Slider

അവൾ

0
'

എന്താ പ്പോ എഫ്.ബി യി ലൊന്നും കാണാറില്ലല്ലോ" എന്ന കൂട്ടുകാരുടെ കുശലാന്വേഷണത്തിന് ഒരു മറുപടിയുമായി.പേനയും പിടിച്ച് എന്തെങ്കിലും കുത്തിക്കുറിയ്ക്കാൻ തുടങ്ങിയതാണ് ഞാൻ. ഇത്തിരിപ്പോന്ന ഒരു കൊതുകിന് ഒത്തിരി ഞാനെന്ന ഭാവമുള്ള മനുഷ്യരെ ഒന്നുമല്ലാതാക്കി മാറ്റാൻ സാധിക്കും എന്ന സത്യം അറിഞ്ഞു പഠിച്ചിരിക്കുന്ന എന്റെ മനസ്സ് വെറും വട്ടപ്പൂജ്യം .. ഒന്നും എഴുതാൻ തോന്നുന്നില്ല ആകെ മരവിപ്പ് .. മനസ്സും ശരീരവും ...''
അപ്പോൾ എന്താണെന്നറിയില്ല നിലാവുറങ്ങുന്ന അട്ടപ്പാടിക്കുന്നുകൾ എന്റെ മനസ്സിലേക്ക് ഉൾക്കുളിരായി തഴുകി വന്നു.' ്
ഏട്ടൻ ലീവിൽ വന്നാൽ യാത്രകൾ ഞങ്ങൾക്കു പതിവാണ്. രണ്ടാൾക്കും എഴുത്തിന്റെ "അസുഖം" ഉള്ളതിനാൽ അധികവും നിഗൂഢമായ വനാന്തരങ്ങളും അപൂർവ്വമായ കാഴ്ചകളും കാണാൻ ഞങ്ങൾ പോകുമായിരുന്നു
അവിടെ അവൾ ..... പേര്? ഓ... ഒരു പേരിലെന്തിരിക്കുന്നു? പേരറിയാത്ത എത്ര കൂട്ടുകാർ..? അവളുടെ കഥ അല്ല ജീവിതം ഒരു പെണ്ണിനും ഉണ്ടാവാതിരിക്കട്ടെ.''
പതിമൂന്നാം വയസ്സിൽ ഒപ്പം കൂടിയ പുരുഷനാണ് അവളുടെ ഭർത്താവ് ! കാട്ടു കിഴങ്ങും തേനും തിരഞ്ഞു നടക്കുന്നതിനിടയിലാണ് അവൾ ഞങ്ങളെ കണ്ടത് കറുപ്പിലും തുളുമ്പിനില്ക്കുന്ന ഒരു വശ്യത അവൾക്കുണ്ടായിരുന്നു
" ഇത്തിരി തേൻ തരാവോ.." ? ഞാൻ വിളിച്ചു ചോദിച്ചു
ഞങ്ങളെക്കണ്ട് ഓടിമറയാൻ തുടങ്ങുകയായിരുന്ന അവളെ തടുത്തു നിർത്തി ഞാൻ ആ കണ്ണുകളിലേക്ക് നോക്കി വീണ്ടും ചോദിച്ചു. ഏയ് ഇത്തിരി തേൻ താ കാശു തരാം"
അവൾ ഒന്നും മിണ്ടാതെ അടുത്തുള്ള ഒരു കാട്ടുചെടിയുടെ ഇലയെടുത്ത് കുമ്പിളാക്കി
തേന ട പിഴിഞ്ഞ് ഞങ്ങൾക്കു തന്നു
കാടിന്റെ ഇത്തിരി മധുരം നുണഞ്ഞിറക്കുമ്പോൾ ഞാനവളെത്തന്നെ നോക്കി നിന്നു..
"ഞാള് പോണ് അമ്മാ.. കുടീല് ക്ടാവ് ഒറ്റക്ക്..'
അവളുടെ ഈണം കലർന്ന വാക്കുകൾ കേൾക്കാൻ നല്ല രസം..
" കുടി ഞങ്ങളും കാണട്ടെ.? ഒത്തിരി ദൂരമുണ്ടോ?"
തേനൊലിക്കുന്ന കൈ ചൂണ്ടി അവൾ പറഞ്ഞു: "ദാ ... ആ കുന്ന് കയിഞ്ഞ് ഞാളെ കുടി.. "
കാട്ടുവള്ളികൾ വകഞ്ഞു മാറ്റി അവർ ഞങ്ങളെ കൊണ്ടു പോകുമ്പോൾ ഞാൻ ഏട്ടനെ ഒന്നു നോക്കി.. ഒട്ടും ഇഷ്ടപ്പെടാത്ത മുഖഭാവം. വന ചിത്രങ്ങൾ പകർത്താനെടുത്ത കാമറയിലാണ് മൂപ്പരുടെ ശ്രദ്ധ...
ഒടുവിൽ വളരെ തളർന്ന് ഞങ്ങൾ അവിടെ എത്തി
എവിടെ നിന്നോ ഒരു ദ്രവിച്ച മരപ്പലക തട്ടിക്കുടഞ്ഞ് ഏട്ടനെ ചൂണ്ടി അവൾ പറഞ്ഞു
"ഇരിക്കീ .. "
അവളുടെ ആതിഥ്യമര്യാദ എന്നെ അദ്ഭുതപ്പെടുത്തി
ചായ്ചുകെട്ടിയ ഷീറ്റിൽ വെറും നിലത്ത് വിരിച്ച ഒരു ശീലക്കഷണത്തിൽ ഒരു കുഞ്ഞ് കിടന്നു കരയുന്നുണ്ടായിരുന്നു
" ഏന്റ ക്ടാവാ.. ഓന് സുകല്ല"
എന്തു പറ്റി എന്നു ചോദിച്ച് ഞാൻ അകത്തേക്ക് കുനിഞ്ഞു കയറി
ഹൃദയം നുറുങ്ങുന്ന കാഴ്ച കണ്ട് ഞാനാകെ തളർന്നു
എല്ലുന്തി കവിളൊട്ടി അസ്ഥി മാത്രമായ ഒരു കുഞ്ഞു രൂപം!
:അമ്മാ'' ത് ൻ റ ആകള്ള മുത്ത്: കുറെ കയിഞ്ഞ് തൈവം തന്നതാ.. കൊറേ പെറ്റ് ... എല്ലാം തൈവം കൊണ്ടോയി"
ഇതെല്ലാം പറയുമ്പോഴും ഒന്നും മിണ്ടാതിരിക്കുന്ന അവളുടെ കണവനെ ഏട്ടൻ തോണ്ടി വിളിച്ചു ''
"ഏയ്... പേരെന്താ ..
കണ്ണിമ ചിമ്മാതെ ഒറ്റനോട്ടം നോക്കി നില്ക്കുന്ന അയാളുടെ രൂപം അപ്പോൾ പേടി തോന്നിപ്പിച്ചു.
"ഓറ് മുണ്ടൂലാ.'മുണ്ടാൻ വയ്യാ"
ഈ കുഞ്ഞിനെന്തു പറ്റി?
ചോദ്യം അപ്രസക്തമെങ്കിലും വെറുതെ ചോദിച്ചു. ഒരരുകിൽ ചുട്ടെടുത്തു വച്ച രണ്ട് കാട്ടു കിഴങ്ങും ഒരു പാത്രം വെള്ളവുമാണ് അവിടെയുള്ള ഭക്ഷണം: പിന്നെ എന്തു പറ്റി എന്നു പറയേണ്ട കാര്യമില്ലല്ലോ ''
ഒരു നിമിഷം അവൾ വല്ലാതായി.ഏന്റെ കുഞ്ഞ് പട്ടിണിയാ അമ്മാ''ഓന് പയ്ച്ച് ട്ടാണ് തീനം വന്നത് ഒരു അരിമണീം പാടെ ഞാക്ക് കിട്ടാനില്ല:
ഞാൻ ഏട്ടനെ ദയനീയമായി നോക്കി അഞ്ഞൂ റിന്റെ ഒരു നോട്ടാണ് കൈയിൽ തടഞ്ഞത്.
:ഇതാ ''ഇതെടുത്ത് അത്യാവശ്യ സാധനങ്ങൾ അങ്ങാടിയിൽ പോയി വാങ്ങിക്കോളൂ"
കൈ നീട്ടി അതു വാങ്ങുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു. എന്തോ എന്റെ 'കണ്ണുകളും .....
ഞങ്ങളെ ഒന്നുകൂടി വിശ്വാസം വന്നതിനാലാവാം അവൾ അവളെക്കുറിച്ച് പറയാൻ തുടങ്ങി
" അപ്പനും അമ്മയും ഓർമ്മ മാത്രമാണ്. ഒപ്പം കൂടിയ ആള് എപ്പോഴും ഉപദ്രവിക്കുമെന്നു പറഞ്ഞ് അവൾ അവളുടെ ദേഹത്തുള്ള പാടുകൾ എനിക്ക് കാണിച്ചു തന്നു
''ഓറ് തേഷ്യം തീർക്കണതാ '' "
അല്പം വീർത്തു നിൽക്കുന്ന അവളുടെ വയറിലേക്ക് ഞാൻ നോട്ടം പായിച്ചപ്പോൾ അവൾ തല താഴ്ത്തി പതുക്കെ പറഞ്ഞു: :
പയിച്ചിട്ട് കൈയും കാലും തല്ലണണ്ട്: "
എന്തു പറയണമെന്നറിയാതെ നിന്ന എന്നെ നോക്കി ഏട്ടൻ പറഞ്ഞു:
പോവണ്ടെ; സമയം ഒത്തിരിയായി..
അവളോട് വീണ്ടും വരാമെന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അത് വെറും വാക്കായി മാറുമെന്ന് ഓർത്തില്ല.
ഓർമകളുടെ കുത്തൊഴുക്കിൽ പെട്ട് അവളും അവളുടെ ഭർത്താവും കുഞ്ഞും മനസ്സിൽ നിന്ന് ഒലിച്ചുപോയിരുന്നു ..... 
പനി സമ്മാനിച്ച ക്ഷീണം ഇനിയും മാറിയിട്ടില്ല. ഒരു കട്ടൻ ചായ കുടിച്ചിട്ടാകാം ബാക്കി എന്നോർത്ത് ഞാൻ അടുക്കളയിലേക്ക് പോയി. ചായയുമെടുത്ത് ഉമ്മറത്തേക്ക് വന്നു. ഏട്ടനില്ലാത്തതിന്റെ മുഷിവ് പറയാൻ വയ്യ!
ഉമ്മറത്തു കിടക്കുന്ന പത്രത്താളുകൾ വെറുതെ മറിച്ചു നോക്കി "പീഡനപർവ്വം, പനിപർവ്വം: നടി പർവ്വം'' അതും കഴിഞ്ഞ് അടുത്ത താളിലേക്ക് ..
ഒഴിഞ്ഞൊരു കോണിൽ ചെറിയ ഒരു ചരമക്കുറിപ്പ്..
" അട്ടപ്പാടിയിൽ വീണ്ടും പട്ടിണി മരണം'ഗർഭിണിയും കുഞ്ഞും മരിച്ചു. "
കൈയിലിരുന്ന ചായ ഗ്ലാസ് അറിയാതെ നിലത്തു വീണു.
പിന്നെ ഉറക്കെ പ്രാർത്ഥിച്ചു:
"ഈശ്വരാ... അത് അവളായിരിയ്ക്കരുതേ...."
.......... രജനി സുരേന്ദ്രൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo