നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രയാണം:( തുടർകഥ) - Part 1


പ്രയാണം:( തുടർകഥ)
അഞ്ച് വർഷങ്ങൾക്ക് ശേഷം ഞാൻ തിരികെ വീണ്ടും വീട്ടിലെത്തുകയാണ്.
അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്ലസ് ടു റിസൽറ്റ് കാത്തിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. ഞാനും സുഹൃത്ത് ബഷീറും പന്ത് കളിക്കാൻ വേണ്ടി പാടത്തേക്ക് പോവുകയായിരുന്നു.പാടത്തിനക്കരെ മറ്റൊരു ഗ്രാമമാണ്. കഷ്ടി ഒരു വാഹനത്തിന് പോകാൻ മാത്രം വീതിയുള്ള ഒരു റോഡ് പാടത്തു കൂടെ മറ്റെ ഗ്രാമത്തിലേക്ക് നീണ്ടുപോയിട്ടുണ്ട്. ആ റോഡിലൂടെ ഒരു സുന്ദരി മന്ദം മന്ദം നടന്നു വരുന്നു. കളിഭ്രാന്തുമായി നടന്നിരുന്ന എനിക്ക് അവളോട് പ്രത്യേക താൽപര്യമൊന്നും തോന്നിയില്ല. ഒറ്റ നോട്ടത്തിൽ തന്നെ അവളൊരു അഹങ്കാരിയാണെന്ന് മനസിലായി.അവൾ ഞങ്ങളെ മറികടന്നതും "എന്താടാ" എന്ന ഒരു ചോദ്യവും ഒരു പൊട്ടിക്കരച്ചിലും. ഞാൻ മുന്നിലും ബഷീർ പിന്നിലുമായിരുന്നു. അവനെന്തോ അവളെ ചെയ്തു എന്ന് ഉറപ്പായി.തോണ്ടുകയാ പിടിക്കുകയോ? ഏതെങ്കിലും ഒന്ന്.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ ബഷീർ അതാ നടന്നു വരുന്നു.അവളതാ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടുന്നു.
കളിയൊക്കെകഴിയുന്നതിന് മുമ്പെ ബഷീർ ഒരു സ്ഥലം പോകാനുണ്ടെന്ന് പറഞ്ഞ് സ്ഥലം വിട്ടു.മറ്റുള്ള കൂട്ടുകാരൊക്കെ അവരവരുടെ വീടുകളിലേക്ക് പോയി. ഞങ്ങൾ രണ്ട് മൂന്ന് പേർ മാത്രമായിരുന്നു ഗ്രൗണ്ടിൽ അവശേഷിച്ചിരുന്നത് - പെട്ടെന്ന് ഒരു സംഘം ആളുകൾ വന്ന് എന്നെ അന്വോഷിച്ചു. എന്നെ മനസ്സിലാക്കി ഞാനാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം അവർ തലങ്ങും വിലങ്ങും ആക്രമിച്ചു. രക്ഷിക്കാൻ ശ്രമിച്ച എന്റെ കൂട്ടുകാരെ അവർ പിടിച്ചു തള്ളി.അപ്പുറത്തെ തോട്ടങ്ങളിലെ കുളങ്ങളിൽ കുളിക്കുകയായിരുന്ന സുഹൃത്തുക്കൾ ഓടിവന്നാണ് എന്നെ രക്ഷിച്ചത്.എന്താണ് ഞാൻ ചെയ്ത തെറ്റ് എന്ന എന്റെ ചോദ്യത്തിന് മറുപടി പറയാതെയായിരുന്നു ആക്രമണം.
ഏറെ വൈകി വീട്ടിലെത്തിയ എന്നെ സ്വീകരിച്ചത് ബാപ്പ, മൂത്താപ്പ,എളാപ്പ എന്നിവരുടെ സംഘം ചേർന്നുള്ള ആക്രമണമായിരുന്നു.എന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരവസരവും തരാതെ അവർ എന്നെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കി. അന്ന് രാത്രി ഒന്നും ആലോചിക്കാതെ കൂട്ടുകാരോട് യാത്ര പറഞ്ഞ് ഒരു ദീർഘ ദൂര ട്രെയിനിൽ കയറിപ്പറ്റി. എന്റെ മൊബൈല് പോലും എടുക്കാതെ.
പിന്നീടങ്ങോട്ട് ഒരു കറക്കമായിരുന്നു ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ജോലി തേടി അലഞ്ഞു. മൊബൈൽ എടുക്കാത്തതിനാൽ ഫോൺ നമ്പറുകളൊക്കെ അതിലായിരുന്നതിനാൽ കൂട്ടുകാരുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഇല്ലാതായി. സങ്കടവും ദേഷ്യവും ഒരു പോലെ തന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഞാനും ബഷീറും കൂടി ഇടവഴിയിൽ വച്ച് കണ്ട പെൺകുട്ടിയെ ബലമായി പീഡിപ്പിക്കാൻ ശ്രമിച്ചത്രെ. പോലീസിൽ കേസും കൊടുത്തിരിക്കുന്നു. ബഷീർ അവളെ കണ്ടപ്പോൾ നിയന്ത്രണം വിട്ട് തോണ്ടുകയൊ പിടിക്കുകയോ ചെയ്തിട്ടുണ്ടാകും. അതിന് ഞാനെന്തു പിഴച്ചു. എന്റെ വീട്ടുകാരെങ്കിലും എന്നെ മനസിലാക്കേണ്ടതായിരുന്നു
പിന്നീട് ഹൈദരാബാദിൽ വച്ച് ഏതോ ഒരു നാട്ടുകാരൻ എന്നെ കണ്ടത്രെ. അയാൾ എന്നെ പിന്തുടർന്നു. അങ്ങനെ എന്റെ താമസസ്ഥലം കണ്ടു പിടിച്ചു
........................................................................
അഞ്ച് വർഷം കൊണ്ട് നാട്ടിൽ ഒരു പാട് മാറ്റം സംഭവിച്ചിരിക്കുന്നു. ഹരിതാഭമായ ഭംഗി ഒരു പാട് നഷ്ടപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം കോൺക്രീറ്റ് സൗധങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു.
തന്റെ വീടെത്തിയിരിക്കുന്നു. വീട് കണ്ടപ്പോൾ ഒന്നു പൊട്ടിക്കരയണമെന്ന് തോന്നി. ഗയിറ്റിൽ തന്നെ നിൽക്കുന്നുണ്ട് ഉമ്മ. കൂടെ പെങ്ങന്മാരും. വണ്ടിക്കുള്ളിലേക്ക് ഉത്ഘണ്oയോടെ നോക്കുകയാണവർ. ഞാൻ വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയതും ഉമ്മയുടെയും പെങ്ങന്മാരുടെയും പൊട്ടിക്കരച്ചിൽ ഉയർന്നു. അവരുടെ കെട്ടിപ്പിടിക്കലുകൾക്ക് ശേഷം എന്നെ അകത്തേക്ക് ആനയിച്ചു. അവിടെ അകത്തെ മുറിയിൽ രണ്ട് തൊട്ടിലുകൾ.ജ്യേഷ്ഠന്റെ ഇരട്ടകളായ രണ്ട് കുട്ടികൾ ആ തൊട്ടിലുകളിൽ കിടക്കുന്നു. തിരിഞ്ഞ് എന്നെ അടുക്കളയിലേക്ക് ആനയിച്ചു.അടുക്കള ജ്യേഷ്ഠന്റെ കല്യാണം പ്രമാണിച്ച് പുനർനിർമ്മിച്ചതാണ്. അവിടെ അടുപ്പത്ത് എന്തോ വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് ജ്യേഷ്ഠന്റെ ഭാര്യ. നല്ല ചിക്കന്റെ മണം. ബിരിയാണിയായിരിക്കും. തനിക്കുള്ള വിഭവങ്ങൾ ഒരുക്കുകയാണ് അവിടെ. പെട്ടെന്നാണ് അവർ തിരിഞ്ഞത്. അവരെ കണ്ടപ്പോൾ നല്ല പരിചയമുള്ളത് പോലെ. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അതെ അവൾ തന്നെ. അന്ന് താൻ നാടുവിടാൻ കാരണമായവൾ. തന്നെ അവളുടെ ബന്ധുക്കളെ കൊണ്ടും എന്റെ ബന്ധുക്കളെ കൊണ്ടും തല്ലിച്ചവൾ. പോലീസ് സ്‌റ്റേഷനിൽ തനിക്കെതിരെ കേസ് കൊടുത്ത് കുടുംബത്തെ മൊത്തം നാണം കെടുത്തിയവൾ. ഇന്നിതാ അവൾ ജ്യേഷ്ഠന്റെ ഭാര്യയായി തന്റെ വീട്ടിൽ. സഹിക്കാൻ കഴിയുന്നില്ല.
എന്റെ രൂക്ഷമായനോട്ടം കണ്ടവൾ അടുപ്പിന് നേരെ തിരിഞ്ഞു. തൊട്ടു മുന്നിലെ ഡൈനിംഗ് ടേബിളിൽ തേങ്ങ പൊട്ടിച്ച വെട്ടുകത്തിയിരിക്കുന്നു. ഞാൻ വെട്ടുകത്തിയിലേക്കും അവളിലേക്കും മാറി മാറി നോക്കി. എന്ത് വന്നാലും വേണ്ടില്ല. തോറ്റു കൊടുക്കാൻ കഴിയില്ല. ഞാൻ മെല്ലെ വെട്ടുകത്തി ലക്ഷ്യമാക്കി നീങ്ങി.
പെട്ടെന്ന് തൊട്ടിലിൽ കിടക്കുന്ന രണ്ട് കുട്ടികളും പൊട്ടിക്കരയാൻ തുടങ്ങി. വെട്ടുകത്തി എടുക്കാനായി നീട്ടിയ കൈ ഒന്ന് പതറിയോ? കുട്ടികളുടെ കരച്ചിൽ കേട്ടപ്പോൾ ഒരു ശങ്ക.കുട്ടികളുടെ കരച്ചിൽ അടുത്തു വരുന്നു അടുക്കള വാതിൽ നിറഞ്ഞ് നിൽക്കുന്നു രണ്ട് ചെറിയ കുട്ടികളുമായി ഉമ്മയും പെങ്ങളും. അവർ എനിക്ക് കാണിച്ചു തരികയാണ് തങ്കക്കുടം പോലുള്ള രണ്ട് പെൺകുഞ്ഞുങ്ങളെ.രണ്ട് പേരുടേയും കരച്ചിൽ മാറ്റാനുള്ള ശ്രമം നടത്തുകയാണ് ഉമ്മയും പെങ്ങളും. എന്നെ വഞ്ചിക്കുകയായിരുന്നു എല്ലാവരും കൂടി എന്ന ചിന്ത എന്നെ വല്ലാതെ മഥിക്കുന്നു. കുട്ടികളെ വിട്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു.ഇനിയും തുറന്നിട്ടില്ലാത്ത എന്റെ പെട്ടി കൈയിലെടുത്ത് റെയിൽവെ സ്റ്റേഷൻ ലക്ഷ്യമാക്കി. ഇനിയും നടന്ന് തീർന്നിട്ടില്ലാത്ത ജീവിതത്തിന്റെ വിരിമാറിലൂടെ. അല്ലെങ്കിലും ജീവിതം എന്നത് ഒരു പ്രയാണമാണല്ലൊ. ഒരു മഹാ പ്രയാണം.
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot