Slider

മകൾക്കായി

0
Image may contain: 1 person, sitting and closeup
റാണി മകൾ അന്നക്കു ചോറ് കെട്ടികൊടുക്കുന്നതിനിടയിൽ പറഞ്ഞു.... മോളെ ചമ്മന്തി മാത്രമേ ഉള്ളു..... നാളെ അമ്മക്ക് ശമ്പളം കിട്ടും.... അന്നേരം മീൻ വറുത്തതു കൂട്ടി 'അമ്മ പൊതി കെട്ടിത്തരാം..... ...
അമ്മേ ആദ്യം എനിക്ക് ബസ്സ് ഫീസ് തരണം..... ഈ മാസം കൂടി കൊടുത്തില്ലെങ്കിൽ അവർ എന്നെ ബസ്സിൽ കേറ്റില്ല കേട്ടോ....
നാളെ നമുക്ക് കൊടുക്കാം മോളെ...... പെട്ടന്ന് പൊക്കോ ബസ്സ് ഇപ്പൊ വരും....
റാണി മകളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ടു അവളുടെ ഉമ്മക്കുവേണ്ടി കവിൾ കൊടുത്തുകൊണ്ട് പറഞ്ഞു.....
എത്ര ദിവസമായി 'അമ്മ പറയുന്നു കൊടുക്കാം, കൊടുക്കാം എന്ന്.... എന്താ അമ്മേ നമ്മുക്ക് മാത്രം കാശില്ലാത്തെ.....
അച്ഛൻ കള്ളു കുടിക്കുന്നത് കൊണ്ടാ അല്ലേ....
നിറഞ്ഞു വന്ന കണ്ണുകൾ മകൾ കാണുന്നതിന് മുൻപേ അവളെ തിരിച്ചു റാണി......
ഭാരമേറിയ ബാഗും ചുമലിലേറ്റി പോകുന്ന മകളെ നോക്കി നിന്നപ്പോൾ റാണിയുടെ കണ്ണുകൾ തുളുംബിച്ചാടി..... ഈ ജന്മം ഇങ്ങനെ ആയിപോയല്ലോ....... എല്ലാം സ്വയം വരുത്തിവെച്ചതാ.... പിന്നെ ആരോട് പരാതി പറയാനാ.... അനുഭവിക്കുക തന്നെ.... കണ്ണുകൾ സാരിത്തലപ്പ് കൊണ്ടു തുടച്ചു അടുക്കളയിലേക്കു നടക്കുമ്പോൾ നാളെ കിട്ടുന്ന ശമ്പളം കൊണ്ടു എങ്ങനെ കാര്യങ്ങൾ നടത്തുമെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു ഒരു പിടുത്തവും കിട്ടിയില്ല.....
വീട്ടുവാടക, പാല്‌, പത്രം കഴിഞ്ഞ മാസം കൊടുക്കാത്തതിനാൽ ഈ മാസം കൊടുത്തേ പറ്റൂ.... കറന്റുബില്ലു അടക്കാൻ കൂടെ ജോലിചെയ്യുന്ന ശാരി ടീച്ചറിനോട് മേടിച്ചതു കൊടുക്കണം... വീട്ടിലാണെങ്കിൽ ഉപ്പു തൊട്ടു സകല സാധനവും തീർന്നു.... പറ്റിലുള്ളത് കുറച്ചെങ്കിലും കൊടുത്തില്ലേൽ പലചരക്കുകടയിലെ ആന്റണിച്ചേട്ടൻ വല്ലതും പറയും.... അന്നമോളുടെ രണ്ടുമാസത്തെ ബസ്സ് ഫീസ് കൊടുക്കണം... രണ്ടു വർഷം കൂടി അന്നയെ സ്കൂൾ ബസ്സിൽ വിട്ടേ പറ്റൂ....
മനസ്സിൽ പലവിധ കണക്കുകൾ നടത്തികൊണ്ടിരിക്കുന്നതിനിടെ അവൾ ഒരുങ്ങി ജോലിക്കു പോകാൻ ഇറങ്ങി....
മുറ്റത്തേക്ക് ഇറങ്ങുബോൾ പ്രിയതമൻ പത്രം വായിച്ചുകൊണ്ടു സിറ്റൗട്ടിൽ ഇരിപ്പുണ്ട്......അവൾക്കു ഒരേസമയം സങ്കടവും, ദേഷ്യവും തോന്നി.... പത്രം റാണി നിർത്തിയതായിരുന്നു.... പക്ഷേ ആളു പത്രക്കാരനോട് പറഞ്ഞു വീണ്ടും ഇടാൻ തുടങ്ങി.... എന്നാ ആ പത്രത്തിന്റെ കാശെങ്കിലും കൊടുക്കുമോ..... അതുമില്ല.... ആൾക്ക് ഒരു ടെൻഷനുമില്ല...തന്റെ തലവിധി.... അല്ലാതെന്തു പറയാൻ.....
റാണിയും, ജോബിയും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്.... റാണിയുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയി... 'അമ്മ കൂലിപ്പണി എടുത്താണ് റാണിയെ പഠിപ്പിച്ചത്.... ഇപ്പോഴും 'അമ്മ ജീവിക്കുന്നത് ജോലിയെടുത്തിട്ടാണ്
.. അമ്മയെ കൂടെ കൊണ്ടുവന്നു നോക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല.... ജോബിയുടെ സ്വഭാവവും, തന്റെ കഷ്ടപാടുകളെക്കുറിച്ചുമൊന്നും അവൾ ആരെയും അറിയിച്ചിട്ടില്ല... 'അമ്മ ഇവിടെ വന്നാൽ, താൻ അനുഭവിക്കുന്നത് ഒക്കെ കണ്ടാൽ ചിലപ്പോ ചങ്കുപൊട്ടി പോകും.... അതു കാണാൻ കഴിയില്ലാത്തതിനാൽ അവൾ അമ്മയെ വീട്ടിലേക്കു ഒന്ന് വിളിക്കുക പോലുമില്ല.... വല്ലപ്പോഴും വീട്ടിൽ പോയി കാണും.... എത്രനാൾ ഇതൊക്കെ അനുഭവിച്ചു,,.... സഹിച്ചു കഴിയുമെന്ന് അവൾക്കറിയില്ല.... അന്നയെ ഓർത്തിട്ടാണ്..... അല്ലങ്കിൽ പണ്ടേ അവളെന്തെങ്കിലും കടുംകൈ ചെയ്തേനെ..... ജോബി ഒരു സ്റ്റേഷനറി കട നടത്തുന്നു... റാണി ഒരു പ്രൈവറ്റ് സ്കൂളിലെ ടീച്ചറും.... മകൾ അന്ന മൂന്നാം ക്‌ളാസ്സിൽ പഠിക്കുന്നു.. റാണി പഠിപ്പിക്കുന്ന സ്കൂളിൽ ഫീസ് കൊടുത്തു പഠിപ്പിക്കാൻ നിവൃത്തി ഇല്ലാതെ വന്നപ്പോളാണ് അന്നയെ മാനേജ്മെന്റ് സ്കൂളിലേക്ക് മാറ്റിയത്... സ്കൂളിലേക്കുള്ള ബുക്ക്സ് വാങ്ങുവാനായി ചെന്നപ്പോഴാണ് റാണി ജോബിയെ പരിചയപ്പെടുന്നതും.... അതു പതിയെ പ്രണയത്തിലേക്ക് വഴി മാറുന്നതും... ജോബി കുടിക്കുമെന്നു പലരും തന്നോട് അന്നേ പറഞ്ഞതാ.... പക്ഷേ എന്തു ചെയ്യാനാ.... ഈ പ്രേമത്തിന് കണ്ണും, മൂക്കുമില്ലല്ലോ... ആണുങ്ങളല്ലേ ഇച്ചിരി കുടിച്ചാലും സാരമില്ല......... അല്ലങ്കിൽ കല്യാണം കഴിയുമ്പോൾ അതൊക്കെ മാറ്റാം എന്നോർത്ത് അവളതൊന്നും കാര്യമാക്കിയില്ല.... ആദ്യമൊന്നും കുടിച്ചാലും ആളു വല്യ കുഴപ്പമില്ലായിരുന്നു... പിന്നെ ദേഷ്യമായി...പതിയെ അതു ഉപദ്രവമായി..
ഇപ്പൊ കുടിച്ചിട്ട് വന്നാൽ അവൾക്കു ഉറക്കമില്ല....ശാരീരിക ഉപദ്രവം ഒരു തരത്തിലും സഹിക്കാൻ പറ്റാതായിരിക്കുന്നു..... അവളെ തല്ലുന്നത് കണ്ടു അന്നയും നിലവിളിക്കും... ഒന്നും ആ മനുഷ്യനെ പിൻതിരിപ്പിക്കില്ല.... തല്ലുകൊള്ളാത്ത ഒരു ഭാഗം പോലും ഇന്ന് റാണിയുടെ ദേഹത്തില്ല... സഹികെട്ടു ജോബിയുടെ വീട്ടുകാരോട് കാര്യങ്ങൾ ചെറുതായി ഒന്ന് സൂചിപ്പിച്ചതാണ്..... കുടുംബജീവിതമല്ലേ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ എല്ലാവരും പറയുന്നു...... അനുഭവിക്കുന്നവൾക്കല്ലേ അതിന്റെ ആഴം അറിയൂ......
ഒരു രൂപ വീട്ടിലോട്ടു തരില്ല.... എന്തേലും ചോദിച്ചാൽ അവിടെയും, ഇവിടെയും ഒക്കെ കൊടുക്കാനുണ്ടാണ് പറച്ചിൽ... വേറെന്തും സഹിക്കാം...... പക്ഷേ ഇനിയും തല്ലു കൊള്ളാൻ വയ്യ..... ജീവിതം അത്രമേൽ മടുത്തുപോയിരുന്നു റാണി...
കുടിച്ചിട്ട് വന്നാൽ റാണി കഴിവതും ഒന്നും മിണ്ടാതിരിക്കും...... പക്ഷേ ജോബി എങ്ങനെയെങ്കിലും അവളെക്കൊണ്ട് ഒരു മറുവാക്ക് പറയിപ്പിക്കും.... അപ്പൊ തല്ലാനുള്ള കാരണമായി..... കെട്ടിയവനോട് തർതല പറഞ്ഞൂന്ന്...... ഈ പ്രകടനം എല്ലാം കഴിഞ്ഞു രാവിലെ ആളു പക്കാ ഡീസന്റ് ആയിരിക്കും... സ്നേഹം ഒഴുകും.... അപ്പൊ റാണി തലേന്ന് തല്ലുകിട്ടിയ വേദനയിൽ എന്തേലുമൊക്കെ പറഞ്ഞുപോകും....... അന്നേരം സോറി പറച്ചിലായി..... സത്യം ചെയ്യലായി.... ചിലപ്പോ അവള്തന്നേ കൺഫ്യൂഷൻ ആയിപ്പോകും....പക്ഷേ അവളെ കുറച്ചെങ്കിലും പിടിച്ചുനിർത്തിയത് ഇതായിരുന്നു....
ജോബി എല്ലാവരോടും പറയും റാണിക്ക് ഒരു സ്നേഹമില്ല.... ജോബിയെ വേണ്ടരീതിയിൽ നോക്കുന്നില്ല.... എന്തു പറഞ്ഞാലും തിരിച്ചുപറയും.... ഈ വിഷമം കൊണ്ടാണ് കുടിക്കുന്നത് എന്നൊക്കെ.... പക്ഷേ റാണി ആരോടും ഒന്നും പറയാൻ പോയില്ല...... അല്ലങ്കിൽ അവൾക്കറിയാമായിരുന്നു ജോബി ഇങ്ങനെയൊക്കെ പച്ചകള്ളം പറഞ്ഞിട്ടുള്ളതിനാൽ എല്ലാവരും തന്നെയേ കുറ്റപ്പെടുത്തുള്ളുവെന്നു.... തനിക്കു മാത്രം അറിയാവുന്ന സത്യം അവൾ മനസ്സിൽ ഒതുക്കി കൊണ്ടു നടന്നു....
അന്നമോളെ ഓർത്തായിരുന്നു അവൾക്കേറെയും വിഷമം... ആ കുഞ്ഞു മനസ്സ് അകെ താളം തെറ്റിപ്പോയി എന്ന് റാണിക്കറിയാം.... അവൾക്കു കിട്ടണ്ട സ്നേഹ വാത്സല്യങ്ങൾ ഒന്നും അനുഭവിക്കാൻ ഭാഗ്യമില്ലാത്തവളായി പോയി പാവം തന്റെ കുഞ്ഞു.... ഓരോ ദിവസവും ആഴത്തിലുള്ള മുറിവാണ് ആ മനസ്സിനേൽക്കുന്നതു..... എന്തു ചെയ്യണം എന്നറിയാതെ ആധി പിടിച്ചുഴലുകയായിരുന്നു അവൾ.....
അങ്ങനെയിരിക്കെ ഒരു ദിവസം റാണിയുടെ 'അമ്മ അവളുടെ അടുത്തേക്ക് വന്നു..... അപ്പൊ തൊട്ടു അവൾ മുൾ മുനയിലാണ്.... ഇന്നുവരെ അവൾ ഒളിപ്പിച്ചു വച്ചതൊക്കെ അമ്മയറിയും.... ജോബി വരാൻ താമസിക്കും എന്ന് പറഞ്ഞു അമ്മയെ അവൾ നേരത്തെ കിടത്തി...... അന്നയോടു ഒന്നും വല്യമ്മയോടു പറയരുതെന്ന് റാണി പറഞ്ഞിരുന്നു.....
പക്ഷേ അന്നു ജോബി പതിവിലും നേരത്തെ വന്നു.... അവൾ കതകു തുറന്നതേ മുഖത്തെ പരിഭ്രമം കണ്ടു ജോബി ചോദിച്ചു....
എന്താടി നിന്നു പരുങ്ങുന്നേ...... ഞാൻ ഇന്ന് നേരത്തെ വന്നത് തടസ്സമായോ.... വല്ലവനും ഉണ്ടോ അകത്തു... ?
മാനം ചോദ്യം ചെയ്യുന്നതുകേട്ടു അവൾക്കു ഒരു തരിപ്പ് പെരുവിരലിൽനിന്നു ഇരച്ചുകേറിവന്നെങ്കിലും അമ്മ ഉള്ളതോർത്തു ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു.... അതു ജോബിക്ക് ഇഷ്ടപ്പെട്ടില്ല... അവൻ പുറകിൽ നിന്നു റാണിയെ ചവിട്ടി...... അപ്രതീക്ഷിതമായി ചവിട്ടുകൊണ്ട റാണി മുന്നോട്ടു തെറിച്ചു ടീവീ സ്റ്റാൻഡിലിടിച്ചു വീണു....പുറത്തേക്കു വന്ന നിലവിളി അവൾ വായിലൊതുക്കി...
ജോബിയുടെ അട്ടഹാസവും, റാണി വീണപ്പോഴുണ്ടായ ഒച്ചയും കേട്ടു അകത്തെ മുറിയിൽ കിടന്നിരുന്ന 'അമ്മ ചാടി എണീൽക്കുവാൻ തുടങ്ങിയപ്പോൾ അന്ന സമ്മതിച്ചില്ല.....
അച്ഛൻ അമ്മയെ തല്ലുന്നതാ..... വല്യമ്മ അങ്ങോട്ട് പോകണ്ട.....
'അമ്മ പെട്ടന്ന് പേടിച്ചരണ്ട ആ കുഞ്ഞിന്റെ കൈകൾ വിടുവിച്ചു പറഞ്ഞു...
മോളു പേടിക്കണ്ട 'അമ്മ പോയി നോക്കിയിട്ടുവരാം.....
'അമ്മ മുറിയിൽനിന്ന് ഇറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് നിലത്തു വീണുകിടക്കുന്ന റാണിയുടെ മുടിക്കുത്തിൽ പിടിച്ചു പൊക്കാൻ നോക്കുന്ന ജോബിയെ ആണു.... നിയന്ത്രണം വിട്ട ആ മാതാവ് അലറി..... വിടടാ എന്റെ കൊച്ചിനെ....
പ്രതീക്ഷിക്കാതെ അമ്മയെ കണ്ടു ജോബി പതറിപ്പോയി....
അവൻ മുടിക്കുത്തിലെ പിടിവിട്ടു...
ഓ.... 'അമ്മ ഇവിടെ ഉണ്ടായിരുന്നോ.. ?
'അമ്മ ഓടിച്ചെന്നു വീണുകിടക്കുകയായിരുന്ന റാണിയെ പിടിച്ചെണ്ണീൽപ്പിച്ചു.... ജോബി അരിശത്തോടെ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു... റാണിയുടെ ശരീരത്തിനേക്കാൾ വേദന മനസ്സിനായിരുന്നു... അവൾ അമ്മയുടെ മടിയിലേക്കു കിടന്നു പൊട്ടിക്കരഞ്ഞു.... അന്നുവരെ അവൾ അടക്കിവെച്ചിരുന്ന സങ്കടമെല്ലാം അപ്പോൾ പെയ്തിറങ്ങി... അന്നയും കരഞ്ഞുകൊണ്ട് ഓടിവന്നു... 'അമ്മ രണ്ടുപേരെയും ചേർത്തുപിടിച്ചു... അച്ഛനില്ലാത്ത റാണിയെ വളർത്തിക്കൊണ്ടുവരാൻ പെട്ട പെടാപാടുകൾ അമ്മയുടെ മനസ്സിലേക്ക് ഒരു നിമിഷം ഓടിയെത്തി.... ആ മകൾ ഇങ്ങനെയൊരുത്തന്റെ കൈകളിലാണല്ലോ വന്നുപെട്ടതെന്നോർത്തപ്പോൾ ആ മാതാവിനു സഹിച്ചില്ല.....
അന്നു രാത്രി അമ്മയും, റാണിയും ഉറങ്ങിയില്ല.... ഒത്തിരി നിർബന്ധിച്ചിട്ടാണ് റാണി എല്ലാം അമ്മയോട് പറഞ്ഞത്...
ഒരു ദിവസം ചോറുണ്ണാനിരുന്നപ്പോൾ ചോറും , കറിയും എല്ലാം കൂടി തലയിൽ ഒഴിച്ചു... പാത്രങ്ങൾ എല്ലാം എടുത്തെറിഞ്ഞു... ചളുങ്ങാത്ത ഒരു പാത്രം പോലും അടുക്കളയിലില്ല.... ചായകുടിക്കുന്ന കുപ്പി ഗ്ലാസ് മുഖത്തിനിട്ടു എറിഞ്ഞു....മുടിനാരിഴക്കാണ്‌ അന്നു രക്ഷപെട്ടത്... ഗ്ലാസ് ഭിത്തിയിൽ ഇടിച്ചു പൊട്ടിച്ചിതറി.... വേറൊരു ദിവസം കിടക്കുമ്പോൾ ബെഡ്‌ഡിനു തീയിട്ടു... ഉറങ്ങിയില്ലാത്തതിനാൽ അന്നു രക്ഷപെട്ടു... ഒരുദിവസം അടുക്കളയിലേക്കു ചെല്ലുമ്പോൾ കത്തിയുമായി മുന്നിലേക്ക് ചാടി വീണു... ഓടി മുറിയിൽ കയറി വാതിലടച്ചു... അതിൽപിന്നെ കത്തിയും, അങ്ങനെയുള്ള സാധനങ്ങളും ഒക്കെ ഒളിപ്പിച്ചു വെച്ചേക്കുവാണ്.... കൊച്ചിന്റെ മുൻപിൽ വെച്ചുപോലും ലൈംഗിക ബന്ധത്തിനു ശ്രെമിക്കും... എതിർത്താൽ തല്ലും,,, ചവിട്ടും .... പല വട്ടം ജീവിതം അവസാനിപ്പിക്കാൻ തുടങ്ങിയതാണ്.... അന്നയെ ഓർത്തു മാത്രമാണ് അന്നെല്ലാം പിൻവാങ്ങിയത് ....
റാണി പറഞ്ഞതെല്ലാം കേട്ടു ഞെട്ടിത്തരിച്ചിരിക്കുവാരുന്നു 'അമ്മ... ആരും അറിയാതെ തന്റെ മകൾ സഹിച്ച കഷ്ടപ്പാടുകൾ കേട്ടും, അവളു വല്ലോ കടുംകൈ ചെയ്താലോന്നു പേടിച്ചും 'അമ്മ റാണിയോട് പറഞ്ഞു.... . നിന്നെ ഇവിടെ ഇട്ടിട്ടു പോകാൻ എന്നെകൊണ്ട് കഴിയില്ല മോളെ... അന്നയെയും കൊണ്ടു നമുക്ക് വീട്ടിൽപോകാം...
പക്ഷേ റാണി സ്നേഹപൂർവം അതു നിരസിച്ചു.... താൻ ഇവിടുന്നു പോയാലും ജോബി വീട്ടിൽവന്നു പ്രശ്നമുണ്ടാക്കും... അവിടെയുള്ള നാട്ടുകാരും കൂടി എല്ലാം അറിയും....
 പിറ്റേദിവസം രാവിലെ ജോബിയോട് രണ്ടെണ്ണം പറയാൻ വേണ്ടി ചെന്ന അമ്മക്ക് ജോബിയുടെ സ്നേഹവും, എളിമയും ഒക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി അവന്റെ അഭിനയമാണ് എല്ലാം എന്ന്.... ജോബി അമ്മയോട് ഒത്തിരി സോറി പറഞ്ഞു.... ഇനിയും കുടിക്കില്ലന്നും അമ്മയുടെ തലയിൽ തൊട്ടു സത്യം ചെയ്തു.... 'അമ്മ രണ്ടു ദിവസം കൂടി അവിടെ നിന്നു നോക്കി... രണ്ടു ദിവസവും ജോബി കുടിക്കാതെയാണ് വന്നത്... മൂന്നാം ദിവസം 'അമ്മ പോയി....
അന്നും അവൻ കുടിക്കാതെയാണ് വന്നത്..പക്ഷേ റാണിയുടെ മനസ്സിൽ വലുത് എന്തോ സംഭവിക്കുന്നതിനു മുൻപുള്ള ശാന്തതയായിട്ടാണ് തോന്നിയത്.. ...
പിറ്റേദിവസം രാത്രി ഏറെ വൈകിയാണ് ജോബി വന്നത് .. കതകു തുറന്നതേ അവൾക്കു മനസ്സിലായി കുടിച്ചിട്ടുണ്ടന്നു .... ഒന്നും മിണ്ടാതെ ജോബി അകത്തേക്ക് പോയി .. പതിവുള്ളപോലത്തെ പെരുമാറ്റത്തിൽനിന്നും വ്യത്യസ്തമായിരുന്നു അന്ന് .... ജോബിക്കുള്ള ചോറ് മേശപ്പുറത്തു വിളമ്പിവെച്ചിട്ടു അവൾ പോയി കിടന്നു ... അന്ന നേരത്തെ കിടന്നിരുന്നു .... ഒന്ന് മയങ്ങിവന്നപ്പോഴാണ് അവൾ ഞെട്ടി ഉണർന്നത്...... നോക്കുമ്പോൾ വെള്ളത്തിൽ കുളിച്ചു താനും കൊച്ചും .. ഒരു ബക്കറ്റുമായി ഭീകരമായി ചിരിച്ചുകൊണ്ട് കട്ടിലിൽ ജോബി ... ബക്കറ്റിലെ ബാക്കി വെള്ളം കൂടി ഒഴിക്കുവാൻ തുടങ്ങിയ ജോബിയെ റാണി സർവ്വ ശക്തിയുമെടുത്തു തളളി .. ആടിയാടി നിന്നിരുന്ന ജോബി പുറകോട്ടു മലർന്നടിച്ചുവീണു ... ഒരു അലർച്ച അവിടമാകെ മുഴങ്ങി ... റാണി അന്നയെ എടുത്തുകൊണ്ടു പുറത്തേക്കു ഓടി .. ഇറങ്ങുന്നതിനിടയിൽ അവൾ ഇനിയും ജോബി വരാതിരിക്കാൻ വാതിൽ പുറത്തുനിന്നു കുറ്റിയിട്ടു ....
അപ്പുറത്തെ മുറിയിൽ പോയിരുന്നു കരഞ്ഞ റാണിയും, കുഞ്ഞും രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ ഉറങ്ങിപ്പോയി ....
പിറ്റേന്ന് വൈകിയാണ് റാണി ഉണർന്നത് .. അന്ന അപ്പോഴും നല്ല ഉറക്കമായിരുന്നു ... ഇന്ന് ജോലിക്കു പോകണ്ടാന്നു റാണിക്ക് തോന്നി .....അവൾ എണീറ്റു അടുക്കളയിലേക്കു പോകുന്നതിനിടെ ജോബിയെ പൂട്ടിയിട്ടിരുന്ന വാതിൽ തുറന്നു ...അപ്പോൾ ഒരു ഞെട്ടലോടെ റാണി കണ്ടു നിലത്തു ഒഴുകി പടർന്നു കിടക്കുന്ന രക്തം ..... അവൾ അകത്തേക്ക് ഒന്നേ നോക്കിയുള്ളൂ .... കണ്ണുകൾ തുറിച്ചു കിടക്കുന്ന ജോബി ...ചുറ്റും രക്തം തളം കെട്ടി കിടക്കുന്നു .. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് റാണി നിലത്തേക്കിരുന്നു .....അവളുടെ ബോധം മറഞ്ഞു ..
==== ==== ==== ====
നാലു വർഷങ്ങൾക്കു ശേഷം ആന്ധ്രായിലെ ചിക്കമംഗ്ലൂര് എന്ന ഗ്രാമം.... .
'അമ്മ , എനിക്ക് റാണിയെ ഇഷ്ട്ടമാണ് , വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ... റാണിയോട് ഞാൻ സംസാരിച്ചു.. .. പക്ഷേ റാണി പറഞ്ഞത് .... എനിക്കും സാറിനെ ഇഷ്ട്ടമാണ് പക്ഷേ ഒരു വിവാഹം എന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ് .... കാരണം സാർ എന്നോട് ചോദിക്കരുത്, പറയാൻ ബുദ്ധിമുട്ടുണ്ടന്നു കൂട്ടിക്കോളൂ ..
റാണി ഇപ്പോൾ പഠിപ്പിക്കുന്ന സ്കൂളിലെ അധ്യാപകനാണ് സോണി .. റാണി തടസ്സം പറഞ്ഞപ്പോൾ അമ്മയോട് സംസാരിക്കാൻ വന്നതാണ് സോണി ....
സോണിയുടെ ആഗ്രഹവും .. അയാൾ പറഞ്ഞത്തൊക്കെയും കേട്ടു കഴിഞ്ഞപ്പോൾ 'അമ്മ സോണിയോട് പറഞ്ഞു ...
അവൾ അങ്ങനെയേ പറയൂ .. കാരണം എന്റെ മകൾ ജീവിതത്തിൽ അത്രക്ക് അനുഭവിച്ചിട്ടുണ്ട് ... സാറിന് അവളുടെ തീരുമാനം മാറ്റാൻ കഴിയില്ല ... അവൾ അങ്ങനെ പറഞ്ഞതിന്റെ കാരണം ഞാൻ സാറിനോട് പറയാം ... വേറൊന്നും കൊണ്ടല്ല... സാറിന്റെ ഇഷ്ട്ടം ഇവിടെ അവസാനിക്കണം ..അവളോട് ദേഷ്യമൊന്നും തോന്നുകയും ചെയ്യരുത് എന്നുള്ളതുകൊണ്ടാ ഞാൻ ഈ പറയുന്നത് ...
'അമ്മ റാണിയുട ജീവിതത്തിലെ കുഞ്ഞുനാൾ മുതൽ ജോബി മരിക്കാനിടയായതു വരെയുള്ള സംഭവങ്ങൾ സോണിയോട് പറഞ്ഞു ....
'അമ്മ പറഞ്ഞതെല്ലാം കേട്ടു മരച്ചിരിക്കുവാരുന്നു സോണി .
Amma തുടർന്നു ....
ജോബി മരിച്ചതിനു റാണിയെ പോലീസ് അറസ്റ്റു ചെയ്തു ... കേസിന്റെ വാദങ്ങൾ തീരാൻ മൂന്ന് വർഷം വേണ്ടിവന്നു.. അതുവരെ എന്റെ കൊച്ചു ജയിലിലാരുന്നു . ഒടുവിൽ അതിവേഗകോടതി മനഃപൂർവ്വമല്ലന്നും, സ്വയരക്ഷക്കുവേണ്ടി തള്ളിയിട്ടപ്പോ തല ഇടിച്ചു മരിച്ചതാണെന്നും കണ്ടെത്തി ജയിലിൽ കിടന്ന മൂന്നുവർഷം ശിക്ഷയായി കണക്കാക്കി അവളെ മോചിപ്പിക്കുകയായിരുന്നു ... കൂടെ അന്നമോളുടെ സാക്ഷിമൊഴിയും പരിഗണിച്ചു ..... നാട്ടിൽ നിന്നാൽ സമൂഹത്തിന്റെ കണ്ണുകളെയും, ചോദ്യങ്ങളേയും ഭയന്നാണ് ആരും അറിയത്തില്ലാത്ത ഇവിടെ ഞങ്ങൾ വന്നത് ... ഇപ്പൊ അവൾക്കു ഒറ്റ ലക്ഷ്യമേ ഉള്ളു ... അന്നയുടെ സുരക്ഷിതമായ ഭാവി ..... അവൾ ഒരു കല്യാണം കഴിച്ചാൽ വളർന്നുകൊണ്ടിരിക്കുന്ന അന്നമോൾ ഞങ്ങൾക്ക് പേടിസ്വപ്നമാകും ..... കാരണം അവൾ ഒരു പെൺകുട്ടിയാ സാറെ ...
അമ്മയുടെ കണ്ണുകൾ നിറഞ്ഞു ചാടിക്കൊണ്ടിരുന്നു ഇതെല്ലാം പറയുമ്പോൾ ....
'അമ്മ തുടർന്നു ....
എങ്ങനെയുള്ള ആളാണെന്നു തുന്നിച്ചു നോക്കി കല്യാണം കഴിക്കാൻ പറ്റുമോ സാറെ .. വരുന്ന ആൾക്ക് അന്നമോൾ മകളല്ല ... മകളെപോലെയേ ഉള്ളു .... അതു എപ്പോ വേണേലും മാറാം .... സാർ നല്ല മനുഷ്യനായിരിക്കാം .. പക്ഷേ ........ ഒരു പരീക്ഷണത്തിന് ഞങ്ങൾക്ക് കെല്പില്ല സാറെ .... ദയവു ചെയ്തു സാർ ക്ഷമിക്കണം ...
സോണിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു ....
അമ്മേ .... റാണിയുടെ തീരുമാനം നൂറു ശതമാനം ശരിയാണ് .... നേരത്തെ ഉണ്ടായിരുന്ന ഇഷ്ട്ടത്തെക്കാൾ ഇപ്പോൾ ബഹുമാനമാണ് എനിക്ക് റാണിയോട് തോന്നുന്നത് .... അമ്മയുടെ മകളാണ് ശരി ... ഒരു സഹോദരനായിട്ടു ഞാൻ ഉണ്ടാവും റാണിയെ സഹായിക്കാൻ ... 'അമ്മ എന്നോട് പറഞ്ഞതൊന്നും റാണി അറിയണ്ട .... എന്നോട് തല ഉയർത്തിപ്പിടിച്ചു പറഞ്ഞ ആ തീരുമാനത്തിന് ഒരു ഇളക്കവും തട്ടാതിരിക്കട്ടെ ....
സോണി പോയപ്പോൾ അമ്മക്ക് സന്തോഷമാണോ , സങ്കടമാണോ എന്നറിയാത്ത അവസ്ഥയായി ......
റാണിയും , അന്നയും വീട്ടിലേക്കു കയറിവന്നപ്പോൾ 'അമ്മ എല്ലാം മറന്നു .. കാരണം റാണിയും, അന്നയും കഴിഞ്ഞതെല്ലാം മറന്നു തുടങ്ങിയിരുന്നു .. അതിന്റെയൊരു സന്തോഷം അവരുടെ മുഖത്തുണ്ടാരുന്നു ......
 ആ സന്തോഷങ്ങൾക്കു മങ്ങലേൽക്കരുതെന്നു 'അമ്മ മനസ്സുരുകി പ്രാർത്ഥിച്ചു ....
അപ്പോൾ റാണിയുടേയും , അന്നയുടെയും പൊട്ടിച്ചിരി അകത്തുനിന്നും കേൾക്കുന്നുണ്ടായിരുന്നു .....
By.......Bins Thomas....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo