നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹൌസ് വൈഫ്


എന്റെ വീട്ടുജോലികൾ തീരുവോളം കുട്ടികളെ നിങ്ങൾ നോക്കണം.. ഇതായിരുന്നു പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ കെട്ടിയോളുടെ ഉപാധി..
ഹൊ.. അതാണല്ലോ മല മറിക്കുന്ന പണി എന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് ഞാനും സമ്മതിച്ചു..
എന്നാൽ... പടച്ചോനെ....അതൊരു വല്ലാത്ത പണി തന്നെ.. ഇവിടെ നിൽക്ക് എന്ന് പറഞ്ഞാൽ ഓടും... നടക്കെടാ എന്ന് പറഞ്ഞാൽ അവിടെ നിൽക്കും ... അല്ല കിടക്കും.. രണ്ട് കുട്ടികളെ നോക്കുന്നതിലും നല്ലത് വല്ലത് കരിങ്കല്ല് പടവിന്റെ പണിക്കും പോകുകയാണ്.. എന്നാലും ഇത്രയും ക്ഷീണമുണ്ടാകില്ല.
കഴിഞ്ഞ തവണ ലീവിന് നാട്ടിൽ പോയപ്പോഴാണ് സംഭവം.. പുതിയ വീട്ടിലേക്ക് താമസം മാറി.. ഒരു പാട് കാലത്തെ നെയ്ത് കൂട്ടിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരം...
ആദ്യമൊക്കെ അങ്ങനെ കുട്ടികളെയും നോക്കി വീട്ടിൽ തന്നെ കൂടി.. പുറത്തിറങ്ങുമ്പോൾ അവരെയും കൂട്ടി തറവാട്ടിലൊ പീടികത്തിണ്ണയിലോ ഒക്കെ ഉച്ച വരെ കൂടും..
ഒരു ദിവസം രാവിലെ ഉണർന്നപ്പോഴാണ് ( രാവിലെ എന്ന് പറഞ്ഞാൽ ഒമ്പത് മണി ഒക്കെ ആകും. വേറെ പണിയൊന്നുമില്ലല്ലോ.) കെട്ടിയോളും ഉണ്ട് അടുത്ത്.. ഈ നേരത്ത് ഒന്നും കാണാറില്ലല്ലോ.. എന്ത് പറ്റി?..
,വല്ലാത്ത തലവേദന, തീരെ സുഖമില്ല.. (ഇന്നലെ ആശുപത്രിയിൽ കൊണ്ട് പോയതാണ്... നല്ല ക്ഷീണമുണ്ട്. കുറച്ച് ദിവസം റെസ്റ്റ് എടുത്താലേ മാറൂ. എന്നും പറഞ്ഞിരുന്നു ഡോക്ടർ )
നാളെ രാവിലെ നേരത്തെ എണീക്കണം.. അവളെ ജോലികളിൽ സഹായിക്കണം എന്നൊക്കെ കരുതിയതായിരുന്നു.. പക്ഷെ ഉറക്കം. അതൊരു വീക്നെസ്സ് ആണ് എനിക്ക്.. എന്തായാലും ഇന്ന് അവളെ സഹായിച്ചിട്ട് തന്നെ കാര്യം.
,,കുറവില്ലേ മുത്തെ,, അവളുടെ നെറ്റിയിൽ മുത്തം കൊടുത്ത് കൊണ്ടാണ് ചോദിച്ചത്.
,,ഉം .. കുറവുണ്ട്. തലക്ക് വല്ലാത്ത ഒരു കനം,,
(അത് അല്ലെങ്കിലും നീ തലക്കനം ഉള്ള കൂട്ടത്തിലാണെന്ന് മനസ്സിൽ പറഞ്ഞു.)
നീ എന്നാൽ ഇവിടെ കിടന്നോ ഇന്ന് എല്ലാ പണികളും ഞാൻ ഏറ്റു.. എണീറ്റ് പുറത്തിറങ്ങി ബാത്ത് റൂമിൽ കയറി. പരിപാടികളെല്ലാം കഴിഞ്ഞ് അടുക്കളയിലെത്തി.
ഹോ.. ഈ അടുക്കള ഇവിടെ ഒക്കെ ഉണ്ടായിരുന്നല്ലേ.. ചായ അവള് ഉണ്ടാക്കി വച്ചിരിക്കുന്നു.. രാവിലെ വന്ന മീൻകാരനിൽ നിന്ന് മീനും വാങ്ങി വെച്ചിരിക്കുന്നു.. അടുപ്പ് കത്തിച്ചു. ചോറ് ഉണ്ടാക്കാനുള്ള പരിപാടി തുടങ്ങി. എത്രയാ അരി ഇടലെന്ന് അവളോട് ചോദിച്ചു. ഒരു നേരത്തിന് രണ്ട് നാഴി..
നാല് നാഴി അരി എടുത്തു.. ഇനിയിപ്പോൾ ഒരുമിച്ച് വെക്കാം. രാത്രി മിനക്കെടാൻ വയ്യ.. അവളെ രണ്ട് നേരത്തേക്കും കൂടി ഒരുമിച്ച് ഉണ്ടാക്കാൻ സമ്മതിക്കാറില്ല.. അത് പോട്ടെ..
മീൻ നന്നാക്കലാണ് പ്രശ്നം.. ആരെങ്കിലും കണ്ടാൽ പിന്നെ അതു മതി. നാട്ടിലാകെ നാറ്റിക്കാൻ..
ഏതായാലും തടുക്കളയിലിരുന്ന് തന്നെ നന്നാക്കി.. കഷ്ടകാലത്തിന് അയൽവക്കത്തെ ഒരു ബിബിസി താത്ത കയറി വന്നു .ആ നേരത്ത് തന്നെ.. ഇനി ഇപ്പോൾ ഇത് അറിയാത്തവർ ഈ ജില്ലയിൽ ഒരാളും ബാക്കിയുണ്ടാകില്ല എന്നുറപ്പിച്ചു.... താത്താനോട് ഞാൻ കാല് പിടിച്ചു പറഞ്ഞു.. തത്താ ഓൾക്ക് സുഖല്ലാത്തോണ്ടാണ്. ഇങ്ങള് ആരോടും പറയല്ലേന്ന്.
ഇല്ല മോനേ.. ഞാൻ ആരോടും പറയില്ലന്ന് പറഞ്ഞു താത്ത പോയി.. അതൊറപ്പാണ്.. പറയാൻ ആരോടും ബാക്കിയുണ്ടാകില്ല...
മ്മടെ രണ്ട് വയസ്സുള്ള കിടുങ്ങാമണി മോൻ പണി തരാൻ ആരോക്കെയോ ക്വട്ടേഷൻ കൊടുത്ത മാതിരിയാണ്... ഒരിടത്ത് മുള്ളി അത് തുടച്ച് വൃത്തിയാക്കുമ്പോഴേക്കും അടുത്ത സ്ഥലത്ത് പോയി തുടങ്ങും. അലക്കി ഉണങ്ങിയ തുണികൾ കൊണ്ട് വെച്ചിരുന്നത് വീണ്ടും നിലത്തേക്ക് വലിച്ചിടുക, അടിച്ച് വാരി ഒരു ഭാഗത്ത് കൂട്ടിയിരുന്നത് വീണ്ടും പരത്തുക, മുളളുന്നതോടൊപ്പം നടന്ന് അപ്പിയിടുക.. അങ്ങനെ പലതരം ഏർപ്പാടുകൾ.. ഹൊ എങ്ങനെ പൊറുപ്പിക്കും ഇതിനെയൊക്കെ...
കഴിഞ്ഞ ആഴ്ചയാണ് നിങ്ങളുടെ വയറ് കുറയട്ടെ എന്ന് പറഞ്ഞ് ഒരു ലോഡ് വിറക് ഇറക്കിയിരുന്നത് എന്നെ കൊണ്ട് കെട്ടിയോള് വെട്ടി കീറിപ്പിച്ചത്.. എന്താ എന്നോടുള്ള സ്നേഹം.. നമിക്കണം...
എന്തായാലും ചോറും മീൻ കറിയും റെഡിയാക്കി. കെട്ടിയോളെ വിളിച്ചു കഴിക്കാൻ.. അവളാണെങ്കി വെള്ളത്തിൽ വീണ കോഴിക്കുഞ്ഞുങ്ങളെ പോലെ ആയിരിക്കുന്നു.. ആകെ തൂങ്ങി തുങ്ങി ആണ് നടക്കുന്നത്.
കഴിക്കൽ കഴിഞ്ഞ് അവൾ പറഞ്ഞത് ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്... ഇത്രയും നല്ല മീൻ കറി ജീവിതത്തിൽ കഴിച്ചിട്ടില്ലാന്ന്..
അത് മൺകലത്തിൽ ഉണ്ടാക്കിയത് കൊണ്ടാകും. എന്ന് പറഞ്ഞ് ഞാൻ മുൻകൂർ ജാമ്യം എടുത്തു... അല്ലെങ്കിൽ ഇനി ഭാവിയിൽ?....
കഴിഞ്ഞ നോമ്പുകാലത്ത് ഞാൻ ഉണ്ടാക്കിയ പത്തിരി നല്ല നൈസ് പത്തിരിയാണെന്ന് പറഞ്ഞ് എന്നെ പുളിച്ചി മൂച്ചിന്മേൽ കയറ്റി ആ നോമ്പുകാലം മുഴുവൻ പത്തിരി ചുടീപ്പിച്ചത് നമ്മൾ മറന്നിട്ടില്ല..
ചോറ് കഴിക്കൽ കഴിഞ്ഞ് പാത്രം കഴുകുമ്പോളാണ് ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞത്.. ങ്ങക്ക് നല്ലോണം പാത്രം കഴുകാൻ വെയ്ക്കും. നല്ല വൃത്തി.. ഇത്രയും വൃത്തിയിൽ പാത്രം കഴുകിയത് ഇത് വരെ കണ്ടിട്ടില്ലാന്ന്.. എന്റെ ക്ഷമയുടെ നെല്ലിപ്പലക വെട്ടി കീറിക്കൊണ്ട്. അതും ഞാൻ ക്ഷമിച്ചു.. പാവം സുഖമില്ലാത്ത ആളല്ലേ....
കുറച്ച് കഴിഞ്ഞ് അയൽവാസി ബിബിസി താത്താടെ വീട്ടിൽ നിന്നും ഒരു കലപില ശബ്ദം.. എന്തൊ പൊട്ടലും ചീറ്റലും... ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ താത്ത കാക്കാനെ നിർത്തി പൊരിക്കുകയാണ്....
,,മനുഷ്യനായാൽ കുറച്ച് സ്നേഹം വാണം. ഇവിടെ വെറുതെ ഇരിക്കുമ്പോൾ ഒന്ന് സഹായിച്ച് കൂടെ... എന്നെ ചൂണ്ടി പറഞ്ഞു.... ,,നിങ്ങള് ഓനെ കണ്ട് പഠിക്ക് മനുഷ്യാ.... എന്തെല്ലാം പണിയാ അവൻ അവടെ എടുക്കുന്നത്ത്,,
അത് കൂടി കേട്ടപ്പോൾ കാക്ക എന്നെ ഒരു കത്തുന്ന നോട്ടം നോക്കി.. ഒന്നും പറഞ്ഞില്ല....(ഓരോ അലവലാതികൾ വരും... നാണവും മാനവുമില്ലാതെ.. കുടുംബം കലക്കാൻ) എന്നായിരിക്കും പറഞ്ഞത് എന്ന് ഞാൻ ഊഹിച്ച് പൂരിപ്പിച്ചു....
കിടുങ്ങാമണി മോന്റ കലാ പരിപാടികൾ തുടർന്ന് കൊണ്ടിരുന്നു... ഇതിന് മാത്രം മുള്ളാനും അപ്പിയിടാനും എന്താണ് ഇവൻ കഴിക്കുന്നത്...
എങ്ങനെയെങ്കിലും രാത്രി ആയിരുന്നെങ്കിൽ ഒന്ന് കിടക്കാമായിരുന്നു എവിടെയെങ്കിലും..
രാത്രി കിടക്കുമ്പോഴാണ് അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചത്.... ,, ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ,,
,,ഇല്ല പറ,,
,, നിങ്ങൾ ഗൾഫിലാകുമ്പോൾ ഫോൺ വിളിച്ചിട്ട് എടുക്കാൻ നേരം വൈകിയാൽ ചൂടാകുമ്പോൾ ഞാൻ പറയലില്ലേ.. ഇവിടെ പണിയിലായിരുന്നു., തിരക്കിലായിരുന്നു എന്നൊക്കെ.... അപ്പോൾ നിങ്ങൾ എന്താ പറയാറ്... ഓ അണക്ക് എന്ത് മല മറിച്ച പണിയാ അവിടെ ഉള്ളത് എന്ന്,, ഇപ്പം മനസ്സിലായില്ലെ.. എന്താ ഒരു വീട്ടമ്മയുടെ ജോലികൾ എന്ന്... എന്നാൽ തന്നെ എന്തെല്ലാം പണികൾ
ബാക്കിയുണ്ട്... നിങ്ങൾ അലക്കിയിട്ടില്ല. മുറ്റം അടിച്ച് വാരിയിട്ടില്ല. നിലം തുടച്ചിട്ടില്ല. ബാത്ത് റൂം കഴുകിയിട്ടില്ല.... അങ്ങനെ എന്തെല്ലാം....
അതൊക്കെ ഒന്ന് മനസ്സിലാക്കിത്തരാൻ ഒരു അവസരം കിട്ടിയപ്പോൾ ഉപയോഗിച്ചതാ..
,,ന്നോട് ദേഷ്യമുണ്ടോ,,
ഇല്ല പൊന്നൂ.... ലോകത്തിലെ ഏറ്റവും റിസ്ക് പിടിച്ച ജോലി ഈ ഹൗസ് വൈഫിന്റെ ജോലി തന്നെ...( പരിചരമില്ലാത്തവർക്ക്)....സമ്മയ്ച്ചു....
പഴയ ചില ഓർമ്മകൾ..
ഇന്നലെ ഫോൺ ചെയ്തപ്പോൾ പഹയത്തി പറയുവാ... ങ്ങളെ മീൻ കറി കഴിക്കാൻ കൊതിയാവുന്നു.... എന്ന്... പകച്ച് പോയി എന്റെ ബാല്യവും കൗമാരവും. വരാൻ പോകുന്ന വാർധക്യമടക്കം.....
(ഇതിലെ ഞാൻ ഉണ്ടല്ലോ.. അത് ഞാനല്ല.. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം മാത്രം)
മൻസൂർ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot