Slider

മഴ പെയ്യും മുമ്പേ....

0

മഴ പെയ്യും മുമ്പേ....
*********************
ഒന്നാം ക്ലാസിൽ
ചേർത്തപ്പോൾ
സ്ലേറ്റിനും പുസ്തകങ്ങൾക്കുമൊപ്പം
അച്ഛൻ
ഒരു കുട്ടി ശീലക്കുടയും
വാങ്ങിത്തന്നിരുന്നു.
സ്കൂൾ വിടുമ്പോൾ
മഴയില്ലാതിരുന്ന ഒരു നാളിൽ
വീട്ടിലെത്തി അമ്മ ചോദിച്ചപ്പോഴാണ്
കുട ഓർമ്മ വന്നത്.
വഴക്കു പറഞ്ഞ അമ്മ
"അച്ഛൻ വരട്ടെ... "
എന്ന് ഭീഷണിപ്പെടുത്തി.
കരച്ചിൽ വന്നു.
അച്ഛൻ, പക്ഷേ
വഴക്കു പറഞ്ഞില്ല.
"സ്കൂളിലല്ലേ.. അവിടെക്കാണും,
നാളെ കിട്ടും... "
എന്നാൽ കുട കിട്ടിയില്ല.
പെട്ടെന്ന് പുതിയ മറ്റൊരു കുട വാങ്ങുക
കൂലിപ്പണിക്കാരനായ അച്ഛന്
പ്രയാസമായിരുന്നു.
മഴക്കു മുമ്പേ സ്കൂളിലേക്ക്
ഓടാറായി പതിവ്.
മഴ ചതിച്ച
പലനാളും വൈകിയെത്തിയതിന്
മാഷുടെ അടി വാങ്ങി.
മഴ നിർത്താതെ പെയ്ത
ചില നാളുകളിൽ ക്ലാസുംമുടങ്ങി.
ദിവസങ്ങൾ കഴിഞ്ഞ്
അച്ഛൻ ഒരു
പുതിയ കുടയുമായി കയറി വന്നു.
അതും നഷ്ടപ്പെടുമോ എന്ന പേടി
മഴക്കുമുമ്പേഴുള്ള ഓട്ടം നിർത്തിയില്ല.
പിന്നീടൊരിക്കലും കുടയുമെടുത്ത്
എവിടെയും പോയിട്ടില്ല.
മഴ പെയ്യും മുമ്പേ ഒരോട്ടം....
പലപ്പോഴും ലക്ഷ്യത്തിലെത്താതെ
എത്രയോ മഴ നനഞ്ഞു...
ഓടിയോടി
അനേകം കുടകൾ വാങ്ങിയെങ്കിലും
ഇപ്പോഴും ഓട്ടം തുടരുകയാണ്
അവളും മക്കളും
നനയാതിരിക്കാൻ.
xxxxxxxxxxxxxxxxxxxxxx
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo