Slider

ബ്ലോക്ക് , ടാഗ് , പോസ്റ്റ്

0
"അല്ല മനുഷ്യാ നിങ്ങളു കുറേ നേരായല്ലോ അതിൽ തോണ്ടിക്കളിക്കാൻ തുടങ്ങീട്ട്..
എന്തുവാ ഇത്ര കാര്യായിട്ട് നോക്കുന്നെ.."?
പടച്ചോനെ ഇവള് രാവിലത്തന്നെ ഉടക്കാനുള്ള പുറപ്പാടാണെല്ലോ..
"ഒന്നുല്ലാഡി..
ഒന്നു രണ്ടു ഗ്രൂപ്പിന്റെ അഡ്മിനായിപ്പോയില്ലേ..
സമയാസമയം പോസ്റ്റിനു ലൈക്കും കമന്റും കൊടുത്തില്ലേൽ മെംബേർസ് എങ്ങോട്ടേലും ചാടിപ്പോവും..
അതിന്റെ തത്രപ്പാടിലാ.."
ആഹാ എന്തൊരു ശുഷ്കാന്തിയാ അക്കാര്യത്തിൽ..
രാവിലെ എഴുന്നേറ്റു കിച്ചനിൽ കേറി നിങ്ങൾക്കൊക്കെ അകത്താക്കാനുള്ള പോസ്റ്റുണ്ടാക്കുന്ന എനിക്കു എന്നെങ്കിലും രണ്ടു വരി കമന്റ് തന്നിട്ടുണ്ടാ..
എന്തിനു സ്നേഹത്തോടെയുള്ള നോട്ടം കൊണ്ടൊരു ലൈക്കെങ്കിലും..
അതോ പോട്ടെന്നു വെക്കാം..
തറയിൽ കിടക്കുന്ന ഈ കൊച്ചു പോസ്റ്റിന്റെ ഉത്തരവാദിത്വം എനിക്കു മാത്രാണോ മനുഷ്യാ..
നിങ്ങൾ എനിക്കു ടാഗ് ചെയ്ത പോസ്റ്റല്ലേ ആ കിടക്കുന്നെ..
എന്നിട്ടോ കരയുമ്പോ അതിനെയൊന്നെടുത്തു ലൈക്കോ കമന്റോ കൊടുത്താശ്വസിപ്പിക്കാൻ നേരമില്ലാത്തയാളാണ് ഫേസ്‌ബുക്കിൽ ഗ്രൂപ്പ്‌ കൊണ്ടുനടക്കാൻ നെട്ടോട്ടമോടുന്നത്.."
"എടീ നിനക്കിവിടെ എന്താ ജോലി..
ഇതൊക്കെ നിന്റെ ഉത്തരവാദിത്വമല്ലേ.."?
"അതെയതെ നിങ്ങൾ ആണുങ്ങൾക്കൊരു വിചാരുണ്ട്..
വിവാഹമെന്ന് പറഞ്ഞൊരു അക്കൗണ്ടും തുടങ്ങി വീട്ടിലെ ഗ്രൂപ്പിലോട്ടു ആഡ് ചെയ്താൽ പിന്നീടങ്ങോട്ടു എല്ലാ കാര്യോം കെട്ട്യോള് നോക്കിക്കോളൂന്നു..
ഈ വീടെന്നു പറയുന്ന ഗ്രൂപ്പും കൂട്ടുത്തരവാദിത്വം വേണ്ടുന്ന ഒന്നാണു മനുഷ്യാ..
അപ്പോഴെ അതു ബ്ലോക്കാവാതെ മുന്നോട്ടു പോവുള്ളു..
പണ്ടത്തെപ്പോലല്ല...കണ്ണൊന്നു തെറ്റിയാൽ അക്കൗണ്ട് ഹാക്ക് ചെയ്യാൻ നടക്കുന്ന കാലമാ .."
സംഗതി അവള് പറഞ്ഞതു സത്യമാ..
ഫേസ്ബുക്കും ഗ്രൂപ്പുമൊക്കെ നോക്കിനടക്കുന്നതിനിടയിൽ സ്വന്തം വീട്ടിലെ അക്കൗണ്ട് ചെക്ക് ചെയ്തു കൃത്യമായി ലൈക്കും കമന്റുമൊക്കെ കൊടുത്തില്ലേൽ അതുകൊടുക്കാൻ വേണ്ടി തക്കംപാർത്തു നടക്കുന്ന പലരുമുണ്ടെന്നുള്ള സത്യം ഇടക്കിടെ ഓർക്കുന്നത് നല്ലതാ..
ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് മോശമാണേൽ പോലും നന്നായിട്ടുണ്ട് ..ഒന്നുടെ നന്നാക്കാൻ ശ്രമിക്കുക എന്നൊക്കെ ഉപദേശിക്കുന്ന ഞാൻ വീട്ടിലെത്തിയാൽ എന്തെങ്കിലും ചെറിയ കുറ്റങ്ങൾക്ക് പോലും അവളുടെ മേൽ ചാടിക്കയറും..
ഗ്രൂപ്പിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതു നേരിടാൻ സഹ അഡ്മിൻസുമായി കൂടിയാലോചിക്കുന്ന അവരുടെ അഭിപ്രായം ശ്രദ്ധയോടെ കേൾക്കുന്ന ഞാൻ വീട്ടിലെ കാര്യത്തിൽ തികച്ചും ഏകാധിപത്യത്തോടെയാരുന്നല്ലോ പെരുമാറാറുള്ളത്..
സത്യത്തിൽ ഗ്രൂപ്പിൽ കാണിക്കാറുള്ള ക്ഷമയുടെയും സ്നേഹത്തിന്റെയും പരിഗണനയുടെയും ഔചിത്യ ബോധത്തിന്റെയും നൂറിലൊരംശം സ്വന്തം വീട്ടിൽ കാണിക്കാനുള്ള മനസ്സുണ്ടാരുന്നേൽ സ്വർഗ്ഗതുല്യമായേനെ ഇവിടം..
"എന്തുവാ ആലൊചിക്കുന്നേ..
എന്നെ ബ്ലോക്ക് ചെയ്തു പുതിയ അക്കൗണ്ട് ആഡ് ചെയ്യാനുള്ള വല്ല പരിപാടിയുമാന്നോ.."
അവളുടെ ശബ്ദമാണ് ചിന്തയിൽ നിന്നെന്നെ ഉണർത്തി യാഥാർഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതു..
ഞാനാ കണ്ണുകളിലേക്കു നോക്കി..
വല്ലാത്തൊരു കുസൃതിയുണ്ടെന്നു തോന്നി ആ കണ്ണുകളിൽ..
പതിയെ എഴുന്നേറ്റു അവളുടെ അടുത്തേക്കു നടന്നു..
മെല്ലെയാ തോളിൽ കയ്യമർത്തി എന്നോടു ചേർത്ത് പിടിച്ചു മെല്ലെയാ കാതോട് ചുണ്ടുകൾ ചേർത്ത് പറഞ്ഞു..
"ആലോചിച്ചത് എന്താണെന്നറിയണോ..
നിന്നെ ടാഗ് ചെയ്തു ഒരു പോസ്റ്റുടെ ഇട്ടാലോന്നാ.."
"വൃത്തികെട്ടവൻ..
കിന്നരിച്ചോണ്ടു അടുത്ത് വന്നപ്പോഴേ തോന്നിയെനിക്ക്" എന്നും പറഞ്ഞെന്നെ തള്ളിമാറ്റി അടുക്കളയിലേക്കു നടക്കുന്ന അവളെ നോക്കിയിരുന്നപ്പോൾ അറിയാത്തൊരു പുഞ്ചിരിയുണ്ടാരുന്നു ചുണ്ടിൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo