Slider

പരിഗണന

0
വഴിയിൽ കിടന്ന്‌ ചാവാറായ പൂച്ചക്കുട്ടിയെ കണ്ടപ്പൊ മനസ്സലിഞ്ഞു കൂടെ കൂട്ടിയതാണ് തങ്കമണി.
ആദ്യത്തെ ദിവസം അവൻ പക്കാ ഡീസന്റായിരുന്നു..
തങ്കമണി കൊടുത്തതു മാത്രം കഴിച്ചു മൂലക്കെവിടെയോ
 ചുരുണ്ടു കൂടി.
രണ്ടാമത്തെ ദിവസം അവൾ നോക്കുമ്പൊ പുള്ളിക്കാരനുണ്ട് കസേരയിൽ ചുരുണ്ടു കൂടിക്കിടക്കുന്നു..
അടുത്തേക്കു ചെന്നപ്പോൾ കണ്ടഭാവം പോലും നടിച്ചില്ല
പൂച്ചയുടെ മോൻ.
കഴിക്കാനിട്ടു കൊടുത്തപ്പോ അവളെ പുച്ഛത്തോടെയൊന്നു നോക്കി തിരികെ നടന്നു.
"ആർക്ക് വേണം നിൻറെ ഒണക്ക ഫുഡെ"ന്നാവും ആ നോട്ടത്തിന്റെ
അർത്ഥം..
തങ്കമണി മനസിൽ കരുതി.
അല്പനേരം കഴിഞ്ഞു ക്ഷീണം കാരണം ഒന്നു കണ്ണടച്ചതായിരുന്നു
തങ്കമണി.
അടുക്കളയിൽ നിന്നെന്തോ ശബ്ദം കേട്ടു അവൾ ചെന്നു നോക്കുമ്പൊൾ കള്ളൻ പൂച്ച പുറത്തേക്കോടിപ്പോയി.
പിന്നീടൊരു ദിവസം നോക്കുമ്പൊൾ കിടത്തം കസേരയിൽ നിന്നു സോഫയിലേക്ക് മാറ്റിയിരിക്കുന്നു..
തങ്കമണി അടുത്തോട്ടു ചെന്നതും പൂച്ചയെ മര്യാദക്കുറങ്ങാനും സമ്മതിക്കുലേന്നുള്ള മട്ടിൽ അവളുടെ നേർക്കൊരു നോട്ടം.
ഇതിങ്ങനെ വിട്ടാൽ ശരിയാവില്ലെന്നോർത്തു സഹികെട്ടു അവളതിനെ അടിച്ചോടിച്ചപ്പോൾ അതുവഴി പോയൊരാളുടെ ഡയലോഗ് ..
"നിനക്കു കണ്ണിൽ ചോരയില്ലെടീ ഒരു മിണ്ടാപ്രാണിയെ ഇങ്ങനുപദ്രവിക്കാൻ.."
അയാളുടെ വർത്തമാനം കേട്ടപ്പോ അവളോർത്തത് മറ്റൊരു സംഭവമാണ്..
ഫേസ്‌ബുക്കിൽ അത്യാവശ്യം എഴുത്തും വായനയുമായി പോവുന്ന കാലം..
ഗ്രൂപ്പിൽ അവളുടെ പോസ്റ്റുകൾക്കു സ്ഥിരമായി കമന്റിടുന്ന തങ്കപ്പൻ ചേട്ടനവൾക്കൊരു
റിക്വസ്റ്റ് അയച്ചു.
റിക്വസ്റ്റല്ലേ പ്രേമലേഖനമൊന്നുമല്ലാലോ എന്ന ചോദ്യത്തിനിട വരുത്തേണ്ടായെന്നു കരുതി അവളാ റിക്വസ്റ്റു സ്വീകരിച്ചു .
നിമിഷങ്ങൾ വെറുതെ കടന്നു പോയി..
അപ്പോഴേക്കുമതാ തങ്കപ്പൻ ചേട്ടൻ ഇൻബോക്‌സിൽ..
ചെന്നു നോക്കിയപ്പോ നന്ദി പ്രകടനമാണ്.
അതിലെന്താ തെറ്റു ..
വെറുതെ തങ്കപ്പൻ ചേട്ടന്റെ ശുദ്ധഗതിയെ സംശയിച്ചു.
ഉപചാര പൂർവം തിരികെ പുഞ്ചിരിച്ചു മടങ്ങാൻ നോക്കുമ്പൊഴാ പണികിട്ടിയതാണെന്നു അവൾക്ക് തോന്നിത്തുടങ്ങിയത്..
കാരണം അങ്ങേരു വിടുന്ന മട്ടില്ല..
കുടിച്ച ചായ കട്ടനാണോ പാലാണോ ..
ഉച്ചക്കൂണിന് എന്തൊക്കെയാ വിഭവങ്ങൾ ..
രാത്രി ഡിന്നറിനു ചപ്പാത്തിയാണോ എന്നൊക്കെയായി ചോദ്യങ്ങൾ ..
ജോലിയിലാണ് പിന്നെ കാണാം എന്നു പറഞ്ഞു ചാറ്റ് ഓഫ്‌ ചെയ്തു തങ്കമണി..
രാത്രി ജോലിയൊക്കെ തീർത്തു കിടക്കാൻ നേരം ഫേസ്‌ബുക്ക് എടുത്തു നോക്കുമ്പോഴുണ്ട് വീണ്ടും തങ്കപ്പൻ ചേട്ടന്റെ
മെസ്സേജ്..
"ഉറങ്ങാറായില്ലെ"ന്നും ചോദിച്ചോണ്ടു..
കിടക്കാൻ പോവാണെന്നു പറഞ്ഞ തങ്കമണിയോട് എന്താ കഴിച്ചെന്നായി അടുത്ത ചോദ്യം..
'ചപ്പാത്തി'യെന്നു മറുപടി കൊടുത്തതും റിപ്ലൈ വന്നു..
"ഞാനും ചപ്പാത്തിയാ ഹിഹി .."
അവളറിയാതെ ദൈവത്തെ വിളിച്ചു പോയി..
ഇനി മിണ്ടാൻ നിന്നാൽ എന്താ ധരിച്ചതെന്നാവും ചോദിക്കുകയെന്നു പേടിച്ചു അവൾ തങ്കപ്പൻ ചേട്ടനോട് ബൈ പറഞ്ഞു ഡാറ്റ ഓഫ്‌ ചെയ്തു കിടന്നു.
പിറ്റേന്നു രാവിലെ പതിവു ജോലിയൊക്കെ കഴിഞ്ഞു മൊബൈലെടുത്തു നോക്കുമ്പോഴുണ്ടു് തങ്കപ്പൻ ചേട്ടന്റെ മെസ്സേജ്.
"നീ വലിയ ശീലാവതിയൊന്നും ചമയേണ്ടെടീ ..
നിന്നെപ്പോലത്തെ കുറേയെണ്ണത്തിനെ കണ്ടിട്ടുണ്ട് ഞാൻ.."
അതൊടെ അവളയാളെ ബ്ലോക്ക് ചെയ്തു.
മര്യാദക്ക് പോസ്റ്റു വായിച്ചു കമന്റിട്ടോണ്ടിരുന്ന മനുഷ്യനെ ഒരു കാര്യോമില്ലാതെ ഫ്രണ്ട്‌ലിസ്റ്റിൽ കേറ്റേണ്ടിയിരുന്നില്ലയെന്നു തോന്നിപ്പോയവൾക്കു.
അതു കാരണം ഉള്ള മനസ്സമാധാനം പോയില്ലേ ..
അതുപോലാണിപ്പോ പൂച്ചയുടെ കാര്യത്തിലും ഉണ്ടായതെന്നോർത്തപ്പോൾ അവൾക്കറിയാതെ ചിരി വന്നു.
പിന്നെ അയയിലുണക്കാനിട്ട തുണികളെടുത്തു തിരികെ നടന്നു.
●○
ഗുണപാഠം:
●ചിലരെ ഇരുത്തേണ്ടിടത്തു തിരുത്തിയില്ലെങ്കിൽ അവരു ഇൻബോക്‌സിൽ ശൊ തെറ്റി അവരു ബെഡിൽ കേറിയിരിക്കും .
●അർഹതയില്ലാത്തവർക്കു അമിത പരിഗണന നൽകരുത്.
●സഹതാപം കൊണ്ടൊ സ്നേഹം കൊണ്ടോ ചിലരോട് നമ്മൾ കാണിക്കുന്ന പരിഗണന കൊണ്ടു കിട്ടുന്ന പലിശ മനഃപ്രയാസവും മുതൽമുടക്ക് തിരികെ കിട്ടുന്നതു ദുഷ്‌പേരുമായിട്ടാവും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo