ലോറി.
............
സ്വന്തമായിട്ട് ഒരു ലോറി വേണമെന്ന ആഗ്രഹം മനസ്സിലങ്ങനെ തിക്ക് മുട്ടുകയാണ്. ആലോചിക്കുമ്പോൾ വല്ലാത്തൊരു ബേജാറ്...ലോറി ഇല്ലാതെ ഇനി ഒരു നില നിൽപ് ഈ നാട്ടിൽ ഉണ്ടാവൂല.പലരോടും പറഞ്ഞെങ്കിലും അവരൊക്കെ പറഞ്ഞത് ഒരു കാര്യമാണ്... സ്വന്തമായി ഇത്രേം നല്ലൊരു മൊഞ്ചുള്ള വണ്ടിയുള്ള അനക്കെന്തിനാ ഇപ്പൊ ലോറിയെന്ന്.. സംഭവം ശരിയാണ്.. ഉജാല ടിന്നിൽ തുളയിട്ട് ഹവാക്കർ ഹവായ് ചെരിപ്പ് മുറിച്ച് അസ്സൽ രണ്ട് ചക്രങ്ങളും സ്റ്റിയറിങ്ങായി വൾച്ചെടിയുടെ ഉഷാറൊരു കൊമ്പും പോരാത്തതിന് പല കളർ ബസ് ടിക്കറ്റുകൾ ഒട്ടിച്ചും ചൊർക്കനൊരു വണ്ടി. ഒരു ദിവസം വെറുതേ കിടന്ന് നൊലോളിച്ചപ്പോൾ ബാപ്പ ഉണ്ടാക്കി തന്നതാണ്.ഇത് വരെ അതുരുട്ടി നടക്കാൻ ഒരു ഗമയായിരുന്നു.. പക്ഷേ.. ഇന്നലെ ഒരു സംഭവമുണ്ടായി.
............
സ്വന്തമായിട്ട് ഒരു ലോറി വേണമെന്ന ആഗ്രഹം മനസ്സിലങ്ങനെ തിക്ക് മുട്ടുകയാണ്. ആലോചിക്കുമ്പോൾ വല്ലാത്തൊരു ബേജാറ്...ലോറി ഇല്ലാതെ ഇനി ഒരു നില നിൽപ് ഈ നാട്ടിൽ ഉണ്ടാവൂല.പലരോടും പറഞ്ഞെങ്കിലും അവരൊക്കെ പറഞ്ഞത് ഒരു കാര്യമാണ്... സ്വന്തമായി ഇത്രേം നല്ലൊരു മൊഞ്ചുള്ള വണ്ടിയുള്ള അനക്കെന്തിനാ ഇപ്പൊ ലോറിയെന്ന്.. സംഭവം ശരിയാണ്.. ഉജാല ടിന്നിൽ തുളയിട്ട് ഹവാക്കർ ഹവായ് ചെരിപ്പ് മുറിച്ച് അസ്സൽ രണ്ട് ചക്രങ്ങളും സ്റ്റിയറിങ്ങായി വൾച്ചെടിയുടെ ഉഷാറൊരു കൊമ്പും പോരാത്തതിന് പല കളർ ബസ് ടിക്കറ്റുകൾ ഒട്ടിച്ചും ചൊർക്കനൊരു വണ്ടി. ഒരു ദിവസം വെറുതേ കിടന്ന് നൊലോളിച്ചപ്പോൾ ബാപ്പ ഉണ്ടാക്കി തന്നതാണ്.ഇത് വരെ അതുരുട്ടി നടക്കാൻ ഒരു ഗമയായിരുന്നു.. പക്ഷേ.. ഇന്നലെ ഒരു സംഭവമുണ്ടായി.
അധികോം ഞങ്ങൾ മൂന്ന് പേരാണ് കളിക്കാൻ ഉണ്ടാവുക.. ഞാനും താഴത്തെ വീട്ടിലെ സിറാജും കൈതക്കുണ്ടിലെ പാത്തുമ്മയും.. സിറാജിനെ നമ്മക്ക് വലിയ ഇഷ്ടമൊന്നുമില്ലെങ്കിലും പാത്തൂനോട് നല്ല പിരിശമാണ് ..ഓൾക്ക് തിരിച്ചും... ഇന്ന ജാതി കളിയെന്നില്ല ഓരോ ദിവസവും തോന്നുന്ന പോലാണ്.. അന്ന് ചെന്നപ്പോൾ സിറാജിന്റെ കയ്യിലുണ്ട് ഒരു ലോറി. തക്കാളിപ്പെട്ടി കൊണ്ട് ഓൻറ ഇക്കാക്ക ഉണ്ടാക്കി കൊടുത്തതാണ് .കാണാൻ വല്ല്യ മൊഞ്ചില്ലേലും ലോറിയാണല്ലോ.. ഇക്കാക്ക ഇല്ലാത്തതിൽ അന്നാദ്യമായി നല്ല വിഷമം തോന്നി.. സിറാജ് വെളുക്കനെയൊന്ന് ചിരിച്ചു.പുതിയൊരു കളിയുമായിട്ടായിരുന്നു പാത്തു വന്നത്... ചോറും കൂട്ടാനും എന്നാണ് കളിയുടെ പേര്...കളിക്കുന്നവരിൽ രണ്ട് പേർ ഉമ്മയും ബാപ്പയുമാവും ബാക്കി ഉള്ളോർ എണ്ണത്തിനനുസരിച്ച് മക്കളും.. പിന്നെ കല്ല് കൊണ്ട് അടുപ്പ് കൂട്ടി കണ്ണൻ ചിരട്ടേൽ ചോറും കൂട്ടാനും വെക്കലും പാ വിരിച്ച് കിടക്കലുമൊക്കെയായി സംഗതി ജോർ ആണ്.. പാത്തു ഉമ്മയാവാമെന്ന് പറഞ്ഞപ്പോൾ ബാപ്പ ആരാവുമെന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നും ഉണ്ടായില്ല. അപ്പഴാണ് സിറാജ് ചങ്കിൽ കുത്തുന്ന ആ വർത്താനം പറഞ്ഞത്.ബാപ്പയാവണേൽ ലോറി വേണം പോലും.. പാത്തുവിനേയും ഓൻ പറഞ്ഞ് വിശ്വസിപ്പിച്ചു... അങ്ങനെ ആ കളിയിൽ ഓല് രണ്ടും ഉമ്മയും വാപ്പയുമായപ്പോൾ വെറുമൊരു മോനായി ഞാനത് വേദനയോടെ നോക്കി നിന്നു.പ്രതികാരം ചെയ്യണം...
ലോറി ആലോചന കലശലായപ്പോൾ ഞാൻ അടുക്കളയിലേക്ക് നോക്കി ഉമ്മാ.....എന്ന് അലറി വിളിച്ചു... അല്ലേലും മൂപ്പത്തിയാണല്ലോ നമ്മുടെ അവസാന ആശ്രയം ... സ്നേഹ നിധിയായ മാതാവ് കയിലിൻ കണയുമായിട്ടാണ് വന്നത്.. എന്താ കുണ്ടാ മോന്തി നേരം കെടന്ന് നൊലോളിക്കണേ... ഉമ്മൻ കലിപ്പ് മൂഡിലാണ്.. കയിലിൻ കണ കൊണ്ടുള്ള അടിയാണ് അടുത്തത് എന്നറിയുന്നത് കൊണ്ട് ഞാൻ സ്വരമങ്ങ് നേർപ്പിച്ചു.. സങ്കടത്തിൽ ലോറിക്കാര്യമങ്ങ് പറഞ്ഞു.. മക്കളുടെ വിഷമത്തിൽ അലിയാത്ത അമ്മ മനസ്സുണ്ടോ.. ഏതായാലും രാവിലെ തന്നെ അർമാൻക്കാന്റെ കടയിൽ നിന്ന് നല്ലൊരു തക്കാളിപ്പെട്ടിയും കുറച്ച് മുള്ളാണിയും വാങ്ങിത്തരാമെന്ന് മൂപ്പത്തി ഏറ്റു.സന്തോഷം....
തക്കാളിപ്പെട്ടിയും മുള്ളാണിയും കൊണ്ട് നേരെ പോയത് മുജീബ് കാക്കന്റെ അടുത്തേക്കാണ് മൂപ്പർക്കാണ് ഇമ്മാതിരി കാര്യങ്ങളൊക്കെ അറിയുന്നത്. കാര്യം പറഞ്ഞപ്പോൾ ഒടുക്കത്തെ കിബ്റ്... സമയമില്ല പോലും... പിന്നെ ഒന്നും നോക്കിയില്ല.. അവസാനത്തെ ആ അടവങ്ങ് എടുത്തു.. ലോറിപ്പണിയൊക്കെ നോക്കി നിന്ന് തഞ്ചത്തിൽ ഉറ്റിച്ച് കൊടുത്തു.. സിറാജ് പറയാണ് ഇങ്ങൾ ഉണ്ടാക്കുന്ന ലോറി തൊക്കടയാണെന്ന്... മുജീബ്ക്കാ ചെയ്ത് കൊണ്ടിരുന്ന മുള്ളാണി അടിക്കുന്ന പണി പെട്ടെന്ന് നിർത്തി.. ഞാൻ ഏറ് കണ്ണിട്ട് നോക്കിയപ്പോൾ സംഗതി ഏറ്റ മട്ടാണ്... ബാക്കി നല്ല ഇരുമ്പനാണി തന്നെ അടിച്ച് കൊടുത്തു.. ഓൻ പറയാണ് ഓന്റെ ഇക്കാക്കക്കേ നല്ല ലോറിയുണ്ടാക്കാൻ അറിയൂ.. ഇങ്ങടേത് കൊസ്റാം കൊള്ളി പണിയാണ്... രണ്ടോസം കൊണ്ട് പൊളിഞ്ഞ് പോവുംന്ന്.... ഓൻ അങ്ങനെ പറഞ്ഞോ.... മുജീബ്ക്കാന്റെ മുഖം മാറിയത് കണ്ടപ്പോൾ എനിക്കാവേശമായി.. അത് മാത്രമല്ല.. ഇങ്ങൾ പണി പഠിച്ചത് ഓന്റെ ഇക്കാക്കക്ക് കോലൈസ് മാങ്ങിക്കൊടുത്തിട്ടാണെന്നും പറഞ്ഞ്... അടുത്തുള്ള തക്കാളിപ്പെട്ടി തട്ടി മറിച്ച് മുജീബ് ക്കാ ഒറ്റ എണീക്കൽ ആയിരുന്നു... ഞാൻ ശരിക്കും പേടിച്ച്.. പിന്നെ എന്റെ കയ്യും പിടിച്ച് അകത്തേക്കങ്ങ് വലിച്ച് കൊണ്ടോയി... അകത്തെ മുറിയിലെത്തി അവിടുത്തെ കാഴ്ചകൾ കണ്ടപ്പോഴാണ് കണ്ണ് ശരിക്കും തള്ളിയത്.
പല ജാതി ലോറികളങ്ങനെ നിരത്തി വെച്ചിരിക്കുകയാണ്.. ലൈലന്റ് ലോറി... തലേ കെട്ടുള്ള ലോറി.. പത്ത് ചക്രം ലോറി... എനിക്കതൊന്നും അല്ല ഇഷ്ടമായത്.. ബോണറ്റ് തള്ളിയ മുമ്പിലത്തെ ചില്ല് കണ്ണ് പോലെ തിരിച്ച അടിപൊളിയൊരു മുക്കുത്തി ലോറിയാണ്... പോൻഡ്സ് പൗഡറിന്റെ തകര ടിൻ മുറിച്ച് ഒട്ടിച്ച് മൊഞ്ചാക്കിയിട്ടുണ്ട്.. ഞാൻ ആരാധനയോടെ മുജീബ് കാക്കയെ നോക്കി... മൂപ്പർ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ പറഞ്ഞു... ആ കള്ള ഹമുക്ക് സിറാജിനോട് പറഞ്ഞേക്ക് ഓന്റെ പൊട്ടൻ ഇക്കാക്ക ഉണ്ടാക്കുന്ന ലോറി അല്ല ശരിക്കും ലോറിയെന്ന്.. പിന്നെ എന്തോ ആലോചിച്ച് ഉദാര ഭാവത്തിൽ പറഞ്ഞു.. ഇയ്യൊരു കാര്യം ചെയ്യ്... ആ തക്കാളിപ്പെട്ടീം മുള്ളാണിം അവിടെ വെച്ച് ഇതിൽ നിന്ന് ഇഷ്ടമുള്ള ഒരു ലോറി എടുത്തോ.. എനിക്ക് വിശ്വസിക്കാനേ പറ്റിയില്ല... ഏതായാലും മൂപ്പരുടെ മനസ്സ് മാറുന്നതിന് മുമ്പ് മുക്കുത്തി ലോറിയും ഓടിച്ച് ഞാൻ സ്ഥലം കാലിയാക്കി.
ലോറി കണ്ടപ്പോൾ സിറാജിന്റെ മുഖം കാണണ്ടതായിരുന്നു.. അസൂയ കൊണ്ട് വിങ്ങിപ്പൊട്ടി പാളീസായി.. ഓനൊരു ജാതി സൈക്കിളിമ്മന്ന് വീണ ചിരി ചിരിച്ചു...പാത്തുമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടി... അന്നത്തെ ചോറും കൂട്ടാനും കളിയിൽ ഞാനായിരുന്നു ബാപ്പ... പാത്തുന്റെ മടിയിൽ തല വെച്ച് കിടന്ന് വെറും മോനായ സിറാജിനെ പുച്ഛത്തോടെ നോക്കുമ്പോൾ ഒരു ലോറി മുതലാളിയുടെ ഗമയൊക്കെ തോന്നി... മുക്കുത്തി ലോറിയപ്പോൾ അതിലും ഗമയിൽ മുറ്റത്തങ്ങനെ നീണ്ട് നിവർന്ന് കിടപ്പുണ്ടായിരുന്നു.
- യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക