Slider

അല്ലേലും ഈ ആണുങ്ങളൊക്കെ ഇങ്ങനാ

0

വീട്ടിലേക്കു കയറി ചെല്ലുമ്പൊ അവളു തിരക്കിട്ട ജോലിയിലാണ്..
ചപ്പാത്തിക്ക് കുഴക്കുന്നു..
അതിനിടെ തിളച്ചു കൊണ്ടിരിക്കുന്ന കറിയിൽ നിന്നൽപം കയ്യിലെക്കൊഴിച്ചു വായിൽ വെച്ചു നോക്കുന്നു..
ഉപ്പു കുറവാന്നു തോന്നിയതോണ്ടാവാം കുറച്ചുടെ ഉപ്പു ചേർക്കുന്നു...
അതിനിടെ നിലത്തെവിടെയോ മൂത്രമൊഴിച്ചു നനഞ്ഞ വസ്ത്രത്തോടെ മോൻ നടന്നു വരുന്നുണ്ടായിരുന്നു.
അവനെ ശ്രദ്ധിക്കുന്ന തിരക്കിനിടയിൽ അടുപ്പിലുണ്ടായിരുന്ന വെച്ച പാൽ തിളച്ചു പതചു പുറത്തോട്ടൊഴുകി..
പൊള്ളൽ ഏൽക്കാതിരിക്കാൻ എന്ന വണ്ണം ചപ്പാത്തിക്കോൽ താഴേക്കു ചാടി എങ്ങൊട്ടെക്കൊ ഉരുണ്ടു പോയി..
നനഞ്ഞു കുതിർന്ന മോന്റെ ഡ്രസ്സ്‌ മാറ്റി അവനെ കുളിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവൾ..
ഞാൻ പതിയെ പിറകിലൂടെ ചെന്ന് കാതിനെ മറക്കാനെന്നോണം വീണു കിടക്കുന്ന മുടിയിഴകളെ കൈകൊണ്ടു അകത്തി മാറ്റി പതിയെ ചോദിച്ചു..
"എന്നാത്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നെ.."
"ഏയ് അതൊന്നും സരോല്ലാന്നെ ..ഞാനിപ്പോ ചായ റെഡിയാക്കി തരാം.."
മം ..പതുക്കെ മൂളിക്കൊണ്ട് ഞാൻ തിരികെ ഹാളിലേക്ക് നടന്നു..
ടീവിയിൽ ഏതോ ചാനലിൽ നിന്നുള്ള റിയാലിറ്റി ഷോയുടെ ബഹളം കേൾക്കുന്നുണ്ട്..
ഞാൻ പതിയെ ചാനല് മാറ്റി.
**
പിറ്റേ ദിവസം ഞാൻ ചെല്ലുമ്പൊ അവളു കിടക്കുവാരുന്നു..
ആരെയോ കാത്തു കിടക്കുമ്പോലെയുള്ള അടുപ്പിന്റെ മുഖത്തു ശൂന്യത നിഴലിക്കുന്നുണ്ടെന്നു തോന്നി..
മോൻ വൈകുന്നേരം വാരിയെടുത്തു വെച്ച ബ്ലോക്ക്സ് മുഴുവൻ തറയിലിട്ടു കളിക്കുന്നു..
എന്റെ ശബ്ദം കേട്ടാവണം അവൾ കിടന്നിടത്തൂന്നു എഴുന്നേറ്റു വന്നത്..
"എന്തു പറ്റി.."
ശബ്ദത്തിൽ ഗൌരവം കലർത്തിക്കൊണ്ടു ഞാൻ ചോദിച്ചു..
"ക്ഷീണം കൊണ്ടു കിടന്നതാ..
അറിയാതെ ഉറങ്ങിപ്പോയി.."
"നന്നായി ..മനുഷ്യനിവിടെ പണിയെടുത്തു ക്ഷീണിച്ചു വരുമ്പൊ ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കാൻ പോലും ആർക്കും നേരമില്ല.."
ദേഷ്യം സഹിക്കാൻ വയ്യാതെ ഞാൻ അമർത്തിച്ചവുട്ടി ഹാളിലേക്കു നടന്നു..
"അല്ലേലും ഈ ആണുങ്ങളൊക്കെ ഇങ്ങനാ..
തരത്തിനോത്തു സ്വഭാവം മാറും..
ഇന്നലെ തേനെ ചക്കരെന്നു വിളിച്ചോണ്ട് എന്നാ സ്നേഹമാരുന്നു..
ഇന്നു വയ്യാതെ കിടന്നപ്പോ കണ്ടില്ലേ.."
അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോ അവളാരോടെന്നില്ലാതെ പിറു പിറുത്തു.

By
Rayan Sami

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo