Slider

= പ്രണയം =

0

= പ്രണയം =
××××××××××
അന്ന്, നട്ടുച്ചയിലാണ്
ഞങ്ങൾ കടൽക്കരയിലെത്തിയത്,
പിരിചയപ്പെട്ടത് മുതലുള്ള
എന്റെ നിർബന്ധനത്തിനു വഴങ്ങി ആദ്യമായി.
കണ്ണിലേക്കടിക്കുന്ന വെയിലിനെ
വകവെക്കാതെ, ആർത്തിരമ്പുന്ന
കടലിനു നേരെ നടന്നു കൊണ്ട്
അവൾ ചോദിച്ചു.
"എന്താണ് പ്രണയം...?"
കടൽക്കരയിലൂടെ നടന്ന്,
കടലിലേക്ക് നോക്കി ഞാൻ പറഞ്ഞു.
"പ്രണയം ഒരു നിലവിളിയാണ്.
മനസ്സിന്റെയും ശരീരത്തിന്റെയും
നിർത്താത്ത നിലവിളി.
കടലിന്റെ കരയിൽ തലതല്ലിയുള്ള
ഈ നിലവിളി പോലെ."
ഞാൻ തിരയെ കാല്കൊണ്ട് തൊട്ടു.
ബീച്ചിലെ,പേരറിയാത്ത മരത്തിന്റെ തണലിൽ
കാമുകിയുടെ മടിയിൽ തലവെച്ച്
കിടക്കുന്ന കാമുകനെയും
കാമുകന്റെ തലമുടിയിലൂടെ
വിരലോടിക്കുന്ന കാമുകിയെയും കണ്ട്,
ഇടയ്ക്ക് കാമുകൻ കാമുകിയുടെ
കൈവിരൽ പിടിച്ചെടുത്ത്
മൃതുവായി കടിക്കുന്നുണ്ട്,
അവളെന്നോട് വീണ്ടും
പ്രണയത്തെക്കുറിച്ച് ചോദിച്ചു.
ഒരു മരത്തിന്റെ ചുവട്ടിലിരുന്ന്
അരികിൽ അവളെയും പിടിച്ചിരുത്തി
ഞാൻ പറഞ്ഞു.
"പ്രണയം അപൂർവ്വമായ ഒരു സുഖമാണ്
മനസ്സിലേക്കൊരു മഞ്ഞുതുള്ളി
ഊർന്നു വീഴുന്നത് പോലെ.
ഒരു കസ്തൂരിച്ചെപ്പ് തുറന്ന സുഗന്ധം പോലെ.
കാണാക്കുയിൽ പാട്ടിന്റെ
സ്വരമാധുര്യം പോലെ...."
കടൽക്കരയിൽ നിന്ന്
തിരികെ പോരുമ്പോൾ
അവൾ വീണ്ടും പ്രണയത്തെകുറിച്ചന്വേഷിച്ചു.
ആദ്യം ഇടതും പിന്നെ വലതും
കാലുകൾ പൊക്കി, ചെരുപ്പിനുള്ളിൽ
കുടുങ്ങിയ മണൽതരികളെ
ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ട്
ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു.
"പ്രണയം ഉൽകൃഷ്ടമാണ്
പ്രണയം വസന്തമാണ്
പ്രണയം മധുരമാണ്
പ്രണയം സുഗന്ധമാണ്
പ്രണയം വേദനയാണ്............."
ശേഷം, അവൾ പലതും സംസാരിച്ചു.
പക്ഷേ പ്രണയത്തെക്കുറിച്ച്
ഒന്നും ചോദിച്ചില്ല.
ദിവസങ്ങൾ കഴിഞ്ഞ്
ഒരു സായാഹ്നത്തിൽ,
അന്നാണ് വീണ്ടും ഞങ്ങൾ കണ്ടുമുട്ടിയത്,
കടൽക്കരയിലെത്തിയപ്പോൾ
അവൾ പറഞ്ഞു.
"പ്രണയം,
ഒരു ഹൃദയ താഴ്വരയിൽ നിന്നും
മറ്റൊരു ഹൃദയ താഴ്വരയിലേക്ക്
തേനിന്റെ മാധുര്യവും
പാലിന്റെ വെൺമയുമായൊഴുകിയെത്തുന്നു.
അതേ....
പ്രണയം ഒരു നിലവിളി തന്നെയാണ്
മനസ്സിന്റെയും ശരീരത്തിന്റെയും
നിർത്താത്ത നിലവിളി....
പ്രിയപ്പെട്ട കൂട്ടുകാരാ,
ഞാൻ നിന്നെ പ്രണയിച്ചോട്ടെ...?
പ്രണയത്തിൻ സുഖം അറിഞ്ഞോട്ടെ...?"
"നോക്കൂ... ഭൂമി സ്വർഗ്ഗം തന്നെയാണ്
വിരിയാനുള്ളത് പ്രണയത്തിന്റെ നാളുകളും.....
വെയിലും മഴയും മഞ്ഞും.....
ഈ കടലും.... എല്ലാം... എല്ലാം...നമുക്കുവേണ്ടി...."
ഇപ്പോൾ ഞങ്ങൾ ആലിംഗനബദ്ധരാണ്.
ഒരാരവം കേട്ടാണ് പരിസരം വീക്ഷിച്ചത്.
കടലിൽ നിന്നൊഴികെ എല്ലാ ഭാഗത്ത് നിന്നും
ഒരു വലിയ കൂട്ടം മനുഷ്യർ
ആയുധങ്ങളേന്തി ഞങ്ങൾക്കുനേരെ
വരുന്നുണ്ടായിരുന്നു.
അവരിൽ തൊപ്പിയിട്ടവരും
കുരിശേന്തിയവരും കുറി തൊട്ടവരുമുണ്ടായിരുന്നു.
ഞാൻ കൈവിരൽ അവളുടെ കൈവിരലിൽ കോർത്ത്
കടലിലേക്ക് നടന്നു.
ആകാശം കടലിനോട് ചേർന്ന
ഭാഗത്തുനിന്നാണ്
ഞങ്ങളാ പ്രണയ ലോകത്തേക്ക് കയറിയത്.
സ്വീകരിക്കാനെത്തിയ
പ്രണയിനികളെല്ലാം
മുമ്പേ ഭൂമിയിൽ നിന്നവിടേക്ക് കുടിയേറിയവരും നാടുകടത്തപ്പെട്ടവരുമായിരുന്നു.
അപ്പോളവൾക്ക് പ്രണയത്തെക്കുറിച്ച്
ചോദ്യങ്ങളോ സംശയങ്ങളോ ഇല്ലായിരുന്നു.
"""""""""""""""""""""""”""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo