Slider

കുലദ്രോഹി

1

കുലദ്രോഹി
20 വർഷങ്ങൾക്ക് മുൻപ്.അന്ന് ഞാൻ ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ ആയിരിക്കണം. സ്‌കൂൾ അടച്ച ഉടനെ ഞാൻ എന്റെ ഉമ്മയുടെയും സഹോദരങ്ങളുടെയും കൂടെ ഉമ്മയുടെ വീട്ടിലേക്ക് പോകുമായിരുന്നു. 80 % ആളുകളും കാർഷിക വൃത്തിയിലൂടെ ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു അത്.
ഞങ്ങളുടെ വീടിന് അഭിമുഖമായുള്ള പഞ്ചായത്ത് റോഡ് മുറിച്ചുകടന്നാൽ ഒരു മോഹനചന്ദ്രന്റെ വീടാണ്.അദ്ദേഹം ഒരു ബാങ്ക് ജീവനക്കാരനായിരുന്നു. അവരുടെ വീടിന് പിറകിലുള്ള കാലിത്തൊഴുത്തിന് ചാരി ചെറിയ നടവഴിയുണ്ട്.അതിലൂടെ നേരെ നടന്നാൽ ആദ്യം കാണുന്നത് ഒരു വാഴത്തോപ്പാണ്.അതിന് താഴെ ചേന,ചേമ്പ്, മഞ്ഞൾ തുടങ്ങിയ ചെറു കൃഷികൾ.പിന്നെയും കുറച്ചു ദൂരം മുന്നോട്ട് നടന്നാൽ ചെങ്കുത്തായ ഒരു പ്രദേശമാണ്.വളരെ സൂക്ഷിച്ചു മാത്രം മുന്നോട്ട് നടക്കണം .അല്ലെങ്കിൽ തെന്നിവീണ് കാലിലെ പെയിന്റ് മൊത്തം ഇളകും.ഇനി അൽപ്പം കൂടി മുൻപോട്ട് .....
കർണ്ണപുടങ്ങളെ ഇക്കിളിപ്പെടുത്തി അതി വിശാലമായ നെൽപ്പാടത്തിന് ചാരെ ഒരു ചെറിയ അരുവി ഒഴുകിപ്പോകുന്നത് കാണാം. ഏകദേശം ഒരു മീറ്ററോളം മാത്രം വീതിയുള്ള ഒരു കുഞ്ഞൻ അരുവി.
''ആണി തോട് ''എന്നായിരുന്നു ഞങ്ങൾ ആ അരുവിയെ വിളിച്ചിരുന്നത്.ആ അരുവിക്ക് അങ്ങനെയൊരു പേര് വരാനുള്ള കാരണം ഇന്നും എനിക്കറിയില്ല.
എന്തായാലും ആണി തോട് ഒരു സംഭവമായിരുന്നു.
രാവിലെ പത്ത് മണി ആകുമ്പോഴേക്കും തറവാട്ടിലെ സ്ത്രീകൾ എല്ലാവരും അലക്കാനുള്ള വസ്ത്രങ്ങൾ എല്ലാം ഒരു സാരിയിൽ കൂട്ടിക്കെട്ടി ഞങ്ങൾ കുട്ടികളെയും തെളിച്ചുകൊണ്ട് നേരെ ആണിതോട്ടിലേക്ക് നടക്കും.വസ്ത്രങ്ങളെല്ലാം കരയിൽ ഊരിവെച്ച് ഒരു ചെറിയ കഷ്ണം തോർത്തുക്കൊണ്ട് മാത്രം നാണം മറച്ചു ഞങ്ങൾ കുട്ടികൾ തോട്ടിലേക്ക് കാലെടുത്തുക്ക് വെക്കുന്ന നിമിഷം....ഞങ്ങളെ സ്വീകരിക്കാനെന്നവണ്ണം പരല്മീനുകൾ കാലിൽ ഇക്കിളിപ്പെടുത്താൻ ഓടിവരുമായിരുന്നു.കാലിന്നടിയിലൂടെയും വിരലുകൾക്കിടയിലൂടെയും തൊട്ടുരുമ്മി നടന്നിരുന്ന കുഞ്ഞൻ മീനുകൾ.
വയലിലേക്കുള്ള നടവഴിക്ക് മുന്നിൽ മാത്രം മുട്ടോളം വെള്ളം കാണും.അവിടെ ചെറിയ ചെറിയ അലക്ക് കല്ലുകളുണ്ട്.അതിനപ്പുറത്തേക്ക് കാലിന്റെ ഞെരിയാണിയോളം ആഴത്തിൽ മാത്രമേ വെള്ളം കാണും .....ആണിതോടിന്റെ സംഭരണ ശേഷി അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ...
വയലിൽ നിന്നും പ്രവഹിക്കുന്ന കുളിർതെന്നലുകൾ ഈറനണിഞ്ഞ ദേഹത്ത് സ്പർശിക്കുമ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണോ എന്ന് തോന്നിപ്പോകും. ഈ ഒരു പ്രത്യേകതയാണ് ഈ കുഞ്ഞൻ അരുവിയെ എല്ലാവരും ഇത്രമാത്രം ഇഷ്ടപ്പെടാനുള്ള കാരണം.
ആ വയലിനെയും സന്തതിയായ ആണിതോടിനെയും ആശ്രയിച്ചു ജീവിച്ചിരുന്ന കുറെ ജീവികളുണ്ടായിരുന്നു അവിടെ.തൊട്ടപ്പുറത്തെ മുളക്കാടുകളിൽ നിന്നും വല്ലപ്പോഴും ആണി തോട്ടിൽ നീരാടാൻ വന്നിരുന്ന നീർക്കോലികൾ,ഒറ്റക്കാലിൽ തപസ്സ് ചെയ്തിരുന്ന കൊറ്റികൾ,മാടത്തത്തകൾ,പൊന്മാനുകൾ ,ഹരി പ്രാക്കൾ,കുളക്കോഴികൾ....
വർഷങ്ങൾ ഒരുപാട് കടന്നുപോയി ,ഞാൻ ഉപരിപഠനത്തിന് വേണ്ടി പുറത്തുപോയി. അത്കൊണ്ട് തന്നെ കുറെകാലത്തേക്ക് ഉമ്മയുടെ വീട്ടിലേക്ക് പോകാൻ എനിക്ക് സാധിച്ചില്ല.ഇനി പോയാൽ തന്നെ രണ്ടോ മൂന്നോ മണിക്കൂർ അവിടെ ഇരുന്ന് എന്റെ വീട്ടിലേക്ക് തന്നെ തിരിച്ചുപോരും.ഒരിക്കൽ ഒരു വെക്കേഷൻ സമയം ഞാൻ നാട്ടിൽ വന്നപ്പോൾ ഉമ്മയുടെ വീട്ടിലും പോയി.എന്റെ കൂടെ വന്നിരുന്ന പെങ്ങളോട് ഞാൻ ആണിതോടിനെ കുറിച്ച് വാതോരാതെ വർണ്ണിച്ചു അവളെ വല്ലാതെ മോഹിപ്പിച്ചു.ഒടുവിൽ അവളുടെ അപേക്ഷക്ക് ചെവിക്കൊടുത്ത് ഞാൻ അവളെയും കൂട്ടി ആണി തോട് ലക്ഷ്യമാക്കി നടന്നു.
നടന്ന് നടന്ന് ഞങ്ങൾ ചെങ്കുത്തായ പ്രദേശം കഴിഞ് മുന്നോട്ട് പോയിട്ടും കർണ്ണപുടങ്ങളെ ഇക്കിളിപ്പെടുത്താറുണ്ടായിരുന്ന ആണി തോടിന്റെ അടക്കിപ്പിടിച്ച സംസാരം കേട്ടില്ല. കുളിർ തെന്നലുകളെ പറത്തിവിട്ട് മോഹിപ്പിച്ചിരുന്ന നെൽവയലുകൾ അപ്രത്യക്ഷമായിരിക്കുന്നു.പകരം,വാഴയും കപ്പയും റബ്ബറും കോൺക്രീറ്റ് കെട്ടിടങ്ങളും എല്ലാം ചേർന്ന് ഭംഗി നഷ്ടപെട്ട ഒരു ദുരന്തഭൂമിപ്പോലെ അവിടം ആകെ മാറിയിരിക്കുന്നു .'അമ്മ മരിച്ചതോടെ സുന്ദരിയായ ആ കുഞ്ഞും മരിച്ചിരിക്കുന്നു.ഒപ്പം കുറെ നിഷ്കളങ്കരായ ജീവനുകളും.
വസ്ത്രങ്ങൾ അലക്കാറുണ്ടായിരുന്ന ആഴം കൂടിയ പ്രദേശത്ത് ഇപ്പോഴും അൽപ്പം വെള്ളമുണ്ട്.വാഴത്തോട്ടത്തിൽ നിന്നും നടന്നുവന്ന ചേട്ടൻ കീടനാശിനി നിറച്ചുവെച്ചിരുന്ന പമ്പെടുത്ത് ആ വെള്ളത്തിൽ മുക്കുന്നത് കണ്ടു.
ഞാൻ അവളോട് ഒന്നും പറഞ്ഞില്ല.എല്ലാം അവൾക്ക് മനസ്സിലായിക്കാണും.....
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.മഴയില്ല,വെള്ളമില്ല എന്ന് നിരന്തരം പരിതപിക്കുന്ന നമ്മൾ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ
നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി രക്ത സാക്ഷികളായ നമ്മുടെ സഹജീവികളെ കുറിച്ച്. ആവാസ വ്യവസ്ഥയും ഭക്ഷണവും നഷ്ടപ്പെട്ട് വംശ നാശ ഭീഷണി നേരിടുന്ന ആ മിണ്ടാപ്രാണികളെ കുറിച്ച്.ആ നിഷ്കളങ്കരായ ജീവികളുടെ കണ്ണുനീരിന്റെ മറുപടിയായിരിക്കാം നമ്മൾ ഇന്ന് അനുഭവിക്കുന്നത്.
പരിസ്ഥിതിയെ സംരക്ഷിക്കൂ.... പരിസ്ഥിതി നമ്മെ സംരക്ഷിക്കും.... അടുത്ത തലമുറയെയും......
സമീർ ചെങ്ങമ്പള്ളി
1
( Hide )
  1. സ്മൃതിയുടെ ഒരു തേങ്ങൽ പോലെ ഗൃഹാതുരത മാടി വിളിക്കുന്നു. പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണത്തിന് ഉതകുന്ന രചന. നല്ലെഴുത്തിനും സമിർ ചെങ്ങമ്പളിക്കും അഭിനന്ദനങ്ങൾ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo