ചില ഫേക്ക് ഐഡികൾക്ക് പിന്നിലെ പെണ്മനസ്സുകൾ.
ഹലോ...!
ഇൻബോക്സിൽ വന്നതിൽ ക്ഷമിക്കണം, ഞാൻ നിമ്മി, ആദ്യമേ തന്നെ പറയട്ടെ ഇതെന്റെ ഫേക്ക് ഐഡി ആണ് കെട്ടോ.
ഹലോ നിമ്മി...!
ചേട്ടായി എഴുതുന്ന പോസ്റ്റുകളൊക്കെ വായിക്കാറുണ്ട് കേട്ടോ.
ഒത്തിരി സന്തോഷം...!
"പുറമെ എല്ലാം കൊണ്ടും മനോഹരമെങ്കിലും, നാല് ചുവരുകൾക്കുള്ളിൽ ജീവിതം പരാജയപ്പെട്ടവർ അനവധിയാണ്"
ചേട്ടായി എഴുതിയ ഈ വരികൾ, ഇതെന്റെ പന്ത്രണ്ട് വർഷത്തെ ജീവിതമാണ്.
പിന്നെ ചേട്ടായി വിചാരിക്കുന്നുണ്ടാവാം ഞാൻ എന്തിനാ ഫേക്ക് ഐഡി ഉണ്ടാക്കിയത്, എന്തിനാ വേറൊരു മുഖവുമായി വന്നത് എന്നൊക്കെ. എനിക്ക് ഫേക്ക് ഐഡിയിൽ മാത്രമേ വരാനൊക്കൂ. എന്റെ സാഹചര്യമതാണ്.
എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്, ചേട്ടായി കേൾക്കുവാൻ മനസ്സ് കാണിക്കുമോ?
അതിനൊന്നും കുഴപ്പമില്ല, ഞാൻ കേട്ടോളാം. ആട്ടെ, നിങ്ങളെ പൂർണമായി പരിചയപ്പെടുത്തു. ഞാൻ പറഞ്ഞു
ആ സ്ത്രീ അവളെ പരിചയപ്പെടുത്തി. ഫേക്ക് അല്ലാ എന്നുള്ളതിന് സകല തെളിവും തന്നു.
അവൾ പറയുവാൻ തുടങ്ങി.
ഞാൻ വിവാഹിത, ഒരു കുട്ടിയുയുമുണ്ട്. ഭർത്താവുമായി വിദേശത്ത് താമസിക്കുന്നു. ഞങ്ങളുടേത് എല്ലാവരും ആലോചിച്ച് നടത്തി തന്ന നാട്ടുമാരുടെയും ബന്ധുക്കളുടെയും മുന്നിൽ ഗംഭീരവും നിറപ്പകിട്ടാർന്നൊരു വിവാഹം.
വിവാഹത്തിന്റെ ആദ്യ നാളുകളിൽ വലിയ കുഴപ്പമുണ്ടായിരുന്നില്ല. എങ്കിലും എവിടെയോ ഒരു പന്തികേട് ആദ്യ നാളുകളിൽ തന്നെ തോന്നി തുടങ്ങിയിരുന്നു.
എന്റെ ഭർത്താവ് നല്ലൊരു കമ്പനിയിലെ മാനേജർ. നല്ല ശമ്പളം. എന്നാൽ, എന്നോടൊരു സ്നേഹക്കുറവ് പോലെ. സംസാരിക്കാനോ കാര്യങ്ങൾ ചർച്ച ചെയ്യാനോ എന്തോ ഒരു വിമുഖത.
കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാവുമെന്ന് വിചാരിച്ചെങ്കിലും എന്റെ പ്രതീക്ഷകൾ ഓരോ ദിവസവും ചെല്ലും തോറും മങ്ങി മങ്ങി വന്നു.
അവധി ദിവസങ്ങളിൽ പാർട്ടികൾക്കും മറ്റുമൊക്കെ കൊണ്ടുപോവുമ്പോൾ അവരുടെ മുന്നിൽ വച്ച് വളരെ മാന്യമായി പെരുമാറുകയും, എന്നോടും കുട്ടികളോടും വലിയ കാര്യമെന്ന പോലെ സംസാരിക്കുകയും, കൂട്ടുകാരോടും പരിചയക്കാരോടും ഇഷ്ടം പോലെ തുറന്നിടപെടുകയും ചെയ്യും.
എന്നാൽ ഫ്‌ളാറ്റിൽ വന്നു കേറിയാൽ, അദ്ദേഹത്തിന്റെ സ്വഭാവവും ഭാവവും വളരെ വ്യത്യാസമാണ്
ഞാനെന്ത് ചെയ്താലും കുറ്റം. എത്ര നല്ല ആഹാരം പാചകം ചെയ്താലും വഴക്കും പഴിയും. തൊട്ടതിനും പിടിച്ചതിനുമൊക്കെ വായിൽ തോന്നിയതൊക്കെ പറയും. ഓർക്കുവാൻ പോലും എന്നെ പറ്റി നല്ലൊരു നല്ല വാക്ക് പറഞ്ഞിട്ടില്ല.
ഒന്ന് കെട്ടിപിടിക്കാറില്ല, ഒരു ഭാര്യയുടെ അവകാശമായ ഒരു ചുംബനം പോലും തരാറില്ല. രണ്ട് കുട്ടികളുണ്ടായി എന്നത് തന്നെ ഇന്നും എനിക്കതിശയമാണ്. കുട്ടികളുണ്ടായി എന്നതിനപ്പുറത്തേക്ക് ഞങ്ങളുടെ ദാമ്പത്യ ജീവിതം ഒന്നുമില്ല.
ഈയൊരു ഇരട്ട മുഖത്തിന്റെ ഉദ്ദേശ്യം എന്തിനാണെന്നെനിക്ക് മനസ്സിലാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. നാളുകൾ മുന്നോട്ടു പോകും തോറും അദ്ദേഹത്തിന്റെ സ്വഭാവത്തിനൊരു മാറ്റവുമില്ല.
ഇതെല്ലാം കണ്ട് സഹിച്ച് ഞാൻ തുറന്നു സംസാരിച്ചെങ്കിലും, എന്നെ അന്നേരവും വഴക്ക് പറയുകയാണ് ചെയ്തത്. എന്റെ ആവശ്യങ്ങൾക്കുള്ള പണം ചോദിച്ചാൽ തരും. അടുത്ത ഫ്‌ലാറ്റിലെ കൂട്ടുകാരിയെ കൂട്ടിയാണ് എനിക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങുവാൻ പോകുന്നത്.
വർഷത്തിലൊരിക്കൽ വീട്ടിൽ പോയാൽ കിട്ടുന്നൊരു സന്തോഷം അത് മാത്രമേയുള്ളു എനിക്കുള്ള ആശ്വാസം.
എന്റെ ഭർത്താവിന്റെ ഈ സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, നാട്ടുകാർക്കും വീട്ടുകാർക്കും ഒരു കുറ്റവും പറയാനില്ല.
എന്നാൽ അദ്ദേഹം ഓഫിസിൽ എല്ലാവരോടും നന്നായി സംസാരിക്കുകയും, കൂട്ടുകാരുമൊത്ത് കറങ്ങാൻ പോവുകയും കളിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞു. ഓഫിസിൽ മറ്റു പെണ്ണുങ്ങളോട് നന്നായി സംസാരിക്കുകയും തമാശകൾ പറയുന്നുണ്ടെന്നും അറിഞ്ഞു. എന്നാൽ വഴി പിഴച്ച് നടക്കുന്നൊരു സ്വഭാവമില്ലെന്ന് രഹസ്യമായി അറിയുവാൻ സാധിച്ചു.
ഞാൻ എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കി, ഇനി എന്റെ കുഴപ്പം കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്നറിയാൻ. ഇല്ല, ഞാൻ എപ്പോഴും സ്നേഹത്തോടെ സംസാരിക്കുകയും, കരുതുകയും ചെയ്തിട്ടുണ്ട്. ഇടക്ക് സങ്കടം വരുമ്പോൾ ദേഷ്യപ്പെടുമെങ്കിലും കല്ല്യാണം കഴിഞ്ഞ അന്ന് മുതൽ ഇന്ന് വരെ എന്നെ വെറുക്കുവാൻ ഉതകുന്ന ഒരു കാര്യവും ചെയ്തിട്ടില്ല.
എന്നുവെച്ച് ഞാൻ പൂർണ്ണയാണെന്ന് പറയുന്നുമില്ല.
എത്രയോ വട്ടം തുറന്നു സംസാരിച്ചിട്ടുണ്ട്. "എന്നെ ഇഷ്ടമല്ലെങ്കിൽ പറയു ഏട്ടാ, എന്നിലെന്തെങ്കിലും കുറവുണ്ടോ, എന്ത് കൊണ്ടാണെന്നോടു ഒന്നും സംസാരിക്കുകയോ, സ്നേഹിക്കുകയോ, ഒരു നല്ല വാക്ക് പറയുകയോ ചെയ്യാത്തത്?" എന്ന് ചോദിച്ചാൽ മൗനവും, രണ്ടാമത് ചോദിച്ചാൽ ചീത്തയുമാണ് മറുപടി. അദ്ദേഹം എന്തേലും പറഞ്ഞാലല്ലേ എനിക്ക് തിരുത്തുവാൻ പറ്റു. അതൊട്ട് പറയുന്നുമില്ല.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങൾ ഈ നാല് ചുവരുകൾക്കുള്ളിൽ ഏകയാണ്, പുറമെ ഒരു കുഴപ്പവുമില്ല. ഞാനാരോടും ഈ വിഷയങ്ങൾ പറഞ്ഞിട്ടില്ല. എന്റെ വീട്ടിൽ പോലും ഞാൻ സൂചിപ്പിച്ചിട്ടില്ല.
എന്നാൽ എന്റെ ചേച്ചിയോടും എന്റെ അടുത്ത സഹേലിയോടുംഞാൻ സൂചിപ്പിച്ചിട്ടുണ്ട്. അവർക്കെന്ത് ചെയ്യാൻ പറ്റും ? പിന്നീട് അവരിൽ നിന്നും ഒന്നും ഇല്ലാതായി. എല്ലാവരും അവരുടേതായ തിരക്കിലും ജീവിതത്തിലും തിരക്കായി പോയി.
മനസ്സ് മരവിച്ച എനിക്കൊന്ന് പൊട്ടി കരയണം, മനസ്സ് തുറന്നൊന്ന് സംസാരിക്കണം. എനിക്കൊന്ന് ചിരിക്കണം. ഇല്ലേൽ ഞാൻ മരിച്ചു പോകും ചങ്ങാതി. എനിക്കൊരു തെറ്റായ ഉദ്ദേശ്യമില്ല.
ഞാനൊന്ന് സംസാരിച്ചോട്ടെ, ഇടക്ക് വന്ന് എന്തേലും പറഞ്ഞോട്ടെ. സംസാരിക്കുവാനുള്ള കൊതി കൊണ്ടാണ് . തമാശകൾ പറയുവാനും, എന്റെ ജീവിതത്തെക്കുറിച്ചും ഇഷ്ടത്തെ കുറിച്ചും, ഹോബിയെക്കുറിച്ചും, ഒക്കെ പറഞ്ഞോട്ടെ. എന്നെയൊരു ചീത്ത സ്ത്രീയായി കാണരുത്. മനസ്സുകൊണ്ട് പോലും ഭർത്താവിനെ വഞ്ചിച്ചിട്ടില്ല.
ഫേക്ക് ഐഡി ഉണ്ടാക്കി സംസാരിക്കുന്നതിൽ തെറ്റുണ്ടോ എന്നറിയില്ല. എങ്കിലും ഞാൻ മരവിച്ച് പോകാതിരിക്കാൻ എനിക്ക് സംസാരിക്കണം, എനിക്കെന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കണം. ഒരു സൗഹൃദം അതിലപ്പുറം ഒരാഗ്രഹം എനിക്കില്ല.
ഇങ്ങനെ നീറി പുകഞ്ഞ് ജീവിക്കുന്നവർ ഇഷ്ടം പോലെയുണ്ട് ചങ്ങാതി. അതിലൊരാളാണ് ഞാൻ.
എന്റെ ഭർത്താവുമായി സ്നേഹത്തോടെ കഴിയണം എന്നുണ്ട്. എന്റെ ഭർത്താവിൽ നിന്നും വേറൊന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല . സ്നേഹത്തോയുടെയുള്ള ഒരു വാക്ക്, ഒരു തലോടൽ. അത്രയും മതി.
ഇനിയെനിക്ക് പ്രതീക്ഷയില്ല കൂട്ടുകാരാ. ഇനിയുള്ള വർഷങ്ങളും ഇങ്ങനെ ജീവിച്ചു തീർക്കട്ടെ ഞാൻ.
ഇതിനു മുൻപ് നല്ല ചങ്ങാതിമാരാകും എന്ന് തോന്നിയ ഒന്ന് രണ്ടാളുകളുമായി പരിചയപ്പെട്ടു, ആദ്യം നല്ല സൗഹൃദം തോന്നിയെങ്കിലും, പിന്നീടുള്ള അവരുടെ സംസാരത്തിൽ അശ്ളീലതയും ഉദ്ദേശ ശുദ്ധി മാറിയതും അറിഞ്ഞു.
അതെ , സ്ത്രീകളുടെ വൈകാരികതയെ മുതലെടുക്കാനാണവർ ശ്രമിച്ചത്. അവരെ ബ്ലോക്കിയതിനു ശേഷം , പിന്നീട് ആരോടും ഒന്നും സംസാരിക്കില്ലായിരുന്നു. ഒന്ന് രണ്ട് വർഷങ്ങളങ്ങനെ പോയി, എങ്കിലും മിണ്ടാതെ വന്ന് പോസ്റ്റ് വായിക്കും പോകും. കുറെ പാട്ടുകൾ കേൾക്കും.
എന്നാൽ നിങ്ങളുടെ ആ വരികൾ എന്നെ വീണ്ടും സംസാരിക്കുവാൻ തോന്നിപ്പിച്ചു. നിങ്ങളെ എനിക്ക് വിശ്വസിക്കാം എന്ന പ്രതീക്ഷയുണ്ട്.
ഇത്രയും പറഞ്ഞവൾ നിർത്തി.
അവളുടെ മാനസിക പിരിമുറുക്കം മനസ്സിലാക്കാൻ എനിക്കധികം നേരം വേണ്ടി വന്നില്ല.
ജീവിതം നമ്മൾ ചിന്തിക്കുന്ന പോലെയല്ല. പലതും ഉണ്ടെന്നൊക്കെ നമ്മൾ ധരിക്കുമെങ്കിലും, എത്രയോ ആളുകൾ മനസ്സ് നീറി ഉള്ളറകളിൽ കഴിയുന്നു. കുടുംബം എന്നും സംശുദ്ധമാണ്. പരസ്പപരം മനസ്സിലാക്കാത്തവർ ഇനിയെങ്കിലും മനസ്സിലാക്കി ജീവിച്ചാൽ, എത്രയോ സുന്ദരമാകും നാല് ചുവരുകൾക്കുള്ളിലെ ജീവിതം.
ആ ചങ്ങാതിയോടെന്ത് പറയണമെന്നെനിക്കറിയില്ലായിരുന്നു. കുറച്ച് സമയം കേട്ടിരിക്കാനുള്ള മനസ്സ് ഞാൻ കാണിച്ചു എന്നതാണ് ഞാൻ ചെയ്ത നല്ല കാര്യം.
സൗഹൃദങ്ങളുടെ കൈ കോർക്കലിൽ ചിലർക്കെങ്കിലും ഇത്തിരി സന്തോഷംകിട്ടുമെങ്കിൽ അത് പുണ്യമാണ്. എന്നാൽ തുറന്ന് പറയുന്നവർക്കെല്ലാം കാമമാണെന്ന ചിന്തകൾ അവസാനിപ്പിക്കേണ്ട ഒരു നല്ല ചിന്തയും നമ്മൾ ആർജ്ജിച്ചെടുക്കണം.
പല ഫേക്ക് ഐഡികൾക്ക് പിന്നിലും ഇത്തരം കരയുന്ന മുഖങ്ങളുണ്ട് എന്നത് സത്യവുമാണ്. പൂവും പൂമ്പാറ്റയുമായി നമ്മുടെയിടയിൽ അവർ ജീവിക്കുന്നു.
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക