Slider

പൂർണ്ണഹൃദയ ശുദ്ധിയുള്ളവർ എന്നെ കല്ലെറിയട്ടെ

0

"തയ്യൽ കടയിലെ ലീലാമ്മയുടെ ലീലാവിലാസങ്ങൾ" എന്ന തുടർക്കഥയെഴുതി പോസ്റ്റ്‌ ചെയ്തതും ചക്കകൂട്ടാൻ കണ്ട ഗ്രഹിണി പിള്ളേരെ പൊലെ എവിടുന്നൊക്കെയോ ചാടി മറിഞ്ഞ് വന്നവർ പൊസ്റ്റിൽ പൊതിഞ്ഞു.
ഇത് വരെ കാണാത്ത ഉത്സാഹികളായ വായനക്കാരെ കണ്ട് എഴുത്തുകാരൻ ഞെട്ടി. അല്ലേലും ഇവരൊക്കെ എവിടെയായിരുന്നു. വന്നവരും വായിച്ചവരും ലൈക്കിന്റെ എണ്ണം കണ്ട് മൂക്കിൽ വിരൽ വെച്ച് പോയി
കഴിഞ്ഞ ദിവസം പട്ടിണി കിടന്ന് എഴുതിക്കൂട്ടിയ "നല്ല സ്വഭാവങ്ങൾ: എന്ന അവന്റെ പൊസ്റ്റിൽ ഒരീച്ച പോലും വന്നിരിക്കാതെ ആ പോസ്റ്റ് അകാല ചരമം പ്രാപിച്ചു.
പൊള്ളുന്ന വേനൽ കഴിഞ്ഞ് ഒന്ന് രണ്ടു മഴ പെയ്യുമ്പോഴേക്കും, ഭൂമിക്കടിയിൽ നിന്നും ഈയ്യലുകൾ പൊന്തി വന്ന് പാറി നടക്കുന്നപോലെയാണ്, അല്പം ഉപ്പും പുളിയുമുള്ള പോസ്റ്റിന്റെ തണുപ്പ് ഗ്രൂപ്പിലോ ടൈംലൈനിലോ അരിച്ചിറങ്ങുമ്പോൾ ഫ്രണ്ട് ലിസ്റ്റിലും ഗ്രൂപ്പിലും ഒളിച്ചിരിക്കുന്ന വായനക്കാർ പുറത്ത് ചാടുന്നത്.
എത്ര നല്ല ജീവിതാനുഭവമിട്ടാലും തലയൊന്ന് വെളിയിലിട്ട് അതിലെന്തെങ്കിലും "കുളിർ" ഉണ്ടോയെന്ന് നോക്കി, ഇല്ലെന്നറിഞ്ഞാൽ തിരിച്ച് മാളത്തിലേക്ക് കയറുന്ന ചില അത്ഭുത ജീവികൾ എല്ലാവരുടെയും ഫ്രണ്ട് ലിസ്റ്റിലുണ്ട്.
അങ്ങനെ ലീലാമ്മയുടെ ലീലാ വിലാസങ്ങൾ വായിച്ചിട്ട് സദാചാര പ്രശ്‍നങ്ങളില്ലാത്തവർ, നെറ്റി ചുളിക്കാതെ വായിക്കുകയും, അതിനനുസരിച്ചുള്ള അഭിപ്രായം പറയുകയും ചെയ്തു.
എന്നാൽ കുരു പൊട്ടിയ ചില സദാചാര മാന്യർ പോസ്റ്റിൽ നിനക്ക് അപ്പനും അമ്മയും പെങ്ങളും ഇല്ലേടാ, കുടുംബമില്ലേടാ , നാണമില്ലേടാ. മുത്തുച്ചിപ്പി, മഞ്ഞ മാസികൾ വായിക്കുന്ന പോലെ എന്നൊക്കെ പറഞ്ഞാകെ ബഹളവും മാന്യത ചമയലും.(അത് സ്ഥിരം വായിക്കുന്ന മഹാന്മാർക്കറിയാം, എന്താ സംഭവമെന്ന്)
ഇതെല്ലാം കണ്ട് തെല്ലൊന്നമ്പരന്ന സദാചാര വിഷമില്ലാത്ത വായനക്കാർ പോസ്റ്റ് മുതലാളിയുടെ ഇൻബോക്സിൽ വന്ന് ആശ്വസിപ്പിക്കാൻ തുടങ്ങി. കൂട്ടുക്കാരൻ ഒന്നുകൊണ്ടും പേടിക്കണ്ട സദാചാരക്കാർ തുലയട്ടെ എന്നൊക്കെ പറഞ്ഞവരങ്ങ് പോയി.
പോസ്റ്റിലെ ബഹളവും പൊങ്കാലയുമൊക്കെ കഴിഞ്ഞ് രാത്രി ഒരു പത്ത് പത്തരയായിക്കാണും. പോസ്റ്റിൽ സദാചാരം ചമഞ്ഞ് മാന്യത കാണിച്ചവർ തലയിലൊരു തുണിയുമിട്ട് എഴുത്തുകാരന്റെ ഇൻബോക്സിലേക്ക് നുഴഞ്ഞു കയറി
ചേട്ടോ, ഇത് ഞാനാ, പോസ്റ്റിൽ കമന്റിട്ട ചേട്ടൻ, അതെ, ഒരു കാര്യം പറയാൻ വന്നതാ, പോസ്റ്റൊക്കെ കൊള്ളാം കേട്ടോ,
ലൈംഗികതെയെക്കുറിച്ചുള്ള ശരിയായ വിവരണമാണ് എഴുതിയിരിക്കുന്നത്, അശ്ലീലതയൊട്ടുമില്ല. എന്നാലും ലൈംഗികത എന്ന വിഷയമെഴുതിയാൽ ഇങ്ങനൊക്കെയാ ഉണ്ടാവുക.
അപ്പോഴേ "ലീലാമ്മയുടെ ലീലാവിലാസം" രണ്ടാം ഭാഗം എഴുതിയിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ തരാമോ, കാത്തിരിക്കാൻ വയ്യാത്തോണ്ടാ.
പിന്നെ പോസ്റ്റിലൊക്കെ അങ്ങനെ പറഞ്ഞത്, എന്റെ കുടുംബക്കാരുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും ഞാൻ നല്ലവനെന്ന് കാണിക്കാനാ, അതാണ് സത്യം. അതിനാൽ വേറെയൊന്നും വിചാരിക്കല്ലേ ചേട്ടാ. ഇത്തരം പോസ്റ്റൊക്കെ രഹസ്യമായി വായിക്കുന്നവരാ എല്ലാവരും. ഞാനിവിടെ വന്നെന്നും ഇങ്ങനെ സംസാരിച്ചെന്നൊക്കെ പറഞ്ഞെന്നെ നാറ്റിക്കല്ലേ ചേട്ടാ, അപേക്ഷിക്കുകയാണ്.
ഇതെല്ലാം മൗനമായി ആ എഴുത്തുകാരൻ കേട്ടിട്ട് മൊഴിഞ്ഞു.
എന്റെ ചങ്ങാതി ഇതൊക്കെ എനിക്കുമറിയാം എല്ലാവർക്കുമറിയാം. പിന്നെ ഒരു വാദത്തിന് താല്പര്യമില്ലാത്തത് കൊണ്ട് വിട്ടു തരുന്നു എന്ന് മാത്രം.J
അതായത് സെക്സ് എന്ന വാക്ക് കേൾക്കുമ്പോഴേക്കും കൊടുവാളെടുത്ത് വെട്ടിയിട്ട്, സദാചാര പ്രസംഗവും നടത്തി, മിയ ഖലീഫയെയും, സാക്ഷാ ഗ്രെയെയും കണ്ട് രസിച്ച് പാതിരാത്രി തലയിൽ മുണ്ടിട്ട് അപ്പുറത്തെ രമണിയുടെ വീട്ടിൽ പോകുന്നവർ.
അല്ലെങ്കിൽ അവസരം കിട്ടിയാൽ ഒളിച്ചിരുന്ന് കുളി സീൻ കാണുന്നവർ. അതുമല്ലെങ്കിൽ ഏതെങ്കിലും പെൺകുട്ടിയുടെ പാവാട കാറ്റിൽ പൊന്തിയാൽ ഒളികണ്ണിട്ട് നോക്കി രസിക്കുന്നവർ.
ആണും പെണ്ണും ഒരുമിച്ചിരുന്ന് വർത്തമാനം പറഞ്ഞാൽ നാട്ട്കാരെ വിളിച്ച് കൂട്ടി വ്യഭിചാരം അടിച്ചെല്പിക്കുന്നവർ. രാത്രിയിൽ പെണ്ണുങ്ങളൊറ്റക്ക് നടന്നാൽ പിഴയെന്ന് മുദ്ര കുത്തുന്നവർ.I
നിന്നെപോലെയുള്ള സദാചാര മണകുണാസന്മാരല്ലേ കഴിഞ്ഞ ദിവസം ഒരു വീഡിയോയിട്ട് ആ ചെറുപ്പക്കാരനെ മരണത്തിലേക്ക് നയിച്ചത്?
ഭാര്യയുടെ മാറിനെക്കാളും അന്യ സ്ത്രീയുടെ മാറ് നോക്കി വെള്ളമിറക്കുന്നവർ.
വ്യഭിചാരം ചെയ്തിട്ട്, കൂടെ കിടത്തിയവളെ വ്യഭിചാരിണിയെന്ന് മുദ്ര കുത്തി കല്ലെറിയുന്നവർ. ചതിക്കപ്പെട്ട പെൺകുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി സിന്ദാബാദ് വിളിച്ചിട്ട്, ചുളിവിൽ ആ പെൺകുട്ടിയുടെ തന്നെ ക്ലിപ്പ് കിട്ടാൻ കൂട്ടുകാരനെ സമീപിക്കുന്നവർ. അത് കണ്ട് രസിച്ച് സായൂജ്യമണയുന്ന ഇരട്ട മുഖമുള്ളവർ.J
അയല്പക്കത്തെ കുട്ടി പിഴച്ചു പോയാൽ, നാട് മുഴുവൻ പറഞ്ഞ് നാറ്റിച്ച് അവർ ആത്മഹത്യ ചെയ്യുന്ന വരെ പരിഹസിച്ചിട്ട്, സ്വന്തം വീട്ടിലെ പെണ്ണ് പിഴച്ചാൽ മൂടി വെക്കുന്ന കൂട്ടർ.
മതവും വേദവും പഠിപ്പിക്കുന്ന, നേർവഴി കാണിക്കാൻ ത്യാഗ മനസ്സോടെയിറങ്ങിയ സകല മത സന്യാസികളിലും ഉണ്ടെടോ നിങ്ങളെപ്പോലത്തെ മുഖ മൂടിയണിഞ്ഞ ചെന്നായ്ക്കൾ. ആട്ടിൻ തോലണിഞ്ഞ വെള്ളക്കുപ്പായക്കാർ.
ആ വകുപ്പിൽ പെട്ട ആളല്ലേ നിങ്ങൾ? പോയി നന്നായി കൂടെടോ കപട സന്യാസി. നിങ്ങളുടെ നാറുന്ന പ്രവൃത്തികളെക്കുറിച്ചെനിക്ക് പറയാനിയുമുണ്ടേറെ, എന്നാൽ ഇത് കൊണ്ട് നിർത്തുന്നു.
അയ്യോ ഇങ്ങനൊന്നും ചങ്കിൽ കുത്തുന്ന വർത്താനം പറയല്ലേ ചേട്ടാ ?
പിന്നെയെങ്ങനെ നിന്നെപോലുള്ളവരെക്കുറിച്ച് പറയണം?
നീയൊക്കെ ചെയുന്നത് പറഞ്ഞാൽ കുറ്റം, സകല താന്തോന്നിത്തരവും ചെയ്തിട്ട് മറവിൽ വന്നിരിക്കുന്നു ലീലാമ്മയെ കാണാൻ.O
അതേടാ കപട മനുഷ്യാ, നിന്റെ മുഖ മൂടി വലിച്ചെറിയാനെനിക്കറിയാം, എന്നാൽ ഞാനത് ചെയ്യുന്നില്ല. മര്യാദക്ക് സ്ഥലം വിട്ടോ, ഇനി മേലിൽ വന്നേക്കരുതിവിടെ. അവന് ലീലാമ്മയുടെ രണ്ടാം ഭാഗം വേണമെന്ന്, നാണമില്ലെടാ സദാചാര പ്രവർത്തകാ
പിന്നെ ലീലാമ്മയുടെ രണ്ടാം ഭാഗം പോസ്റ്റിടുമ്പോൾ ഉളുപ്പില്ലാതെ വന്ന് വായിച്ചോ. ശുഭരാത്രി.
NB:ആരും പൂർണ്ണരല്ല, എന്റെ മനസ്സിലും ദുഷ്ചിന്തകളുണ്ട്, ദുഷ്ക്കാമമുണ്ട്, എന്നാൽ അത് പ്രവൃത്തി പദത്തിൽ കൊണ്ട് വരാറില്ല. എന്നും പറയുന്ന പോലെ, പൂർണ്ണഹൃദയ ശുദ്ധിയുള്ളവർ എന്നെ കല്ലെറിയട്ടെ.
...........................
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo