നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശശിയെ പിടിച്ച യക്ഷി 👹


ശശിയെ പിടിച്ച യക്ഷി 👹
=======================
ശശി ശബ്ദമുണ്ടാക്കാതെ പതിയെ കതകു തള്ളിത്തുറന്നു ...അവന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി . കൂടാതിരിക്കുമോ ?....ഇന്ന് വെള്ളിയാഴ്ച അല്ലേ ? ശനിയും ഞായറും അവധി ആയതു കൊണ്ടായിരിക്കണം പ്രേതങ്ങൾക്കു വെള്ളി പ്രീയപ്പെട്ടത് ആയത് . ഇന്ന് അവർക്ക് പൂർവാധികം ശക്തി കിട്ടുന്ന ദിവസമാണ് .
പോരാത്തതിന് ഇന്ന് അമാവാസിയും , കട്ടപിടിച്ച ഇരുട്ടിലൂടെ ഭയന്ന് വിറച്ചു വന്ന അവൻ കതകു തുറന്ന് അകത്തേക്ക് കയറി . തീപ്പെട്ടി ഉരച്ചു വിളക്ക് കത്തിക്കാൻ ശ്രമിച്ചപ്പോൾ ഇരുളിനെ കീറി മുറിച്ചു കൊണ്ട് 'ശൂഖ് ' എന്നൊരു ശബ്ദത്തോടെ എന്തോ ഒന്ന് അവന്റെ മുഖത്തേക്ക് ശക്തിയോടെ പതിച്ചു .
ആ വസ്തു 'പ്ലിങ് ' എന്ന ശബ്ദത്തോടെ നിലത്തു വീണപ്പോളാണ് അതൊരു മൊന്ത ആണെന്ന് അവനു മനസിലായത് . മമ്മൂട്ടിയെ പോലെ നീളമുള്ള ഒരു മൂക്കുള്ളത് കൊണ്ട് അവന്റെ പല്ലുകൾക്ക് കേടുപാട് ഒന്നുമുണ്ടായില്ല . എങ്കിലും മൂക്കിന്റെ പാമ്പൻ പാലത്തിനു കാര്യമായ ബലക്ഷയം ഉണ്ടായതായി ശശിക്ക് മനസിലായി .
ഉച്ചത്തിൽ അലറിക്കരയണമെന്നു അവനുണ്ടായിരുന്നു . പക്ഷെ ലൈറ്റിന് പിന്നാലെ സൗണ്ടും പണി മുടക്കിയതായി അവനു മനസ്സിലായി .ഒടുവിൽ അവൻ പത്തൊമ്പതാമത്തെ അടവ് പുറത്തെടുത്തു , സർവ്വശക്തിയും എടുത്തു പുറത്തേക്ക് ഓടി .
മുറ്റത്തുള്ള കാലിത്തൊഴുത്തിൽ വിളക്കിന്റെ ചെറിയൊരു വെളിച്ചമുണ്ട് , അവൻ ഓടി തൊഴുത്തിന്റെ ഒരു മൂലയിൽ ചുരുണ്ടിരുന്നു . യേശുവിന്റെ ജനനവും തന്റെ മരണവും കാലിത്തൊഴുത്തിൽ വെച്ചായിരിക്കുമല്ലോ എന്നോർത്തപ്പോൾ അവനു സങ്കടം അടക്കാനായില്ല .
മരണത്തെ മുഖാമുഖം കണ്ടിരുന്ന ശശി രാവിന്റെ ഏതോ യാമത്തിൽ മയങ്ങിപ്പോയി . പൂവൻ കോഴിയുടെ കൂവലിനു പകരമായി പൂവാലി പശുവിന്റെ ചാണകം തലയിൽ വീണപ്പോഴാണ് നേരം പുലർന്നെന്നും , താൻ ജീവനോടെ അവശേഷിച്ചിട്ടുണ്ടെന്നും അവനു മനസ്സിലായത് . ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അവൻ പുറത്തേക്ക് കുതിച്ചു .

നൂറേ നൂറിൽ പിടിച്ചു ഓടുമ്പോഴും , തലയിൽ വീണ ചാണകം മുഖത്തൂടെ താഴേക്ക് ഊർന്ന് ഇറങ്ങുമ്പോഴും അവന്റെ മനസ്സിൽ പല്ലുന്തിയ , കഷണ്ടിക്കാരനായ ഗോപിയാശാന്റെ സുന്ദര വദനം മാത്രമായിരുന്നു . ഗോപിയാശാന് മാത്രമേ തന്നെ ഇനി രക്ഷിക്കാൻ ആവൂ എന്ന് അവന് അറിയാമായിരുന്നു .
അവൻ നേരെ ചെന്നു ഗോപിയാശാന്റെ കാൽക്കൽ ചെന്നു വീണു . അവനെ പിടിച്ചുയർത്തി മുഖത്ത് നോക്കിയതും ഗോപിയാശാൻ അവനോടു ചോദിച്ചു , " ഇപ്പോൾ ഉപദ്രവം കൂടുതലാണല്ലേ ? ". താനൊന്നും പറയാതെ തന്നെ എല്ലാം മനസ്സിലാക്കിയ ഗോപിയാശാന്റെ കഴിവൊർത്തു ശശി അദ്ദേഹത്തിന് മുന്നിൽ കുമ്പിട്ടു വണങ്ങി .
ഇദ്ദേഹത്തെ പോലുള്ള ത്രികാല ജ്ഞാനികൾ ഉള്ളത് കൊണ്ടാണല്ലോ ആൾദൈവങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം കൂടിയതും , ദൈവങ്ങൾ വെറും ബിംബങ്ങളായി ഒതുങ്ങേണ്ടി വന്നതെന്നും അവനോർത്തു . അതവൻ മറച്ചുവയ്ക്കാതെ അദ്ദേഹത്തോട് തുറന്ന് പറയുകയും ചെയ്തു .
" ഇത് ത്രികാല ജ്ഞാനവും മണ്ണാങ്കട്ടയും ഒന്നുമല്ല ....നിന്റെ മോന്ത കണ്ടാൽ ആർക്കാ മനസ്സിലാവാത്തെ , നല്ല ചളുക്ക് കിട്ടിയിട്ടുണ്ടെന്ന് " , ശശി പിന്നേം ശശിയായി .

അവൻ നടന്നതെല്ലാം ഗോപിയാശാനോട് തുറന്ന് പറഞ്ഞു . " എടാ ശശിയെ , നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ , ഇതിനു മരുന്ന് നല്ല ചൂരൽ കഷായം ആണെന്ന് " , ഗോപിയാശാൻ തന്റെ പഴയ മരുന്ന് തന്നെ കുപ്പിയിൽ ആക്കി തരാൻ ഒരുങ്ങി .
" എന്റെ പൊന്നു ആശാനേ , ആശാൻ അന്ന് പറഞ്ഞത് കേട്ട് ഞാൻ പോയി ചൂരൽ തലങ്ങും വിലങ്ങും വീശിയതെ ഓർമ്മയുള്ളു , പിറ്റേന്ന് ബോധം വീണപ്പോളാണ് , ഉലക്ക കൊണ്ടാണ് തിരിച്ചു കിട്ടിയത് എന്ന് മനസ്സിലായത്" .
" ഓഹോ ! ഇനി എന്നാൽ അറ്റകൈ പ്രയോഗം നടത്തിയേക്കാം , പട്ടണത്തിൽ ബാധകളെ ഒഴിവാക്കാനായി മാത്രം ഒരു സ്ഥാപനം ഉണ്ട് , അവിടെ ചെന്നാൽ നിനക്ക് ഈ പ്രേത ശല്യത്തെ നിഷ്പ്രയാസം ഒഴിവാക്കാനാവും " .
" ആശാൻ പറഞ്ഞ ഈ ഒഴിപ്പിക്കൽ കേന്ദ്രം എനിക്കറിയാം , അവിടുത്തെ സ്വാമീടെ ശിഷ്യന്മാർ കുറെ കറുത്ത തുണി പുതച്ചവന്മാരുണ്ട് , അവന്മാർക്ക് ദക്ഷിണ കൊടുത്തു തന്നെ നമ്മൾ മുടിയും . ഒടുവിൽ പൂജയും ഹോമവും എല്ലാം കഴിയുമ്പോൾ യക്ഷിയെ കുടത്തിൽ നിന്നും തുറന്ന് വിടുകയും , നമ്മളെ പിടിച്ചു തളക്കുകേം ചെയ്യും " .
" ഉം ! അതും ശരിയാണ് എങ്കിൽ അവസാന പരീക്ഷണം എന്ന നിലയ്ക്ക് ഞാനെന്റെ ശിഷ്യൻ സണ്ണിയെ വിളിക്കാം , അവന്റെ കയ്യിൽ ഒതുങ്ങാത്ത ഒരു യക്ഷിയുമില്ല " .
" സണ്ണിയോ , അതാരാ ആശാനേ ? ", ശശി തന്റെ വിവരമില്ലായ്മ മൂടി വയ്ക്കാതെ തുറന്ന് ചോദിച്ചു .
" സണ്ണിയെ അറിയില്ലന്നോ ?", ആ ചോദ്യം ഗോപിയാശാനിൽ ഞെട്ടലുളവാക്കി . "ലോകപ്രശസ്തനാണവൻ , തനി രാവണൻ , പത്തു തലയാ അവന് , നാല് പെണ്ണ് കെട്ടിയിട്ടും സുഖമായി കഴിയുന്നവൻ , ലോകപ്രശസ്തമായ യക്ഷികളെ എങ്ങനെ മെരുക്കാം എന്ന ഇക്കിളിക്കഥ മുത്തുച്ചിപ്പിയിൽ എഴുതിയ മഹാൻ , തമ്പാനൂർ റയിൽവേ സ്റ്റേഷന് മുന്നിൽ കപ്പലണ്ടി കച്ചവടം നടത്തുവാ ....ഞാനൊന്ന് വിളിച്ചാൽ മതി അവൻ പറന്നെത്തും ".
" എന്റെ പൊന്നു തിലകനാശാനെ , അല്ല ഗോപിയാശാനെ .....കഥാപ്രസംഗം നടത്താതെ ആ മഹാനെ ഒന്ന് വേഗം വിളിക്ക് " , ശശിയുടെ ക്ഷമ കേട്ടു .

ഗോപിയാശാൻ പറഞ്ഞ പോലെ പറന്നു വരുകയായിരുന്ന ആ മഹാന്റെ സൈക്കളിന്റെ വെടി തീർന്നതുകാരണം തള്ളി കൊണ്ടാണ് വന്നത് .
പത്തു തല പോയിട്ട് ഉള്ള ഒരു തല പോലും നേരെ ചൊവ്വേ താങ്ങാൻ ത്രാണിയില്ലാത്ത ഈ ശരീരം ഉള്ളവനെ ആണോ ഗോപിയാശാൻ രാവണൻ എന്ന് പറഞ്ഞതെന്ന് ഓർത്തു അവന് അത്ഭുതം തോന്നി . അല്ലെങ്കിൽ തന്നെ ശരീരത്തിൽ കാര്യം എന്തിരിക്കുന്നു എന്നോർത്ത് അവൻ സമാധാനിച്ചു .
വന്ന ഉടനെ ആ മഹാനെയും വിളിച്ചു ഗോപിയാശാൻ പുറത്തു പോയി നിന്നു കുലംകുഷമായ ചർച്ച നടത്തുന്നത് ശശി നോക്കി നിന്നു . കുറച്ചു നേരത്തിനു ശേഷം തിരിച്ചു വന്ന സണ്ണി ശശിയെ ആപാദചൂഡം നോക്കി , " ഞാൻ കേട്ടിടത്തോളം ഇത് സങ്കീർണമായ ഒരു കേസാണ് , ഒന്നെങ്കിൽ നിങ്ങളുടെ ജീവന് വരെ ആപത്തുണ്ടായേക്കാം , ഈ യക്ഷിയെ തളക്കാൻ ഞാൻ നോക്കിയിട്ടു ആരും ശ്രമിച്ചിട്ടില്ലാത്ത ഒരു മാർഗം മാത്രമേ കാണുന്നുള്ളൂ , സ്നേഹം ! , സ്നേഹം കൊണ്ട് ആ യക്ഷിയെ കീഴടക്കുക" .
ഡോക്ടർ കപ്പലണ്ടി സണ്ണിയുടെ നിർദേശം സ്വീകരിച്ചു ശശി രണ്ടും കൽപ്പിച്ചു ഒരു ചിക്കൻ ബിരിയാണി പാഴ്സലുമായി വിറയ്ക്കുന്ന കാലുകളുമായി യക്ഷിയുടെ മടയിലേക്കു നീങ്ങി . മേശയ്ക്കു മുകളിലേക്ക് ബിരിയാണി വെച്ചതേ അത് അപ്രത്യക്ഷമായി , ചിക്കന്റെ എല്ലു പോലും മിച്ചമില്ലായിരുന്നു .
അന്ന് ശശി വളരെ നാളുകൾക്കു ശേഷം സമാധാനമായി ശല്യമൊന്നുമില്ലാതെ കിടന്നുറങ്ങി . രാവിലെ ആയപ്പോൾ തന്റെ തലയിലൂടെ വെള്ളം ആരോ ഒഴിക്കുന്നതറിഞ്ഞു അവൻ ചാടി എഴുന്നേറ്റു .
"എടോ മനുഷ്യാ .........താനെന്നെ പറ്റിക്കാമെന്ന് കരുതിയോ ? .....പട്ടണത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ആണെന്നും പറഞ്ഞു 30 രൂപയ്ക്കു വഴിയിൽ ഇട്ടു വിറ്റ ബിരിയാണി എന്നെ കൊണ്ട് തീറ്റിച്ചല്ലേ ? ".
യക്ഷികളുടെ കണ്ണിനെയും കാതിനെയും മറച്ചു ഒന്നും ചെയ്യാനാവില്ല എന്ന സത്യം മനസിലാക്കിയ ശശി യക്ഷിയുടെ കാലിലേക്ക് വീണു .
" എന്റെ പൊന്നു പൂതനെ .......എന്നെ എന്തിനാണിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് , നിന്നെ താലി കെട്ടി എന്നൊരു അപരാധം മാത്രമല്ലേ ഞാൻ ചെയ്തിട്ടുള്ളു " .
" താൻ കുറ്റമൊന്നും ചെയ്തിട്ടില്ല , പക്ഷെ തന്റെ പൂർവികർ ഞങ്ങളെ പട്ടികളുടെ വില പോലും തരാതെ , സ്വാതന്ത്ര്യം എന്തെന്നറിയിക്കാതെ , ഉപദ്രവിക്കാനും , കാമപൂരണത്തിനും മാത്രമുള്ള ഒരു ഉപകരണം മാത്രമായി കണ്ടു . ആ പക വീട്ടാനായി ഈ തലമുറയിലെ ഓരോ ആണുങ്ങളെയും ഞങ്ങൾ ഇഞ്ചിഞ്ചായി കൊല്ലും ".
അവളുടെ മിഴികൾ ചുവന്നു , ദ്രംഷ്ടകൾ പുറത്തേക്ക് നീണ്ടു വന്നു , കൂർത്ത നഖങ്ങൾ മാംസത്തിലേക്കു ആഴ്ന്നിറങ്ങാനായി ഒരുങ്ങി .
ഈ യക്ഷിയിൽ നിന്നും ഒരിക്കലും മോചിതനാവാൻ ആവില്ലെന്നെറിഞ്ഞ ശശി , പൂർവികരുടെ തന്തയ്ക്കു മനസ്സിൽ വിളിച്ചു കൊണ്ട് തന്റെ വിശാലമായ മുതുക് യക്ഷിക്കായി സമർപ്പിച്ചു .
പീഡനങ്ങളേറ്റു വാങ്ങാൻ ശശിയുടെ ജീവിതം പിന്നെയും ബാക്കി .
😜
Omesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot