിച്ച അവളോടുള്ള പ്രതികാരം എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ആ ഭ്രാന്തൻ ചിന്തയുമായി എന്നെ ചിരിച്ചു കൊണ്ട് ചതിക്കുന്ന അവളെ കഴുത്ത് ഞെരിച്ചു കൊല്ലുവാനുള്ള വെറിയുമായി ഞാൻ വീട് ലക്ഷ്യമാക്കി നീങ്ങി... .
ഡിനുരാജ് വാമനപുരം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക