Slider

അവസാനം....മാളുവിന്റെ അനന്തു വന്നു

0

അവസാനം....മാളുവിന്റെ അനന്തു വന്നു
---------------------------------------
മുറ്റമടിച്ചുകൊണ്ടിരിക്കെ മാളുവിന്റെ മൊബൈൽ റിംഗ് ചെയ്തു. അകത്തേക്ക് പോകുമ്പോഴേക്കും അത് നിന്നു. പരിചയമില്ലാത്ത നമ്പറാണ്. തിരിച്ചു മുറ്റത്തിറങ്ങാൻ നേരത്തു വീണ്ടും അതാ... ആ നമ്പർ തന്നെ.
"ഹലോ... സുമതിയല്ലേ...? " ഒരു പുരുഷ ശബ്ദം
"അല്ല"
"ഓ ...സോറി...സോറി......അല്ലാ ചേച്ചി ഇത് സ്ഥലം എവിടെയാ...?"
"മണക്കടവ്"
ഫോൺ ഡിസ്കണക്ട് ആയി.
പിറ്റേ ദിവസം ഉച്ചക്ക് ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ വീണ്ടും കോൾ - അതേ നമ്പറിൽ നിന്ന്.
പൂവൻ കോഴിയായിരിക്കും...സതീശേട്ടൻ വന്നാൽ വിളിച്ചൊന്നു കൊടുക്കാൻ പറയണം.
മൂന്നാമത്തെ പ്രാവശ്യവും നിർത്താതെ ബെല്ലടിച്ചപ്പോൾ അവൾ അരിശത്തോടെ ഫോണെടുത്തു അയാൾ തുടങ്ങുന്നതിനു മുമ്പേ :
"ആരാ നിങ്ങൾ....എന്താ നിങ്ങൾ എന്റെ ഫോണിൽ വിളിച്ചോണ്ടിരിക്കുന്നെ? ഇവിടെ ആണുങ്ങളില്ലാന്ന് വിചാരിച്ചോ.."
"പ്ളീസ് ...ചൂടാവല്ലേ ചേച്ചി....മാഷ് ഈ നമ്പർ തന്നെയാണല്ലോ തന്നത് "
"ഏത് മാഷ് ?"
"വിജയൻ മാഷ്.....ചേച്ചി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്....ഞാൻ എന്റെ അനിയത്തി സുമതിയെ അന്വേഷിച്ചു കൊണ്ടിരിക്കയാ....രണ്ടു ദിവസമായി അവളെ കാണാതായിട്ട്. ....പഴയ നമ്പർ സ്വിച് ഓഫാണ്. ..ഈ നമ്പറിൽ വിളിച്ചു നോക്കിയാൽ ചിലപ്പോൾ കിട്ടുമെന്ന് പറഞ്ഞു വിജയൻ മാഷ് തന്നതാ... നിങ്ങൾക്ക് വിജയൻ മാഷെ അറിയില്ലേ?" അയാളുടെ തൊണ്ട ഇടറി.
"എനിക്കറിയില്ല വിജയൻ മാഷിനെ....ഇതെന്റെ നമ്പരാ..." മാളുവിന്റെ ശബ്ദം ഒന്നയഞ്ഞു.
"അതെ ..മനസ്സിലായി...സോറി...ഇനിയിപ്പോ ഞാൻ എവിടെയാ അവളെ അന്വേഷിക്ക....എനിക്കൊന്നും മനസ്സിലാവുന്നില്ല ..ഈശ്വാരാ...." അയാളുടെ ആത്മഗതം കേട്ടപ്പോൾ മാളുവിന്‌ സങ്കടം തോന്നി.
"എന്താ നിങ്ങളുടെ അനിയത്തിക്ക് പറ്റിയത്..?"
"അത്..ചേച്ചി..ഞാൻ പറയാം...ഇപ്പൊ അവളെ എങ്ങിനെയെങ്കിലും കണ്ടുപിടിക്കാൻ നോക്കട്ടെ..." അയാൾ ധൃതി പിടിച്ചു ഫോൺ കട്ട് ചെയ്തു.
മാളുവിന്‌ മനസ്സിലെവിടെയോ ഒരു നൊമ്പരം....എവിടെ പോയതായിരിക്കും സുമതി....അയാളോട് അങ്ങിനെ ചുടാവണ്ടായിരുന്നു...
സന്ധ്യക്ക് സതീഷ് വന്നപ്പോൾ അവൾ നടന്നൊതൊക്കെ പറയാനൊരുങ്ങി...പക്ഷെ എന്തോ വേണ്ടാന്ന് വെച്ചു...
അമ്മയുടെ വാക്കുകൾ അവളെ ഏറെ സ്വാധീനിക്കാറുണ്ട്-
....ഭർത്താവിനോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണം...ആവശ്യമില്ലാത്ത ഒന്നും പറയേണ്ട...ആണിനെ വിശ്വസിച്ചു എല്ലാം വിളിച്ചു പറഞ്ഞാൽ പിന്നെ അവർ അതിന്റെ മേൽ കഥകളുണ്ടാക്കും....
രണ്ടു ദിവസം കഴിഞ്ഞപ്പോൾ മാളുവിന്റെ ഫോണിൽ വീണ്ടും അയാളുടെ വിളി...അവൾ തലക്ക് കൈവെച്ചു....ഈശ്വാരാ....ഇതൊരു ശല്യമായല്ലോ...അന്ന് അയാളോട് ഒന്ന് അയഞ്ഞതു കാരണമായിരിക്കും വീണ്ടും വിളിക്കുന്നത്...
എന്ത് ചെയ്യണം?? പെട്ടെന്ന് അവൾക്ക് സുമതിയുടെ കാര്യമെന്തെന്നറിയാൻ ഒരു ഉത്കണ്ഠയായി..
പക്ഷേ...വെറുതെ...
മനസ്സിന്റെ പിടച്ചിൽ അധികം നീണ്ടുപോയില്ല. മാളു ഫോൺ എടുത്തു.
"ചേച്ചി....സുമതിയെ കിട്ടി. ചേച്ചിയെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു..."
"ഓ...സാരമില്ലാ...അല്ലാ എന്താ അവൾക്ക് പറ്റിയത്..?"
അനിയത്തിക്ക് സംഭവിച്ചതൊക്കെ അയാൾ ചുരുക്കി മാളുവിനോട് പറഞ്ഞു..
അയാളുടെ അനിയത്തിയോടുള്ള സ്നേഹം കണ്ടപ്പോൾ ശരിക്കും മാളുവിന്‌ അസൂയ തോന്നിപ്പോയി...നല്ല മനുഷ്യൻ...പാവം....
അന്ന് രാത്രി സതീഷിന്റെ മാറിൽ ചാഞ്ഞു കിടക്കുമ്പോൾ മാളു പറയാനൊരുങ്ങിനയതാണ്...
" ഏട്ടാ.."
"ഉം.."
മൗനം...
"മാളു...നിനക്കെന്തൊ പറയാനുള്ളത് പോലെ...?'
പെട്ടെന്ന് കാണാമറയുത്തുള്ള അമ്മയുടെ കണ്ണുകൾ അവളിലേക്ക് ഒരു നോട്ടം എറിഞ്ഞു. അവൾക്ക് അച്ഛനും ചേട്ടനും എല്ലാം അമ്മ തന്നെയായിരുന്നു..
"ഏട്ടാ,...ഒന്നുമില്ല...ഞാൻ വെറുതെ വിളിച്ചതല്ലേ...."
----------
അങ്ങിനെ അനന്തു(അതാണയാളുടെ പേര്) ഇടയ്ക്കിടെ മാളുവിനെ വിളിക്കും....ആദ്യമുണ്ടായിരുന്ന അവളുടെ നെഞ്ചിടിപ്പ് ഇപ്പോളില്ല...മനസ്സിലെ മസിൽ പിടുത്തം അയഞ്ഞില്ലാതായി... എവിടെയോ നഷ്ടപ്പെട്ടുപോയ ഒരു സുഹൃത്തിനെ കിട്ടിയപോലെ...
അനന്തു ഏറിയാൽ അഞ്ചു മിനിട്ടു സംസാരിക്കും...വേണ്ടാത്ത ഒരു വർത്തമാനവും ഇല്ല...വാട്സ്ആപ് മെസ്സേജ്, ഫോട്ടോ...ഒന്നുമില്ല....
വൈലോപ്പിള്ളിയുടെ 'മാമ്പഴത്തിലെ' ആദ്യത്തെ കുറച്ചു വരികൾ (അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ എന്ന് തുടങ്ങുന്ന) അനന്തു അവൾക്ക് പാടിക്കേൾപ്പിച്ചപ്പോൾ ശരിക്കും മാളുവിന്റെ കണ്ണ് നിറഞ്ഞുപോയി...എന്നോ തന്റെ മനസ്സിൽ നിന്ന് ഊർന്നുണങ്ങിപ്പോയ കവിതകുറിഞ്ഞി വീണ്ടും അവളിലേക്ക്‌ പടർന്നു കയറുകയായി...
പിന്നെ അനന്തുവിന്റെ കൊച്ചു കൊച്ചു തമാശകൾ...
സതീഷ് വരുന്നത് വരെയുള്ള ഒരു നേരം പോക്ക്....അത്ര തന്നെ...
എങ്കിലും മിന്നായം പോലെ മാളുവിന്റെ മനസ്സിലേക്കിടക്കിടെ ആരോ വന്നു പറയും...
....നീ എന്താ ഇതൊന്നും നിന്റെ താലി ചാർത്തിയവനോട് പറയാത്തത്...ഇത് ശരിയാണോ മാളൂ.....
ഉടനെ മറുപടിയുമായി മറ്റേ കോണിൽ നിന്നൊരാൾ എത്തും:
....നീ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ...സതീശേട്ടനെ വഞ്ചിക്കുന്നില്ലല്ലോ...
ഭർത്താക്കന്മാർ അവരുടെ സ്വകാര്യതകൾ എല്ലാം ഭാര്യമാരോട് പറയാറുണ്ടോ...ഇല്ലേ..ഇല്ല.. സതീശേട്ടൻ നിന്നോട് എല്ലാം പറയാറുണ്ടോ...? അനന്തു മാന്യനല്ലെ....?
-------------
മാളു ആദ്യം സമ്മതിച്ചതേ ഇല്ല....പക്ഷേ പത്തു ദിവസം മാത്രമേ ആയിട്ടുള്ളുവെങ്കിലും അനന്തു എന്ന ആ സുഹൃത്തിനെ ഒന്ന് കാണണമെന്ന് അവൾക്കുമുണ്ട് മോഹം .
പതിവുപോലെ അവൾ നെഞ്ചിലേക്ക് നോക്കി ചോദ്യങ്ങൾ ഉരുവിട്ടു...തലങ്ങനേയും വിലങ്ങനെയുമുള്ള ചോദ്യങ്ങൾ. അമ്മയുടെ കണ്ണുകളെ അവൾ മറന്നുകഴിഞ്ഞിരുന്നു...അത്രത്തോളം തന്റെ മനസ്സിനെ അവൾ വിശ്വസിച്ചു...
ഉത്തരങ്ങൾ വന്നപ്പോൾ മാളു അനന്തുവിനോട് പറഞ്ഞു:
...വീടിനടുത്തുള്ള ജങ്ഷനിൽ വരിക...സംസാരം പാടില്ല...ഒന്ന് കാണുക മാത്രം...അതും ഈ ഒരു പ്രാവശ്യം മാത്രം.... ഞാൻ സതീശേട്ടന്റെ ഭാര്യയാണ്...അനന്തു ഒരു സുഹൃത്താണ്..അത് മറക്കരുത്...
അനന്തു സമ്മതിച്ചു....
അന്ന് രാത്രി സതീഷ് വീട്ടിലേക്ക് കയറി വരുന്നത് കണ്ടപ്പോൾ തന്നെ മാളുവിന്റെ ശരീരം വിറക്കാൻ തുടങ്ങി...അവളുടെ കൈ അറിയാതെ കഴുത്തിലെ താലിയിൽ ഒന്ന് തടഞ്ഞു..
നാളെ രാവിലെ പതിനൊന്നരക്കാണ് അനന്തു വരിക..
...ഞാൻ ഏട്ടനോട് എല്ലാം പറഞ്ഞാലോ...ഇങ്ങിനെയുള്ള ഒരു സുഹൃത്തിനെ കിട്ടിയത്....ഏട്ടനേയും കൂട്ടി അനന്തുവിന്റടുത്തു പോയി ഞങ്ങൾക്ക് കുടുംബ സുഹൃത്തുക്കളാവാമല്ലോ...
പക്ഷെ.... ഏട്ടൻ പിന്നെ സംശയിച്ചാലോ.....നാളുകൾക്ക് ശേഷം അമ്മയുടെ കണ്ണുകൾ വീണ്ടും മാളുവിനെ തേടിയെത്തി....
പിന്നെ അവൾ സ്വയം ധൈര്യപ്പെടുത്തി : നാളെത്തൊടുകൂടി എല്ലാം അവസാനിപ്പിക്കണം...അനന്തുവിനോട് ഇനി വിളിക്കരുതെന്ന് പറയണം..
"എന്താ മാളൂ....നിന്റെ മുഖത്ത്......സുഖമില്ലേ..?"
സതീഷിന്റെ ചോദ്യം കേട്ടപ്പോഴാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്.
"ഏട്ടാ...ഒരു തലവേദന..."
"എനിക്കുമുണ്ട്....വേഗം ഉറങ്ങാം.."
പിറ്റേന്ന് രാവിലെ പത്തു മണിക്ക് തന്നെ മാളു റെഡിയായി കഴിഞ്ഞിരുന്നു...
അവളുടെ ഫോൺ റിംഗ് ചെയ്തു.
....ഈശ്വരാ.....ഏട്ടനാണല്ലോ...ഈ സമയതെന്താ ഒരു പതിവില്ലാത്ത വിളി....
"എന്താ ..ഏട്ടാ..?"
"മാളൂ...എനിക്കിന്ന് ലീവാണ്...ഓഫിസിൽ നിന്ന് ഇറങ്ങാൻ പോകുകയാ...പിന്നെ നിന്റെ ചുരിദാർ വാങ്ങിക്കേണ്ടേ..പതിനൊന്നു മണിക്കുള്ള 'ആതിര' യിൽ തന്നെ കയറണം....സിറ്റി പ്ലാസ സ്റ്റോപ്പിൽ ഇറങ്ങിക്കോ... "
"അത്...ഏട്ടാ..."
"നീ ഒന്നും പറയേണ്ട....എനിക്ക് പിന്നെ സമയമുണ്ടാവില്ല...കൃത്യ സമയത്തു എത്തിക്കോളണം" സതീഷ് ശബ്ദം കനപ്പിച്ചു ഫോൺ കട്ട് ചെയ്തു.
മാളു അനന്തുവിനെ വിളിക്കാൻ ശ്രമിച്ചു,...ആദ്യമായിട്ടാണ് അങ്ങോട്ട് വിളിക്കുന്നത്.. കിട്ടുന്നില്ല....
ബസിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് തന്നെ മാളു ഫോൺ സ്വിച് ഓഫ് ചെയ്തു. ഏട്ടന്റെ കൂടെയുള്ളപ്പോഴായിരിക്കും അനന്തു വിളിക്കുക...
സതീഷ് കാത്തു നിൽക്കുണ്ടായിരുന്നു...അവൾ അയാളുടെ ബൈക്കിന്റെ പിന്നിലിരുന്നു.
ബൈക്ക് നിർത്തിയപ്പോഴാണ് ബീച്ചിലാണ് എത്തിയെതെന്ന ബോധം മാളുവിനുണ്ടായത്..ആശ്ചര്യത്തോടെ നോക്കുന്ന അവളെയും കൂട്ടി സതീഷ് ഒരു ബെഞ്ചിലിരുന്നു....ഉച്ചയായത് കാരണം അധികമാരും ഉണ്ടായിരുന്നില്ല ബീച്ചിൽ...
''മാളൂ....എത്ര നാളായി നമ്മളിങ്ങനെ ഇരുന്നിട്ട് അല്ലെ..?"
"ഊം "
"ഇവിടെ കുറച്ചിരുന്നിട്ട് നമുക്ക് ചുരിദാർ വാങ്ങാൻ പോകാം.....നിനെക്കെന്താണ് കുടിക്കാൻ വേണ്ടത്...?"
"എനിക്ക്....ഒന്നും വേണ്ട..." അവളുടെ മനസ്സ് പിടക്കുകയാണ്...
"എന്താ മാളൂ നിനക്ക് പറ്റിയത്....കുറെ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട് "
"ഏയ് ...ഒന്നുമില്ല ഏട്ടാ..." അവളുടെ സ്വരം ഇടറാൻ തുടങ്ങി..
"അനന്തു വന്നു നിന്നെ കാത്തു നിൽക്കുന്നുണ്ടാവും അല്ലേ..മാളൂ...?"
ആർത്തുവരുന്ന തിരമാലകൾ അവളുടെ നെഞ്ചിലേക്ക് ഊക്കോടെ ആഞ്ഞടിച്ചു...അതിന്റെ ചുഴികളിൽ പെട്ടു ശ്വാസം കിട്ടാതെ അവളൊന്നു പിടച്ചു...
"ഏട്ടാ...." .ഒരു തേങ്ങലോടെ മാളു സതീഷിന്റെ മാറിലേക്ക് വീണു.
മൗനത്തിന് കടലിന്റെ ആഴം..
"മാളൂ....നീ കരയേണ്ട...എനിക്കറിയാം ഞാൻ രാവിലെ പോയി രാത്രിയാണ് വരുന്നത്...വരുമ്പോൾ തന്നെ ക്ഷീണം നന്നായിട്ടുണ്ടാവും...പല രാത്രികളിലും നമ്മൾ ശരിക്കൊന്നു മിണ്ടിയിട്ട് പോലുമുണ്ടാവില്ല....നീ ഒറ്റക്കാണ്...."
മാളുവിന്റെ തേങ്ങൽ പൊട്ടിക്കരച്ചിന് വഴിമാറി....
"മാളൂ...നീ പേടിക്കേണ്ട....നിന്റെ അനന്തുവിനെ നിനക്ക് നഷപെടില്ല...അവൻ..
മാളു സതീഷിന്റെ വായ തന്റെ കൈ കൊണ്ടമർത്തി പിടിച്ചു...
അവളുടെ കൈ മാറ്റിക്കൊണ്ട് സതീഷ് പറഞ്ഞു:
"മാളൂ.....ആ അനന്തു ഞാൻ തന്നെയാ...."
പെട്ടെന്ന് അവൾ അവന്റെ മടിയിൽ നിന്ന് ചാടിയെഴുന്നേറ്റു...സ്വപ്നത്തിലെന്നപോലെ അവനെ നോക്കി...
"നീ എന്നോട് ക്ഷമിക്ക്.....നിനക്കറിയില്ലേ...എന്റെ പഴയ മിമിക്രിയൊക്കെ...ആ വിദ്യ ഞാനൊന്നു ..."
മാളു അവന്റെ കൈ തട്ടി തെറിപ്പിച്ചു....പക്ഷെ സതീഷ് വിട്ടില്ല....
"നീ ഒന്നടങ്....നിനക്കറിയില്ലേ എന്റെ കൂടെ ജോലി ചെയ്യുന്ന രോഹിതിനെ...അവന്റെ ഭാര്യ ഫേസ്ബുക്കിൽ ഒരുത്തനുമായി പ്രണയമാണെന്ന് ....കുറച്ചു ദിവസമായി അവർ ഭയങ്കര കലഹത്തിലാ....
ചതിക്കുഴികളിൽ പെടരുതെന്നു തിരിച്ചറിയാനാണ് ഞാൻ അനന്തുവായി നിന്നെ വിളിച്ചത്...എല്ലാവരും ഈ അനന്തുവിനെപ്പോലെ മാന്യനാകണമെന്നില്ല
പിന്നെ ജോലിയിൽ ചില സമയക്രമങ്ങളും മാറ്റവുമൊക്കെ എനിക്ക് വേണമെന്ന് ബോസിനോട് പറഞ്ഞു ....അയാൾ അത് സമ്മതിച്ചു....
 എന്താണ് ഒരു ഭാര്യ ഇണയിൽ നിന്ന് ആഗ്രഹിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി ..
- അവളുടെ കണ്ണുകളിൽ നോക്കി അവളോടൊത്തു മാത്രമായി അൽപ സമയം...
- അവളുടെ വാക്കുകൾ സംഗീതം പോലെ നുകർന്നാസ്വദിക്കുക..
- സ്നേഹത്തോടെയുള്ള ഒരു കിന്നാരം പറച്ചിൽ, ഒരു കഥ പറച്ചിൽ..
- മുടിയിഴകളിലൂടെ ഒരു തലോടൽ....കവിളത്ത് ഒരു കവിത എഴുതൽ
- കൈവിരൽ കോർത്ത് ഒരണച്ചു പിടിക്കൽ.... ഒന്നായൊരു അലിഞ്ഞു ചേരൽ...
- അവളുടെ നിഴലായ് എപ്പോഴും കൂടെയുണ്ടെന്ന് .......
മാളു സതീശനെ മുഴുവനാക്കാൻ വിട്ടില്ല.....കടലായി നിറഞ്ഞ കവിൾത്തടം അവന്റെ നെഞ്ചിലേക്ക് വെച്ച് ചോദിച്ചു:
"ഏട്ടാ.....എന്നോട് വെറുപ്പില്ലേ....?"
"ഇല്ല....മാളൂ..... പ്രണയത്തിന്റെ പൊരുൾ അറിഞ്ഞ ദിവസമാണിന്ന്....ഈ കടലിനെ സാക്ഷിയാക്കി ഞാൻ പറയുന്നു:
ഇന്ന് മുതൽ ഞാൻ നിന്റെ അനന്തുവാണ്.
-----------
ഹാരിസ് കോയ്യോട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo