Slider

വേലായുധന്റെ വൃഥാ മോഹങ്ങള്‍

0

വേലായുധന്റെ വൃഥാ മോഹങ്ങള്‍
കഥ
വേലായുധന്റെ പുത്തന്‍ നാലുകെട്ടിന്റെ കവാടത്തില്‍ തൂങ്ങിക്കിടന്ന ''ഈ പുരയും പുരയിടവും വില്‍പ്പനയ്ക്ക്'' എന്ന ബോര്‍ഡ് കണ്ട് നാട്ടുകാരെല്ലാവരും മൂക്കത്തു വിരല്‍ വെച്ചു. കുടിലില്‍ താമസിച്ചിരുന്ന വേലായുധന്റെ നാലുകെട്ട് എന്ന സ്വപ്നം ഇങ്ങനെ ഒരു മഞ്ഞു പോലെ ഉരുകിതീരുമെന്ന് ആരും ഓര്‍ത്തില്ല.
കൊല്ലങ്ങളോളം സൗദിയില്‍ പണിയെടുത്ത് സമ്പാദിച്ച പണംകൊണ്ട് അയാള്‍ മനയ്ക്കലെ നാലുകെട്ട് വിലയ്ക്കുവാങ്ങിയതും തന്റെ ആഗ്രഹം പോലെ ചിത്രപ്പണികളുള്ള തൂണുകളും പത്തായപ്പുരയും പണിതുടങ്ങിയതും എല്ലാം പെട്ടന്നായിരുന്നു. വാസ്തുശില്‍പ്പത്തിന്റെ പൂര്‍ണ്ണതയുള്ള വേലായുധന്റെ ഇല്ലം നാട്ടുകാരുടെ സംസാരവിഷയമായി.
അപ്പോഴാണ് വേലായുധന്റെ ഭാര്യ കൗസല്യ ആ ബോംബ് പൊട്ടിച്ചത്. മനയ്ക്കലെ നാലുകെട്ടുപുരയില്‍ ഒറ്റയ്ക്ക് താമസിയ്ക്കാന്‍ തനിയ്ക്കാവില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. നാഗങ്ങളും കുട്ടിചാത്തന്മാരും കളിച്ചുനടന്ന ആ നാലുകെട്ടിലെ ഉത്തരങ്ങളിലും പത്തായപ്പലകകളിലും അവ ഒളിച്ചു കളിയ്ക്കുന്നുണ്ടാവുമെന്ന് അവള്‍ക്ക് സംശയമില്ലായിരുന്നു. അതെല്ലാം വെറും തോന്നലാണെന്ന വേലായുധന്റെ വാദം അവള്‍ കേള്‍ക്കാന്‍ പോലും തയ്യാറില്ലായിരുന്നു.
.
മനപ്പുരയും അവിടെ വാണ തമ്പുരാട്ടിയും വേലായുധനെ വേട്ടയാടിയ സ്വപ്നമായിരുന്നു. തമ്പുരാട്ടി സാക്ഷാത്കരിക്കാനാവാത്ത സ്വപ്നമാണെന്ന് അറിഞ്ഞതുകോണ്ട് ,പകരം കൗസല്യയെ നടുമുറ്റത്തു കുടിയിരുത്തി തൃപ്തിപ്പെടാന്‍ പാകത്തില്‍ അയാള്‍ തന്റെ മോഹം പരിമിതപ്പെടുത്തിക്കഴിഞ്ഞിരുന്നു.
രണ്ടു ദിവസം മുമ്പൊരു പ്രഭാതത്തില്‍ മനക്കാരുടെ ജ്യോത്സ്യന്‍ ശൂലപാണി വാരിയരെ കാണാന്‍ ഇറങ്ങിത്തിരിച്ച വേലായുധനെ പിന്നീടാരും കണ്ടില്ല. രാത്രിയ്ക്കുരാത്രി തന്റെ എല്ലാ മോഹങ്ങളും വില്‍പ്പനക്ക് പരസ്യപ്പെടുത്തി അയാളും പെണ്ണും എവിടെപ്പോയെന്ന് നാട്ടുകാര്‍ അത്ഭുതപ്പെട്ടു. ബന്ധപ്പെടാനുള്ള വിലാസം കൂടി വെളിപ്പെടുത്താതെ അയാള്‍ അപ്രത്യക്ഷനായത് നാഗശാപം കൊണ്ടോ ചാത്തന്റെ കളികൊണ്ടോ ആയിരിക്കുമെന്ന് കേട്ടവര്‍ കേട്ടവര്‍ പറഞ്ഞുറപ്പിച്ചു.

By Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo