Slider

ചെറുകഥ അച്ഛനും മകളും

0

ചെറുകഥ
അച്ഛനും മകളും
********************
"സാർ, എന്നെയോർമ്മയുണ്ടോ?"
അവളുടെ മുഖത്ത് സൂക്ഷിച്ച് നോക്കിയിട്ട് അയാൾ ചോദിച്ചു.
"മഞ്ജുഷ പി.കെ ?"
ഇത്ര വർഷങ്ങൾക്ക് ശേഷവും ഓർക്കുന്നെന്നോ! മുഖത്തൂറി വന്ന അഭ്ഭുതം മറച്ചു വയ്ക്കാൻ പാടു പെട്ടു കൊണ്ട് അവൾ പറഞ്ഞു:
"അതെ സാർ"
"ഇപ്പൊ എന്തു ചെയ്യുന്നു?"
"ഞാൻ ബി.ടെക്ക് കഴിഞ്ഞു, ഇപ്പൊ ഒരു പ്രമുഖ ഐ ടി. കമ്പനിയിൽ ജോലി ചെയ്യുന്നു." ഇത്തിരി അഭിമാനം അവളുടെ വാക്കുകളിൽ തെളിഞ്ഞു കാണാമായിരുന്നു. തൊട്ടടുത്തു നിന്ന ഭർത്താവിനെ കാണിച്ചവൾ തുടർന്നു.
"ഇതെന്റെ ഹസ്ബന്റ്, ഡോക്ടർ ആണ് "
"ഏട്ടാ ഇതെന്നെ പഠിപ്പിച്ചിരുന്ന സാറാ, പ്ലസ് റ്റു വിന്"
"ഞാനിത്തിരി തിരക്കിലാ, ഇറങ്ങട്ടെ " ഇതും പറഞ്ഞ് ധൃതിയിൽ പ്രദീഷ് സാർ ആ ബുക്ക്സ്റ്റാളിൽ നിന്ന് ഇറങ്ങി നടന്നു. കഷണ്ടി കയറി അവേശഷിച്ച ആ മുടിയിഴകളിൽ നരകയറിയിരുന്നു.
വേഗത്തിൽ നടന്നകലുന്ന സാറിനെ നോക്കിയവൾ നിന്നപ്പോൾ ഭർത്താവവളെ തട്ടിയുണർത്തി.
"വാ പോകാം."
കാറിലിരുന്ന് തിരിച്ചു പോകുമ്പോൾ, അവളെ ആ പ്ലസ് ടു കാലത്തേക്ക് ഓർമ്മകൾ കൊണ്ടു പോയി.
പത്ത് പതിനാറ് വർഷങ്ങൾ അവൾ മനസ്സ് കൊണ്ട് പിറകോട്ട് നടന്നു. രാവിലെ നാലു മണി അലാറമടിക്കുന്നു. പതിവു പോലെ അതണച്ചു വച്ച്, വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ മുറിയുടെ കതകിൽ മുട്ടൽ കേൾക്കുന്നു.
" മക്കളേ, മഞ്ജു എണീറ്റു വന്ന് ചായ കുടിക്ക്. കുടിച്ചിട്ട് വേഗം പോയി റെഡി ആയേ, ട്യൂഷന് പോകണ്ടേ ?"
ഉറക്കച്ചടവിനിടയിൽ അവൾ വേച്ച് വേച്ച് നടന്ന് വാതിൽ തുറന്ന് അച്ഛന്റെ കയ്യിൽ നിന്ന് ചായ വാങ്ങി.
വിദ്യാർത്ഥിനി ജീവിതത്തിൽ ഏറ്റവും ദുഷ്കരമായി തോന്നിയ ആ രണ്ട് വർഷം, പ്ലസ് ടു. ഓർക്കുമ്പോൾ തന്നെ ഭയം തോന്നി മഞ്ജുവിന് . ഇപ്പോഴും ചില ദിവസങ്ങളിൽ സ്വപ്നം കണ്ട് ഭയന്ന് എഴുന്നേൽക്കാറുണ്ട് ക്ലാസ്സിനു വൈകിയെന്ന് പറഞ്ഞ്. സ്ക്കൂൾ അഡ്മിഷനിലും പാടാണ് പ്രൈവറ്റ് ട്യൂഷന് സീറ്റ് കിട്ടാൻ. 90% മാർക്ക് എസ് എസ് എൽ സി ക്കുള്ളവർക്ക് മാത്രം പ്രവേശനം. ( മാർക്ക് ലീറ്റ് കോപ്പി കാണിക്കണം ) ഒരു ബാച്ച് തന്നെ ഒരു അമ്പതു അറുപത് പേർ. അങ്ങനെ മുന്നോ നാലോ ബാച്ചുകൾ . ചില അദ്ധ്യാപകർ മൈക്കു വച്ചാണ് പഠിപ്പിക്കുന്നത് പോലും.
അഞ്ചു മണിയോടു കൂടി പ്രാതലും ഊണും (രണ്ടും ഒന്നു തന്നെ) ഒക്കെയായി ഇറങ്ങുകയായി. ട്യൂഷൻ കഴിഞ്ഞാൽ സ്ക്കൂൾ. പത്താം ക്ലാസ്സ് കഴിഞ്ഞാൽ നേരെ വർണ്ണ കുപ്പായത്തിന്റെ മൊഞ്ചിൽ കോളേജിൽ കറങ്ങാമെന്ന വ്യാമോഹത്തിന്റെ കരണത്തടിച്ചു കൊണ്ട് സമ്പൂർണ്ണ പ്ലസ് ടു ആയ വർഷമായിരുന്നു അത്. അത് കൊണ്ട് തന്നെ യൂണിഫോമിട്ട് മുടി പകുത്ത് പിന്നികെട്ടി, വലിയ ബാഗുമായി അച്ഛന്റെ പുറകിൽ സ്ക്കൂട്ടറിൽ ഇരുന്നുള്ള യാത്രയിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല. പക്ഷെ ആ കോച്ചുന്ന തണുപ്പിലും അവളുടെ കൈകൾ വിറച്ചിരുന്നത് വൈകിയെത്തിയാൽ സാറിന്റെ കയ്യിൽ നിന്ന് കിട്ടുന്ന ശകാരത്തെ കുറിച്ചോർത്തായിരുന്നു.
പക്ഷെ എന്നും എല്ലാത്തിന്നും മുകളിൽ അച്ഛന്റെ ആഗ്രഹങ്ങൾക്കായിരുന്നു അവൾ വില കൽപ്പിച്ചിരുന്നത്. അമ്മയുടെ അനാരോഗ്യം കണക്കിലെടുത്ത് രാവിലെ അടുക്കളയിലെ പോര്. പിന്നെ കാശ് നോക്കാതെ എല്ലാ വിഷയത്തിനും സ്പെഷ്യൽ ട്യൂഷൻ, ട്യൂഷൻ വൈകുന്നേരമാണേൽ എത്ര നേരവും അങ്ങനെ വഴിയോരത്ത് കാത്തു കെട്ടി നിൽക്കും. ഈ രണ്ടു വർഷം കഷ്ടപ്പെട്ടാൽ പിന്നെ ജീവിതം രക്ഷപ്പെട്ടു എന്നാണ് അച്ഛൻ പറയുന്നത്. എൻട്രൻസ് പരീക്ഷയെഴുതിയെടുത്ത് മെറിറ്റിൽ ഒരു സീറ്റ് നേടിയെടുക്കണം. അച്ഛന്റെ ആഗ്രഹം പോലെ കുടുംബത്തിലെ ആദ്യത്തെ പെൺ എൻജിനിയർ ആകണം.
പക്ഷെ ഇന്ന് ഒരു നിർണ്ണായക ദിവസം ആണ്. പതിനൊന്നിൽ നിന്ന് പന്ത്രണ്ടിലേക്ക് കടക്കാൻ പ്രയാസമില്ല. പക്ഷെ ട്യൂഷന് അടുത്ത വർഷം കിട്ടാൻ പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. അതിന്റെ മാർക്ക് കിട്ടുന്ന ദിവസം. ആകെ അങ്കലാപ്പോടെ, ആ വെളുപ്പാൻ കാലം പത്ത് കിലോമീറ്റർ സ്കൂട്ടറിന്റെ പുറകിലിരുന്ന് വന്നതിന്റെ കുളിരോടു കൂടി സാറിന്റെ വീടിന്റെ വശത്തായുള്ള ആ മുറിയിലേക്ക് വരുമ്പോൾ, പതിവു പോലെ കളിയാക്കലോടു കൂടി സാർ സ്വാഗതം അറിയിച്ചു.
"ആഹാ ലേറ്റ് കമർ മഞ്ജുഷ പി കെ സ്വാഗതം. താമസിച്ചു വന്നാലെന്താ, ക്ലാസ്സിലെ ഏറ്റവും ഉയർന്ന മാർക്കാണല്ലോ? നാണമില്ലലോടോ കഷ്ടം. കണ്ടോ എല്ലാരും മൂന്ന് മാർക്ക് അമ്പതിൽ. അങ്ങോട്ട് കൊടുക്കടോ "
മുൻ വശത്തെ ബെഞ്ചിൽ നിന്ന് അവസാനത്തെ വരിയിലേക്ക് ആ ഉത്തര കടലാസെത്തുമ്പോൾ ഒരു ക്ലാസ്സിന്റെ മുഴുവൻ അവജ്ഞയോടു കൂടിയുള്ള നോട്ടമായിരുന്നു അവൾ കണ്ടത്. അവളാകെ ചൂളി പ്പോയി.
അവിടെ നിന്ന് ഇറങ്ങിയോടിയാലോ തോന്നി മഞ്ജുവിന് .പഠിച്ച എല്ലാ ക്ലാസ്സിലും നല്ല മാർക്കോടു കൂടി വിജയം, പത്താം തരം 92% മാർക്ക് . പക്ഷെ ഇവിടെ മാത്രം എന്തോ പറ്റുന്നില്ല. ഏറ്റവും പുറകിൽ ബഞ്ചുകൾക്കിടയിൽ ചെറിയ സ്റ്റൂളിട്ടു അവിടെയിരിക്കാൻ അവൾ നന്നെ പാടുപെട്ടു. കുട്ടികൾക്കിടയിൽ ഇങ്ങനെ പുഴുങ്ങിയിരിക്കുമ്പോൾ വിയർപ്പിന്റെ ഗന്ധത്തിനിടയിൽ മനം പുരട്ടാറുണ്ട് പലപ്പോഴും. പക്ഷെ അപ്പോഴെല്ലാം അച്ഛന്റെ മുഖം ഓർമ്മ വരും. പക്ഷെ ഇന്ന് ഈ ജാള്യതയുടെ നടുവിൽ അവൾ തളർന്നു പോയി. അപ്പോഴാണ് ഇടുത്തീ പോലെ അടുത്ത വാചകം സാറിന്റെ.
"നാളെ അച്ഛനോട് വരാൻ പറയൂ, എന്നിട്ടാലോചിക്കാം അടുത്ത വർഷത്തെ കാര്യം."
പലരുടേയും അച്ഛനമ്മമാർ വന്ന് സാറിനോട് കേണപേക്ഷിക്കുന്നത് കണ്ടിട്ടുണ്ട്.
വല്ല വിധേനയും അച്ഛനോട് കാര്യം അവതരിപ്പിച്ചെങ്കിലും അച്ഛന്റെ മുഖത്തെ വിഷമം കണ്ട് മനസ്സാകെ അസ്വസ്തമായി. സാറിന്റെ കാലു പിടിക്കേണ്ടി വരും. പക്ഷെ അച്ഛൻ ആരുടെ മുന്നിലും തല കുനിക്കരുത്. താനായിട്ട് അതിനൊരവസരം ഉണ്ടാക്കിയതിൽ ആകെ മനോവിഷമം, ഉറങ്ങിയതേയില്ല. അച്ഛൻ എന്തായിരിക്കും സാറിനോട് പറയുക.
അടുത്ത ദിവസം വൈകിട്ടാണ് അച്ഛൻ സാറിനെ കാണാൻ പോകുന്നത്. അച്ഛൻ എന്താകും സാറിനോട് പറയുക, തല കറങ്ങുമ്പോലെ. വീട്ടിലെത്തിയപ്പോൾ സാർ ഉമ്മറത്ത് ചാരു കസേരയിൽ. മഞ്ജു അച്ഛന്റെ പുറകിലൂടെ നടന്നു.
കണ്ടതും സാർ:
" ആ മഞ്ജുഷ പി.കെ യുടെ അച്ഛനല്ലേ, ഇരിക്കൂ. കുട്ടിയുടെ മാർക്ക് കണ്ടല്ലോ? അടുത്ത വർഷത്തെ കാര്യം സംസാരിക്കാനാണ് വിളിപ്പിച്ചത്."
തല കുമ്പിട്ടു നിൽക്കുകയാണ് മഞ്ജു.
അച്ഛൻ പറഞ്ഞു:
"സാർ, എന്റെ മകൾ ഇന്ന് വരെ എനിക്ക് അഭിമാനം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. പഠിത്തത്തിൽ അവൾ പിന്നോട്ടായിട്ടേ ഇല്ല. അവൾക്കീ വിഷയത്തിൽ ഇങ്ങനെ മാർക്ക് കുറയുന്നെങ്കിൽ സാർ പഠിപ്പിക്കുന്നത് അവൾക്ക് മനസ്സിലാകാത്തതു കൊണ്ടാകാം. വീടിനടുത്ത് ഒരു മാഷുണ്ട്. അവളെ അടുത്ത വർഷം അവിടെ ചേർക്കാൻ പോകുകയാണ് എന്ന് പറയാനാണ് ഞാൻ വന്നത് "
അച്ഛൻ പറയുന്നത് കേട്ട് മഞ്ജു കുമ്പിട്ടു നിന്ന തലയുയർത്തി ,കണ്ണു നിറഞ്ഞ് ,വായ തുറന്നവിടെ നിന്നു പോയി.
അപ്രതീക്ഷിത പ്രഹരത്തിൽ നിന്ന് കരകയറാനാകാത്ത സാർ:
"ഇനി രക്ഷപ്പെടുന്ന കാര്യം സംശയമാണ്. "
പിന്നീടവിടെ നിൽക്കാതെ അവർ അവിടെ നിന്നിറങ്ങി. വർഷങ്ങൾ പിന്നെ പറഞ്ഞത് മഞ്ജുവിന്റെ വിജയങ്ങളായിരുന്നു. പന്ത്രണ്ടാം ക്ലാസ്സിൽ ഉന്നത വിജയം , മെറിറ്റിൽ ബി.ടെക്ക് പ്രവേശനം, ബി.ടെക്ക് കഴിയും മുമ്പേ ജോലിയും .
മജ്ഞു ഓർത്തു, ഒരു പക്ഷെ അന്ന് തന്നെ കുറ്റപ്പെടുത്തുകയും അവിടെ നിർബന്ധിച്ചു പഠിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ ഒരിക്കലും താനിവിടെ എത്തില്ലായിരുന്നു. അച്ഛനു തന്റെ മേലുണ്ടായിരുന്ന ആത്മവിശ്വാസം. അതൊന്നായിരുന്നു തന്റെ കരുത്ത്.ഒരുപാട് നല്ല അദ്ധ്യാപകരുടെ അനുഗ്രഹവും സ്നേഹവും അതിന് പിൻമ്പലമായി ഉണ്ടായിരുന്നു.
അവൾ ഓർമ്മ ചെപ്പടച്ചു വച്ച് അച്ഛനെ വിളിച്ചു.
"അച്ഛാ..."
"എന്താ മക്കളെ... " അതേ ആർദ്രതയുള്ള വിളി.
" ഇന്ന് ഞാൻ പ്രദീഷ് സാറിനെ കണ്ടു... "
അവളുടെ കലപില നീളുമ്പോൾ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് അവളുടെ ഭർത്താവ് തെല്ലസൂയയോടെ അവളെ നോക്കി.
ഇന്ദു പ്രവീൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo