Slider

#വിളക്കി_ചേർത്ത_കണ്ണികൾ

0

ഗോപനും മഞ്ജുവും ........... കുടുംബ കോടതിയിൽ നിന്നും അവർ മടങ്ങുന്നത് ഒരുമിച്ചാണ് . ഒരു വാഹനത്തിൽ പരസ്പരം സംസാരിക്കാതെ അവർ രണ്ടു പേരും ഓരോരോ ചിന്തകളിലാണ് . അവർക്കിടയിലുള്ള സംഭാഷണങ്ങൾ മുറിഞ്ഞിട്ട് നാളുകളേറെയായി . മാതൃക ദമ്പതികൾ എന്ന് പലരും വിശേഷിപ്പിച്ച അവർ നിയമപരമായ വേർ പിരിയിലിനു വേണ്ടി മാത്രം കാത്തിരിക്കുന്നു . ആ നാട്ടിലെ പുതിയ താമസക്കാർക്ക് മുന്നിൽ അവരിപ്പോഴും മാതൃക ദമ്പതികളായി അഭിനയിക്കുന്നു.
അവരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി അവരുടെ മൂന്നു വയസ്സുകാരി മകൾ മാത്രമാണ് . അവളെ കുറിച്ചോർത്തു മാത്രമാണ് കോടതി തീരുമാനം വരെ ആ നാല് ചുമരുകൾക്കുള്ളിൽ രണ്ടറ്റം നോക്കി അവർ കഴിച്ചു കൂട്ടുന്നത് . ആ കുരുന്നിനറിയില്ല ഇതൾ അറ്റു വീഴാൻ ഒരുങ്ങുന്ന ഒരു പൂവിനെ പോലെയാണ് താനെന്ന് .
വാഹനം ദേശീയ പാതയിലൂടെ അതി വേഗത്തിൽ പായുന്നു . പുറത്തു ശക്തമായ മഴ പെയ്യുന്നുണ്ട് . യാത്ര ദുഷ്‌കരമാം വിധം മഴയുടെ ശക്തി കൂടിയപ്പോൾ അവൻ കാർ ദേശീയ പാതയുടെ ഓരത്ത് ഒതുക്കി നിർത്തി പ്രകൃതിയുടെ അനുവാദത്തിനായി കാത്തിരുന്നു . മൗനം അവർക്കിടയിൽ വല്ലാതെ വീർപ്പുമുട്ടലുണ്ടാക്കുന്നുവെങ്കിലും അതിൽ നിന്നും മുഖമൊളിക്കാൻ രണ്ടു പേരും അവരുടെ മൊബൈൽ സ്‌ക്രീനിൽ തടവി കൊണ്ടിരിക്കുകയായിരുന്നു .
'' അയ്യയ്യോ ... വിട്ടിടിങ്കെ ..... ''
പെട്ടെന്ന് പുറത്തു നിന്നും ഒരു അലർച്ച .. അവർ മൊബൈൽ സ്‌ക്രീനിൽ നിന്നും മുഖമുയർത്തി ശബ്ദം കേട്ട ഭാഗത്തേയ്ക്കു കണ്ണുകൾ പായിച്ചു . തെരുവിൽ കല്ല് കൊത്തി കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളിയും കുടുംബവുമാണ് . മദ്യപിച്ചു വന്ന ഭർത്താവു അയാളുടെ ഭാര്യയെ മർദിക്കുന്ന കാഴ്ചയാണ് അവരെ വരവേറ്റത് . സമീപത്ത് ഏങ്ങലടിച്ചു കരയുന്ന മകളുമുണ്ട് .. അയാൾ ആ കുഞ്ഞിനേയും ഉപദ്രവിക്കുന്നുണ്ട് .... ഇത്തരം കാഴ്ചകൾ പതിവ് കാഴ്ചകളായി മാറിയത് കൊണ്ട് അതിലവർ അത്ര ശ്രദ്ധ കൊടുത്തില്ല . മാത്രമല്ല ഇത് പോലുള്ള പല സാഹചര്യങ്ങളിലൂടെ അവർ ഇരുവരും യാത്ര ചെയ്തിട്ടുമുണ്ട് .
മഴയുടെ ശക്തി കുറഞ്ഞു ... യാത്ര പുനരാംഭിക്കാൻ ഒരുങ്ങി അവൻ അവന്റെ കയ്യിലെ ഫോൺ എടുത്തു വെച്ചു .... കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചതും പെട്ടെന്നൊരു വാൻ അവരുടെ കാറിനു മുന്നിലായി വന്നു നിന്നു . അതിൽ നിന്നും മുഖം മറച്ച രണ്ടു മൂന്നു പേർ ചാടിയിറങ്ങി കയ്യിൽ മാരകായുധങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു ... അവര് രണ്ടു പേരും ഭയന്ന് വിറച്ചു ... ജീവിതം അവസാനിക്കാൻ പോകുന്നുവെന്ന തോന്നലുണ്ടായി രണ്ടു പേർക്കും ..... ഒരു നിമിഷം .. ആ ഒരു നിമിഷം അവർ അവരുടെ കൈകൾ പരസ്പരം ചേർത്ത് മുറുകെ പിടിച്ചു ... നാളുകൾക്കിപ്പുറം അവർ പരസ്പരം സ്പർശിച്ചതപ്പോഴാണ് .
'' ദയവു സെയ്‌ഞ്ചു അവരെ വിട്ടിടുങ്കെ ....... അവരെ ഏതുവും പണ്ണാതിന്കെ ....... ''
കണ്ണ് തുറന്നു നോക്കുമ്പോൾ അവർ കാണുന്നത് ആ തമിഴ് യുവതി അവരെ ആക്രമിക്കാനെത്തിയവരുടെ കാൽക്കൽ വീണു അപേക്ഷിക്കുകയാണ് . പക്ഷെ അത് ചെവി കൊള്ളാതെ അവർ അയാളുടെ നേർക്കടുത്തു ... മദ്യപിച്ചു നിലയുറപ്പിക്കാനാവാതെ നിൽക്കുന്ന അയാളുടെ കണ്ണിൽ ജീവിക്കാനൊരവസരം തരണമെന്ന് യാചന കാണാം ... അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് .... അതൊന്നും പക്ഷെ കൊയ്ത്തുകാരുടെ മനസ്സിനെ പിടിച്ചുലർത്തുന്നതായിരുന്നില്ല ... അവരിലൊരാൾ അയാളുടെ നെഞ്ചിന് കൂടിനാഞ്ഞു ചവിട്ടി .. മലർന്നടിച്ചു വീണ അയാളുടെ ശരീരത്തിൽ മാരകായുധങ്ങൾ കൊണ്ട് അവർ കളം വരയ്ക്കുമ്പോൾ അയാൾ പിടയുന്നുണ്ട് .. ലക്‌ഷ്യം യാഥാർഥ്യമാക്കിയ നിർവൃതിയിൽ ഇരയുടെ പിടച്ചിൽ കണ്ടാസ്വദിച്ചു അവർ മടങ്ങി . ആർത്തലച്ചു കൊണ്ട് കരയുന്ന അയാളുടെ ഭാര്യ, രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ ഭർത്താവിനെ കണ്ടു തല കറങ്ങി വീണു ....
അവരുടെ കുഞ്ഞു മകൾ ആ അമ്മയെ തട്ടി വിളിച്ചു ..
'' അമ്മാ ... അമ്മാ ... എന്തിരി ...... അപ്പാവുക്ക് ഏതവത് ആച്ചു .. 'അമ്മ കൺ തുറൈ .... ''' പക്ഷെ മകളുടെ ശബ്ദം ആ അമ്മയുടെ കാതുകളെ അപ്പോൾ സ്പർശിച്ചില്ല ...
ഇതെല്ലം കണ്ടു നടുങ്ങി നിൽക്കുന്ന തങ്ങൾ കൈകൾ പരസ്പരം ബന്ധിച്ചിരിക്കയാണെന്ന തിരിച്ചറിവ് ഗോപനും മഞ്ജുവിനും അപ്പോഴാണുണ്ടായത് ... ഉടനെ അവർ കൈകൾ വേർപ്പെടുത്തി . അവർ കണ്ട കാഴ്ചകൾ മറന്നു കാറെടുക്കാൻ ശ്രമിക്കവേ ആ കുട്ടി കാറിന്റെ മുന്നിലേക്കോടി വന്നു .... ആ കുരുന്നു കൈകൾ അവർക്ക് മുന്നിൽ കൂപ്പി അപേക്ഷിച്ചു .....
'' സാർ .... അപ്പാവുക്കു ഏതാവത് ആച്ചു ... നാൻ കെഞ്ചി കേക്കറെ സാർ .. ദയവു സെയ്ച്ചു അവരെ കാപ്പാത്തിങ്കോ ..... ''
ഒരു നിമിഷം അവർക്ക് അവരുടെ സ്വന്തം മകൾ മുന്നിൽ നിന്നു കൈ കൂപ്പി യാചിക്കുന്നത് പോലെ തോന്നി ......
'' പാവം ... അവരെ ആശുപത്രിയിലെത്തിക്കാം '' മഞ്ജു അവനോട് പറഞ്ഞു ... ഒരു പാട് നാളത്തെ മൗനത്തിനു ശേഷം മഞ്ജു അവനോട് സംസാരിച്ചു ....
'' ഹും ... വേഗം ഇറങ്ങു .. അവരെ കാറിലേക്ക് കയറ്റ്‌ '' ഗോപൻ അവളോട് കാറിൽ നിന്നിറങ്ങാൻ നിർദേശിച്ചു . അവർ രണ്ടു പേരും കൂടി ചേർന്ന് ആ ദമ്പതിമാരെ കാറിലേക്ക് പിടിച്ചു കയറ്റി .. അതിനിടെ ആ സ്ത്രീക്ക് ബോധം വന്നു . അവർ അവരുടെ മടിയിൽ അർദ്ധ ബോധാവസ്ഥയിലായ അവരുടെ ഭർത്താവിനെ ചേർത്ത് പിടിച്ചു .. അയാളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് വെച്ചു വിതുമ്പി ...
'' ഹേ .അയ്യാ . ഏതുവും ആകാതെ ... കവലപ്പെട വേണ ... നമ്മ സീക്രം ഹാസ്പ്പിറ്റൽ വന്ത് സേറും ..... ''' അവർ അവരുടെ മകളെയും ചേർത്ത് പിടിച്ചു ഉള്ളുരുകി പ്രാർത്ഥിച്ചു .. അല്പം മുൻപ് ഭർത്താവിന്റെ മര്ദനമേറ്റവളാണ് ഇപ്പോൾ അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ....
ഇതെല്ലം കണ്ടു മഞ്ജുവിൻെറയും ഗോപന്റെയും കണ്ണുകൾ നിറയുന്നുണ്ട് .. ആ ദമ്പതികൾ പറയാതെ അവരോട് പലതും പറയുന്നുണ്ട് .......
'' സാർ ... ഇന്നും കൊഞ്ചം സ്പീഡാ പോങ്കേ .. എന്നുടെ അപ്പ .. അവങ്ക ഇല്ലാമേ എന്നാലേ മുടിയാത് . സാർ സീക്രം .. ''
ആ കുരുന്നു ഗോപന്റെ തോളിൽ തട്ടി പറഞ്ഞു ..... അവൻ കാറിന്റെ ഹോർണിൽ കൈ അമർത്തി ... ലൈറ്റുകൾ തെളിയിച്ചു ശര വേഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ചു .......
**********************
ആശുപത്രിയിൽ സമയത്ത് എത്തിച്ചത് കൊണ്ട് അവർക്ക് അയാളുടെ ജീവൻ രക്ഷിക്കാനായി .. അതിന്റെ സന്തോഷത്തിൽ മടങ്ങാൻ നേരം ആ സ്ത്രീ ഗോപന്റെയും മഞ്ജുവിന്റെയും അരികിലെത്തി ...
'' റൊമ്പ നണ്ട്രി സാർ ... നമ്മ വന്ത് അമ്മി , ഉരല് കൊത്തവാങ്കെ .... ഇന്ത ഊരില് എങ്കൾക്ക് യാരും കെടയാത് .... വോട്ടു കൂടെ കെടയാത് സാർ ... അന്തമാതിരി എങ്കൾക്ക് നീങ്ക സെയ്‌ഞ്ചത് പെരിയ വിഷിയോം .... കടവുൾ ഇറുക്കെ സാർ ... നിശ്ചയമാം ഉങ്കളുക്ക് നല്ലത് താ വരൂം ''
ആ അമ്മ അവർക്ക് മുന്നിൽ കൈകൾ കൂപ്പി നന്ദി അറിയിച്ചു ..
'' സാർ എന്നുടെ മകൾ ... പാറുങ്കെ സാർ ... അങ്കെ അളകീട്ടിരിക്ക് ... യെൻ കണവൻ ഇവൻകെ അപ്പ കെടയാത് ... അത് അവളുക്കും തെരിയും .... രണ്ടു വര്ഷം മുന്നാടി താ അവരിങ്കെ വന്തത് ... അവളുക്കു അവര് അപ്പാ മാതിരി താ ... അല്ല അപ്പാ താ ... അത് മാതിരി അവരുക്കു അവൾ മകൾ താ ... സരക്കടിച്ചു വരുമ്പോ മട്ടും അവങ്കെ കൊഞ്ചം പ്രച്ചനം പണ്ണും .. അത്തിക്കപ്പുറം റൊമ്പ പാസം താ ... ഇപ്പൊ കൊഞ്ചം നാള് മുന്നാടി അവങ്കെ മതം മാറിടിച്ച് ... സരി .. അത്തിക്കപ്പുറം സരക്കടിക്കാതെന്നു നെന ച്ച്‌ നാൻ ഏതുവും സൊല്ലലെ ... അത്തിക്കപ്പുറം താ ഇന്ത മാതിരി നിറയെ പേർ വന്ത് പ്ര ച്ചനം ആരംഭിച്ചത് ... നാങ്ക ഇന്ത ഊരേ വിട്ടു പോക പോറെ സാർ .. സാപ്പിടത്തിക്ക് ഏതാവത് ഇറിക്കായെന്തത് യാർക്കും തെരിയ വേണ .. എന്ന മതത്തിലിരിക്കു അത് താ പെരിയ വിഷയം ഇങ്കൈ .. ''
ആ അമ്മ കണ്ണുകൾ തുടച്ചു ആശുപത്രി വരാന്തയുടെ ഒരു മൂലയിലേക്ക് നീങ്ങി .......
മഞ്ജുവും ഗോപനും ആ ദമ്പതികളുടെ മകളുടെ അടുക്കൽ ചെന്ന് അവളെ ചേർത്ത് പിടിച്ചു .. അവളുടെ മുഷിഞ്ഞു നാറുന്ന വസ്ത്രവും രൂപവും അവരെ അലോസരപ്പെടുത്തുമെന്നു ഭയന്ന് അവൾ അകന്നു മാറാൻ ശ്രമിച്ചു . പക്ഷെ ഗോപനും മഞ്ജുവും അവളെ വിടാതെ മുറുകെ തന്നെ പിടിച്ചു ..അവളുടെ വിയർപ്പിന് തിരിച്ചറിവിന്റെ ഗന്ധമായിരുന്നു അവര് രണ്ടു പേർക്കും . സ്വന്തം അച്ഛനല്ലാത്ത , മദ്യത്തിന്റെ ലഹരിയിൽ ഉപദ്രവിക്കുന്ന ഒരാളെ ജീവന് തുല്യം സ്‌നേഹിക്കുന്ന മകൾ അയാളെ രക്ഷിക്കാനായി കൈകൾ കൂപ്പി യാചിച്ച നിമിഷം അവരുടെ മനസ്സിൽ തെളിഞ്ഞു ... അവര് അവളുടെ കവിളുകളിൽ ഉമ്മ വെച്ചു യാത്ര പറഞ്ഞിറങ്ങി ....
രണ്ടു പേരുടെയും കണ്ണുകളാകെ കലങ്ങിയിരിക്കുന്നു ..... കാർ വീടിന്റെ ഗേറ്റ് കടന്നു അകത്തെത്തി .... വാഹനത്തിന്റെ ശബ്ദം കേട്ടതും മകൾ അവർക്കരികിലേക്കു ഓടി വന്നു .. അവരെ കണ്ടതും മകളെ സംരക്ഷിക്കാൻ നിർത്തിയ പെൺ കുട്ടി അകത്തേയ്ക്ക് പോയി ....
മഴ പെയ്തു നനച്ചിരിക്കയാണ് ചെടികളും മരങ്ങളും മുറ്റവുമെല്ലാം .... അഴുക്കെല്ലാം മഴ കൊണ്ട് കഴുകി കളഞ്ഞൊരുങ്ങിയ ചെടികളുടെയും മരങ്ങളുടെയും ഇലകൾക്ക് ഇന്ന് പ്രത്യേക ചന്തം .....
അവർ രണ്ടു പേരും വീടിന്റെ പടികൾ കയറുന്നതിനിടെ മഴ കൊണ്ട് നനഞ്ഞ പടിയിൽ ചവിട്ടി മഞ്ജുവിന്റെ കാൽ വഴുതി ..... ഗോപൻ അവന്റെ കൈകൾ നിവർത്തി അവൾക്കു വേണ്ടി വിരിച്ചു, അവളെ ചേർത്ത് പിടിച്ചു .. അവരിരുവരും ഒരിക്കൽ കൂടി കൈകൾ പരസ്പരം ദൃഢമായി ബന്ധിച്ചു കൊണ്ട് വീടിനകത്തു കയറി മകളെ വാരിയെടുത്ത് കവിളിൽ ചുംബിച്ചു .
#സസ്നേഹം_ഹഫി _ഹഫ്സൽ
Hafi Hafsal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo