സഹയാത്രികന്‍.
------------------
------------------
വൈകിട്ട് ബാഡ്മിന്റണ്‍ ക്ലബിലേക്ക് പോകാനൊരുങ്ങുമ്പൊള്‍ ഡോക്ടര്‍. വിനീതിന്റെ ഫോണ്‍ കാള്‍ വന്നു, എന്തോ എമര്‍ജെന്‍സിയാണു, ഇന്നു കളിക്കാനുണ്ടാകില്ല. ഞാന്‍ ഉടനെ തന്നെ തോമസിനെ വിളിച്ചു, അവന്‍ ടെക്നോ പാര്‍ക്കിലാണു. അവനെന്തൊ മീറ്റിങ്ങിലാണു, വൈകും, എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു. വിനീതും തോമസും ഞാന്‍ അടുത്തിടെ പരിചയപ്പെട്ട സുഹൃത്തുക്കളാണു, ബാഡ്മിന്റണ്‍ ക്ലബ്ബില്‍ വച്ച്. പരിചയപ്പെട്ടപ്പോഴാണറിയുന്നത്, ഞങ്ങള്‍ താമസിക്കുന്നതും ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണു. പിന്നെ ഞങ്ങളുടെ ക്ലബ്ബിലേക്കുള്ള വരവും പോക്കും ഒരുമിച്ചായിരുന്നു. കളിക്കളത്തിനു പുറത്തും നല്ല സുഹൃത്തുക്കളായി. അത് കൊണ്ട് തന്നെ ഓരൊ ദിവസവും ഓരോരുത്തരുടെ വാഹനമാണു ക്ലബ് യാത്രക്ക് ഉപയോഗിച്ചിരുന്നത്. ഇന്നലെ എന്റെ ഊഴമായിരുന്നു. മറ്റു രണ്ട് പേരും ഇല്ലാത്ത സ്ഥിതിക്ക് ഞാന്‍ ബൈക്കില്‍ പുറപ്പെട്ടു. പോകാറായപ്പോള്‍ മഴക്കാര്‍ ഉരുണ്ട് കൂടൂന്നുണ്ടായിരുന്നു.
പതിവില്‍ നിന്നും അധിക സമയത്തേക്ക് ഗെയിമുകള്‍ നീണ്ടൂ. പുറത്തിറങ്ങിയപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. തോമസ് വരാമെന്ന് പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. ചില ദിവസങ്ങളില്‍ അവന്‍ അങ്ങനെയാണു, ജോലി തിരക്ക് കാരണം എത്താറില്ല.
എത്രയും പെട്ടെന്ന്, മഴക്ക് മുന്നെ വീട്ടിലെത്തണമെന്ന് കരുതി, മറ്റുള്ളവരോടുള്ള പതിവ് കുശലാന്വേഷണം ഒഴിവാക്കി പെട്ടെന്ന് ബൈക്കെടുത്ത് പുറത്തേക്ക് കടന്നു. ക്ലബ് ഹൗസിന്റെ ഗേറ്റ് കടന്നതും മഴ ശക്തമായി പെയ്യാന്‍ തുടങ്ങി. പുതുമഴയാണു, നനഞ്ഞാല്‍ പനി പിടിക്കാന്‍ സാധ്യതയുണ്ട്. ഒരു ഇടിയും മിന്നലും ഒപ്പം പരിസരത്തെ വൈദ്യുതി ബന്ധവും ഇല്ലാതായി. മഴ മാനത്ത് കൊണ്ടാല്‍ ഇവിടെ പിന്നെ വൈദ്യുതി ഉണ്ടാകില്ല, ഇപ്പോഴത്തെ വരള്‍ച്ചക്ക് ഒരറുതി വരുത്തട്ടെ ഈ മഴ. ഇതൊക്കെ മനസ്സിലോര്‍ത്ത് സാമാന്യം സ്പീഡില്‍ തന്നെ ബൈക്കോടിച്ചു
ക്ലബ് ഹൗസില്‍ നിന്നും മെയിന്‍ റോഡിലേക്കുള്ള ഒന്നര കിലോമീറ്റര്‍ വിജനമാണു. ഇരു വശവും യൂക്കാലിപ്സ് മരങ്ങള്‍ നിറഞ്ഞ യൂണിവേര്‍സിറ്റിയുടെ കോമ്പൗണ്ടാണു. ഇരുനൂറൂ ഏക്കറോളം വരും. അതില്‍ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്താണു ക്ലബ് ഹൗസ്.
രണ്ടാമത്തെ വളവ് തിരിഞ്ഞപ്പൊള്‍ നല്ലൊരു മിന്നലും ശക്തമായ ഒരിടിയും. മിന്നലില്‍ ദൂരെ ഞാനൊരാളെ കണ്ടൂ. നീളന്‍ കുപ്പായമിട്ട് എന്റെ ബൈക്കിനു കൈ കാണിക്കുന്നു. അസമയത്ത് ആരും ഈ വഴിയില്‍ ഉണ്ടാകാറില്ല. ഒരു പക്ഷെ കളി കഴിഞ്ഞ് പോകുന്ന ആരെങ്കിലുമായിരിക്കുമെന്ന് കരുതി മുഖം വ്യക്തമാകാന്‍ ഹൈ ബീം ഓണ്‍ ചെയ്തു, ഒരിക്കല്‍ കൂടീ കൊള്ളിയാനും മിന്നി. ഞാനാ മുഖം വ്യക്തമായി കണ്ടു, തോമസാണു. സമാധാനമായി. അവന്‍ റെയിന്‍ കോട്ടിട്ട് നില്‍ക്കുകയാണു. അവനരികില്‍ ബൈക്ക് നിര്‍ത്തിയതും, അവന്‍ പെട്ടെന്ന് പിന്നില്‍ കയറിയിരുന്നു, അവന്റെ കയ്യിലിരുന്ന മറ്റൊരു റെയിന്‍ കോട്ട് എനിക്കും തന്നു. അവനപ്പൊള്‍ അവിടെ എത്താനുള്ള കാരണം ഞാനന്വേഷിച്ചു, അത് പിന്നെ പറയാം പെട്ടെന്ന് പോകാന്‍ അവന്‍ ധൃതി കൂട്ടി. കോരിച്ചൊരിയുന്ന മഴ, അത് കൊണ്ട് തന്നെ എന്തെങ്കിലും സംസാരിച്ചാലും കേള്‍ക്കില്ല.
മെയിന്‍ റോഡിലെത്താറായപ്പൊള്‍ അവന്‍ എന്റെ ചെവിയില്‍ പറഞ്ഞു, ഇടത്തേക്ക് പോകണ്ട അവിടേ മരം വീണു റോഡ് ബ്ലോക്കാണു. ഞാന്‍ വലത്തേക്ക് തിരിച്ച്, രണ്ട് കിലോമീറ്റര്‍ ചുറ്റി വേണം പോകാന്‍, നല്ല മഴയും. വേറേ വഴിയില്ല.
മെയിന്‍ റോഡില്‍ കൂടീ ഒരു കിലോമീറ്റര്‍ പോയ ശേഷം പിന്നെ മറ്റൊരു ചെറീയ റോഡില്‍ പ്രവേശിച്ചു, ബൈബിള്‍ കോളേജും ചര്‍ച്ചും ഒക്കെ ആ വഴിക്കാണു. മഴ പിന്നേയും ശക്തി പ്രാപിച്ചു. നല്ല തണുത്ത് കാറ്റും വീശുന്നുണ്ട്. പിന്നിലിരിക്കുന്ന തോമസ് നന്നായി തണുത്തിരിക്കുന്നു, വഴിയില്‍ നിന്നും മഴ നനഞ്ഞിട്ടായിരിക്കും.
ബൈബിള്‍ കോളേജ് മുതല്‍ ചര്‍ച്ച് വരെയുള്ള അമ്പത് വാര റോഡ് മോശമാണു. ഇതിനിടയില്‍ കൂടി മുകളിലോട്ടാണു പള്ളിസെമിത്തേരി. മഴക്കാലത്ത് ആ റോഡില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങി ചര്‍ച്ചിനും ബൈബിള്‍ കോളെജിനും ഇടക്കുള്ള റോഡില്‍ കെട്ടികിടക്കും. ഇപ്പോഴും അത് തന്നെ സംഭവിച്ചു. ഞാന്‍ ബൈക്ക് സ്ലോ ചെയ്തു, വെള്ളത്തില്‍ കൂടീ മെല്ലെ മുന്നോട്ട് പൊയ്ക്കോണ്ടിരുന്നു. കൃത്യം സെമിത്തേരിയുടെ റോഡിലേക്ക് പോകുന്നിടത്തെത്തിയപ്പൊള്‍ എഞ്ചിന്‍ ഓഫ് ആയി. ഞാനറീയാതെ സെമിത്തേരി റോഡിലോട്ട് ഒന്ന് നോക്കി, പെട്ടെന്ന് നോട്ടം പിന്‍വലിച്ചു വണ്ടീ ഒരു നിമിഷം നിന്നു, പെട്ടെന്ന് തന്നെ വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. ഞാന്‍ പിന്നിലിരിക്കുന്ന തോമസിന്റെ തെറി കേള്‍ക്കാന്‍ തയ്യാറായി. ഗിയറ് ഡൗണ്‍ ചെയ്യുമ്പോള്‍ ഇങ്ങനെ വണ്ടി നില്‍ക്കുമ്പോഴൊക്കെ തോമസ് പറയും ഞാന്‍ ബൈക്ക് ഓടിക്കാന്‍ ഇനിയും പഠിച്ചിട്ടില്ലാന്നു. പക്ഷെ, അപ്പോള്‍ തോമസ് ഒന്നും മിണ്ടിയില്ല.
വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് തുറന്ന് ഇട്ടിരുന്നു. ഭാര്യയും മകനും സിറ്റൗട്ടില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖം വല്ലാതെ വിളറീയിരിക്കുന്നു. ഞാന്‍ ബൈക്ക് നിര്‍ത്തി തോമസിനോട് ഇറങ്ങാന്‍ പറയാനായി പിന്നിലേക്ക് തിരിഞ്ഞു - പിന്നിലാരുമില്ല. ഒരു നിമിഷം ഞാന്‍ ഞെട്ടി. എന്റെ ഞെട്ടല്‍ മാറും മുന്നെ ഭാര്യ ഓടി അരികിലെത്തി ചോദിച്ചു, ഫോണേവിടെ? എത്ര നേരമായി വിളിക്കുന്നു. ഈ മഴയത്ത് എന്തിനാ നനഞ്ഞ് കൊണ്ട് ബൈക്കോടിച്ചത്. ഞാന്‍ എന്റെ ദേഹത്ത് നോക്കി. ആകെ നനഞ്ഞിരിക്കുന്നു. തോമസ് തന്ന റെയിന്‍ കോട്ടെവിടെ?
എന്റെ സകല നാഡീ ഞരമ്പുകളും നിശ്ചലമായി. ഞാന്‍ അറീയാതെ പറഞ്ഞു, "തോമസ്"..
ഭാര്യ പെട്ടെന്നെന്റെ കൈകളില്‍ പിടിച്ചിട്ട് ചോദിച്ചു "അറിഞ്ഞിരുന്നോ"?
ഞാന്‍ ചോദ്യഭാവത്തില്‍ അവളൂടെ മുഖത്തേക്ക് നോക്കി. പെട്ടെന്നെന്റെ ഫോണ്‍ റീങ്ങ് ചെയ്തു. അത് ചെറീയ ഷോള്‍ഡര്‍ ബാഗിലാണു. കളിക്കാന്‍ സമയത്ത് ബാഗിനുള്ളില്‍ സൂക്ഷിച്ചതാണു. എടുത്ത് നോക്കി. ഡോക്ടര്‍ വിനിതാണു. വിനീതിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ മരവിച്ച് നിന്നു. ക്ലബ് ഹൗസ് കഴിഞ്ഞുള്ള രണ്ടാമത്തെ വളവില്‍..തോമസിന്റെ ബൈക്ക് ആക്സിഡന്റില്‍ പെട്ടു. ഇടിച്ചിട്ട വാഹനമറീയില്ല. കുറേ നേരം റോഡില്‍ ചോര വാര്‍ന്ന് കിടന്നു. ഹോസ്പിറ്റലിലെത്തിയപ്പോള്‍ വൈകി പോയി.
ഭാര്യ പെട്ടെന്നെന്റെ കൈകളില്‍ പിടിച്ചിട്ട് ചോദിച്ചു "അറിഞ്ഞിരുന്നോ"?
ഞാന്‍ ചോദ്യഭാവത്തില്‍ അവളൂടെ മുഖത്തേക്ക് നോക്കി. പെട്ടെന്നെന്റെ ഫോണ്‍ റീങ്ങ് ചെയ്തു. അത് ചെറീയ ഷോള്‍ഡര്‍ ബാഗിലാണു. കളിക്കാന്‍ സമയത്ത് ബാഗിനുള്ളില്‍ സൂക്ഷിച്ചതാണു. എടുത്ത് നോക്കി. ഡോക്ടര്‍ വിനിതാണു. വിനീതിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ മരവിച്ച് നിന്നു. ക്ലബ് ഹൗസ് കഴിഞ്ഞുള്ള രണ്ടാമത്തെ വളവില്‍..തോമസിന്റെ ബൈക്ക് ആക്സിഡന്റില്‍ പെട്ടു. ഇടിച്ചിട്ട വാഹനമറീയില്ല. കുറേ നേരം റോഡില്‍ ചോര വാര്‍ന്ന് കിടന്നു. ഹോസ്പിറ്റലിലെത്തിയപ്പോള്‍ വൈകി പോയി.
എനിക്ക് മനസ്സിലായി. സെമിത്തേരിയിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് എന്റെ ബൈക്ക് എങ്ങനെ നിന്നുവെന്ന്. അവന്റെ അവസാന യാത്രയും എനിക്കൊപ്പമായിരുന്നുവെന്ന്.
(അശോക് വാമദേവന്‍)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക