Slider

കൊച്ചൂന്റെ കള്ളത്തരങ്ങൾ

0

കൊച്ചൂന്റെ കള്ളത്തരങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
-" ങ്ങള് സ്കൂളിൽ പോകാതെ പുതുക്കോട്ട് കുളത്തിൽ ചാടിയതിന്റെയും, ഉമ്മ കാണാതെ അണ്ടി പെറുക്കി വിറ്റ് സിനിമക്ക് പോയതിന്റെയും കഥകൾ ഫേസ് ബുക്കിലൂടെ എഴുതി മക്കളെയും നാട്ടുകാരെയും അറിയിച്ച് അവിടെ ഗൾഫിൽ ഇരുന്നോളീ.. മകൻ ഇവിടെ ങ്ങൾക്ക് പഠിക്കാൻ തുടങ്ങീട്ടുണ്ട് ..!! "
രാവിലെ ഉണർന്ന പാടെ "ന്താ വർത്താനം" എന്ന സ്ഥിരം ചോദ്യം ഫോണിലൂടെ അങ്ങോട്ട് ആവർത്തിക്കുന്നതിനു മുമ്പേ മോൻ കൊച്ചൂന്റെ ഉമ്മ സുലൂന്റെ പരാതിക്കെട്ടുകൾ ഇങ്ങോട്ട് വന്ന് ചെവിയിൽ വീണ് ചിതറി.
-"അയ്നിപ്പം ന്താ ണ്ടായത് സുലോ ?
എന്റെ മോൻ പിന്നെ എനിക്കല്ലാതെ വേറെ ആർക്കെങ്കിലും പഠിക്കുമോ എന്റെ സുലോ എന്ന് പറയാനാണ് വന്നതെങ്കിലും തൽക്കാലം സംയമനം പാലിക്കുന്നതാണ് ബുദ്ധിയെന്ന് സുലൂന്റെ ശബ്ദത്തിൽ നിന്നും മനസ്സിലായി.
കാരണം സുലു നല്ല ദേഷ്യത്തിലായിരുന്നു..!!
-" ആയ്ചയിൽ ഒരീസം എന്ന് പറഞ്ഞ മാതിരി കൊച്ചൂന് ഉസ്കൂളിൽ പോകാൻ ഒരു കള്ളത്തരം കുടുങ്ങീക്ക്ണ്.. എന്ത് ചെയ്തിട്ടും കാര്യല്ല. എത്ര അടിച്ചാലും കണ്ണിലേക്കു നോക്കി അങ്ങനെ കരയും. ന്നാലും ഉസ്കൂളിൽ പോകൂല.. എന്നിട്ട് ഇന്ന് ഓൻ എന്നോട് പറഞ്ഞ മറുപടി കേക്കണോ ങ്ങൾക്ക് ..?? "
ദേഷ്യത്തോടെയും സങ്കടത്തോടെയും ഉള്ള സുലൂന്റെ ചോദ്യത്തിന് മുമ്പിൽ പതറാതെ, ആകാംഷയോടെ ഞാൻ ചോദിച്ചു.
-" എന്താ സുലു കൊച്ചു പറഞ്ഞത്..??
കേൾക്കട്ടെ..!! "
-" ഉപ്പ പഠിക്കുന്ന കാലത്ത് സ്കൂളിൽ പോകാതെ ഭയങ്കര കള്ളത്തരമായിരുന്നെല്ലോന്ന്..!! "
ഇത് പറയുമ്പോൾ സുലൂന്റെ സ്വരത്തിലും ഒരു പരിഹാസത്തിന്റെ ചുവ എനിക്ക് നന്നായി ഫീൽ ചെയ്തു. പക്ഷെ അത് ഞാൻ പുറത്ത് കാണിച്ചില്ല.
പതിവുപോലെ ഫോൺ കൊച്ചൂന് കൊടുക്കൂ എന്ന സ്ഥിരം പല്ലവി ആവർത്തിക്കാൻ ഇപ്രാവശ്യം തോന്നിയില്ല. വേഗം ഫോൺ കട്ട് ചെയ്തു.
നന്നായി പഠിക്കുന്നില്ലേ..??
ഹോം വർക്ക് ചെയ്തോ..??
എക്സാം എന്നാണ്..??
നല്ല മാർക്ക് വാങ്ങില്ലേ..??
എന്നിങ്ങനെയുള്ള സ്ഥിരം ചോദ്യങ്ങളല്ലാതെ, അവന്റെ ഈ പ്രായത്തിൽ ഒരു ഉപ്പയിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കുശലന്വേഷണവും തന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെല്ലോ എന്ന ചിന്ത വൈകിയാണെങ്കിലും ഇപ്പോഴാണ് തിരിച്ചറിവുണ്ടാക്കിയത്.
ഒരുപിതാവിന്റെ ഭാഗം അഭിനയിച്ചു തീർക്കുന്നതിനിടയിൽ പലർക്കും പറ്റാവുന്ന ഒരു വീഴ്ച..!!
* നമ്മുടെ ഉപദേശങ്ങളെയല്ല മറിച്ച് ചെയ്തികളെയാണ് നമ്മുടെ മക്കൾ അനുകരിക്കുക * എന്ന ആപ്തവാക്യം ഒരിക്കൽ കൂടി ഇവിടെ അർത്ഥവത്താവുകയായിരുന്നു
°°°°°°°°°°°°°°°°°°°°°°°°
നാസർ പുതുശ്ശേരി
തിരുവാലി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo