'' അരേ ഗാഡി നിഗാലോ .. യേ ഹമാരാ ദൂകാൻ . അഭി ഗോലേഗാ ... ജൽദി നിഗാലോ .. യഹ സെ ... ''
കാറിനകത്ത് ഉറങ്ങുകയായിരുന്ന ഞാൻ പരിചിതമല്ലാത്ത ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് . പാതി രാത്രിയിൽ എപ്പോഴോ ഉറക്കം കണ്ണുകളെ ആശ്ലേഷിച്ചതും കാർ റോഡരികിൽ ഒതുക്കി നിർത്തി ഉറങ്ങിയതായിരുന്നു . പിറകിലെ സീറ്റിൽ പ്രശസ്ത സിനിമ സംവിധായകൻ വിജയ് നമ്പ്യാരുമുണ്ട് . ബോംബെ പശ്ചാത്തലമാക്കി ഒരു സിനിമയൊരുക്കാൻ ആഗ്രഹിച്ചെത്തിയതാണ് അദ്ദേഹം . അതിനുള്ള നിയോഗം ലഭിച്ചത് സിനിമ ഭ്രാന്തനും വിജയ് നമ്പ്യാർ സിനിമകളുടെ കടുത്ത ആരാധകനായ എനിക്കും .
സിനിമ പ്രവർത്തകരെ കുറിച്ചുള്ള ധാരണകൾ എല്ലാം മാറ്റി മറിച്ച പ്രകൃതമാണ് വിജയ് സാറിന്റേത് . തികച്ചും സാധാരണക്കാരനെ പോലെ ജീവിക്കുന്ന ആളായത് കൊണ്ടാണല്ലോ സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത എന്റെ ഈ ടാക്സി കാറിൽ അദ്ദേഹം സഞ്ചരിക്കുന്നതും, വഴിയരികിൽ കാറിനകത് കിടന്നുറങ്ങുന്നതും . ഒരു പക്ഷെ അത് കൊണ്ട് തന്നെയാകും ജീവിത ഗന്ധിയായ അനേകം സിനിമകൾ ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടാകുക .
നല്ല ഉറക്കത്തിലാണ് സാർ .... ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താവുന്ന സ്വാതന്ത്യം ഈ കുറച്ച് നാളുകളായി അദ്ദേഹത്തോടൊപ്പമുള്ള സഹവാസം കൊണ്ട് ലഭിച്ചിട്ടുണ്ട് . അത് കൊണ്ട് തന്നെ ഒട്ടും ആലോചിക്കാതെ തന്നെ ഞാൻ സാറിനെ വിളിച്ചുണർത്തി .
'' സാർ .... നേരം പുലർന്നു ... ഇവിടെ നിന്നും കാർ മാറ്റാൻ ഈ കടക്കാരൻ പറഞ്ഞു .. നമുക്കിനി എവിടേക്കാണ് പോകേണ്ടത് ?.... ''
'' ഉം '' ... കണ്ണുകൾ തിരുമ്മി ഉറക്കമുണർന്നു മുരടനക്കി .
'' സുരേഷേ ... വണ്ടി നേരെ ഏതെങ്കിലും റെസ്റ്ററന്റിലേക്ക് വിട്ടോ ... മുഖമെല്ലാം കഴുകി ഫ്രഷ് ആയ ശേഷം നമുക്ക് അടുത്ത യാത്രയെ കുറിച്ച് ചിന്തിക്കാം .... ''
'' ശരി സാർ ''
കാർ അടുത്തുള്ള ഒരു റെസ്റ്റോറന്റ് ലക്ഷ്യമാക്കി കുതിച്ചു ... റെസ്റ്റോറന്റിൽ ശുചി മുറിയിൽ ചെന്ന് പ്രഭാത കർമങ്ങൾ എല്ലാം നിർവഹിച്ചു മുഖം കഴുകി തീൻ മേശക്കരികിലെത്തി . കഴിക്കേണ്ട ഭക്ഷണത്തിനു നിർദേശം നൽകി ഞങ്ങൾ കാത്തിരിക്കുമ്പോൾ റെസ്റ്റോറന്റിന് പുറത്ത് നിന്നും എന്തോ ബഹളം .... ഒരു ഭ്രാന്തി സ്ത്രീ വിശന്നു വലഞ്ഞു ഭക്ഷണത്തിനു വേണ്ടി യാചിക്കുകയാണ്. പക്ഷെ കടയുടമ അവരെ കടയുടെ പരിസരത്ത് നിന്നും ആട്ടിയോടിക്കുകയാണ് .
ആ സ്ത്രീയെ കണ്ടതും എന്റെ മനസ്സ് പിടഞ്ഞു ... എവിടെയോ ഒരു നൊമ്പരമായി അവരുടെ മുഖം തെളിഞ്ഞു കിടപ്പുണ്ട് .. ഞാൻ കടയുടമയോട് ഒരു പൊതി പ്രാതൽ അവർക്കു പൊതിഞ്ഞു നല്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ മുറു മുറുത്ത് കൊണ്ട് അകത്ത് പോയി ഒരു പൊതി ഭക്ഷണം ആ സ്ത്രീക്ക് നേരെ നീട്ടി .. അതിന്റെ പണം ഞാൻ ആ കടയുടമക്ക് നൽകി തിരിച്ചു തീൻ മേശക്കരികിലിരിക്കുന്ന നമ്പ്യാർ സാറിന്റെ അടുക്കൽ ചെന്നു ... എന്നെ അടിമുടി നോക്കുകയാണ് സാർ .. ഏതോ ഒരു മഹാനെ കണ്ട ഭാവത്തോടെയാണ് സാറെന്നെ നോക്കുന്നത് .
'' നന്നായി സുരേഷ് .. ഇക്കാലത്ത് ഇങ്ങനെയുള്ള ചെറുപ്പക്കാർ ഉണ്ടെന്നത് തന്നെ വലിയ ആശ്വാസമാണ് . ''
'' ഹേ .. അങ്ങനൊന്നുള്ള സാർ ... എനിക്കാ സ്ത്രീയെ അറിയാം ... അല്ലാതെ ഞാൻ എന്റെ മഹാ മനസ്കത കൊണ്ട് അവർക്ക് ഭക്ഷണം വാങ്ങി കൊടുത്തതല്ല ... ''
'' സാറിനറിയുമോ .. ഒരിക്കൽ സാറിനെ പോലെ ഒരാൾ എന്റെ ടാക്സിയിൽ കയറി .. .ആ കഥ ഞാൻ സാറിനോട് പറയാം .. ''
'' ആ പറ .. ഒരു സിനിമക്കുള്ള സാധ്യത ഉണ്ടോ എന്നറിയാമല്ലോ .. ''
'' പറയാം സാർ ... എനിക്ക് പറയാനുള്ളത് അവനെ കുറിച്ചാണ് കണ്ണൻ .... കൊച്ചു പയ്യൻ ... വയസ്സ് അധികമില്ല .. പക്ഷെ കണ്ടാൽ ഇരുപത്തഞ്ച് വയസ്സൊക്കെ തോന്നും .. എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞതനുസരിച്ചാണ് ഞാൻ അവനെ പിക്ക് ചെയ്യാൻ പോയത് .. പയ്യനല്ലേ .. ചോര തിളപ്പാണ് .. അവനു പോകേണ്ടത് ചുവന്ന തെരുവിലെ ഒരു കേന്ദ്രത്തിലേക്കാണ് .. എന്റെ ജോലി കാർ ഓടിക്കലായത് കൊണ്ട് ഞാൻ അവനെയും കൊണ്ട് ചുവന്ന തെരുവിലേക്ക് പോയി .. കാറിൽ കയറുമ്പോൾ തന്നെ അവന്റെ മുഖത്ത് ഭയങ്കര ഗൗരവം .. വ്യത്യസ്ത സ്വഭാവക്കാരായ ഒരുപാട് യാത്രക്കാരെ സ്ഥിരം കാണുന്നത് കൊണ്ട് ഞാൻ ഒന്നും ചോദിയ്ക്കാൻ പോയില്ല . എല്ലാവര്ക്കും അവരവരുടേതായ സ്വകാര്യത കാണുമല്ലോ .
കാറിന്റെ പിൻ സീറ്റിൽ അവൻ ചിന്താ മൂകനായി പുറത്തേക്കു കണ്ണും നട്ടിരിക്കുകയാണ്. .. കാറിനകത്തെ മധുരമൂറുന്ന സംഗീതമൊന്നും അവന്റെ ശ്രദ്ധയെ ആകര്ഷിക്കുന്നില്ല . അവന്റെ കണ്ണുകൾ പുറം കാഴ്ചകളുടെ വിദൂരരതയിലൂടെ സഞ്ചരിക്കുകയായിരുന്നു . ആദ്യമായാണ് അവൻ ഈ മഹാ നഗരത്തിലെത്തുന്നത് എന്ന് തോന്നുന്നു . മുൻപും ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണത്തെ യാത്രക്ക് ഒരുപാട് പ്രത്യേകതകൾ അവനു അവകാശപ്പെടാം . ഗൂഢമായ പല ചിന്തകളും അവന്റെ മനസ്സിനെ ഭരിക്കുന്നുണ്ടെന്നു അവന്റെ മുഖം പറയുന്നുണ്ട് . അതി വേഗത്തിൽ ആ കേന്ദ്രം ലക്ഷ്യമാക്കി ഞാൻ കാറോടിച്ചു .
'' സാർ .. ഇതാണ് സാർ പറഞ്ഞ സ്ഥലം .. അല്പം പിശകുള്ള സ്ഥലമാണ് .... ഹാ അല്ലെങ്കിലും പ്രാർത്ഥിക്കാനല്ലല്ലോ ഇവിടെ സാർ വന്നിരിക്കുന്നത് .... സാർ പോയിട്ട് വാ ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം '''
അല്പം പരിഭ്രമത്തോടെ അവൻ കാറിൽ നിന്നുമിറങ്ങി മുന്നോട്ടു നടന്നു . കാർ ഒരു കെട്ടിടത്തിനരികെ ഒതുക്കി നിർത്തി ഞാൻ കാറിൽ ഇരിക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിൽ എന്തോ ഒരു പന്തികേട് തോന്നി . അവന്റെ മുഖത്തെ നിഗൂഢ ഭാവങ്ങൾ എല്ലാം എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടാക്കി . ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി അവനറിയാതെ അവനെ പിന്തുടർന്നു.
അവന്റെ മുഖം കണ്ടാൽ അറിയാം ആദ്യമായാണ് ഇത്തരമൊരു അന്തരീക്ഷത്തിൽ ചെന്നെത്തി പെടുന്നത് .. അവൻ കണ്ടിരുന്ന തിളങ്ങി നിൽക്കുന്ന നഗരത്തിന്റെ ഓരത്തുള്ള ഈ ചേരികൾക്കൊന്നും പക്ഷെ നഗരത്തിന്റെ തിളക്കമോ വിശുദ്ധിയോ ഇല്ല എന്നവൻ ഈ കാഴ്ചകളിലൂടെ മനസ്സിലാക്കിയിരിക്കണം . അവന്റെ പിറകിൽ ഇരുട്ടിന്റെ മറ പറ്റി ഞാൻ പിന്തുടർന്നു . അവൻ ഫോൺ എടുത്തു അതിൽ നിന്നും ഒരാളുടെ നമ്പർ എടുത്ത് ഡയൽ ചെയ്തു.
'' ഹലോ ... ഞാൻ ഇവിടെ നിങ്ങൾ പറഞ്ഞ സ്ഥലത്തു എത്തിയിട്ടുണ്ട് .. നിങ്ങൾ എവിടെയാണ് ?... ''
'' ഹാ .. സാർ ... അവിടെ എത്തിയല്ലേ ... സാർ ഒരു കാര്യം ചെയ്യൂ ... നേരെ മുന്നോട്ട് നടക്കു ... റൈറ്റ് സൈഡിൽ ഒരു എ ടി എം മെഷീൻ കാണാം .. അത് താണ്ടി അല്പം ദൂരെ ചെന്നാൽ വലതു ഭാഗത്തേക്കൊരു ഒരു ഇടവഴി കാണാം .. അതിലൂടെ വന്നു മൂന്നാമത്തെ ലെഫ്റ്റ് .. അവിടെ എത്തിയിട്ട് എനിക്ക് വിളിക്ക് .... ഞാൻ അവിടെ എത്താം ''
'' ഹും ... ശരി ''
'' ഹാ പിന്നെ വഴിയിൽ പലരെയും കാണും .. അതൊന്നും നോക്കണ്ട .. നേരെ ഇങ്ങോട്ട് പോര് നല്ലത് ഞാൻ തരാം ''
'' ഹും ''
ഫോണിലൂടെ ലഭിച്ച നിർദേശം അനുസരിച്ചു അവൻ മുന്നോട്ടു നീങ്ങി . ഇടവഴികളിലൂടെ പോകുമ്പോൾ മുല്ല പൂവണിഞ്ഞു കൃത്രിമ ചിരിയണിഞ്ഞു നിൽക്കുന്ന നിറയെ യുവതികൾ .. അവരോട് സംസാരിച്ചു വിലപേശൽ നടത്തുന്ന ചിലരെയും കാണാം . ചില സ്ത്രീകൾ അവനെ മാടി വിളിക്കുന്നുവെങ്കിലും ഒന്നും ഗൗനിക്കാതെ അവൻ മുന്നോട്ട് നീങ്ങി . ഭയം ഉള്ളിൽ പെരുമ്പറ കൊട്ടുന്നുണ്ട് എന്ന് അവന്റെ ശരീര ഭാഷ വിളിച്ചോതുന്നു . പക്ഷെ തീരുമാനിച്ചുറപ്പിച്ച കാര്യത്തിൽ നിന്നും പിന്മാറാൻ അവൻ ഒരുക്കമായിരുന്നില്ല എന്ന് അവന്റെ കണ്ണുകൾ പറയുന്നുണ്ട് .
ഇടവഴികൾ പലതും പിന്നിട്ടു അവസാനം അയാൾ പറഞ്ഞ അതേ സ്ഥലത്തെത്തി . അവൻ ഫോൺ എടുത്തു അയാൾക്ക് വിളിച്ചു . തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും ശുഭ്രവസ്ത്ര ധാരിയായ ഒരു യുവാവ് ഇറങ്ങി വന്ന് അവനടുക്കൽ എത്തി .
'' സാർ ... വരൂ .. ഏറ്റവും നല്ലത് തന്നെ ഞാൻ സാറിനു തരും ... ഫോൺ എല്ലാം ഓഫ് ചെയ്തു പോക്കറ്റിൽ വെച്ച് സാർ എന്റെ കൂടെ വാ ''
അയാൾ അവനെയും കൊണ്ട് ആ ഇരുണ്ട വഴികളിലൂടെ മുന്നോട്ട് നീങ്ങി . അയാൾക്ക് പരിചിതമാണ് ആ വഴികൾ .. ഏതു ഇരുട്ടിലും ഒഴുകി നടക്കാനായാൾക്ക് കഴിയും . ഇരുട്ടിലൂടെ നീങ്ങി അവർ ഒരു പഴയ കെട്ടിടത്തിന്റെ വാതിലിനു മുന്നിലെത്തി . വാതിൽ തുറന്നു അയാൾ അവനെ മുറിക്കകത്തേക്കു ക്ഷണിച്ചു . അവൻ മുറിയിൽ കയറിയതും അയാൾ മുറിയുടെ വാതിലിനു കൊളുത്തിട്ടു .
എന്താണ് അവിടെ നടക്കുന്നത് . എന്റെ മനസ്സിൽ വല്ലാത്ത ആകാംക്ഷയും ഭയവും . ആരും കാണുന്നില്ല എന്നുറപ്പ് വരുത്തി ഞാൻ ആ മുറിക്കകത്തേക്കു നോക്കാൻ വല്ല വഴിയുമുണ്ടോ എന്ന് അന്വേഷിച്ചു . സിനിമയിൽ കാണുന്നത് പോലെ തന്നെ കൃത്യമായി ഒരു ജനവാതിൽ അടയാതെ കിടക്കുന്നുണ്ടായിരുന്നു . ആരും കാണാതെ ഞാൻ അതിന്റെ ഇടയിലൂടെ വളരെ കഷ്ടപ്പെട്ട് കണ്ണുകൾ പായിച്ചു .
'' സാർ .. ഇവിടെ ഇരിക്ക് .. ഞാനിപ്പോ വരാം ....'' ശുഭ്ര വസ്ത്ര ധാരി അകത്തേക്ക് പോയി .
അൽപ സമയത്തിനകം അയാൾ തിരിച്ചു വന്നു . അയാളുടെ കൂടെ മുഖം താഴ്ത്തി കൊണ്ട് അറവു മാടുകളെ പോലെ ചില സ്ത്രീകളും . കഴുകന്റെ കൂട്ടിൽ അകപ്പെട്ട ഇരയെ പോലെയാണ് ചിലർ . അതിൽ നിന്നും കുറച്ചു പ്രായമായ സ്ത്രീയെ അവൻ ചൂണ്ടി കാണിച്ചപ്പോൾ എല്ലാവരുടെയും മുഖത്തു ഒരമ്പരപ്പു . അവന്റെ ഇഷ്ടം പോലെ ഒരുങ്ങി പുറപ്പെടാൻ അവളോട് അയാൾ നിർദേശിച്ചു .
'' സാർ ഇവിടെ നിന്ന് ഒരാളെയും പുറത്ത് വിടാറില്ല . പിന്നെ മലയാളി ആയത് കൊണ്ട് ഞാൻ എന്റെ റിസ്കിൽ വിടുകയാണ് . മറക്കണ്ട . ''
'' ഹും .. എല്ലാം എനിക്കറിയാം .... എന്നാൽ ഞാൻ പോയിട്ട് വരാം '' . അവർ പുറത്തിറങ്ങും മുൻപ് മുൻപ് ഞാൻ തിരിഞ്ഞു നടന്നു കാർ ഒതുക്കി നിർത്തിയ കെട്ടിടത്തിനടുത്തെത്തി .
അവൻ വരുന്നുണ്ട് . അവന്റെ പിറകിൽ കയ്യിൽ ചെറിയ ഒരു ബാഗുമായി ആ സ്ത്രീയുമുണ്ട് . അവർ രണ്ട് പേരും വന്നു ടാക്സിയുടെ അടുക്കലെത്തി .
'' അയ്യേ ... ഈ മുതുക്കിയെ കൊണ്ട് പോകാനാണോ സാർ ഇത് വരെ വന്നത് .... ആ ... ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ .. ... ഹും വണ്ടിയിൽ കയറൂ .. '' എന്റെ വാക്കുകൾ അവനത്ര ഇഷ്ടപ്പെട്ടില്ല എന്ന് മുഖം പറയുന്നു .
അവനും ആ സ്ത്രീയും കാറിന്റെ പിറകിലെ സീറ്റിൽ ചെന്നിരുന്നു . ഞാൻ കണ്ണാടിയിലൂടെ ആ സ്ത്രീയെ നോക്കുമ്പോൾ നിർവികാരയായിരിക്കയായിരുന്നു അവർ . പ്രായത്തിന്റെ അവശതകൾ അറിയാതിരിക്കാനായി കൃത്രിമ സൗന്ദര്യ വസ്തുക്കൾ കൊണ്ട് അവർ മുഖം അലങ്കരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആർക്കോ എന്തിനോ വേണ്ടി ചെയ്തെന്ന പോലെയായിരുന്നു .
'' ഇതാണ് ഞാൻ പറഞ്ഞ ഹോട്ടൽ ..... സാർ ഇവിടെ ഇറങ്ങു .. ഞാൻ നാളെ കാലത്ത് വരാം .. ''
ആ സ്ത്രീയെ രാവിലെ തിരിച്ചു കൊണ്ട് വിടേണ്ട ചുമതല എനിക്കായിരുന്നു . അവർ രണ്ട് പേരും ഹോട്ടലിനകത്ത് പ്രവേശിക്കും വരെ ഞാൻ അവരെ നോക്കിയിരുന്നു . ഇത്തരം യാത്രക്കാർ ഒരുപാട് തവണ എന്റെ ടാക്സിയിൽ യാത്ര ചെയ്തിട്ടുണ്ട് . പക്ഷെ ഇത് പോലെ രണ്ട് പേരെ ആദ്യമാണ് .. അധിക നേരം ആലോചിച്ചിരിക്കാതെ ഞാൻ എന്റെ കുടിലിലേക്ക് മടങ്ങി .
രാവിലെ നേരത്തെയുണർന്നു . ആ സ്ത്രീയെ ഹോട്ടലിൽ നിന്നും അവരുടെ താമസ സ്ഥലത്തെത്തിക്കണം . ഞാൻ ടാക്സിയെടുത്ത് ഹോട്ടലിനു സമീപത്തെത്തി . പതിവില്ലാത്ത ആൾകൂട്ടം ആ ഹോട്ടലിനു മുന്നിൽ കണ്ടു . എന്താണ് സംഭവിച്ചത് .. ഞാൻ കാർ റോഡരികിൽ ഒതുക്കി നിർത്തി ആൾ കൂട്ടത്തിനടുത്തേക്ക് കുതിച്ചു ആൾ കൂട്ടത്തിലൊരാളോട് ഞാൻ ചോദിച്ചു .
'' ഭായ് സാബ് .. ക്യാ ഹോഗയാ ഇഥർ .. ? ''
'' ഇഥർ കൽ രാത് കോ ഏക് ഹാത്മി മർ ഗയ ''
ഹോട്ടലിൽ താമസിച്ച ആരോ ഒരാൾ ഇന്നലെ രാത്രി മരണപ്പെട്ടിരുന്നു . ആരാണാവോ അത് ? .. ദൈവമേ അവൻ ആ സ്ത്രീയെ ???.. മനസ്സിൽ ഒരായിരം സംശയങ്ങൾ നുരഞ്ഞു പൊങ്ങി . അവന്റെ മുഖത്തെ നിഗൂഢ ഭാവങ്ങൾ ഞാൻ കണ്ടതാണ് .. ഒരു പക്ഷെ അവൻ അവരെ ?... കാര്യങ്ങൾ അറിയാൻ വല്ലാത്ത ആകാംക്ഷ ... ആരോടും കൂടുതൽ ചോദിക്കാനും വയ്യ . ഇനി അവൻ ആണ് ചെയ്തതെങ്കിൽ അവരെ കൊണ്ട് വന്ന ഞാനും ഒരു പക്ഷെ കുടുങ്ങും .
അല്പം കഴിഞ്ഞു കാണും ഒരു ആംബുലൻസ് അലാറം മുഴക്കി അവിടെ എത്തി ചേർന്നു. ഹോട്ടലിനകത്ത് നിന്നും ഒരു ശവ ശരീരവുമായി പോലീസുകാർ ആംബുലൻസിലേക്കു നീങ്ങുന്നതിനിടെ ഞാൻ ആ മുഖം ഒന്ന് കാണാൻ ശ്രമിച്ചു .. കണ്ണൻ ....... ആ പയ്യൻ തന്നെ .. അപ്പൊ ആ സ്ത്രീ .. അവർ അവനെ ?...
പോലീസുകാർ അവന്റെ ശവ ശരീരം ആംബുലൻസിലേക്കു കയറ്റി കഴിഞ്ഞു പിറകിൽ ഭ്രാന്തിയെ പോലെ ആ സ്ത്രീയെ വിലങ്ങണിയിച്ചു പോലീസ് കൊണ്ട് വരുന്നത് കണ്ടു ഞാൻ നടുങ്ങി . ഇന്നലെ കണ്ട സ്ത്രീയെ അല്ല .. മുഖത്തെ ചായങ്ങൾ കരഞ്ഞു കണ്ണ് നീര് കൊണ്ട് ഒഴുകി പോയിരിക്കുന്നു . ഒരു ഭ്രാന്തിയെ പോലെ എന്തോ പിറു പിറുത്ത് അവർ പോലീസ് വാഹനത്തിലേക്ക് കയറുന്നതിനിടെ ആംബുലൻസിനകത്തുള്ള ആ പയ്യന്റെ ശവ ശരീരത്തിലേക്ക് അവർ അവസാനമായി കണ്ണുകൾ എറിഞ്ഞു .
എനിക്കവരുടെ രണ്ട് പേരുടെയും മുഖം മറക്കാനാകുമായിരുന്നില്ല . കേസിൽ ഉൾപ്പെടുമെന്ന് ഭയന്ന് ഞാൻ ഒന്നും ആരോടും പറഞ്ഞില്ല . പിറ്റേ ദിവസത്തെ പത്ര വാർത്തയിൽ ആദ്യ പേജിൽ തന്നെയുണ്ട് ആ വാർത്ത '' യുവാവിനെ വിഷം കൊടുത്തു കൊന്നു .. ലൈംഗിക തൊഴിലാളി അറസ്റ്റിൽ '' ..
അവർക്കിടയിൽ എന്ത് സംഭവിച്ചെന്നറിയാതെ എന്റെ മനസ്സ് പിടക്കുകയായിരുന്നു .... ദിവസങ്ങൾ കടന്നു പോയി .. മനോനില തെറ്റിയ സ്ത്രീയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ പോലീസിനായില്ല .. കോടതി അവരെ വെറുതെ വിട്ടു . അവരിപ്പോൾ തെരുവിലൂടെ ഭ്രാന്തിയായി അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് . അവരെയാണ് നമ്മൾ അല്പം മുൻപ് ഇവിടെ വെച്ച് കണ്ടത് .
'' അപ്പോൾ മനോരോഗത്തിന്റെ ബലം കൊണ്ട് അവർ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെട്ടുവല്ലേ ?.. നമ്മുടെ നിയമത്തിന്റെ പോരായ്മകൾക്ക് ഇങ്ങനെ എത്ര ഉദാഹരണങ്ങൾ ആണ് സുരേഷ് ''
'' ഇല്ല സാർ .. അവർ അവനെ കൊന്നിട്ടില്ല .. അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു ''
'' എന്ത് ?... ആത്മഹത്യയോ ?.. അതെന്തിന് ?.. അങ്ങനെ ചെയ്യണമെങ്കിൽ അവനു എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു . എന്തിനു ഇങ്ങനെ , ഈ സ്ത്രീക്ക് മുന്നിൽ വെച്ച് ചെയ്യണം ?... കൊലപാതകം എന്നല്ലേ പോലീസ് പറഞ്ഞത് ?.. പിന്നെങ്ങനെ ആത്മഹത്യയാകും ?.. എനിക്കൊന്നും മനസ്സിലാകുന്നില്ല സുരേഷ് . ''
'' വിജയ് സാർ ... സത്യമാണ് .. ആത്മഹത്യയാണ് . പക്ഷെ അതിനു വ്യക്തമായ കാരണം ഉണ്ട് . ഈ സംഭവം നടന്നതിന് ശേഷം ... കുറേ ദിവസങ്ങൾ കഴിഞ്ഞു ഒരിക്കൽ എനിക്കെന്റെ കാറിൽ നിന്നും ഒരു ഫോൺ ലഭിച്ചു . ആരോ മറന്നു വെച്ചതാണ് . ഒരുപാട് യാത്രക്കാർ വന്നു പോകുന്നതല്ലേ . കൃത്യമായി ആരുടെയാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞില്ല . ഫോണിൽ ഒരു കോണ്ടാക്ട് നമ്പറോ , സിം കാർഡോ ഒന്നുമുണ്ടായിരുന്നില്ല . അത് കൊണ്ട് തന്നെ കുറച്ച് ദിവസം ആരെങ്കിലും അന്വേഷിച്ചു വരുമെന്ന് കരുതി ഞാൻ കാത്തിരുന്നു .
ഒരു ദിവസം എന്റെ ഫോൺ താഴെ വീണു പൊട്ടിയപ്പോൾ കാറിനകത്തു സൂക്ഷിച്ചിരിക്കുന്ന ഫോണിന്റെ കാര്യം ഓര്മ വന്നത് . തത്കാലം അതുപയോഗിച്ച് പിന്നീട് പുതിയതൊരെണ്ണം വാങ്ങാം എന്ന് കരുതി എന്റെ സിം കാർഡ് ഞാൻ ആ ഫോണിലിട്ടു . അപ്പോഴാണ് ഞാൻ ആ ഫോൺ ശരിക്കും ഒന്ന് പരിശോധിക്കുന്നത് .
എന്റെ സാറേ .. അതിനകത്തെ കാഴ്ച കണ്ടു ഞാൻ ഞെട്ടി പോയി . ഏതോ ഹോട്ടൽ മുറിയിൽ നിന്നും ഷൂട്ട് ചെയ്ത ഒളി കാമറ ദൃശ്യങ്ങളാണതിൽ . കൂട്ടത്തിൽ ഒരു ദൃശ്യം കണ്ടു ഞാൻ ................................
'' എന്താണ് സുരേഷ് കണ്ടത് ? '' വിജയ് നമ്പ്യാർക്ക് ആകാംക്ഷ അടക്കാനാവുന്നില്ല .
'' കണ്ണൻ ... അവനും ആ സ്ത്രീയും .... ആ മുറിയിലെ ദൃശ്യവും ആ ഫോണിനകത്തുണ്ടായിരുന്നു .. ആ വീഡിയോ എല്ലാം ആ ഹോട്ടലിൽ ജോലി ചെയ്യുന്ന ആരോ ഒളി കാമറ വെച്ച് എടുത്തതാണ് . ആ ആൾ എന്റെ കാറിൽ യാത്ര ചെയ്തിരിക്കണം . അങ്ങനെ അബദ്ധത്തിൽ വീണു പോയതാകും ആ ഫോൺ .''
'' എന്താണ് നീ കണ്ടത് ?.. അപ്പൊ ആ കൊല പാതകം ആ ദൃശ്യത്തിൽ ഉണ്ടാകുമല്ലോ ''
'' ഉണ്ട് സാർ... ആ ഫോൺ ഇപ്പോഴും എന്റെ അടുക്കൽ ഉണ്ട് . ഞാൻ ഉപയോഗിക്കാറില്ല .. ഉപേക്ഷിക്കാനും മനസ്സ് വന്നില്ല . പോലീസിൽ അറിയിക്കാൻ വല്ലാത്ത ഭയവും തോന്നി .''
'' കാണട്ടെ .. എനിക്കാ ദൃശ്യം ഒന്ന് കാണണം .... '' വിജയ് സുരേഷിനെയും കൊണ്ട് കാറിനടുക്കൽ ചെന്ന് ആ മൊബൈൽ ഫോൺ ഓൺ ചെയ്യാൻ ശ്രമിച്ചു . ഒരുപാട് കാലം ഉറക്കത്തിലായിരുന്ന ഫോൺ കണ്ണുകൾ തുറക്കാൻ മടി കാണിക്കുന്നത് കൊണ്ട് ഫോൺ ചാർജ് ചെയ്തു ക്ഷമയോടെ അവർ കാത്തിരുന്നു .
എന്തായിരിക്കും ആ ദൃശ്യത്തിൽ ... വിജയുടെ മനസ്സിൽ സിനിമയുടെ ഫ്രെമുകൾ പോലെ പല ദൃശ്യങ്ങളും കടന്നു വന്നു . ആകാംക്ഷ നില നിർത്താൻ തന്നെ അയാൾ സുരേഷിനോട് ദൃശ്യത്തിൽ കണ്ടതെന്തെന്നു ചോദിച്ചില്ല .
മതിയായ ഊർജം ലഭിച്ചപ്പോൾ മൊബൈൽ ഫോൺ സ്ക്രീൻ വെട്ടി തിളങ്ങി . ഒരുപാട് ഒളിക്യാമറ വീഡിയോകൾക്കിടയിൽ നിന്നും അവർ ആ വീഡിയോ തിരഞ്ഞെടുത്തു .. മുറിക്കകത്തു കട്ടിലിനു അഭിമുഖമായാണ് കാമറ വെച്ചിരിക്കുന്നത് . സിനിമയിൽ പോലും കാണില്ല ഇത്രമാത്രം ഫ്രെയിം സെൻസ് . അവർ സസൂക്ഷമം ആ ദൃശ്യം നിരീക്ഷിച്ചു .
കണ്ണനാണ് ആദ്യം റൂമിനകത്തേക്കു കയറിയത് . തൊട്ടു പിറകിൽ ആ സ്ത്രീയുമുണ്ട് . കയ്യിലെ ബാഗെല്ലാം മേശ പുറത്തു വെച്ച് കണ്ണൻ അവരോട് കുളിച്ചു റെഡി ആകാൻ പറഞ്ഞു . ആ സ്ത്രീ കുളിക്കുവാൻ പോയ നേരം ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു അവൻ ഭക്ഷണത്തിനു വിളിച്ചു പറയുന്നത് കാണാം . ഭക്ഷണം എത്തിയ ഉടനെ രണ്ട് ഭക്ഷണ പൊതികളിൽ ഒന്നിൽ കയ്യിൽ കരുതിയ എന്തോ അവൻ ചേർത്തു . ആ സ്ത്രീ കുളി കഴിഞ്ഞിറങ്ങുന്നതിനു മുൻപ് തന്നെ എല്ലാം തയ്യാറാക്കി വെച്ചു അവൻ .
കുളി കഴിഞ്ഞു അവർ പുറത്തിറങ്ങി വന്നു . കുളിക്കാൻ അകത്തേക്ക് പോകുമ്പോൾ കയ്യിൽ വാനിറ്റി ബാഗും ഉണ്ടായിരുന്നു . അതാകണം പുതിയ ചില ചായങ്ങൾ മുഖത്തു പൂശി പ്രായം മറച്ചു വെക്കാൻ അവർ ശ്രമിച്ചിട്ടുണ്ട് .
'' വരൂ .. എനിക്ക് നന്നായി വിശക്കുന്നു .. ഭക്ഷണം ഉണ്ട് കഴിക്കാം ..... '' കണ്ണൻ ആ സ്ത്രീയോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു .
'' വേണ്ട .. ഞാൻ പിന്നെ കഴിച്ചോളാം ... വിശപ്പില്ല ..... ''
'' എങ്കിൽ എനിക്കിച്ചിരി ഭക്ഷണം വിളമ്പി താ ... പറ്റുമെങ്കിൽ ഒരുരുള ചോറെനിക്ക് വാരി താ ''
'' ഈ സാറിന്റെ ഒരു കാര്യം ... ഞാൻ വിളമ്പി തരാം .. വാരി തരാം ....''
കണ്ണൻ അവൻ മാറ്റി വെച്ച ഭക്ഷണ പൊതി അവൾക്ക് നേരെ നീട്ടി . അവൾ ഉരുള എടുത്തു അവനെയൂട്ടുമ്പോൾ അവന്റെ കണ്ണുകളിൽ നനവ് പടർന്നുവോ ....
ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞു കിടക്കയിൽ ഇരിക്കുന്ന അവന്റെ അരികിലേക്ക് അവൾ വന്നിരുന്നു.അവനെ പുനരാണവൾ കൈകൾ വിടർത്തവേ ഒരു നിമിഷം ........അവൻ അവളെ തള്ളി മാറ്റി ........... അവന്റെ കണ്ണുകൾ ആകെ ചുവന്നിരിക്കുന്നു .. ചുണ്ടിലെ ചിരി മാഞ്ഞിരിക്കുന്നു .. കണ്ണുകളിൽ തിളങ്ങുന്നത് രൗദ്രതയും , നിസ്സഹായതയും മാത്രം ...
അവൾ ഞെട്ടി തരിച്ചിരിക്കയാണ് .. അവനിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകുമെന്നു കരുതിയില്ല ..
'' എന്താ സാർ ... എന്ത് പറ്റി ? ''
'' സാർ ....... എന്റെ കണ്ണുകളിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ .. എവിടെയെങ്കിലും കണ്ടു മറന്ന മുഖമായി മനസ്സിലുണ്ടോ ? .. മനസ്സ് എന്ന ഒന്ന് നിങ്ങൾക്കില്ലല്ലോ അല്ലേ മാംസ പിണ്ഡമേ .... ''
അവന്റെ വാക്കുകൾക്ക് കൂടുതൽ മൂർച്ചയേറുന്നു .. എന്തോ തീരുമാനിച്ചുറച്ചാണ് അവന്റെ വരവ് ... കണ്ണുകളിലെ അഗ്നി ഗോളങ്ങൾ അവളെ ചുട്ടു ചാമ്പലാക്കാൻ വെമ്പുന്ന പോലെ .
'' .എന്റെ തലയിൽ കൈ വെച്ചാൽ അറിയാം നിങ്ങളുടെ ഉള്ളിൽ എന്നോ മരിച്ചു പോയ ഒരമ്മയുടെ വാത്സല്യത്തിന്റെ തലോടലിന്റെ ഓർമ്മകൾ ..
എന്റെ നെഞ്ചിൽ തലോടുമ്പോൾ കേൾക്കാം പണ്ട് പാടിയ താരാട്ടിന്റെ ഈരടികൾ ....
എന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് കാണാം നിങ്ങളുടെ മുന്നിൽ കുഞ്ഞി കാൽ വെച്ച് നടന്നു പോയ ഒരു കുരുന്നിനെ .
നിങ്ങൾ അല്പം മുൻപ് വാരി തന്ന ചോരുളയെ കുറിച്ചോർത്താൽ നിങ്ങൾക്കോർമ വരും വർഷങ്ങൾക്ക് മുൻപ് ശാരീരിക സുഖത്തിനു വേണ്ടി കാമുകനൊപ്പം ജീവിക്കാൻ നിങ്ങൾ എന്നെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച ഒരു സ്ത്രീയെ കുറിച്ച് ...
അതേ ഞാൻ തന്നെ നിങ്ങൾ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു അത്ഭുതകരമായി രക്ഷപ്പെട്ടു ജീവിതത്തിലേക്ക് തിരിച്ചു വന്ന നിങ്ങൾ പ്രസവിച്ചവൻ .. എന്നെ നിങ്ങളുടെ മകൻ എന്ന് വിശേഷിപ്പിക്കാൻ എനിക്കാവില്ല . കാരണം എനിക്ക് നിങ്ങൾ ഒരു അമ്മയല്ല .. ഈ ഹോട്ടൽ മുറിയിലേക്ക് ശരീരം പങ്കിടൽ തൊഴിലാക്കി മാറ്റിയ ഒരു സ്ത്രീ മാത്രമാണ് . പക്ഷെ നിങ്ങൾ എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് എനിക്ക് ഇഷ്ടമല്ല ... ''
നിങ്ങൾ പ്രസവിച്ചവന് മുന്നിൽ തുണിയുരിയാൻ വന്ന നിങ്ങളുടെ ഗതികേടിനെ കുറിച്ചോർക്കുമ്പോ സത്യത്തിൽ സഹതാപമാണ് . അന്ന് നിങ്ങളെന്നെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചത് പരാചയപ്പെട്ടതായിരുന്നു .. ഇന്നിപ്പോൾ അതേ നിങ്ങൾ ഒരിക്കൽ കൂടെ എന്നെ ഊട്ടിയിരിക്കുന്നു . അതും വിഷം ചേർത്ത ഭക്ഷണം . അമ്മയുടെ വീര കഥകൾ കാരണം സമൂഹത്തിൽ പരിഹാസ്യനായ ഒരാളുടെ പ്രതികാരമാണിത് '' .
അവർക്ക് തിരിച്ചൊന്നും പറയാനാകുമായിരുന്നില്ല ... എന്തൊക്കെയാണ് കൺ മുന്നിൽ നടന്നത് ... കൺ മുന്നിലിരിക്കുന്നത് തന്റെ മകനാണ് ... എന്റെ കണ്ണൻ ... അവന്റെ മുന്നിൽ ഞാൻ ..................
കണ്ണന്റെ കണ്ണുകളിലെ കാഴ്ചകൾ മങ്ങി തുടങ്ങി .. അണയാൻ പോകുകയാണവൻ .... അവസാനമായി അവൻ കൈ കൂപ്പി ആ സ്ത്രീയോട് പറഞ്ഞു ...'' എല്ലാറ്റിനും നന്ദി .. ഞാൻ എന്റെ അച്ഛന്റെയും , മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുക്കലേക്ക് പോകുകയാണ് ''
കിടക്കയിൽ നിശ്ചലമായി കിടക്കുന്ന അവന്റെ അരികിലേക്ക് അവൾ വന്നു .. ചലനമറ്റു കിടക്കുന്ന അവനെ തട്ടി വിളിക്കുമ്പോൾ എന്നോ മറന്നു പോയ ഒരമ്മയുടെ സ്നേഹ വാത്സല്യം ആ വിരലുകളിൽ അവശേഷിക്കുന്നുണ്ടാകണം , ആ വിരലുകൾ വിറക്കുന്നുണ്ട് .. ഒരു പക്ഷെ ചെയ്ത പാപത്തിന്റെ ഓർമ്മകൾ കൊണ്ടാകാം . അവരുടെ ഓർമ്മകൾ ആ പഴയ കാലത്തിലേക്ക് തിരിഞ്ഞു നടന്നു . അവർ മറക്കാനാഗ്രഹിക്കുന്ന ആ ഇരുണ്ട കാല ഘട്ടത്തിലേക്ക് .
****************
കുടുംബ ജീവിതത്തിനിടെ പരപുരുഷനോട് പ്രണയം തോന്നുകയും , ആ ബന്ധത്തിന് തടസ്സമായി മാറാവുന്നവരെ ഇല്ലാതാക്കാൻ കാമുകനുമായി ചേർന്ന് പദ്ധതി ഒരുക്കിയും , പിന്നീട് കാമുകൻ തന്നെ ഭർത്താവിനെയും , ഭർത്താവിന്റെ മത പിതാക്കളെയും വക വരുത്തുമ്പോൾ അവശേഷിക്കുന്ന കണ്ണിയായ മകൻ കണ്ണന്റെ ജീവനെടുക്കേണ്ട ചുമതല എനിക്കായിരുന്നു . വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താനായിരുന്നു പദ്ധതി എങ്കിലും അത് കാണാനുള്ള ശക്തിയില്ലാത്ത കൊണ്ട് ഭക്ഷണത്തിൽ വിഷം കൊടുത്തു അവനെ ഞാൻ മയക്കി കിടത്തി .
മറ്റുള്ളവരെ വെട്ടി കൊല്ലുമ്പോൾ കേസ് വഴി തിരിച്ചു വിടാനായി മാത്രം അത്ര സാരമല്ലാത്ത പരിക്ക് എന്റെ ശരീരത്തിലുമുണ്ടാക്കി ബോധ രഹിതയായി ഞാൻ അവർക്കു മുന്നിൽ അഭിനയിച്ചു .
'' കുടുംബ പ്രശനം കാരണം മകനെ വിഷം കൊടുത്തും , മാതാ പിതാക്കളെ വെട്ടി കൊന്നു യുവാവും ജീവനൊടുക്കി . അത്ഭുതകരമായി രക്ഷപ്പെട്ട ഭാര്യ അത്യാസന്ന നിലയിൽ ''
പത്ര മാധ്യമങ്ങൾ ആഘോഷിക്കാൻ പോകുന്ന വാർത്ത വരെ ആസൂത്രണം ചെയ്ത ഞങ്ങൾ ആശുപത്രി വാസത്തിനു ശേഷം ഒരുമിച്ചു ജീവിക്കാമെന്ന് സ്വപ്നം കണ്ടു . പക്ഷെ ഞങ്ങളുടെ ആസൂത്രണങ്ങൾ എല്ലാം തകിടം മറിച്ച് കൊണ്ട് കണ്ണൻ അത്ഭുതകരമായി രക്ഷപ്പെട്ടു . അതോടെ കേസ് വഴി തിരിവായി ഞങ്ങൾ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു .
ശിക്ഷ കഴിഞ്ഞു ജയിലിൽ നിന്നിറങ്ങിയ എനിക്ക് നാട്ടിലേക്ക് പോകുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല . അങ്ങനെയാണ് ബോംബെ മഹാ നഗരത്തിൽ ചെന്നെത്തുന്നത് . അവിടെ വെച്ച് പരിചയപ്പെടുത്തിയ ഒരു സ്ത്രീ എനിക്ക് ജോലി നൽകാമെന്ന് പറഞ്ഞു എന്നെ കൊണ്ട് ചെന്നെത്തിച്ചത് ഒരു ലൈംഗിക തൊഴിലാളികളുടെ സംഘത്തിലായിരുന്നു . എല്ലാം നഷ്ടപ്പെട്ടു ജീവിക്കാൻ വേണ്ടി പിന്നീട് ഞാൻ അത് തൊഴിലായി സ്വീകരിച്ചു .
അൽപ നേരത്തേക്ക് സ്ഥല കാല ബോധം വീണ്ടെടുത്ത അവൾ കണ്ണന്റെ മൃത ശരീരം കെട്ടി പിടിച്ചു വാവിട്ടു കരഞ്ഞു ... കരയാൻ മറന്ന കണ്ണുകളായിരുന്നു അവളുടേത് . അവളുടെ മനസ്സിന്റെ താളം തെറ്റി തുടങ്ങിയിരിക്കുന്നു . മകന് മുന്നിൽ സ്വന്തം ശരീരം സമർപ്പിക്കാൻ വന്ന വൃത്തി കെട്ട സ്ത്രീയായി .....ഒരിക്കൽ എന്റെ കൈകളിൽ നിന്നും ദൈവം ബാക്കി വെച്ച ആയുസ്സും പേറി വന്ന അവനെ ഞാനിന്നു എന്റെ ഈ കൈകൾ കൊണ്ട് വിഷം കലർന്ന ഭക്ഷണം ഊട്ടി കൊന്നിരിക്കുന്നു . മാതൃത്വത്തിനു മാത്രമല്ല സ്ത്രീത്വത്തിനും അപമാനമാണ് ഞാൻ ....
മുറിക്കകത്തു കൂടെ അലക്ഷ്യമായി നടക്കുന്ന അവൾ എന്തോ പിറു പിറുക്കുന്നുണ്ട് ... ഒരു ഭ്രാന്തിയെ പോലെ ..........
**************
'' ഹോ ... എന്താടാ ഇത് ?.. കഥയോ ജീവിതമോ ?.... '' വിജയ് നമ്പ്യാർ ഒളി കാമറ ദൃശ്യം കണ്ടു തരിച്ചിരുന്നു .
'' സുരേഷ് .... കഥയും കഥാ പാത്രങ്ങളും തേടി ഞാനീ മഹാ നഗരത്തിൽ അലഞ്ഞു തിരഞ്ഞതിവിടെ അവസാനിച്ചിരിക്കുന്നു .. .. എന്റെ പുതിയ സിനിമയുടെ കഥയും , പേരും ഞാൻ തീരുമാനിച്ചു ... ''
വിജയ് തന്റെ കയ്യിലുള്ള വെള്ള പേപ്പറിൽ സിനിമയുടെ പേര് കുറിച്ചു ..
'' #ചുവന്ന_തെരുവിലെ_സ്ത്രീ ''
By Hafi Hafsal

Kadha ishtapettutto....is it real?
ReplyDelete