Slider

മനം പോലെയാണോ മംഗല്യം? (കഥ)

0

മനം പോലെയാണോ മംഗല്യം? (കഥ)
***************************************
ഇന്ന് അവളുടെ ഇരുപതാം വിവാഹവാര്‍ഷികമാണ്..
അവളുടെ മനസ്സില്‍ ഇരുപതു വര്‍ഷത്തെ ഓര്‍മ്മകള്‍ അലയടിച്ചെത്തി..
കതിര്‍ മണ്ഡപത്തില്‍ താലിക്കായി കഴുത്ത് നീട്ടി കൊടുക്കുമ്പോള്‍ അവള്‍ക്ക് പ്രായം പത്തൊന്‍ത്..
അയാള്‍ക്ക് മുപ്പത്തി രണ്ടും..
ഡിഗ്രി ഫെെനല്‍ ഇയര്‍ പരീക്ഷ എഴുതി ഉടന്‍ തന്നെ വിവാഹം..
വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ബന്ധം..
അവള്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളു അയാളെ.. പെണ്ണുകാണാന്‍ വന്നപ്പോള്‍.. അന്നു സംസാരിച്ചത് രണ്ടു വാക്കുകള്‍ മാത്രം..
അയാളെ ഇഷ്ടമായോ ഇല്ലയോ എന്നു അവള്‍ക്ക് അറിയില്ലായിരുന്നു..
മുഖം പോലും ശരിക്കും ഓര്‍മ്മയില്ലായിരുന്നു.. എന്നിട്ടും അവള്‍ വിവാഹത്തിനു സമ്മതം മൂളി..
കാരണം വീട്ടുകാര്‍ക്കൊക്കെ ഇഷ്ടമായ ബന്ധമായിരുന്നു അത്.. വീട്ടുകാര്‍ തനിക്ക് നല്ലതു വരണം എന്നല്ലേ ആഗഹിക്കൂ..
അതായിരുന്നു അവളുടെ ചിന്ത..
അങ്ങനെ അവളുടെ വിവാഹം നടന്നു..
അവളുടെ ഭര്‍ത്താവിനെ കണ്ട് കൂട്ടുകാര്‍ ചോദിച്ചു..
''നീ എന്തിനാ ഇൗ വിവാഹത്തിനു സമ്മതിച്ചത്‌..നിനക്ക് ഒട്ടും ചേരുന്നില്ല ഇയാള്‍.. ഒരുപാട് പ്രായവ്യത്യാസവും.''
അവള്‍ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു..
അവളുടെ കഴുത്തില്‍ താലി കെട്ടിയ നിമിഷം മുതല്‍ അവള്‍ അയാളെ ജീവനു തുല്യം സ്നേഹിച്ചു..
ആ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികളെപ്പോലെ അവള്‍ക്കുമുണ്ടായിരുന്നു ചില സ്വപ്നങ്ങള്‍.. പക്ഷേ ഭര്‍ത്താവിന്‍റെ വീട്ടിലെ നാലു ചുവരുകള്‍ക്കുള്ളില്‍ അതൊക്കെ വെറും പാഴ്ക്കിനാവായി മാറുകയായിരുന്നു..
അവിടെ അവള്‍ക്ക് ഒന്നിനും സ്വാതന്ത്ര്യമില്ലായിരുന്നു.. അവള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാന്‍ പോലും..
ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ എടുത്ത് കൊടുക്കുന്ന വേഷമായിരുന്നു അവള്‍ ധരിക്കേണ്ടിയിരുന്നത്.. അവളുടെ ഇഷ്ടങ്ങള്‍ക്ക് ആരും പ്രാധാന്യം കൊടുത്തില്ല.. ഭര്‍ത്താവു പോലും..
''വീട്ടുകാര്‍ പറയുന്നതൊക്കെ അനുസരിക്കണം.. അതിലൊന്നും ഞാന്‍ ഇടപെടില്ല..''
അയാള്‍ പറയും..
അവൾക്ക് വീട്ടു ജോലികളൊന്നും അറിയില്ലായിരുന്നു.. അതിൻ്റെ പേരിൽ ഭർത്താവിൻ്റെ ബന്ധുക്കൾ കണക്കറ്റു പരിഹസിക്കുമായിരുന്നു.. അയാളും ആ പരിഹാസത്തിൽ പങ്ക് ചേർന്നു അവരോടൊപ്പം ആർത്തു ചിരിച്ചു..
അവൾക്ക് ഒരുപാട് സങ്കടം തോന്നുമായിരുന്നു അപ്പോഴൊക്കെ.. ആരും കാണാതെ കരഞ്ഞ് അതൊക്കെ മനസ്സിൽത്തന്നെ ഒതുക്കുമായിരുന്നു അവൾ..
പക്ഷേ അയാളുടെ സ്നേഹം കിട്ടിയില്ല എന്ന പരാതിയൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല.. കാരണം രാത്രി ഏറെ വെെകി മാത്രം അടയ്ക്കുന്ന അവരുടെ കിടപ്പറയിലെ ഇരുട്ടിനുള്ളിൽ അയാൾ അവളെ ഒരുപാട് സ്നേഹിച്ചു.. പകൽ നടന്ന സംഭവങ്ങൾക്കൊക്കെ അവളോട് മാപ്പു ചോദിക്കും അയാൾ..
പക്ഷേ പിറ്റേന്ന് നേരം വെളുക്കുമ്പോൾ കാര്യങ്ങളൊക്കെ പഴയ പടിയാകും..
പകൽ വെളിച്ചത്തിൽ ഒരിക്കലും അയാളുടെ സ്നേഹമോ പരിഗണനയോ അവൾക്ക് ലഭിച്ചില്ല.. അവളുടെ കുറ്റങ്ങളും കുറവുകളൂം മറ്റുള്ളവരോട് പറഞ്ഞു നടന്നു..അതുകൊണ്ട് തന്നെ അയാളെ അവൾക്ക് ഒരിക്കലും പിടി കിട്ടിയില്ല..
അവളുടെ കൊച്ചു കൊച്ചു മോഹങ്ങൾ പോലും സാധിച്ചു കൊടുക്കാൻ അയാൾ ശ്രദ്ധിച്ചില്ല..
 അയാളോടൊപ്പം കെെകൾ കോർത്ത് പിടിച്ച് കടൽത്തീരത്തിലൂടെയും ഉത്സവ പറമ്പിലൂടെയും വെറുതേ നടക്കാൻ അവൾ ഒരുപാട് കൊതിച്ചിരുന്നു.. പക്ഷേ ഒരിക്കലും അങ്ങനെയൊന്ന് സംഭവിച്ചില്ല..
അവരുടെ ഒന്നാം വിവാഹ വാർഷികത്തിൻ്റെയന്ന് രാത്രിയിലെങ്കിലും ഒരു സമ്മാനവുമായി അയാൾ വരുമെന്ന് കരുതി ഏറെ പ്രതീക്ഷയോടെ അവൾ കാത്തിരുന്നു.. അയാൾ പക്ഷേ അന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത ഒാർത്തതു കൂടിയില്ല.. അന്നു രാത്രി അവൾക്ക് ഉറങ്ങാനായതേയില്ല.. ഒഴുകി വന്ന കണ്ണുനീർ ഏറ്റു വാങ്ങി അവളുടെ തലയണ നനഞ്ഞു കുതിർന്നു..
തൻ്റെ സങ്കടങ്ങൾ ആരേയും അറിയിക്കാതെ മനസ്സിൽത്തന്നെ സൂക്ഷിച്ചതിനാലാവണം, അവളുടെ മനസ്സ് തണുത്തുറഞ്ഞ് ഒരു ശില പോലെയായി..
അവൾ ആഗ്രഹിച്ചതൊന്നും അയാളിൽ നിന്ന് കിട്ടാതായപ്പോൾ കിട്ടുന്നതുമായി പൊരുത്തപ്പെട്ടു പോകാൻ അവൾ ശീലിച്ചു..
ഇന്നവൾ പഴയ പത്തൊൻപതുകാരിയിൽ നിന്നും ഏറെ മാറിയിരിക്കുന്നു..
ഏത് സാഹചര്യവും നേരിടാനുള്ള കരുത്താർജ്ജിച്ചു....
അയാളും ഇന്ന് വളരെ മാറിയിരിക്കുന്നു.. ഇപ്പോൾ അയാൾക്ക് പകൽ വെളിച്ചത്തിലും അവളെ സ്നേഹിക്കാനറിയാം.. എപ്പോഴും പിന്നാലെ നടന്ന് കാണിക്കുന്ന അയാളുടെ സ്നേഹപ്രകടനങ്ങൾ അവൾക്ക് പക്ഷേ അരോചകമായി.. ആഗ്രഹിച്ച സമയത്ത് കിട്ടാത്തതൊന്നും ഇനി വേണ്ട എന്ന നിലപാടിലായിരുന്നു അവൾ.. ആയുസ്സൊടുങ്ങുന്നതു വരെ ഇങ്ങനെ തന്നെ ജീവിക്കാൻ അവൾ തീരുമാനിച്ചു..
അവളുടെ സ്നേഹശൂന്യത അയാളെ വേദനിപ്പിച്ചു....ആ വേദന അവളുടെ മനസ്സിന് കുളിരായി..
അയാൾ ഇപ്പോൾ ഇരുപതാം വിവാഹ വാർഷികം അതിഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.. അയാളുടെ ഉത്സാഹം കണ്ടപ്പോൾ അവൾക്ക് പുച്ഛം തോന്നി.. ഒന്നാമത്തെ വിവാഹ വാർഷികം ഓർക്കുക പോലും ചെയ്യാത്തയാളാണ് ഇപ്പോൾ ഈ കോപ്രായങ്ങൾ കാണിക്കുന്നത് എന്ന് ചിന്തിച്ചു കൊണ്ട് അവൾ ആ ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നു...
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo