Slider

അത്രമാത്രം

0

അത്രമാത്രം
കഥ
നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല നിറം, അങ്ങനെ മനുഷൃര്‍ക്ക് നല്ലതായതൊന്നും തനിക്ക് വിധിച്ചതല്ലെന്നാണ് നങ്ങേലി ചെറിയമ്മയുടെ വിലയിരുത്തല്‍.അതെല്ലാം സുകൃതം ചെയ്തവര്‍ക്കു വിധിക്കപ്പെട്ടവയാണ്. ആരോ പാടികേട്ടിട്ടുള്ള ഒരു കിളിപ്പാട്ടിലെ '' അത്രമാത്രം സുകൃതമെനിക്കില്ല' എന്ന വരി ഉദ്ധരിച്ചുകൊണ്ട് ചെറിയമ്മ തന്റെ വിധിയെ പഴിക്കും.
തനിക്ക് മോഹിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നല്ല ഊണ് തന്നെയാണ് ചെറിയമ്മയുടെ സുകൃതക്ഷയത്തിന്റെ പട്ടികയിലെ ആദ്യത്തെ ഇനം. ഊണിനെ പറ്റി ആരെങ്കിലും വിസ്തരിച്ചു തുടങ്ങിയാല്‍ ''അത് എന്റെ അത്രമാത്രമല്ലേ?''' എന്ന് ചെറിയമ്മ വ്യസനിക്കും.
ദാരിദ്ര്യവും അനാഥത്വവും തന്റെ കൂടപ്പിറപ്പാണെന്ന് അച്ഛനും അമ്മയും പറഞ്ഞുകേട്ട ചൊവ്വാദോഷം വിഷം പോലെ വ്യാപിച്ച ജാതകത്തില്‍ കുറിച്ചു വെച്ചിട്ടുണ്ടത്രെ. ജന്മനാ കിട്ടിയ മറ്റൊരു ദോഷം തൊലിയുടെ കറുപ്പാണ് . കറുപ്പും ചൊവ്വാദോഷവുമൊന്നിച്ച പെണ്ണിന് ഊണുപോലും ''അത്രമാത്രം'' ആണ് എന്ന് ജീവിതാനുഭവം ചെറിയമ്മയെ പഠിപ്പിച്ചിരുന്നു.
കല്യാണം കഴിഞ്ഞ് ആറാം മാസം ആറു മാസം ഗര്‍ഭവുമായി വീട്ടില്‍ തിരിച്ചെത്തിയ ചെറിയമ്മക്ക് പട്ടിണിയും പീഡനവും അലങ്കോലപ്പെടുത്തിയ ആ ആറു മാസങ്ങള്‍ ജാതകഫലവും സുകൃതക്ഷയവും കറുപ്പിന്റെ കരാള നൃത്തവും കൂടിച്ചേര്‍ന്ന ഓര്‍മ്മയാണ്. ചാണകം വാരാന്‍ തൊഴുത്തില്‍ കയറിയപ്പോള്‍ പശു കുത്തിമറിച്ചിട്ടത് താന്‍ കറുത്തതായതുകൊണ്ടാണെന്നു പറഞ്ഞ് ഭര്‍ത്താവ് പരിഹസിച്ചത് ചെറിയമ്മയെ വല്ലാതെ നോവിച്ചു.
വീട്ടില്‍ തിരിച്ചെത്തിയ ചെറിയമ്മക്ക് അവരുടെ ഏട്ടത്തിയമ്മയുടെ ദയവില്ലായ്മ സഹിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. ഏട്ടനും ഏടത്തിയും കുട്ടികളും ഉണ്ടതിന്റെ ഉച്ഛിഷ്ടം മാത്രം ഉണ്ട് തന്റെ ''അത്രമാത്ര''ത്തെ പഴിച്ച് കഴിയുന്ന അവര്‍ക്ക് വല്ലപ്പോഴുമൊരിക്കല്‍ അയലത്തെ വീട്ടിലെ അമ്മൂമ്മ പാത്തും പതുങ്ങിയും കൊടുക്കാറുള്ള പഴഞ്ചോറ് വലിയൊരു സദ്യ തന്നെയായിരുന്നു. ഏതോ സുകൃതത്തിന്റെ ബാക്കിയാണ് ആ പഴഞ്ചോറെന്ന് അവര്‍ അമ്മൂമ്മയോട് പറയാന്‍ മടിക്കാറില്ല.
ദാരിദ്ര്യവും അനാഥത്വവും ദെെവകല്‍പ്പിതമാണെന്നും അവ മറികടക്കാന്‍ ഒരു രഹസ്യമന്ത്രമുണ്ടെന്നും ചെറിയമ്മയെ ഉപദേശിച്ചതും ആ അമ്മൂമ്മയാണ്. വളരെ ലളിതമാണ് ആ മന്ത്രം. തനിക്ക് വേണ്ടാത്തതെല്ലാം തനിക്കുണ്ടെന്നും വേണ്ടതൊന്നും ഇല്ലെന്നും പട്ടിക നിരത്തി മഹാദേവനെ ബോധിപ്പിക്കുക, അത്രയേ വേണ്ടു .
അമ്മൂമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് നങ്ങേലി ചെറിയമ്മ സ്വയം ചിട്ടപ്പെടുത്തിയ മന്ത്രം ഏതാണ്ടിങ്ങനെയാണ്.
''ഉണ്ണാനില്യാ മഹാദേവാ,
ഉടുക്കാനില്യാ മഹാദേവാ,
കറത്താട്ടാണ് മഹാദേവാ,
ചൊവ്വാദോഷണ്ട് മഹാദേവാ
ബന്ധുക്കളില്യാ മഹാദേവാ
ശത്രക്കളുണ്ട് മഹാദേവാ,
..................''
മോഹങ്ങളുടേയും മോഹഭംഗങ്ങളുടേയും പട്ടിക ദിനം തോറും നീണ്ടു പോയെങ്കിലും മഹാദേവന്‍ ഇന്നോളം ചെറിയമ്മയോട് കരുണകാട്ടിയിട്ടില്ല. നല്ലൊരൂണും കീറിപ്പഴകാത്ത ഒരിണമുണ്ടും മഹാദേവനു സമര്‍പ്പിച്ച നിവേദനത്തില്‍ കെട്ടികിടകുന്നു.
അത്രമാത്രം സുകൃതം ചെയ്യാത്ത ചെറിയമ്മയെ ഏട്ടന്റെ കുട്ടികള്‍ 'അത്രമാത്രം ചെറിയമ്മ' എന്ന് വിളിച്ച് പരിഹസിക്കുന്നതും തന്റെ പരാതികളൂടെ പട്ടികയില്‍ അവര്‍ കൂട്ടി ചേര്‍ത്തിട്ടുണ്ടാവാം.

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo