നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പഠിക്കാത്ത പാഠം



"എന്തൊരു ഒരുക്കമാണിത്....? ഇപ്പൊഴും കഴിഞ്ഞില്ലേ.....?"
-ചോദ്യം കേട്ട അനിത തിരിഞ്ഞു നോക്കിയപ്പോൾ വാതിലിന്റെ ലോക്കും പിടിച്ച് ചിരിച്ചു കൊണ്ട് നിൽക്കുന്ന രാഹുലിനെ കണ്ട അനിത തിരിച്ചും ഒരു ചിരി പാസാക്കികൊണ്ട് പറഞ്ഞു..
"കഴിഞ്ഞു ഏട്ടാ.....,
ദാ.... ഈ മുല്ലപ്പൂ കൂടി ചൂടാനൊള്ളൂ..... ഏട്ടൻ ഇതാന്നു ചൂടിത്തരോ.....?"
"എനിക്കത്ര വശമില്ലാത്ത പണിയാണെങ്കിലും ശ്രമിച്ചു നോക്കാം....."
" ഒരു മുല്ലപ്പൂ ചൂടാൻ എന്താണേട്ടാ ഇത്ര പഠിക്കാൻ...?" - അനിത ചിരിച്ചു കൊണ്ട് ചോദിച്ചു.
" പഠിക്കാനൊന്നുമില്ലാ..... എങ്കിലും ഞാനിത് ആദ്യമായിട്ടു ചെയ്യുകയാണെന്നാ ഉദ്ധേശിച്ചത്.... ഒരു മുല്ലപ്പൂ ചൂടി കൊടുക്കാനായിട്ടു പോലും ഈ വീട്ടിൽ ഒരു പെൺതരിയില്ലല്ലോ....., പിന്നെ ആകെയുള്ളത് അമ്മയാ..... അമ്മക്കാണെങ്കിൽ ഇതിലൊന്നും താൽപര്യമില്ല താനും... "
- മുല്ലപ്പൂ അനിതയുടെ തലയിൽ ചൂടുന്നതിനിടെ രാഹുൽ പറഞ്ഞു.
"ഏട്ടാ.... വിരുന്നു കഴിഞ്ഞു വരുന്ന വഴി നമുക്ക് എന്റെ കൂട്ടുകാരി സിന്ധുവിന്റെ വീട്ടിലുമൊന്നു പോവല്ലേ....? അവൾ വിളിക്കുമ്പോഴൊക്കെ അങ്ങാട്ട് ചെല്ലാത്തതിന്റെ പരിഭവം പറയും....."
"ശരി പോയേക്കാം....., കല്ല്യാണം കഴിഞ്ഞിട്ടിപ്പൊ രണ്ടു മാസം കഴിഞ്ഞു...., ഇപ്പൊഴും വിരുന്ന് തീർന്നിട്ടില്ല.... എന്നാണാവോ ഈശ്വരാ ഈ വിരുന്നെന്നു തീർന്നു കിട്ടുക....?"
ഇതും പറഞ്ഞ് രാഹുൽ ബൈക്കിന്റെ ചാവിയുമെടുത്ത് റൂമിൽ നിന്നും പുറത്തിറങ്ങി.... ചെറുപുഞ്ചിരിയോടെ തൊട്ടു പുറകിലായി അനിതയും...,
അച്ഛനമ്മമാരോട്‌ യാത്ര പറഞ്ഞ് ഇരുവരും ഇറങ്ങി...
ഇരുവരും ബൈക്കിൽ കയറി പോകാനൊരുങ്ങവേ സിറ്റൗട്ടിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു..
"എടാ.... രാഹുലെ....., എന്തിനാടാ നീ ഹെൽമറ്റ് അവളുടെ കയ്യിൽ കെടുത്തിരിക്കുന്നത്.....? അത് വാങ്ങി തലയിൽ വെക്ക്..."
അമ്മയുടെ വാക്കു കേട്ട രാഹുൽ മനസ്സില്ലാ മനസ്സോടെ ഹെൽമറ്റ് വാങ്ങി തലയിൽ വെച്ചശേഷം ഒരിക്കൽ കൂടി അച്ഛനമ്മമാരോട് യാത്ര പറഞ്ഞു യാത്രയായി...,
വീട്ടിൽ നിന്നും റോഡിലേക്ക് കയറി കുറച്ചു ദൂരം പിന്നിട്ടപ്പോൾ രാഹുൽ റോഡിന്റെ ഒരു വശത്തായി ബൈക്ക് നിറുത്തിയിട്ട് ഹെൽമറ്റ് ഊരി അനിതയുടെ കയ്യിൽ കൊടുത്തു.
"എന്താ ഏട്ടാ ഹെൽമറ്റ് ഊരിയത്?"
" തൽക്കാലം ഹെൽമറ്റ് വേണ്ട.... "
"എന്താ ഏട്ടനീ പറയുന്നത്..? ഹെൽമറ്റ് വെക്കാതെ വണ്ടിയോടിക്കുന്നത് തെറ്റല്ലേ....., വല്ല പോലീസ് ചെക്കിങ്ങിലും പെട്ടാൽ.....?"
"അനിതേ..., നിനക്കറിയാത്തതുകൊണ്ടാണ്.... ഈ ഹെൽമറ്റ് വെച്ചു വണ്ടിയോടിക്കാൻ ഒരു സുഖവും കിട്ടില്ലെന്നേയ്..... ഹെൽമറ്റില്ലാതെ ഓടിക്കുന്നതാ ഒരു ത്രില്ല്....., പിന്നെ ചെക്കിങ്ങ്.... ഒരു അഞ്ഞൂറ് ഫൈനടച്ചാൽ അതും തീർന്നില്ലേ...."
"ഏട്ടാ... എന്നാലും............."
"ഒരു എന്നാലുമില്ല.... നീയിത് പിടിക്ക്......"
രാഹുൽ ഹെൽമറ്റ് അനിതയുടെ കയ്യിൽ കൊടുത്ത് ബൈക്ക് സ്റ്റാർട്ടു ചെയ്തു.
ആദ്യമാദ്യം പതുക്കെയായിരുന്നെങ്കിലും പിന്നെപ്പിന്നെ രാഹുൽ ബൈക്കിന് വേഗത കൂട്ടി...,
"ഏട്ടാ..... എന്തൊരു സ്പീഡാണിത്.... പതുക്കെ പോയാൽ പോരെ....."
"നീ പേടിക്കേണ്ടഡീ... ഇതൊക്കെയൊരു സ്പീഡാണോ....? ഞാൻ ഒറ്റക്കാണെങ്കിൽ ഇതിലും സ്പീഡിലാ ബൈക്കോടിക്കാറ്..."
"എന്നാലും കുറച്ചു സ്പീഡ് കുറക്കേട്ടാ...."
പക്ഷേ രാഹുൽ അനിതയുടെ ഭയം വകവെക്കാതെ അവളുടെ മുന്നിൽ ഷൈൻ ചെയ്യാനുള്ള അവസരമായതിനെ കണ്ടുകൊണ്ട് ബൈക്കിന്റെ വേഗത ഒന്നുകൂടി കൂട്ടി....,
പുറകിലിരുന്ന് അനിത എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ രാഹുൽ അതിവേഗം ബൈക്കോടിച്ചു പോകവേ ഒരു വളവിൽ വെച്ച് എതിരെ വന്ന ലോറിയുമായ് രാഹുലിന്റെ ബൈക്ക് കൂട്ടിയിടിച്ചു...!!
ഇടിയുടെ ആഘാതത്താൽ രാഹുലും അനിതയും മീറ്ററുകളോളം ദൂരേക്ക് തെറിച്ചു വീണു... ബൈക്ക് പൂർണ്ണമായും തകർന്നു...,
നാലുഭാഗത്തു നിന്നും ആളുകൾ ഓടികൂടാൻ തുടങ്ങി..., റോഡ് ബ്ലോക്കായതിനാൽ വാഹനങ്ങളുടെ നിറുത്താതെയുളള ഹോണുകളുടെ ശബ്ദവും.
കുറച്ചു സമയത്തിനു ശേഷം രാഹുൽ പതുക്കെ എഴുന്നേറ്റിരുന്നു.... ശേഷം എഴുന്നേറ്റ് നിന്ന് കുറച്ചു ദൂരെയായി കമിഴ്ന്നു കിടക്കുന്ന അനിതയുടെ അടുത്തെത്തി പതിയെ തട്ടി വിളിച്ചു, പക്ഷേ.. അനിത എഴുന്നേറ്റില്ല..., രാഹുലവളെ വീണ്ടും വീണ്ടും തട്ടി വിളിച്ചു കൊണ്ടേയിരുന്നു..., അൽപസമയം കൂടി കഴിഞ്ഞപ്പോൾ അനിതയും പതുക്കെ എഴുന്നേറ്റു...,
"വാ... നമുക്ക് പോകാം....."
- രാഹുൽ അനിതയുടെ കൈപിടിച്ചു കൊണ്ട് പറഞ്ഞു.,
ആദ്യം അമ്പരപ്പോടെ അനിത ചുറ്റുപാടുമൊന്നു നോക്കി... തകർന്നു കിടക്കുന്ന ബൈക്കിലേക്കു തന്നെ കുറച്ചു നേരമവൾ നോക്കി നിന്നപ്പോൾ രാഹുൽഅവളുടെ ചെവിയിൽ മന്ത്രിച്ചു...,
"വേണ്ട അനിതേ.... അതിനി നമുക്ക്‌ വേണ്ട... നീ എന്റെ കൂടെ വാ.... "
രാഹുലിന്റെ ശബ്ദം കേട്ട അനിത അവന്റെകയ്യും പിടിച്ച് ആൾക്കൂട്ടത്തിനിടയിലൂടെ നടക്കവേ വെറുതെ ഒന്നു തിരിഞ്ഞു നോക്കി...,
ആരൊക്കെയോ ചേർന്ന് തന്റേയും രാഹുലേട്ടന്റേയും ചോരയിൽ കുതിർന്ന ശരീരങ്ങൾ താങ്ങിപ്പിടിച്ച് വാഹനങ്ങളിൽ കയറ്റുന്നു...., ചിലർ അവർക്കൊപ്പം മൊബൈലുകൾ ഉയർത്തിപ്പിടിച്ച് ഓടി നടക്കുന്നു..., അതികനേരം ആ കാഴ്ച്ചകൾ നോക്കി നിൽക്കാതെ രാഹുലും അനിതയും വാഹനങ്ങളും അപകടങ്ങളും മരണവുമില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി.....
അപ്പോഴും തൊട്ടപ്പുറത്തായി ഒരു കേടും പറ്റാതെ അനാഥമായി കിടക്കുന്നുണ്ടായിരുന്നു രാഹുലിന്റെ ഹെൽമറ്റ്.....!
✍🏻മുനീർ ചുരപ്പുലാക്കൽ,
രണ്ടത്താണി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot