നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

'ആരാന്റമ്മയ്ക്ക് പ്രാന്തു പിടിച്ചാൽ......'


വ്യാഴാഴ്ച രാത്രി പുരോഗമന ചിന്ത ഗ്രൂപ്പിലെ വാർത്തകണ്ടാണ് അയാൾ തൊട്ടടുത്ത ദിവസം ലീവെടുക്കാൻ തീരുമാനിച്ചത്.
കടൽത്തീരത്ത് കുടയും ചൂടി കാറ്റു കൊള്ളാനിരുന്ന പാവം പിള്ളേരെ കുറെ നരാധമന്മാർ ചൂരലുവച്ച് തല്ലി ഓടിച്ചത്രേ. അതും പരസ്പരം പ്രണയിക്കുന്ന കുട്ടികളെ. ആ വാർത്ത വിശദമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കുറെ ഫോട്ടോസും. ആ വാർത്തക്കു താഴെ പല പല വിധത്തിലുള്ള കമന്റുകളും ഉണ്ട്. എല്ലാം ചൂരൽ പ്രവർത്തകർക്കെതിരെ. പുരോഗമന ചിന്താ ഗ്രൂപ്പല്ലെ എതിർത്താൽ പുറത്താകും. അയാളും കമന്റ് ചെയ്തു.
'അവർ അവിടെയിരുന്നെന്നോ സ്നേഹം പങ്കുവച്ചന്നോ കരുതി എന്തു സംഭവിക്കാനാണ്. പ്രണയം തെറ്റാണോ? പ്രണയിക്കാതെ ഭൂമി നിലനിൽക്കുമോ? പ്രണയിക്കുന്നവർക്ക് അവരുടെ മനസും ശരീരവും പങ്കിടാൻ അവകാശമുണ്ട്.'
ഇങ്ങനെ പോകുന്നു അയാളുടെ കമന്റ്. അതിനു തീഴെ പ്രോത്സാഹന Replyകൾ കുന്നുകൂടി. അയാൾക്ക് തന്നോടു തന്നെ മതിപ്പു തോന്നി. പിന്നെ അഡ്മിന്റെ വക അറിയിപ്പുണ്ടായി നാളെ കടൽത്തീരത്ത് കുത്തിയിരിപ്പു സമരം. അതിനാണ് ലീവെടുക്കുന്നത്.
വീക്കെൻഡിൽ വീട്ടിൽ പോകാറുണ്ട്. നാളെ വെളളിയാഴ്ചയായത് നന്നായി. പിന്നെ ഈ കടൽത്തീരം വീടിനടുത്താണല്ലൊ. കുത്തിയിരിപ്പു സമരം കഴിഞ്ഞ് നേരെ വീട്ടിൽ പോകാല്ലോ.
പിറ്റേ ദിവസം അയാൾ കുളിച്ചൊരുങ്ങി സമര സ്ഥലത്തെത്തി. കമിതാക്കളുടെയും പുരോഗമനവാദികളുടെയും മുന്നിൽ അയാൾ പ്രണയത്തെ കുറിച്ചും പ്രണയിതാക്കളുടെ അവകാശങ്ങളെക്കുറിച്ചും ഘോര ഘോരം പ്രസംഗിച്ച് കയ്യടി നേടി. എല്ലാവരും അയാളെ പുകഴ്ത്തി. ചാനൽ ക്യാമറക്കണ്ണുകൾ അയാളുടെ ചിരിക്കുന്ന മുഖം ഒപ്പിയെടുത്തു.
അത്യധികം ക്ഷീണിച്ച് രാത്രിയോടു കൂടി വീടെത്തി. അച്ഛൻ മൂകനായി ഉമ്മറത്തെ കസേരയിലിരിക്കുന്നു. അല്ലെങ്കിൽ അയാൾ വരുമ്പോൾ ചിരിച്ച് സ്വീകരിക്കുന്നതാണ്.
'എന്തു പറ്റി അച്ഛാ'
ഇന്നമ്മേടെ ഓർമ്മ ദിവസമാണോ. സാധാരണ അങ്ങനെയുള്ള ദിവസങ്ങളിലാണ് അച്ഛനെ ഇങ്ങനെ കാണാറുള്ളത്. അല്ലല്ലോ.. ഇനിയവൾക്കോ മക്കൾക്കോ എന്തേലും.. അയാൾ ഓർത്തു.
'എന്താ.. അച്ഛാ.'
'മോനകത്തേക്ക് ചെല്ല്'.
അയാൾ വീടിനകത്ത് കടന്നു. ഭാര്യ മുഖം വാടിയിരിക്കുന്നു. നന്നായി കരഞ്ഞ ലക്ഷണമുണ്ട്.
'എന്താടീ.. മനുഷ്യനെ ടെൻഷനടിപ്പിക്കാതെ ഒന്നു പറ.'
'നിങ്ങളു വാ.' അവൾ അയാളെ മകളുടെ മുറിയിലേക്ക് കൊണ്ടുപോയി. മോൾ കമിഴ്ന്നു കിടക്കുന്നു. ഭാര്യ മകളുടെ കാലിലേക്ക് ചൂണ്ടിക്കാണിച്ചു. ചുമന്നു തിണിർത്തു കിടക്കുന്നു.
' അയ്യോ.. മോളേ എന്താ പറ്റിയേ.. നീ വീണോ..'
' കണ്ടാ മനസ്സിലാവില്ലേ മനുഷ്യാ തല്ലു കിട്ടിയതാണെന്ന്.'
'എടീ എന്തിനാ എന്റെ കുഞ്ഞിനെ തല്ലിയേ. അവളു തെറ്റൊന്നും ചെയ്യില്ലാന്ന് എനിക്കുറപ്പാ. നിന്റെ ദേഷ്യം എന്റെ മോൾടെ പുറത്താണോ തീർക്കണേ. അതോ സ്കൂളിലെ ടീച്ചറാണോ.നിനക്ക് സ്കൂളിൽ പോയി ആ ടീച്ചറിനിട്ട് രണ്ടു പറയാൻ മേലാരുന്നോ' അയാൾ ഭാര്യയെ കുറ്റപ്പെടുത്തി.
'ഞാൻ തല്ലിയതല്ല. തല്ലി വളർത്തിയിരുന്നേൽ ഈ ഗതി വരില്ലായിരുന്നു. ഞാൻ വഴക്കു പറയാനൊ തല്ലാനൊ തുടങ്ങിയാൽ നിങ്ങൾ എന്നെ വഴക്കുപറയും. അനുഭവിച്ചോ.'
'എന്താ നീ വളച്ചുകെട്ടാതെ കാര്യം പറ'
'മനുഷ്യാ ഇന്നലെ ഇവള് കടൽത്തീരത്ത് പ്രേമിക്കാൻ പോയതാ മോള്. ഏതോ സദാചാരവാദികൾ വന്ന് ചൂരൽ വച്ച് നല്ലതു കൊടുത്തു. ഇന്നലെ ഞാൻ ചോദിച്ചപ്പോ answer പറയാത്തതു കൊണ്ട് ടീച്ചറ് തല്ലിയതാണെന്നാ പറഞ്ഞത്. ഇന്നിപ്പൊ പത്രത്തിൽ ദേ പൊന്നുമോളുടെ പടം സഹിതം വന്നിട്ടുണ്ട്. എന്നിട്ടും ഞാൻ വഴക്കു പറഞ്ഞിട്ടും ഒരു കൂസലുമില്ല. ഇന്ന് കുത്തിയിരിപ്പ് സമരത്തിനു ഞാൻ വിടാത്തതിനാ ഈ കിടപ്പു കിടക്കുന്നത് ഒന്നും കഴിച്ചിട്ടുമില്ല. കുടിച്ചിട്ടുമില്ല. '
അവർ പത്രം അയാൾക്ക് നേരെ നീട്ടി.
അയാൾ ഇടിവെട്ടേറ്റതുപോലെ നിന്നു. ഇന്നലെ താൻ ഗ്രൂപ്പിൽ കണ്ട അതേ ചിത്രം. പക്ഷെ ഇതിൽ മുഖം വ്യക്തമായി കാണാം. ഇതിനിടെ എട്ടു വയസുകാരനായ മകൻ ടെലിവിഷൻ ഓൺ ചെയ്തു. കാർട്ടൂൺ ചാനൽ വെക്കാൻ മാറ്റുന്നതിനിടെ ന്യൂസ് ചാനൽ കയറി വന്നു.
'അമ്മേ..... ദേ അച്ഛൻ... നോക്കിയേ...'
എല്ലാവരും ടി വി ഇരിക്കുന്ന മുറിയിലേക്ക് വന്നു. അയാൾ നിന്ന നിൽപ്പിൽ ഉരുകി. ഇപ്പൊത്തന്നെ ഭൂമിക്കടിയിലേക്ക് പോകാൻ പ്രാർത്ഥിച്ചു. ഭാര്യ ജ്വലിക്കുന്ന കണ്ണുകളോടെ അയാളെ നോക്കി. പെട്ടെന്ന് മുറിയിൽ നിന്നോടി വന്ന മകൾ അയാളെ കെട്ടിപ്പിടിച്ചു.
'എനിക്കറിയായിരുന്നു അച്ഛൻ ഞങ്ങടെ കൂടെ നിൽക്കുമെന്ന്. നമ്മടെ സമരത്തിനു പോകാൻ അമ്മേം അപ്പൂപ്പനും സമ്മതിച്ചില്ല. ഒരു പാട് വഴക്കും പറഞ്ഞു. അവൻ അവിടുണ്ടായിരുന്നു. ഇപ്പൊ ടി വില് കണ്ടില്ലേ അച്ഛന് മാലയിടുന്നേ അതവനാ.' മകൾ നാണത്തോടെ പറഞ്ഞു.
അയാൾ മകളെ മാറ്റിനിർത്തി മുഖമടച്ച് ഒറ്റയടിയായിരുന്നു. മുറ്റത്ത് പേരക്കമ്പു വെട്ടുന്നതിനിടെ അച്ഛന്റെ ആത്മഗതം കേട്ടു. 'ആരാന്റമ്മയ്ക്ക് പ്രാന്തു പിടിച്ചാൽ......'
Note :- ഇത് ആരെയും അനുകൂലിച്ചോ പ്രതികൂലിച്ചോ ഇട്ടതല്ല. ചിന്തിക്കാൻ വേണ്ടി മാത്രം

By
Deepa Shajan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot